സാമൂഹികനീതിയെ തഴയുന്ന സ്വകാര്യ സന്തോഷങ്ങൾ:അഴിയാക്കുരുക്കുകൾ-19

Posted by & filed under Uncategorized.

ഒരു രാജ്യത്തിന്റെ സാമൂഹികപുരോഗതി  അവിടത്തെ സ്ത്രീകളുടെ സമുദായത്തിലെ സ്ഥാനത്തിനനുസരിച്ചേ അളക്കാനാകൂയെന്നു കാൾ മാർക്സ് പറഞ്ഞു. ഒരു മേഖലയിലും സ്ത്രീ പുരുഷനു താഴെയല്ലെന്നു ഗാന്ധിജിയും. പക്ഷേ സ്ത്രീയെന്ന നിലയിലുള്ള തന്റെ കഴിവുകളെ മനസ്സിലാക്കാനോ  അതിനെ ഉൾക്കൊണ്ട് പ്രയോജനത്തിൽ വരുത്താനോ സ്ത്രീയ്ക്കാവുന്നില്ലെന്നതാണ് പ്രശ്നം.“ഞാനെന്റെ ശബ്ദത്തെ ഉയർത്തുന്നത് ആക്രോശത്തിനായല്ല, ശബ്ദമില്ലാത്തവർ കേൾക്കാൻ വേണ്ടിയാണ്…….നമ്മളിൽ പകുതിയിലേറെപ്പേർ പുറകിൽ തടഞ്ഞു നിർത്തപ്പെട്ടാൽ നാമെങ്ങനെ വിജയിയ്ക്കും?’“ എന്നു ചോദിയ്ക്കുന്ന മലാലമാർ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിയ്ക്കുന്നുവെങ്കിലും ഇനിയും ശബ്ദങ്ങൾ ഉയരേണ്ടിയിരിയ്ക്കുന്നു. പക്ഷേ ഉയർത്തിയാൽ മാത്രം പോരെന്നും അതു വേണ്ടവിധത്തിൽ തന്നെയായാലേ ഫലം കിട്ടൂ എന്നും കാലം നമ്മെ പഠിപ്പിയ്ക്കുന്നു. എവിടെ, എങ്ങനെ, എന്തുകൊണ്ട് നാം തടയപ്പെടുന്നു? എന്തുകൊണ്ട് നമുക്കതിനെതിരെ ശബ്ദന്മുയർത്താനാവുന്നില്ല, അഥവാ നാം കേൾക്കപ്പെടുന്നില്ല? എന്തുകൊണ്ട് സ്ത്രീയെോഴും മുന്നിരയിലെത്താൻ അനുവദിയ്ക്കുന്നില്ല?.

‘A woman is like a tea bag: you cannot tell how strong she is until you put her in hot water‘.എന്നു എലിനോർ റൂസ്വെൽറ്റ് പറയുകയുണ്ടായി. സാധാരണ നിലയിൽ വളരെ ഒതുങ്ങിക്കഴിയുന്ന സ്ത്രീപോലും ആപത്ഘട്ടങ്ങളിൽ പുലിയായി മാറിയെന്നിരിയ്ക്കാം, പ്രത്യേകിച്ചും അവളുടെ കുടുംബത്തിനെ ബാധിയ്ക്കുന്ന പ്രശ്നമാകുമ്പോൾ.  സ്ത്രീയുടെ ഏറ്റവും വലിയ ഒരു പരാജയം അവൾ സാമൂഹികമായ നേട്ടങ്ങൾക്കുപരിയായി വയ്ക്കുന്ന സ്വന്തം സന്തോഷങ്ങളാണ്. ഒരു കുടുംബത്തിന്റെ സന്തോഷത്തെ കളഞ്ഞു തനിയ്ക്കു സാമൂഹികനീതി വേണ്ടെന്നവൾ കരുതുന്നു. സ്വയം ത്യാഗം ചെയ്യുന്ന ഈ മനസ്ഥിതി മാറ്റിയാൽ മാത്രമേ സ്ത്രീയ്ക്കു മുന്നേറാനാകൂ. ഒരു കുടുംബത്തിന്റെ സന്തോഷവും ഉത്തരവാദിത്വവും സ്ത്രീയ്ക്കും പുരുഷനും ഒരുപോലെത്തന്നെയാകണം. ജനിയ്ക്കുന്ന ഓരോ ആൺകുഞ്ഞും ഓരോ പെൺകുഞ്ഞും സമുദായത്തിൽ ഒരേപോലെ വീക്ഷിയ്ക്കപ്പെടുന്ന നാൾ മാത്രമേ സ്ത്രീയ്ക്ക് ആത്മവിശ്വാസം ലഭിക്കുകയുള്ളൂ.

ഇവിടെ, ഇന്ത്യയിൽ പ്രത്യേകിച്ചും, സ്ത്രീകൾക്ക് എന്തു സംഭവിച്ചാലും , നല്ലതായാലും ചീത്തയായാലും, ഒരേപോലെ മാദ്ധ്യമശ്രദ്ധ കിട്ടിയെന്നു വരും. കുറെ മുറവിളികൾ ഉയരും. ഇത്തിരി കേസും കോടതിയുമായി അനക്കം കിട്ടും.പിന്നെ ഇടയ്ക്കിടെ ചില ചീറിപ്പൊട്ടലുകൾ കേൾക്കാം. ഒടുക്കം വന്നപോലെ തന്നെ വാർത്തകൾ അപ്രത്യക്ഷമാകും. വേണ്ടപ്പെട്ടവരാരെങ്കിലും ഇടയ്ക്കൊന്നു ആവലാതിയുയർത്തിയാൽചിലപുകച്ചുരുളുകൾ വീണ്ടും ഉണ്ടായെന്നു വന്നേയ്ക്കാം. വൈകിയെത്തുന്ന നീതിയും കിട്ടാതെ പോയ നീതിയും വീണ്ടും ചരിത്രമായി മാറുന്നു. മുകേഷ് സിംഗോ അയാളുടെ അഭിഭാഷകരോ ഇത്തരം വാക്കുകൾ വിളിച്ചു പറയുമ്പോൾ നിശ്ശ്ബ്ദമായി അതു കേട്ടിരുന്നവരും ആ വാക്കുകളെ തുണയ്ക്കുകയായിരുന്നുവോ? ഇന്നും ഭാരതത്തിൽ പെണ്ണിനെ കാണുന്നത് ഈ വീക്ഷണകോണിലൂടെയാണെങ്കിൽ ഇവിടെ എന്തു പുരോഗതിയാണു നാം നേടിയത്? ആർത്തവ സമയം സ്ത്രീ  അശുദ്ധയെന്നും, അടുക്കളപ്പണി സ്ത്രീകളുടെ കുത്തകയെന്നും, നല്ലപെൺകുട്ടികൾ വീടിനകത്തിരിയ്ക്കണമെന്നും , റേപ്പിനെ എതിർക്കരുതെന്നും ഇന്നും ഇവിടെ കരുതപ്പെടുന്നുവെന്നാണല്ലോ നമുക്കു മനസ്സിലാക്കേണ്ടിയിരിയ്ക്കുന്നത്. പൂർണ്ണമായും സാക്ഷരത നേടിയ സംസ്ഥാനമെന്നഭിമാനിക്കുന്ന നമുക്ക് നമ്മുടെ ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകൾ അനുഭവിൽക്കുന്ന യാതനകളെക്കുറിച്ച് അറിയുമ്പോൾ നാണം തോന്നേണ്ടതാണ്. സ്ത്രീപീഢനം ഏതെല്ലാം വിധത്തിലിവിടെ നടക്കുന്നു?. ഭാര്യയെ തല്ലുന്നത് ആണത്തമാണെനു കരുതുന്നവർ, ഭാര്യ ഭരിയ്ക്കപ്പെടേണ്ടവൾ മാത്രമെന്നു കരുതുന്നവർ ഒക്കെ ഇവിടെ ധാരാള. ഇപ്പോൽ പെൺകുഞ്ഞുങ്ങളും ഇവിടെ സുരക്ഷിതരല്ലെന്നറിയുമ്പോൾ ഉത്കണ്ഠ കൂടുന്നു.

`തലസ്ഥാനത്തെ നിർഭയയെപ്പോലെയോ അല്ലാതെയോ അർഹിയ്ക്കുന്ന നീതി ലഭിയ്ക്കാതെ ജീവിതം കൊതി തീരെയാസ്വദിയ്ക്കാതെ മറഞ്ഞുപോയവരുടെ ആത്മാക്കൾ ഇപ്പോഴും നെടുവീർപ്പിടുന്നുണ്ടാവാം. സ്വന്തം കുടുംബങ്ങളിലെ സ്ത്രീജനങ്ങൾക്കും ഇതുപോലൊരവസ്ഥ വന്നു ചേരാമെന്നാരും ഓർക്കുന്നേയില്ലേ?

 

 

Leave a Reply

Your email address will not be published. Required fields are marked *