അഴിയാക്കുരുക്കുകൾ-17 വ്യവസായരംഗങ്ങളിലെ പെൺ പിന്തുടർച്ചകൾ.

Posted by & filed under Uncategorized.

അനന്യശ്രീ ബിർളയും മാനസി കിർലോസ്ക്കറും ഇഷ അംബാനിയും ലക്ഷ്മി വേണുവും ശ്രുതി ശിബുലാലുമൊക്കെ ഒന്നിച്ചൊരു വരിയിൽ പ്രത്യക്ഷ്പ്പെട്ടപ്പോൾ എവിടെയോ ഒരിത്തിരി അഭിമാനബോധവും ആഹ്ലാദവുമൊക്കെ തലപൊക്കുന്നു. വ്യവസായരംഗത്തും തനതായ  വ്യക്തിമുദ്ര പതിപ്പിയ്ക്കാൻ ഇന്ത്യൻ വനിതകൾ തയ്യാറായിത്തുടങ്ങിയിരിയ്ക്കുന്നു.മാറിക്കൊണ്ടിരിയ്ക്കുന്ന സാമൂഹ്യ വ്യവസ്ഥിതിയുടെ  പ്രതിഫലനമായി ഇതിനെ കണക്കാക്കാൻ സാധിയ്ക്കുന്നു. പിന്തുടർച്ചാവകാശത്തിന്റെ വഴിയിൽ പുത്രനായാലും പുത്രിയായാലും കഴിവുകൾ തന്നെ മാനദണ്ഡം എന്നു അടിവരയിട്ടുറപ്പിയ്ക്കാൻ ഇന്ത്യൻ വനിതകൾ മുന്നോട്ടിറങ്ങുമ്പോൾ അത് ശരിയ്ക്കും സ്വാഗതാർഹം തന്നെയെന്നു തോന്നുന്നു.  ബിസിനസ് രംഗത്ത് പണ്ടെല്ലാം സ്ത്രീ  കടിഞ്ഞാൺ പിടിയ്ക്കാൻ തയ്യാറായിരുന്നത് ആണ്മക്കളുടെ അഭാവമോ  താല്പര്യക്കുറവോ ഒന്നു കൊണ്ടുമാത്രമായിരുന്നെങ്കിൽ ഇന്നു സ്വന്തം അഭിരുചിയുടെ നിറവിൽത്തന്നെ അഭിമാനപൂർവ്വം ആ രംഗങ്ങളിൽ അവൾക്കു കടന്നു വരാൻ കഴിയുന്നുവെന്നത് നേരായ രീതിയിൽത്തന്നെയുള്ള പുരോഗമനം തന്നെയാണല്ലോ?

വ്യവസായമേഖല എന്നും സ്ത്രീയെ ഒരൽ‌പ്പം സശയത്തോടെ വീക്ഷിച്ചിരുന്ന കാലം കടന്നു പോയി.   കുടുംബത്തിന്റെ  ബിസിനസ്സ് രംഗത്ത് പുത്രന്മാർ എന്നും പിന്തുടർച്ചാവകാശം നേടിയപ്പോൾ  പെണ്ണായതിനാലും മറ്റൊരു കുടുംബത്തിനെ പ്രതിനിധാനം ചെയ്യുന്നതിനാലും പലപ്പോഴും സ്ത്രീകൾ പിൻ നിരയിലേയ്ക്കു തള്ളപ്പെട്ടിരുന്ന കാലം മാറിത്തുടങ്ങിയെന്നും കാണാം. കമ്പനിയുടെ വളർച്ചയ്ക്കായി ആണ്മക്കളെ  വിദേശങ്ങളിൽ വിട്ടു പഠിപ്പിച്ചിരുന്ന വ്യവസായപ്രമുഖർ അന്നൊന്നും പെൺകുട്ടികൾക്കും ഇതൊക്കെയാവാമെന്നു ചിന്തിച്ചുപോലും കാണുകയില്ല.   ഉന്നതവിദ്യാഭ്യാസം നേടുന്നത് കുടുംബവ്യവസായത്തിന്റെ വളർച്ചയ്ക്കാവശ്യമായ മേഖലകളിൽത്തന്നെയാവാൻ പെൺകുട്ടികൾ ആൺകുട്ടികൾക്കൊപ്പം തന്നെ  താൽ‌പ്പര്യം പ്രകടിപ്പിക്കുന്നത് സ്ത്രീയുടെ ആത്മവിശ്വാസത്തിന്റെ വളർച്ചയെ ചൂണ്ടിക്കാണിക്കുന്നു.ഒരു അരുന്ധതി ഭട്ടാചാര്യയോ, ഒരു ചന്ദാ കൊച്ഛറൊ ഒരു ശിഖാ ശർമ്മയോ ആ നിലയിലേയ്ക്കെത്തിയത് ഒട്ടുവളരെ കഠിനാദ്ധ്വാനത്തിണ്ടെയും ത്യാഗത്തിന്റേയും വഴികളിലൂടെ തന്നെയാണെന്നും കുടുംബത്തിലെ തന്നെ കമ്പനിയുടെ സാരഥ്യമേറ്റെടുക്കുമ്പോൾ ചുമതലാബോധം പതിന്മടങ്ങു വർദ്ധിയ്ക്കുകയേയുള്ളൂവെന്നും അനുഭവകഥകൾ തെളിയിയ്ക്കുന്നു.

ഏതുമേഖലയിലാണെങ്കിലും അനുഭവം തരുന്ന അറിവും ആത്മവിശ്വാസവും ഒന്നു വേറെ തന്നെ. തലമുറകളായി കുലത്തൊഴിൽ ചെയ്തുവരുന്ന എത്രവിഭാഗക്കാർ നമുക്കിടയിൽത്തന്നെയുണ്ടല്ലോ? അവരിൽത്തന്നെ സ്ത്രീപുരുഷഭേദമെന്യേ ചെയ്യാവുന്ന തൊഴിലുകളിൽ സ്ത്രീ എന്നും ഭാഗഭാക്കായിരുന്നു താനും. കുടുംബ ബിസിനസ്സിലും സ്ത്രീയുടെ കരങ്ങൾ അദൃശ്യമായോ അല്ലാതെയോ പ്രവർത്തിയ്ക്കുന്നതും കാണാമായിരുന്നു. പക്ഷേ വിഭജിയ്ക്കപ്പെടാവുന്ന കുടുംബസ്വത്തിനെ പ്രതി സംഭവിയ്ക്കാവുന്ന സ്വരച്ചേർച്ചകളും തത്ഫലമായുണ്ടായേക്കാവുന്ന പിളർപ്പുകളും മുൻകൂട്ടി കണ്ടിട്ടായിരിയ്ക്കാം പലപ്പോഴും പെണ്മക്കൾ കൂടുതലായി ഈ രംഗത്തേയ്ക്ക് സ്വാഗതം ചെയ്യപ്പെടാതിരിയ്ക്കാൻ കാരണം. മാറുന്ന ഈ വ്യവസ്ഥിതി സ്ത്രീക്ക് അഭിമാനാർഹം തന്നെ.

സ്വാഭാവികമായും എല്ലാവരുടെയും മനസ്സിൽ  ഉയർന്നേയ്ക്കാവുന്ന ഒരു ചോദ്യം ബിസിനസ്സ്  രംഗത്ത് സ്ത്രീയോ പുരുഷനോ കൂടുതൽ തിളങ്ങാൻ സാദ്ധ്യതയെന്നതിനെക്കുറിച്ചാണ്. അൽ‌പ്പം കൂടി വിശദീകരിച്ചു പറയുകയാണെങ്കിൽ സ്ത്രീയ്ക്ക് ബിസിനസ്സിൽ പുരുഷനേപ്പോലെ പ്രവർത്തിയ്ക്കാനാകുമോ എന്നു പലരും ശങ്കിക്കുന്നു.ഒന്നു തീർച്ച, അമേരിക്കൻ ഫോർച്ച്യൂൺ കമ്പനികളുടെ തലപ്പത്തെത്തുന്ന സ്ത്രീകളുടെ അനുപാതം ഇനിയും ഒരു രണ്ടക്ക സംഖ്യയാഇട്ടില്ല, വെറും -3-4 ശതമാനം മാത്രം. പക്ഷേ അതിനു കാരണങ്ങൾ അവരുടെ കഴിവുകേടാകണമെന്നില്ലെന്നും നമുക്കറിയാം. സത്യത്തിൽ മറ്റൊരു സർവ്വേ അനുസരിച്ച്രു നല്ല സി.ഇ.ഒ. ആകുന്നതിനേറ്റവും ആവശ്യമായ സത്യസന്ധത,ബുദ്ധിസാമർത്ഥ്യം, കഠിനാദ്ധ്വാനം, തീവ്രോത്കർഷേച്ഛ, സഹാനുഭൂതി, സർഗ്ഗവൈഭവം എന്നീ മണ്ഡലങ്ങളിൽ സ്ത്രീ പുരുഷനൊപ്പമോ അതിലധികമോ കഴിവുകൾ പ്രകടിപ്പിയ്ക്കുന്നതായി കാനണപ്പെട്ടു. പക്ഷേ സ്വതന്ത്രമായ തീരുമാനങ്ങളെടുക്കുന്ന കാര്യത്തിൽ സ്ത്രീ എന്നും ഒരൽ‌പ്പം കൂടുതൽ സമയമെടുക്കുന്നുവെന്നും കാണതു സ്ത്രീയുടെ കഴിവുകേടായി കണക്കു കൂട്ടാനാവില്ല. ഒരു കുടുംബത്തിനോടു കാട്ടുന്നതുപോലുള്ള കരുതലായേ ഇതിനെ കണക്കാക്കാനാകൂ. അങ്ങിനെ വരുമ്പോൾ  സ്ത്രീ തന്റെ രംഗത്ത് കൂടുതൽ ശ്രദ്ധാലുവാണെന്നല്ലേ കാണിക്കുന്നത്?ഒരുപക്ഷേ നഷ്ടപ്പെടാവുന്ന നാളെകളേക്കാളേറെ ഇന്നിന്റെ സുരക്ഷിതത്വത്തിന്റെ ബോധം അവളെ എടുത്തു ചാട്ടങ്ങളിൽ നിന്നും വിലക്കുന്നുണ്ടാകാം.

പക്ഷേ ഇവിടെ പുരുഷന്റെ സമീപനം മറ്റൊരു തരത്തിലായിരിയ്ക്കാം.സ്വന്തം കമ്പനി പുരുഷനെ സംബന്ധിച്ചിടത്തോലം അവന്റെ അഹന്തയാണ്. അതിന്റെ വളർച്ച അവന്റെ നിതാന്ത സ്വപ്നമാണ്. അതിനെ വികസിപ്പിയ്ക്കാനുള്ള ഏതൊരു സന്ദർഭവും കുറച്ച് കടസാദ്ധ്യതകളുള്ളതാണെങ്കിൽ‌പ്പോലും ഉപയോഗിയ്ക്കാൻ അവനു രണ്ടാമതു ചിന്തിയ്ക്കേണ്ടി വരുന്നില്ല. സ്ത്രീ സുരക്ഷയെക്കുറിച്ചു കൂടുതൽ ബോധവതിയാകുന്നത് കയ്യിലുള്ളതിനെ നഷ്ടപ്പെടാതെ നോക്കുന്നതിനാണെങ്കിൽ പുരുഷൻ അതിനെ അതിജീവിയ്ക്കാനുള്ള ചങ്കൂറ്റം തെളിയിയ്ക്കുന്നു. പലപ്പോഴും സ്റ്റാർട്ട്-അപ്പ് കമനികളിൽ ഈ സവിശേഷത പ്രകറ്റമായിക്കാണാം. എന്തായാലും പാരമ്പര്യവശാൽ കിട്ടുന്ന പുതിയ രൂപത്തിൽ കരുതലിനെക്കുറിച്ച് കൂടുതൽ ചിന്തിയ്ക്കേണ്ടി വരില്ലെന്നതിനാൽ തന്റെ  പ്രവർത്തനരംഗത്ത് കൂടുതൽ  മിഴിവു കാണിയ്ക്കാൻ സ്ത്രീകൾക്കു കഴിയുമെന്നു തന്നെ ആശിയ്ക്കാം. ഇനിയും കരുത്തുനേടാനും കാണിയ്ക്കാനും വരുംകാലങ്ങൾ സാക്ഷിയാകട്ടെ!.

Leave a Reply

Your email address will not be published. Required fields are marked *