മലയാളിക്കു നഷ്ടമാകുന്ന പഴയകാലത്തെക്കുറിച്ച് ഒരോർമ്മ

Posted by & filed under കവിത.

കോലായിൽക്കാലും നീട്ടി, ചെല്ലത്തിൽ മുറുക്കാനും
കൺകളിൽ കലർപ്പില്ലാ സ്നേഹവും,വാത്സല്യവും,
ഒരിടത്തെങ്ങോ പണ്ടു വാണ രാജാവിൻ കഥ,
മടിയിലെപ്പേരക്കുട്ടി, മാഞ്ഞുപോയൊരു ചിത്രം!

 

തലമുറ കൈമാറുന്ന പാഠങ്ങൾ, വചനങ്ങൾ,

അനുഭവച്ചൂടിൻ ഗുണം നിറയുമറിവുകൾ ,

അകതാരിൽ ഭക്തി, ഭയം, ബഹുമാനത്തിൻ പാഠം

ചിരസുരക്ഷിതബോധം നൽകിടും കുടുംബങ്ങൾ,

 

 

കതിരിട്ടവയൽ , കൊയ്ത്തുപാട്ടിന്റെ താളം, മഴ-

വരുവാനായ് പ്രാർത്ഥിയ്ക്കുന്ന കർഷകർ, അദ്ധ്വാനത്തിൻ

വിലയറിയുന്നോർ, ഓണം വിഷുവൊക്കെയും  വേണ്ട-

വഴിപോലെയുൾക്കൊണ്ടൊരാ നാളെന്നോർമ്മയിൽ മാത്രം.

 

വഴി മാറീട്ടെത്തും കാറ്റും മഴയും മഞ്ഞും പോലെ

വഴി മാറും സംസ്ക്കാരവും, മലയാളം മറക്കലും

ഒരു കുഞ്ഞു കാറ്റെത്തുമ്പോൾ മാമ്പഴം പെറുക്കീടാൻ

ചെറുവള്ളിയൂഞ്ഞാലാടാനാർക്കു പണ്ടെപ്പോൽ നേരം ?

 

Leave a Reply

Your email address will not be published. Required fields are marked *