അഴിയാക്കുരുക്കുകൾ-16 സ്ത്രീത്വത്തിലെ ഉണ്മകൾ

Posted by & filed under Uncategorized.

‘പുരുഷനെപ്പോലെ ഗൌരവത്തോടെ ചിന്തിയ്ക്കാനും കുടുംബിനിയുടെ കുലീനത്വത്തോടേ പ്രവർത്തിയ്ക്കാനും യൌവനയുക്തയായ പെൺകൊടിയെപ്പോലെ കാണപ്പെടാനും കുതിരയെപ്പോലെ പണിയെടുക്കാനും കഴിവുണ്ടാകേണ്ടതിനാൽ സ്ത്രീജന്മം ശര്യ്ക്കും കഠിനം തന്നെ’ എന്നെവിടെയോ വായിച്ചിരുന്നതോർമ്മ വന്നു. സത്യം എന്നും തോന്നി.  സമൂഹത്തിലെ സ്ത്രീയുടെ വില സത്യത്തിൽ പുരുഷനേക്കാൾ എത്രയോ മടങ്ങ് ഏറിയതായിരിയ്ക്കേ സമത്വ വാദത്തിനു മുറവിളി കൂ‍ൂട്ടേണ്ടതുണ്ടോ എന്നും തോന്നിയിരുന്നു. എന്തുകൊണ്ടായിരിയ്ക്കാം സ്വന്തം വിലകുറയുന്നതെന്നും ശ്രദ്ധിയ്ക്കപ്പെടാനായി മുറവിളി കൂട്ടേണ്ടതാവശ്യമാണെന്നും സ്ത്രീ ചിന്തിയ്ക്കാൻ തുടങ്ങിയത്?  സ്വന്തം കഴിവിലെ വിശ്വാസക്കുറവോ?

തൊട്ടാവാടികളായ സ്ത്രീകൾ  സന്ദർഭത്തിനൊത്തുയരുന്ന കാഴ്ച്ച ചരിത്രത്തിന്റെ താളുകളിൽ‌പ്പോലും കാണാവുന്ന ഒന്നാണ്. വീരവനിതകളെക്കുറിച്ചുള്ള ഒട്ടേറെ ചരിതങ്ങൾ ഇന്നും കേൾക്കാനുണ്ട്. പക്ഷേ ഈ സമത്വത്തിന്റെ വെളിച്ചം അന്നും ഇന്നും ഒരേപോലെ എല്ലാവരിലേയ്ക്കും എത്തിച്ചേരുന്നില്ലെന്നതാണു സത്യം. അപ്പോൾ കരയുന്ന കുഞ്ഞിനു മാത്രം പാലു കിട്ടുന്നു. പി.ടി. ഉഷ, ഇന്ത്യ  എന്ന രണ്ടുവരിയിൽ മേൽവിലാസം ഒതുക്കാനൊരു സ്ത്രീക്കു കഴിഞ്ഞുവെന്നത് സമർപ്പണത്തിന്റേയും  സഹനത്തിന്റേയും ഒപ്പം തന്നെ മുറവിളികളുടെയും കഥ തന്നെ. ശ്രദ്ധിയ്ക്കപ്പെടാനായി യൌവനയുക്തയായ പെൺകൊടിയായി മാറാനല്ല, സ്വന്തം കരുത്ത്  തെളിയിയ്ക്കുന്ന കുതിരയായി മാറാനാണവൾ ഇഷ്ടപ്പെട്ടത്. ഇവിടെ വാശിയുണ്ട്, സ്വന്തം വ്യക്തിത്വം പുറത്തുകൊണ്ടുവരാനായി. ഇവിടെ കുലീനത്വവും കാണാം, അർപ്പണബോധമായി.  സ്വന്തം കഴിവിലെ വിശ്വാസമൊന്നു തന്നെയായിരിയ്ക്കണം അവരുടെ എല്ലാ നേട്ടങ്ങളുടേയും നിദാനവും.

പലപ്പോഴും ആത്മവിശ്വാസക്കുറവിന്റെ തലപൊക്കൽ സ്ത്രീയുടെ മുന്നോട്ടുള്ള ഗമനത്തിൽ തടസ്സങ്ങൾ സൃഷ്ടിക്കുന്നു. എല്ലാക്കാര്യങ്ങൾക്കും ചെറുപ്പം മുതൽക്ക് മറ്റുള്ളവരെ ആശ്രയിയ്ക്കലും അവരിൽ നിന്നു കിട്ടുന്ന അഭിനന്ദനങ്ങളും പ്രോത്സാഹനങ്ങളും മുതിരുമ്പോഴും അവൾ മോഹിക്കുന്നു. എന്തിനും സ്വന്തം അഭിപ്രായങ്ങൾക്കുപരിയായി മറ്റുള്ളവരുടെ പ്രത്യേകിച്ചും കുടുംബത്തിലെ പുരുഷന്മാരുടെ അഭിപ്രായങ്ങൾക്കു മുന്തൂക്കം നൽകാൻ തുടങങ്ങുമ്പോൾ അറിയാതെയെങ്കിലും സ്വന്തം അഭിപ്രായങ്ങളും വ്യക്തിത്വവും ബലികഴിച്ചതിലെ കുറ്റബോധം ഒരു അവ്യക്തമായ നിഴലായി അവളുടെ മനസ്സിൽ പടരുന്നു. ഈ വിഷമവൃത്തത്തിന്റെ സവിശേഷതയെന്തെന്നാൽ അവൾ തന്നെ തീർക്കുന്ന ഒരു ലക്ഷ്മണരേഖയാണിതെന്നാണ്. ഒരു കുടുംബത്തിന്റ് സന്തോഷത്തിനും സമാധാനത്തിനുമായി സ്ത്രീ പലതും ത്യജിക്കേണ്ടതാണെന്ന ഒരു അബദ്ധചിന്തയും നിശ്ശബ്ദയാകാനവളെ പ്രേരിപ്പിക്കുന്നു. സത്യത്തിൽ പെൺകുട്ടികളെ ചെറുപ്രായത്തിൽ തന്നെ  സ്വാശ്രയശീലരാക്കി മാറ്റുകയും ആൺകുട്ടികൾക്കൊപ്പം തന്നെ അവരെ വിലയിരുത്തുകയും ചെയ്യുന്നതിലൂടെ പരിഹരിയ്ക്കാനാകുന്ന ഒരു പ്രശ്നം മാത്രമല്ലേ ഇത്? സ്വന്തം വ്യക്തിത്വത്തെ സൌന്ദര്യമായിക്കാണാൻ പെൺകുട്ടികൾ തയ്യാറായിക്കഴിഞ്ഞു തുടങ്ങിയിരിയ്ക്കുന്നുവെന്നത് ഏറെ ആശാവഹമായ ഒരു മാറ്റം തന്നെയാല്ലോ. ആന്തരികമായ സൌന്ദര്യം അവരെ കൂടുതൽ ആർഷിതമാക്കുന്നുവെന്നും കാണാം. മാറിക്കൊണ്ടിരിക്കുന്ന സമൂഹത്തിന്റെ ചിന്തകൾ സമൂഹത്തിന്റെ ഘടനയെ മാറ്റുമ്പോഴും നമ്മൾ ഉൾക്കണ്ഠാഭരിതരാണ്. പക്ഷേ പലപ്പോഴും നഷ്ടബോധത്തിന്റെ കണക്കുകൂട്ടലുകൾ ഇനിയും തുടരാനേ കഴിയുകയുള്ളൂ. കൂട്ടുകുടുംബങ്ങളും കോലായിൽ ഐശ്വര്യത്തോടെ കാലും നീട്ടിയിരുന്നു മുറുക്കുന്ന മുത്തശ്ശിമാരുംനഷ്ടപ്പെട്ടപ്പോൾ ഉള്ളിലുരുക്കൂടിയ വേദന ഇനിയും നമുക്കു മറക്കാനായിട്ടില്ലെങ്കിലും . അവിടെയും കരുത്തുള്ളവർ ഉണ്ടായിരുന്നിട്ടും എന്തേ മാറ്റങ്ങളെ ചെറുക്കാനായില്ല. ഒരുപക്ഷേ എല്ലാം നല്ലതിനെ ശുഭചിന്തയായിരുന്നുവോ?

സ്വന്തം ലക്ഷ്യം നേടുന്നതിലൂടെ ലഭിയ്ക്കുന്ന ആനന്ദം സ്ത്രീയുടെ തുടർന്നുള്ള പ്രവൃത്തികളേയും ബോധപൂർവ്വം മുന്നോട്ടു നയിയ്ക്കുമ്പോൾ ഒന്നു കാണാനാകുന്നു, അവളിലെ മാറ്റം അവളിലുണർത്തുന്ന ഉണ്മയുടെ സീൽക്കാരങ്ങളുടെ പ്രതിഫലനങ്ങൾ . ‘പുരുഷനെപ്പോലെ ഗൌരവത്തോടെ ചിന്തിയ്ക്കാനും കുടുംബിനിയുടെ കുലീനത്വത്തോടേ പ്രവർത്തിയ്ക്കാനും യൌവനയുക്തയായ പെൺകൊടിയെപ്പോലെ കാണപ്പെടാനും കുതിരയെപ്പോലെ പണിയെടുക്കാനും‘ അവൾക്കു കഴിയുന്നു. സ്ത്രീജന്മം കഠിനമാണെന്നാരു പറഞ്ഞു? അഥവാ പറഞ്ഞെങ്കിൽ തന്നെ കേട്ടിട്ടില്ലേ‘  കഠിനമായ ജോലികളാണെങ്കിൽ അവ ചെയ്യപ്പെടേണ്ടവ തന്നെ. കാരണം സാധാരണ ജോലികൾ ആർക്കും ചെയ്യാവുന്നതാണല്ലോ’. ആതമവിശ്വാസം ഉണരാൻ മറ്റെന്തു വേണം?

Leave a Reply

Your email address will not be published. Required fields are marked *