വിഷുപ്പകർച്ച

Posted by & filed under കവിത.

മദ്ധ്യാഹ്നം വിട ചോദിച്ചീടുന്നു, പടിഞ്ഞാറിൻ

സ്വപ്നത്തിൻനിറം സ്വർണ്ണമാകുവാനൊരുങ്ങുന്നു.

കിഴക്കു കരച്ചിലിൻ ഭാവത്തിൽ മുഖമൊട്ടു

കറുപ്പു ചാലിച്ചെന്നപോലിരുളുന്നു

കിഴക്കേപ്പറമ്പിലെ കൊന്ന പൂത്തല്ലോ, പൂവിൻ

കനത്താലിതാ തല കുമ്പിട്ടു നിന്നീടുന്നു.

വിഷുവെത്തിയല്ലോയെന്നോർക്കവേ പിറകിലെ

മരത്തിൽ നിന്നും വിഷുപ്പക്ഷി തൻ സ്വരമെത്തി.

അറിയാതെയ ഞാൻ വിഷുപ്പക്ഷിയ്ക്കു മറുപടി-

യുയരുമാഹ്ലാദത്താ‍ലുടനെ നൽകീടവെ

ഒരു മാത്ര ഞാൻ സ്തബ്ദ്ധയായി, യെൻ മനസ്സിന്നും

ചെറിയ കുഞ്ഞുങ്ങൾക്കു സമമായുണരുന്നോ?

വിഷുവിൻ സ്മരണകൾ മനസ്സു നിറയവേ

, വിഷുക്കേട്ടത്തിൻ മോഹമെന്നെ വേട്ടയാടുന്നു.

കൊടുക്കാം വിഷുക്കേട്ടമെങ്കിലും, മനസ്സോതി,

നിനക്കു കഴിയുമോ പകരാനാ സത്തയെ?

അറിയാൻ പ്രകൃതിയെ, ആസ്വദിച്ചീടാൻ പിന്നെ

നിറയെനുഭവിച്ചീടുവാൻ  നമുക്കെല്ലാം

പ്രിയമായ് ചുറ്റും കാണും മൃഗങ്ങൾ സസ്യങ്ങളും

നമുക്കു സമമാണീ ഭൂമിയിലെന്നോർക്കുവാൻ

അടുപ്പം കൂട്ടീടുവാൻ, പിണക്കം മാറ്റീടുവാൻ

മറക്കാൻ നിരാശയെയാശതൻ നാളങ്ങളാൽ

ഇതൊക്കെ വിഷുവെന്ന ദിനത്തിന്നാഘോഷത്താൽ

നമുക്കേകി പൂർവ്വികർ മറക്കാനാർക്കായിടും .

പകർന്നു കൊടുക്കേണ്ടും നിധിയാണെന്നുള്ളതും

പലരും മറക്കുന്നതോർക്കവേ മനം വീണ്ടും

കൊതിതുള്ളുന്നീ വിഷുക്കേട്ടമെൻ മനസ്സിലെ

നിധിയായിരിയ്ക്കട്ടെ, കൊടുക്കാ,മിരട്ടിയ്ക്കും.

Leave a Reply

Your email address will not be published. Required fields are marked *