അഴിയാക്കുരുക്കുകൾ-21 നാരീജന്മം പാപമാണോ?

Posted by & filed under Uncategorized.

I think the girl who is able to earn her own living and pay her own way should be as happy as anybody on earth. The sense of independence and security is very sweet. (Susan B. Anthony)

‘സ്ത്രീയെ ബഹുമാനിക്കുക ‘എന്ന പേരിലെഴുതിയ എന്റെ ലേഖനത്തിന്റെ പ്രതികരണം എന്നെ അത്ഭുതപ്പെടുത്തി. കാരണം സ്ത്രീയുടെ കുറ്റം ചൂണ്ടിക്കാട്ടനുള്ള ഒരു സ്ഥലമായി അതു മാറിയതുകൊണ്ടു തന്നെ. എന്തുകൊണ്ടങ്ങിനെ ഒരു ലേഖനമെഴുതിയതെന്നോ അതിന്റെ പിന്നിലെ ഉദ്ദേശം എന്തായിരുന്നെന്നോ നോക്കാതെ തലവാചകം മാത്രം നോക്കി പുരുഷനെ ബഹുമാനിയ്ക്കണം എന്നൊക്കെ വിളിച്ചു പറയുന്ന പോസ്റ്റുകൾ കണ്ടപ്പോൾ പലരുടെയും മനസ്സിലിരിപ്പ് പ്രകടമായിഒരുന്നു. ഞാനാണെങ്കിലോ അതെഴുതിയത് എനിയ്ക്കു വന്ന ഒരു മെസ്സേജിന്റെ പ്രതികരണമായും. ഒന്നു മനസ്സിലായി, ഇവിടെ സ്ത്രീയുടെ യഥാർത്ഥവേദന കാണാനാരും ശ്രമിയ്ക്കുന്നില്ല, പക്ഷേ അവളെ വേദനപ്പെടുത്താൻ സദാ ജാഗരൂകരാണു താനും. ഒരു തരം സാഡിസമാണിത്തരം മറുപടികളിൽ നിറഞ്ഞു നിന്നിരുന്നതെന്നു വ്യക്തമായി.സൂസൻ ബി ആന്റണിയുടെ മുകളിൽ‌പ്പറഞ്ഞ വാക്കുകൾ അപ്പോൾ മനസ്സിലേയ്ക്കോടിയെത്തി മനസ്സിന്റെ ഏതോ കോണിൽ ഒരു വേദന.

 

ബുന്ദിയിലെ രജപുത്രരാജാവായിരുന്ന ഛത്രസാലനെ മനസാ പ്രണയിച്ച ഷാജഹാൻ ചക്രവർത്തിയുടെ പ്രിയപുത്രി ജഹനാരയെക്കുറിച്ച് “ജഹനര; ക്ഷണഭംഗുര ‘എന്നപേരിൽ സുഭാഷ് ചന്ദ്രൻ എഴുതിയത് വായിച്ചപ്പോഴും ഉള്ളിൽ ഈ വേദന അനുഭവപ്പെട്ടു. അവൾക്ക് പ്രണയവും സംഗീതവും ഒന്നായിരുൻ നു. രണ്ടും അവൾക്കു നിഷേധിയ്ക്കപ്പെടുകയും ചെയ്തു. എം.എൻ. സത്യാർത്ഥി വിവർത്തനം ജഹനാര എന്ന പുസ്തകത്തിലെ ഉദ്ധരിണികൾ വായിച്ചപ്പോഴാണു ഏറെ വേദനിച്ചത്. സ്ത്രീയായി ജനിച്ചാൽ ഏതു കാലഘട്ടത്തിലും സ്ഥിതി ഒന്നു തന്നെയായിരുന്നുവോ? അല്ലെങ്കിൽ പിന്നെ തന്റെ ആത്മകഥയിൽ “ നാരീജന്മം പാപമാണോ? മരുഭൂമി മദ്ധ്യേ ദാഹാർത്തനായ ഒട്ടകത്തെപ്പോലെ ഉച്ചത്തിൽ കരയാൻ എനിക്കു തോന്നുന്നു. എന്റെ കരച്ചിൽ കേട്ട് ദൽഹി നടുങ്ങിയിരുന്നെങ്കിൽ!“ എന്നൊക്കെ എഴുതുവാൻ അവളെ പ്രേരിപ്പിച്ച ഘടകം എന്തായിരുന്നിരിയ്ക്കണം? ആണിനു കൊടുക്കുന്ന മുന്തൂക്കം അന്നും പെണ്ണിനുണ്ടായിരുന്നില്ല. ജഹനാരയുടെ സഹോദരൻ പ്രണയഭാജനത്തെത്തന്നെ കുലമഹിമകൾ നോക്കാതെ വിവാഹം ചെയ്തപ്പോൾ ജഹാനരയ്ക്കു അതു നിഷേധിയ്ക്കപ്പെടാൻ കാരണം അവൾ സ്ത്രീ ആയതു തന്നെയായിരുന്നുചരിത്രം ഇത്തരത്തിലുള്ള എന്തൊക്കെ വേദനകളെയാണാവോ തന്റെ താളുകളിൽ ഒളിച്ചു വച്ചിരിയ്ക്കുന്നത്.

നാരീജന്മം പാപമാണോ? ഈ ചോദ്യം മനസ്സിൽ കിടന്ന് അസ്വസ്ഥത വളർത്തുന്നു. സ്ത്രീജന്മം കരയാനുള്ളതാണെന്നും പറഞ്ഞു കേട്ടിട്ടുണ്ട്. എന്റെ ചിന്തകളെ ഒരു സുഹൃത്തുമായി പങ്കിട്ടപ്പോൾ കിട്ടിയ ഉത്തരം മറ്റൊന്നാണു. ‘സ്ത്രീജന്മം പുണ്യജന്മം”. സ്ത്രീ ജന്മത്തെ  അഭിശപ്തമായി കണ്ടിരുന്ന നാളുകൾ കടന്നുപോയെന്നാണു അദ്ദേഹത്തിന്റെ വാദം. പക്ഷേ സ്വയം അതിനെ അഭിശപ്തമായി കണക്കാക്കുന്നവർ കൂടിയിട്ടുണ്ടാകാം എന്നാണെന്റെ കണക്കു കൂട്ടൽ. അതിനു കാരണങ്ങളുമുണ്ട്. പണ്ടൊക്കെ “ആണുങ്ങളുടെ ജോലി’ എന്നു പറഞ്ഞിരുന്ന പല ജോലികളും ഇന്ന് സ്ത്രീകൾ അതിലേറെ നന്നായി ചെയ്തുതുടങ്ങിയിരിയ്ക്കുന്നുവെങ്കിലും മനസ്സിൽ മോഹമുണ്ടായിട്ടും ആണുങ്ങളെപ്പോലെ സ്വതന്ത്രമായി ചെയ്യാനാകാത്ത പലകാര്യങ്ങളും സ്ത്രീയെ സ്വന്തം ജന്മത്തെ പഴിയ്ക്കാൻ കാരണമാക്കുന്നു. ഉള്ളുകൊണ്ടെങ്കിലും അടുത്തജന്മത്തിൽ ഒരാണായി ജനിയ്ക്ക്ണേയെന്ന മോഹം ഇത്തരുണത്തിൽ മനസ്സിൽ പൊട്ടിമുളയ്ക്കുന്നു. സ്ത്രീത്വം സ്വയം കൊഞ്ഞനം കുത്തുന്ന ഇത്തരം വേളകൾ നമുക്കൊക്കെ സുപരിചിതം തന്നെ.

ജീവികളെ ഉപദ്രവിയ്ക്കുമ്പോൾ നമ്മളൊക്കെ കുഞ്ഞുആങ്ങളോട് പറയും. അരുത്, അടുത്ത ജന്മത്തിൽ നീയും അതുപോലൊരു ജീവിയായി മാറും. കുട്ടികളിൽ നന്മ വളർത്താനായി നാം സങ്കൽ‌പ്പിയ്ക്കുന്ന ഒരു കഥമാത്രമാണിതെങ്കിലും കേൾക്കുന്നവനിൽ ജനിപ്പിയ്ക്കുന്ന ഭയം കുറവൊന്നുമല്ല. കുട്ടികൾ മാത്രമല്ല, ഒരു നിമിഷം വലിയവരും ഒന്നു സ്വയം ഉൾലിലേയ്ക്കെത്തിനോക്കാനിതു പ്രേരകമാകാറില്ലേ? നാരീജന്മം പാപമാണോ എന്നറിയില്ലെങ്കിലും ഒന്നു തീർച്ച, പലപ്പോഴും വേദന നിറഞ്ഞ ഒന്നു തന്നെ. “ അടുത്ത ജന്മത്തിൽ നീ പെണ്ണായി ജനിയ്ക്കും “ എന്നു ശപിച്ചാൽ ഭയപ്പെടാൻ തക്കവണ്ണം വേദനാജനകം. ജന്മത്തിനു തുടക്കമിടുന്ന വേദനയിൽ നിന്നും തുടങ്ങുന്ന വേദന, പെണ്ണിനു മാത്രം സ്വന്തമായ വേദന അവളെ തീർത്തും വ്യത്യസ്തയുള്ളതാണെങ്കിലും.

Leave a Reply

Your email address will not be published. Required fields are marked *