ഹൈദരലിയെക്കുറിച്ച്….അസൂയ കൊടുത്ത അംഗീകാരം.(

Posted by & filed under Uncategorized.

ഈ മാസത്തെ ഭാഷാപോഷിണിയിൽ ഹൈദരലിയുടെ സഹനജീവിതമെന്ന പേരിൽ കലാമണ്ഡലം ഹൈദരലിയെക്കുറിച്ച് ഇ.പി. ശ്രീകുമാർ എഴുതിയ ലേഖനം വായിച്ചപ്പോൾ കണ്ണു നിറഞ്ഞു. തൊണ്ടയിൽ എന്തോ വന്നു തടഞ്ഞപോലെ. കർണ്ണനുമായി ഹൈദരലി താദാത്മ്യം പ്രാപിച്ചിരുന്നുവെന്നും കർണ്ണശപഥമായിരുന്നു ഹൈദരലിയുടെ പ്രിയപ്പെട്ട കഥയെന്നും ലേഖകൻ പറയുന്നുണ്ട് . കഥകളി ഇഷ്ടപ്പെടുന്ന ആരെയും കരയിപ്പിയ്ക്കുന്ന കർണ്ണന്റെ വികാരവിചാരങ്ങൾ ഹൈദരാലിയ്ക്കു ജീവിതത്തിൽ അനുഭവിയ്ക്കേണ്ടി വന്നെന്ന ലേഖകന്റെ വിലയിരുത്തലുകൾ തീർത്തും സത്യമാണെന്നറിയുമ്പോൾ ആരും വേദനിക്കും. ഞാനാര് എന്ന ചോദ്യം കർണ്ണശപഥത്തിൽ മാത്രമല്ല, ജീവിതത്തിലുടനീളം ഹൈദരലി സ്വയം ചോദിച്ചിട്ടുണ്ടാകുമെന്നു ഇ.പി. ശ്രീകുമാർ പറയുന്നു. എന്റെ അച്ഛനെക്കുറിച്ചും ഇതേ വരികൾക്കു ശേഷമെഴുതിയത് വായിച്ചപ്പോൾ കണ്ണു നിറഞ്ഞു . ‘മാടമ്പു കൃഷ്ണൻ നമ്പൂതിരിയും(എന്റെ അച്ഛൻ) ഹൈദരലിയുടെ ബാപ്പയുമായുള്ള സുദൃഢ സൌഹൃദവും  ബിസിനസ്സ് പങ്കാളിത്ത്വവും ഇവിടെ പരാമർശിയ്ക്കപ്പെടുന്നു. (ഓർത്താൽ വിസ്മയം- കലാമണ്ഡലം ഹൈദരലി).അക്കാലത്തെക്കുറിച്ച് അച്ഛൻ പറയാറുള്ളതെല്ലാം ഓർമ്മവന്നു. കലാകാരൻ എത്ര ഉന്നതങ്ങളിലെത്തിയാലും അവനെ കുത്തി നോവിയ്ക്കുവാൻ കിട്ടുന്ന അവസരം ആരും വെറുതെ വിടുന്നില്ല.

സമൂഹത്തിന്റെ ചിന്താഗതികൾ ഏറെ വിചിത്രമെന്ന് പലപ്പോഴും തോന്നാറുണ്ട്. ഒരു വ്യക്തിയുടെ തെറ്റല്ലെങ്കിലും അയാളെ ക്രൂശിക്കാൻ വഴി കണ്ടെത്തുവർ ധാരാളം. കണ്ണു കാണാത്തതോ ചെവി കേൾക്കാത്തതോ സ്വരമാധുരിയില്ലാത്തതോ ഒരാളുടെ കുറ്റമാണോ? താഴ്ന്ന ജാതിയിൽ ജനിച്ചെന്നതോ ദരിദ്രനായി ജനിച്ചെന്നതോ ഒരാളുടെ കുറ്റമാണോ? ബുദ്ധിയില്ലാത്തവനായി/ ഇല്ലാത്തവളായി ജനിച്ചെന്നത് ഒരാളുടെ കുറ്റമാണൊ? കറുത്ത നിറത്തിലോ വിരൂപനായോ ജനിച്ചത് ഒരാളുടെ കുറ്റമാണോ? അല്ലെന്നു നമ്മുടെ സമൂഹം സമ്മതിയ്ക്കുന്നില്ല. അന്യന്റെ കുറ്റം ചൂണ്ടിക്കാട്ടാൻ, അവനെ താഴ്ത്തിക്കെട്ടാൻ എന്തൊരുത്സാഹം! ഏതു രംഗത്തും തൊഴുത്തിൽക്കുത്തലുകളുണ്ടായേയ്ക്കാം, പക്ഷേ പരിധി വിടുമ്പോൾ കലാകാരൻ ദു:ഖിതനാകുന്നു. കലാദേവിയെ ഉപാസിക്കുന്നതിൽ ശ്രദ്ധ കുറയുന്നു.

ഒരു സമൂഹജീവിയെന്ന നിലയിൽ മനുഷ്യനു പലപ്പോഴും ഇത്തരം സന്ദർഭങ്ങളെ തരണം ചെയ്യേണ്ടി വരുന്നു. പലപ്പോഴും ഇതിനിരയായിത്തിത്തീരുന്നത് ബാല്യത്തിലാകാം. കേട്ടു തഴമ്പിയ്ക്കുന്നതിനാൽ വലുതാകുമ്പോൾ അതിന്റെ കാർക്കശ്യം കുറഞ്ഞെന്നും വരാം. അല്ലാത്തവയും  ഇല്ലെന്നില്ല.   ഓർമ്മ വന്നത് നായാടികളിൽ നിന്നും സിവിൽ സർവ്വീസ് പാസായിവരുന്ന ധർമപാലൻ എന്ന സർക്കാർ ഉദ്യോഗസ്ഥനെ കേന്ദ്രകഥാപാത്രമാക്കി നൂറ്‌ സിംഹാസനങ്ങൾ എന്ന പേരിൽ ജയമോഹൻ എഴുതിയ കഥയാണ്.കനം തൂങ്ങുന്ന ഹൃദയുവുമായിട്ടേ വായിയ്ക്കാനായുള്ളൂ. ഇപ്പോഴും ആ വേദന മനസ്സിൽ നിന്നും നീങ്ങിയിട്ടില്ല താനും. ആഖ്യായനത്തിന്റെ രീതിയുടെ മാത്രം പ്രത്യേകതയല്ല, അതിലെ സത്യത്തിന്റെ വൈകൃതമായ രൂപത്തിന്റെ ഭയാനകത തന്നെ കാരണം. ചളിക്കുണ്ടിൽ നിന്നും വിരിയുന്ന പങ്കജത്തിന്റെ ഭംഗി ആസ്വദിയ്ക്കുന്നവർ ചെളിയെക്കുറിച്ച് കുറ്റം പറയുന്നില്ല. എന്നാൽ ഒരു മനുഷ്യന്റെ ഉറവിടവും ചരിത്രവും കുത്തിച്ചിനക്കിയറിയാനും ആ ചെളിയാൽ അവനെ അഭിഷിക്തനാക്കാനും എന്തൊരു തിടുക്കം! . ആഗോളവൽക്കരണവും  റ്റെക്നോളോജിയുമൊക്കെ അപ്പോൾ തിരശ്ശീലയ്ക്കു പുറകിലാണോ? കുഷ്ടികൾക്കുള്ളിലൊതുങ്ങുന്ന ലോകത്തു പരസ്പ്പരം കൊഞ്ഞനം കുത്തേണ്ട ആവശ്യം വരുന്നുവോ? സ്വാർത്ഥിയായ മനുഷ്യന്റെ ഇത്തരം വൈകൃത ചിനതകൾ മാറ്റപ്പെടേണ്ടവ തന്നെ.

സമൂഹത്തിനു മാറ്റം ആവശ്യം തന്നെ. പുരോഗതിയുടെ പാത താണ്ടാൻ  മനുഷ്യൻ  മാറ്റങ്ങൾക്കു കൊതിക്കുന്നു.  പലവിധമായ മാറ്റങ്ങൾക്ക് അറിഞ്ഞു കൊണ്ടു തന്നെ വിധേയമാകുമ്പോൾ പഴമയിലെ പലതിനേയും കൈവിടാനും പുതിയവ പലതും ഉൾക്കൊള്ളാനും സാധിക്കുന്നു. എന്നിട്ടുംനമുക്കു മാറ്റാൻ കഴിയാത്തവ പലതുമുണ്ട്. മനുഷ്യന്റെ സ്വാർത്ഥതയും അഹങ്കാരവും തന്നെ അവയിൽ മുഖ്യം. കണ്ണാടിയിൽ സ്വന്തം മുഖം നോക്കാതെ മറ്റൊരാളെ വിരൂപനെന്നു മുദ്രയടിക്കുന്ന സ്വഭാവം. ഒന്നെ പറയാനുള്ളൂ, ഇവയൊക്കെ തികച്ചും സ്വാഭാവികമെന്നു കരുതാൻ കലാകാരനെന്നല്ല, ആർക്കും കഴിയണം. ‘അസാമാന്യപ്രതിഭകൾക്ക് ഇടത്തട്ടുകാരേകുന്ന സ്തുത്യുപഹാരമാണ് അസൂയ (ഫുൾട്ടൺ ജെ ഷീൻ)‘.  അങ്ങിനെ നോക്കുമ്പോൾ അതൊരംഗീകാരം തന്നെയല്ലേ? അത്രയേ കരുതാവൂ. ഹൈദരലിയുടെ കാര്യത്തിലും അതേ കരുതാനാവൂ.കർണ്ണശപഥത്തിലെ ‘എന്തിഹ മന്മാനസേ…’ എന്ന വരികളിൽ കർണ്ണനെ അദ്ദേഹം പൂർണ്ണമായും ഉൾക്കൊണ്ടെങ്കിൽ ,പാടുമ്പോൾ ആ തൊണ്ട ഇടറിയെങ്കിൽ, അദ്ദേഹത്തിന്റെ  ശബ്ദസൌകുമാര്യത്തിൽ കർണ്ണന്റെ വിഷാദം മുഴുവനും പ്രതിഫലിച്ചെങ്കിൽ, അത് ആ പ്രതിഭാശക്തിയുടെ മിഴിവു മാത്രം എന്നു നമുക്കു പറയാനാകണം. ഇന്നദ്ദേഹം ഈ ലോകത്തിലില്ലെങ്കിലും പ്രതിഭാശാലിയായ ആ കലാകാരന്റെ മനസ്സു നൊന്തെങ്കിൽ അതിനു ഹേതുവായിരുന്നവർക്കൊന്നു സ്വയം ആത്മപരിശോധനചെയ്യാൻ സമയമായി, തീർച്ച.

 

Leave a Reply

Your email address will not be published. Required fields are marked *