അഴിയാക്കുക്കുകൾ-18 ഇന്ത്യയുടെ പെണ്മക്കൾ കഥ മാറ്റിയെഴുതുമോ?..

Posted by & filed under Uncategorized.

കാണുമ്പോൾ ഉള്ളിലുണരുന്നത് ഭയമോ ആവേശമോ ആധിയോ സന്തോഷമോ? മനസ്സിലാക്കാനാകുന്നില്ല. ഒരു സമ്മിശ്രവികാരമെന്നു പറയുന്നതായിരിയ്ക്കാം സ്ഥിതി. NDTV യുടെ Social Injusticeനു നേരെ വിരൽ ചൂണ്ടുന്ന പരിപാടികൾ ഏറെ ആശകളുണർത്തുന്നു. കഴിഞ്ഞ ദിവസം നോബൽ ജേതാവും ബാലവേലയ്ക്കെതിരായി പോരടുന്ന പോരാളിയും കുട്ടികളൂടെ അവകാശങ്ങളുടെ വക്താവും ആയ കൈലാഷ് സത്യാർത്ഥിയുടെ പ്രോഗ്രാം കണ്ടപ്പോഴും ബി.ബി.സി.പ്രക്ഷേപണം ചെയ്ത ‘ India’s Daughter’ന്ന വിവാദാത്മകമായ ഡോക്യുമെന്റ്രിയ്ക്കെതിരായും അനുകൂലവുമായുള്ള മുറവിളികൾ കേട്ടപ്പോഴും സ്ഥിതി മറിച്ചായിരുന്നില്ല.ഈ ഡൊക്യുമെന്ററിയുടെ പ്രക്ഷേപണം തടഞ്ഞതിൽ പ്രതിഷേധിച്ച് NDTV  പരിപാടി നിർത്തി വച്ചപ്പോൾ കാണിച്ച ചിത്രം കൂടുതൽ ജനഹൃദയങ്ങളിലേയ്ക്ക് ഇന്ത്യൻപെണ്മകളെ(പെണ്മക്കളെ?) എത്തിച്ചുകാണാതിരിയ്ക്കില്ല .അതുകൊണ്ടു തന്നെ കൂടുതൽ പേരിൽ സംശയവും വളർത്തിക്കാണാതിരിയ്ക്കില്ല.

അത്തരമൊരു ഡോക്യുമെന്ററിയുടെ ആവശ്യം ഉണ്ടായിരുന്നോ? ബിബിസിയ്ക്കു അതിനായി അനുമതി കൊടുത്തതു തെറ്റാണോ? ഇല്ലെന്നു വാദിയ്ക്കുന്നവർ ഏറെയുണ്ടെങ്കിലും നമ്മുടെ സമൂഹത്തിന്റെ വികാരവിചാരങ്ങൾ സൃഷ്ടിയ്ക്കുന്ന മാനസികാവസ്ഥയെ ശരിയ്ക്കും പ്രതിഫലിപ്പിയ്ക്കുന്ന ഈ ഡോക്യുമെന്ററി എല്ലാവരും കാണുകതന്നെ വേണമെന്ന് നിർഭയയുടെ പിതാവു പോലും പറയുമ്പോൾ ഇത്രയും നിഷ്ഠൂരമായ കുറ്റം ചെയ്ത ഒരാൾ, ഇനിയും ശിക്ഷിയ്ക്കപ്പെടാതെ സമൂഹശ്രദ്ധനേടുന്നതും സ്വന്തം അഭിപ്രായത്തെ യാതൊരു സങ്കോചമോ പശ്ചാത്താപമോ കൂടാതെ വിളിച്ചു പറയുന്നതും ആർക്കും സഹിയ്ക്കാനാകില്ലെന്നതും സത്യം തന്നെ.  മാത്രമല്ല, കുറ്റവാളിയുടെ വെളിപ്പെടുത്തലുകൾ വീണ്ടും ഭീതി കൂട്ടാനേ ഉപകരിയ്ക്കുന്നുള്ളൂ. റേപ്പ് ചെയ്യപ്പെടുന്നവൾ പ്രതിഷേധിച്ചാൽ അവളെ കൊല്ലും, ഇല്ലെങ്കിൽ കാര്യശേഷം വലിച്ചെറിയുമ്പോൾ ജീവൻ ബാക്കി കിട്ടുമെന്ന വാക്കുകൾ കേൾക്കവെ ജനരോഷം ഉയരുന്നതിലെന്താണത്ഭുതം? എന്തുകൊണ്ടിവരെ ഇനിയും വച്ചുപുലർത്തുന്നു? കുറ്റവാളികളേ വേണ്ടസമയത്ത് തക്കശിക്ഷയ്ക്ക് വിധേയരാക്കാൻ നമുക്കെന്തുകൊണ്ടു കഴിയുന്നില്ല. നിയമം അതിന്റെ ഗമനത്തെ സാവധനത്തിലാക്കുമ്പോൾ ജനം ഉണരുകതന്നെ വേണം. പ്രതികരണം വഴിവിട്ടാലും പ്രശ്നം തന്നെ. നാഗാലാൻഡിൽ അതാണല്ലോ സംഭവിച്ചത്. ബലാത്സംഗക്കുറ്റമാരോപിച്ച് ജയിലിലടയ്ക്കപ്പെട്ട ആളെ വലിച്ചു പുറത്തിടാനും വിചാരണയൊന്നും കൂടാതെ ജനക്കൂട്ടം തന്നെ കിരാതനിയമം നടപ്പിലാക്കുകയും ചെയ്തപ്പോൾ നഷ്ടപ്പെട്ടത് ഒരു നിസ്സഹായനായ നിരപരാധിയുടെ ജീവനായിരുന്നു. ജനരോഷത്തിൽ തകർക്കപ്പെട്ട വാഹനങ്ങളും മറ്റു നാശനഷ്ടങ്ങളും വേറെ. ഇതു ശരിയാണോ? നിയമം കയ്യിലെടുക്കാൻ ജനത തുനിഞ്ഞതോ അതിനവരെ പ്രകോപിപ്പിച്ചതോ ഒഴിവാക്കാമായിരുന്നില്ലേ? എന്തായാലും ജനശ്രദ്ധ നേടാൻ കഴിഞ്ഞെന്നത് സത്യം.

ജനശ്രദ്ധ നേടിയാലും പലപ്പോഴും വേണ്ടതുപോലെ ഫലമുണ്ടാകണമെന്നില്ല. കാറിടിച്ചു സെക്യൂരിറ്റി ജീവനക്കാരനെ കൊന്ന നിഷാമും ദുർഭാഗ്യത്തിന്നിരയായ ചന്ദ്രബോസും കുടുംബവും വാർത്താമാദ്ധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നു, പതിയെ മായാനാവാം. പ്രലോഭനങ്ങളും ഭീഷണികളും പണത്തിന്റെ മിടുക്കും പണമില്ലായ്മയുടെ നിസ്സഹായതയയും പെണ്മുറവിളികൾക്കു നിഷേധിയ്ക്കുന്ന നീതി തിരിച്ചെടുക്കാനിനി എത്ര ജനരോഷം ഉയരണമോ ആവോ?ാത്തിരിയ്ക്കാനേ കഴിയൂ. വിധിയുടെ ക്രൂരത ഇനിയും ഇവർക്കായി നീക്കിവച്ചിരിയ്ക്കുന്നതെന്താണെന്നറിയാൻ.

സ്ത്രീകൾക്ക് സ്വയം ഇക്കാര്യത്തിൽ എന്തുചെയ്യാനാകും? ഇന്നലെ അന്തർദ്ദേശീയ വനിതാദിനം കൊണ്ടാടുന്നതു പ്രമാണിച്ച് സ്ത്രീയെ ഉണർവ്വുള്ളവളാക്കിത്തീർക്കാനും അനുമോദിയ്ക്കാനുമായി ലോകമെങ്ങുമെന്ന പോലെ ഇന്ത്യയിലും ഒട്ടേറെ ഒത്തുകൂടലുകളും ചർച്ചകളും നടന്നു. ഇതുകൊണ്ടെല്ലാം പ്രയോജനങ്ങൾ ഉണ്ടാകാമെങ്കിലും പ്രധാനമായും സ്ത്രീ തന്നെ അതിലേയ്ക്കായി സ്വയം ഉണർന്നു പ്രവർത്തിച്ചേ തീരൂ.  . സ്ത്രീയുടെ പ്രശ്നപരിഹാരാർത്ഥം  കൂടുതൽ അധികാരമെടുക്കാൻ ഉന്നതസ്ഥാനങ്ങളിൽ സ്ത്രീകളുണ്ടാകുക തന്നെ വേണം. കൂടുതൽ സ്ത്രീകൾ അവിടെയെത്താതിരിയ്ക്കാൻ യഥാസമയം  മാർഗ്ഗദർശികളുടെയോ ഉപദേഷ്ടാക്കളുടെയോ അഭാവവും ഒരു കാരണമാകുന്നില്ലേ എന്നു തോന്നിയിട്ടുണ്ട്. “അന്ന് , വേണ്ട സമയത്ത്, ഇതെനിയ്ക്കാരെങ്കിലും പറഞ്ഞു തന്നിരുന്നെങ്കിൽ “എന്ന വിലാപം  പലപ്പോഴും കേൾക്കാനിടയായിട്ടുണ്ട്. പുരുഷനെസ്സംബന്ധിച്ചിടത്തോളം, തൊഴിൽ മേഖലയിലായാലും സാഹിത്യത്തിലായലും പെട്ടെന്നൊരു ഗോഡ് ഫാദറെ കണ്ടെത്താനും പ്രോത്സാഹനവും സഹായവും കിട്ടാനും സാധ്യത കൂടുന്നു. മാനുഷികമൂല്യങ്ങൾക്കായുള്ള  പോരാട്ടത്തിന്റെ കാര്യത്തിൽ‌പ്പോലും  സാധ്യതകളെക്കുറിച്ചുള്ള അവബോധത്തിന്റെ കുറവും പരിചയ സമ്പന്നരായ ഉപദേഷ്ടാക്കളുടെ അഭാവവും സ്ത്രീയെ ബലഹീനയാക്കുന്നുവെന്നതിൽ തർക്കമില്ല.ഇവിടെ അവളെ ഉയർത്തിക്കൊണ്ടുവരുന്നതിനുള്ള ചുമതല പലപ്പോഴും പുരുഷൻ തന്നെ ഏറ്റെടുക്കേണ്ടതായും  വരും. “I do not wish women to have power over men; but over themselves.” Mary Wollstonecraftന്റെ ഈ വരികൾ മനസ്സിൽ തികട്ടി വരുന്നു. ഇതു ഇന്ത്യയിലെ മാത്രം പ്രശ്നമായി ഒതുങ്ങുന്നില്ലെങ്കിലും ആഗോളതലത്തിലെ കണക്കുകൂട്ടലുകളിൽ നമ്മുടെ സാ‍മൂഹികവീക്ഷണം തന്നെ ഒരർത്ഥത്തിൽ ഇതിനൊക്കെ കാരണം. അവയിലെ ദുഷിച്ചപ്രവണതകളെ നീക്കാനുള്ള ശ്രമമായിരിയ്ക്കണം നമ്മുടെ പ്രധാനലക്ഷ്യം. കടയിലൊഴിയ്ക്കേണ്ട ജലം തലപ്പത്തൊഴിച്ചിട്ടെന്തു പ്രയോജനം?

Leave a Reply

Your email address will not be published. Required fields are marked *