അഴിയാക്കുരുക്കുകൾ-20 സ്ത്രീയെ ബഹുമാനിക്കുക…..

Posted by & filed under Uncategorized.

‘Respect women’ എന്ന തലക്കെട്ടോടെ എനിക്കു വന്ന ഒരു ഈ-മെയിൽ സന്ദേശം എന്നെ ഇരുത്തിച്ചിന്തിപ്പിയ്ക്കുന്നതായിരുന്നു. അൽ‌പ്പം നർമ്മരസത്തോടെ എഴുതിയുണ്ടാക്കപ്പെട്ട പ്രസ്തുത സന്ദേശം പ്രാക്റ്റിയ്ക്കലായ ഒന്നല്ലെങ്കിലും സത്യത്തിന്റെ ക്രൂരമായ മുഖത്തെ നോക്കി പല്ലിളിയ്ക്കുന്നതു തന്നെയാകയാൽ ശ്രദ്ധിയ്ക്കപ്പെട്ടതായിരിയ്ക്കാം.സ്ത്രീയുടെ മനസ്സിലെ വിചാരങ്ങൾ ഉറക്കെ വിളിച്ചു പറയാൻ അവൾക്കൊരിയ്ക്കലും സ്വാതന്ത്ര്യമുണ്ടായിരുന്നില്ലല്ലോ?  സ്ത്രീയെ സംബന്ധിയ്ക്കുന്ന ഏതുപ്രശ്നത്തിനും ഉടനടി തന്നെ കാരണം കണ്ടെത്തി കുറ്റം സ്ത്രീയുടെ തന്നെയെന്നു സ്ഥാപിക്കുന്ന സമൂഹത്തിന്റെ വക്താക്കളിൽ ഇതെന്തു പ്രതികരണമാവോ ഉണ്ടാക്കുക? അല്ലെങ്കിൽത്തന്നെ സദാചാരവാദികൾ ഇത്തരം കാര്യങ്ങളിലെന്തു പറയാൻ? പെൺകുട്ടികൾ അടങ്ങിയൊതുങ്ങി വീട്ടിൽക്കഴിയണമെന്നും അല്ലെങ്കിൽ റേപ്പു ചെയ്യപ്പെടുമെന്നും അപ്പോൾ അവർ എതിർത്താൽ കൊല്ലപ്പെടുമെന്നും ഉള്ളതൊരു സത്യമാണെന്നുറക്കെ വിളിച്ചുപറഞ്ഞ മൂകേഷ് സിംഗെന്ന കുറ്റവാളിയ്ക്കെതിരെ ഒരു പ്രതിഷേധപ്രവർത്തനവും ഇവിടെ കാണാനായില്ലല്ലോ? സമൂഹത്തിലെ ഒരു വിഭാഗം ആൾക്കാരെങ്കിലും അങ്ങനെ ചിന്തിയ്ക്കുന്നുവെന്നതിന്റെ തെളിവല്ലേ ഇത്?

വെറുതെ ഒരു രസത്തിനായുള്ള വായനയിൽ സ്ത്രീകൾ അസമയത്ത് അല്ലെങ്കിൽ ഇരുട്ടിയാൽ പുറത്തു പോകരുതെന്നു പറയുന്നതിനു  പകരമായി പുരുഷന്മാർ പുറത്തു പോകാതിരുന്നാലും മതിയല്ലോ എന്നു ചോദിയ്ക്കുന്നു. 7 മണി കഴിഞ്ഞാൽ ആണുങ്ങൾ വീട്ടിലിരിയ്ക്കണം, ചുറ്റിക്കറങ്ങരുത്.ഞങ്ങളൂടെ ഹാൻഡ്ബാഗിൽ പെപ്പർ സ്പ്രേയും കത്തിയും സ്ഥിരമായി നിങ്ങൾ വച്ചു കഴിഞ്ഞല്ലോ, നാണമില്ലേ എന്നാണടുത്ത ചോദ്യം. വെയ്ക്കുന്നതും പുരുഷൻ വെയ്ക്കാൻ കാരണവും പുരുഷൻ( എല്ലാം..നീയേ?) എന്ന സത്യത്തെ എത്ര നന്നായി അവതരിപ്പിച്ചിരിയ്ക്കുന്നു. “സ്ത്രീ എങ്ങിനെ വസ്ത്രം ധരിയ്ക്കണം എന്നവളെ പഠിപ്പിയ്ക്കേണ്ട. അതിനുപകരമായി അവളുടെ വസ്ത്രധാരണത്തെ അല്ലെങ്കിൽ അവളെത്തന്നെ എങ്ങനെ കാണണം എന്നു പുരുഷനെ പഠിപ്പിയ്ക്കൂ“ എന്നാണ് അടുത്ത ആഹ്വാനം. സ്ത്രീയുടെ വസ്ത്രധാരണത്തെക്കുറിച്ചുള്ള വിമർശനങ്ങൾ അവളോടുള്ള എല്ലാ അനീതികൾക്കുമെതിരായ ചർച്ചകളിൽ പൊങ്ങിവരുന്ന സ്ഥിരം പ്രത്യായുധമാണ്. ആകർഷകമായ വസ്ത്രധാരണം പുരുഷനിഷ്ടമെങ്കിലും അതിനെ ഒരു കാരണമാക്കി  കുറ്റം പറയാനും ഇഷ്ടപ്പെടുന്നുവെന്നതാണു സത്യം.  “ഒരു സ്ത്രീയായി ജനിച്ചു ; വിവാഹിതയായി; ഒരിക്കലും കരുതിയില്ല ഈ കുറ്റകൃത്യത്തിനായി അടുക്കളയെന്ന ജയിലിലെ   നിത്യത്തടവുകാരിയായി ഞാൻ മാറുമെന്ന്’ എന്ന വരികൾ യാഥാർത്ഥ്യബോധത്തിന്റെ തീക്ഷ്ണത ഉൾക്കൊള്ളുന്നവ തന്നെയല്ലേ? ഒരു ദിവസമെങ്കിലും അടുക്കളയിൽ നിന്നും വിട്ടുനിൽക്കാൻ മോഹിയ്ക്കാത്ത സ്ത്രീകൾ ഈ ലോകത്തിലുണ്ടാകില്ല. അതുകൊണ്ടുതന്നെ തലയിലേറ്റുന്ന ചുമതലാബോധങ്ങളും അവൽക്കെന്നും പേറേണ്ടിവരുന്നു. “സ്കൂളിലേയും കോളേജിലേയും പരീക്ഷകളിൽ ഞാൻ ഒന്നാമതായി പാസ്സായി. പ്രിയഭർത്താവേ, ഇപ്പോൾ ഞാൻ നിങ്ങളുടെ ഷർട്ട്  ഇസ്തിരി ഇട്ടുതന്നത് ശരിയായില്ലെന്നാവലാതിപ്പെടുമ്പോൾ ഒന്നോർക്കണം,അതെന്റെ പാഠ്യപദ്ധതിയുടെ ഭാഗമേ ആയിരുന്നില്ലെന്ന്” ആഹാ! പലപ്പോഴും ഇഷ്ടമില്ലാത്ത കാര്യങ്ങൾ അടിച്ചേൽ‌പ്പിയ്ക്കപ്പെടുന്ന വേളകളിൽ  പ്രതികരിയ്ക്കാൻ മോഹമുണ്ടായിട്ടും അതിനാകാതെ  ഇത്തരം എത്ര ചിന്തകൾ ഓരോ സ്ത്രീയുടെയും മനസ്സിലൂടെ കടന്നുപോയിട്ടുണ്ടായിരിയ്ക്കാം, അല്ലേ? “ആർത്തവമെന്നത്  സ്ത്രീ ശരീരത്തിന്റെ പരിണാമപരമായ ഒരു പ്രവർത്തനം മാത്രം- വിയർപ്പും കഫവുമെല്ലാമെന്ന പോലെ. ഇതിനെപ്പറ്റി വലിയ ഒച്ചപ്പാടുകളുണ്ടാക്കി ഞങ്ങളെ  നീക്കിനിർത്തി ഒറ്റപ്പെടുത്താതിരിക്കുക“. ഇത്രയേറെ പുരോഗതിയുടെ പാത നാം താണ്ടിയിട്ടും ഇന്നും സ്ത്രീയെ ഈ ദിവസങ്ങളിൽ അശുദ്ധയായി കാണാനേ സമൂഹത്തിനാകുന്നുള്ളൂ എന്ന സത്യം വേദനാജനകം തന്നെ.എന്നാലോ ആ ദിവസങ്ങളിൽ അവൾക്കു വേണ്ടതായ , അവളുടെ ശരീരത്തിനുവേണ്ടതാറ്റ  വിശ്രമത്തിനെക്കുറിച്ച് ബോധപൂർവം മറന്നു കളയാനും എല്ലാവരും തയ്യാർ തന്നെ. അടുത്ത സന്ദേശം സാനിറ്ററി പാഡുകളെക്കുറിച്ചാണ്. ഒരു ദിവസമല്ലെങ്കിൽ മറ്റൊരു ദിവസം സ്ത്രീ ഉറക്കെ പറയാൻ മോഹിച്ച വാക്കുകൾ തന്നെയാണിവ. “സാനിറ്ററിപാഡുകൾ ഞങ്ങൾക്ക് കടലാസ്സിൽ പൊതിഞ്ഞു തരാതിരിയ്ക്കുക;നാണം തോന്നാനായി ഞങ്ങൾ വാങ്ങുന്ന പാക്കറ്റ് കോഴ/ കൈക്കൂലിയൊന്നുമല്ലല്ലോ?” ഓർത്തു നോക്കൂ…ഇതൊക്കെ സാനിറ്ററി പാഡ് വാങ്ങിയിട്ടുള്ള ഓരോ സ്ത്രീയുടെയും മനസ്സിലൂടെ കടന്നുപോയ വിചാരങ്ങൾ തന്നെയല്ലേ?

നമ്മുടെ സമൂഹത്തിന്റെ വികൃതമായ മുഖത്തിനു പിറകിലെ യാഥാർത്ഥ്യം വിളിച്ചു പറയുന്ന ഓരോ സന്ദേശത്തിനും കീഴെ ‘സ്ത്രീയെ ബഹുമാനിയ്ക്കുക’ എന്നു കൂടി എഴുതിച്ചേർത്തിരുന്നു. എത്രമാത്രം ആത്മാർത്ഥത്യോടെയാകും ആവരികൾ എഴുതപ്പെട്ടത്? ആരായിരിയ്ക്കും ഈ സന്ദേശം എഴുതിയുണ്ടാക്കിയത്?. ഒരു പുരുഷനോ അതോ സ്ത്രീയോ? ഒരു പുരുഷനാണെങ്കിൽ എന്നു മോഹിച്ചു പോകുന്നു. കാരണം സത്യത്തെ ചിലരെങ്കിലും മനസ്സിലാക്കുന്നുവെന്ന സമാശ്വാസത്തിനുവേണ്ടിത്തന്നെ. ശരിയ്ക്കും സ്ത്രീ ബഹുമാനം അർഹിയ്ക്കുന്നുണ്ടെന്ന തോന്നലുകളോടുകൂടിയ ഒരു തലമുറ വളർന്നുവരുന്നുണ്ടെന്ന അറിവ് അത്രമാത്രം സന്തോഷം തരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *