അഴിയാക്കുരുക്കുകൾ-22 സമൂഹം കാണാൻ മറന്നവ

Posted by & filed under Uncategorized.

ബുദ്ധിവൈഭവം ദൈവദത്തമാണ്; വിനയശീലമുള്ളവൻ(ൾ) ആകുക. കീർത്തി മനുഷ്യദത്തം മാത്രം; നന്ദിയുള്ളവൻ(ൾ) ആകുക. പൊങ്ങച്ചം സ്വയം സൃഷ്ടിയ്ക്കുന്നത്; ശ്രദ്ധിയ്ക്കുയ്ക —-ഹാർവെ മക്കായ് പറഞ്ഞ വരികൾ അൽപ്പമെങ്കിലും ശ്രദ്ധിയ്ക്കാൻ മനുഷ്യർ ശ്രമിച്ചുവെങ്കിൽ! സ്വന്തം ബുദ്ധിയിലഹങ്കരിയ്ക്കാനും കീത്തിയിൽ ഉദ്ധതരാകാനും മനുഷ്യൻ എന്നേ പഠിച്ചു കഴിഞ്ഞു.  ധനസമ്പാദനം ജീവിതലക്ഷ്യമെന്ന വ്രതം കൂടിയായപ്പോൾ എല്ലാം തികഞ്ഞു. പുറകോട്ടെന്തിനു തിരിഞ്ഞു നോക്കണം?  എല്ലാം മുന്നോട്ട്..മുന്നോട്ട്. ധനസമ്പാദനം ജീവിതലക്ഷ്യമാകുമ്പോൾ തെറ്റുകൾ ശരികളായി മാറാൻ അധികം സമയം വേണ്ട. പണം കൊണ്ട് എന്തിനേയും വാങ്ങാമെന്ന അബദ്ധധാരണയും ഉള്ളിൽ കുടിയിരിയ്ക്കാൻ തുടങ്ങും. “ മാളികമുകളേറിയ മന്നന്റെ തോളിൽ മാറാപ്പു’ വീഴാനേറെ സമയമെടുക്കില്ലെന്നസത്യം പാടെ മറക്കും.  ദുശ്ശീലങ്ങളും ദുഷിച്ചകൂട്ടുകെട്ടും ഒടിയെത്തും. അവിടെത്തുടങ്ങുന്നു മനുഷ്യന്റെ വീഴ്ച്ച. കഴിഞ്ഞ ദിവസം പേപ്പറിൽ നിഷാമിന്റെ ഫോട്ടോ കണ്ടപ്പോൾ തോന്നിയ വിചാരം പകർത്തിയെന്നേയുള്ളൂ. പണത്തിന്റെ ഹുങ്കിൽ തകർന്നു പോയത് രണ്ടു കുടുംബങ്ങൾ. നീതി തേടുന്ന ചന്ദ്രബോസിന്റെ ഭാര്യയുടെ മുഖം മനസ്സിൽ ദുഃഖം നിറച്ചു. ഒഴിവാക്കാമായിരുന്ന ദുരന്തം.   മനുഷ്യർ എത്ര വേഗം മൃഗങ്ങളായി മാറുന്നു? സഹജീവികളെക്കുറിച്ചുള്ള അനുകമ്പ മനുഷ്യനേക്കാൾ മൃഗങ്ങൾക്കാണു കൂടുതലെന്നും തോന്നിപ്പോകുന്നു.

സമൂഹത്തിന്റെ കാഴ്ച്ചപ്പാടിലെ വൈചിത്ര്യം കുരുന്നു ജീവിതങ്ങളെപ്പോലും ബാധിയ്ക്കുന്നു.  ഒരുപക്ഷേ സമൂഹത്തിനേ ഭയന്നേ ജീവിയ്ക്കാനാകൂ എന്ന നിലപാട് പണ്ടും ഉണ്ടായിരുന്നെങ്കിലും അതിന്റെ കാർക്കശ്യം  ഇന്നത്തെ കാലഘട്ടത്തിനു അനാവശ്യമായ ഒന്നു തന്നെയല്ലേ എന്നു തോന്നിപ്പോകുന്നു. കൊടുങ്ങല്ലൂരിൽ ആത്മഹത്യ ചെയ്ത അശ്വതിയെന്ന പെൺകുട്ടി നമുക്കു മുന്നിൽ വലിയൊരു ചോദ്യചിഹ്നമായി വളർന്നിരിയ്ക്കുന്നു. ഒരു തലമുറയുടെ മുഴുവനും പ്രാതിനിധ്യം വഹിച്ചുകൊണ്ട്. പട്ടാപ്പകൽ സമയത്ത് ഒരാൺകുട്ടിയ്ക്കും പെൺകുട്ടിയ്ക്കും പരസ്പ്പരം സംസാരിയ്ക്കാൻ പാടില്ലെ? പ്രണയത്തിന്റെ തീവ്രത തിരിച്ചറിയാനാകാത്തവരൊന്നുമല്ലല്ലോ നമ്മൾ? പണ്ട് അച്ഛനമ്മമാരുടെ കണ്ണു വെട്ടിച്ച് കമിതാക്കളുമായി സംസാരിയ്ക്കുന്നതും കത്തു കൈമാറുന്നതുമെല്ലാം  മറ്റൊരു രീതിയിൽ തുടരുകയാണെന്നു മനസ്സിലാക്കാനാവില്ലേ? മൊബൈൽ ഫോണുകൾ ഇന്നത്തെ പ്രണയത്തിനു തീവ്രത കൂട്ടുമ്പോൾ കത്തുകളിലൂടെ ഒഴുകിയെത്തിയ പ്രേമമായിരുന്നു പണ്ട്. റോഡിൽ വെച്ചു കണ്ടുമുട്ടുന്ന ഒരു ക്ലാസ്മേറ്റിനോടു കുശലം പറയാൻ ഇന്നും പെൺകുട്ടികൾക്കു മടിയുണ്ടാവാൻ ഇതു തന്നെ കാരണം. ഇത്രയൊക്കെ ഒച്ചപ്പാടുണ്ടാക്കാൻ തുനിയുന്നവർ സ്വന്തം യൌവനകാലം പാടെ മറക്കുന്നുവെന്നു തോന്നുന്നു. വളർച്ചയുടെ ഭാഗമായി മനസ്സിൽ വിരിയുന്ന പ്രണയത്തെപ്പറ്റി മനസ്സു നൊന്തു പാടാനേ എന്നും കവികൾക്കായിട്ടുള്ളൂ. ”വിശപ്പും ദാഹവും പോലെ പ്രണയവും മനുഷ്യമനസ്സുകളെ മഥിച്ചുകൊണ്ടിരിക്കുന്ന ഒന്നാണെ”ന്ന്  കവി  സച്ചിദാനന്ദന്‍ പറയുകയുണ്ടായി. പ്രണയം മധുരമെങ്കിലും പലപ്പോഴും വേദനാജനകമായിത്തന്നെ അവസാനിക്കുന്നു.  പറയാനായി കഥകളെ അവശേഷിപ്പിച്ചുകൊണ്ട്.  ഇതു മറ്റൊരു കഥയായി മാറുന്നുവെന്നു മാത്രം. സമൂഹത്തിന്റെ സദാചാരത്തിന്റെ കുടുക്കുകൾ മുറുക്കുന്നവരുടെ കൈയ്യിൽ‌പ്പെട്ട്. ഇതും പീഢനമല്ലേ? ആർക്കാണിവിടെ നഷ്ടം? എന്തിനായി? ഒഴിവാക്കാമാ‍ായിരുന്നില്ലേ ഇതും?

പാടേ മാറുന്ന നമ്മുടെ സംസ്ക്കാരത്തെക്കുറിച്ചാവലാതിപ്പെടുന്നവരാ‍ാണെങ്ങും. സംസ്ക്കാരം നമ്മുടെ കണ്മുന്നിൽത്തന്നെ മാറുന്നതും നമുക്കു കാണാനുണ്ട്.  പെൺകുട്ടികൾ എല്ലാ രംഗത്തും ആൺകുട്ടികൾക്കൊപ്പമെത്തണമെന്ന വാശിയും നമുക്കുണ്ട്. വിവേചനം നമുക്കു സഹിയ്ക്കാനാകുന്നില്ല. അപ്പോൾ അതിനവരെ പ്രാപ്തരാക്കേണ്ടുന്നതും   നമ്മുടെ കടമയല്ലേ? കൂട്ടുകുടുംബവും വരാന്തയിൽ കാൽനീട്ടിയിരിയ്ക്കുന്ന മുത്തശ്ശിയും കൊടുത്ത സംരക്ഷണം എത്രമാത്രം വിലപ്പെട്ടതായിരുന്നുവെന്ന് ചിന്തിയ്ക്കാൻ സമയമായി. പെൺകുഞ്ഞായാലും ആൺകുഞ്ഞായാലും    അവരുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും അവരുടെ കണ്ണു കളിലൂടെയായിരുന്നു വളർന്നു വന്നത്. അവർക്കൊരു കുടുംബക്കോടതിയായിരുന്നു മുത്തശ്ശിമാർ. മുത്തശ്ശിമാരുടെ ഉപദേശവും ശകാരവും ആ കുടുംബത്തിന്റെയും അതുവഴി  സമൂഹത്തിന്റേയും  സംസ്ക്കാരമായി മാറിയിരുന്ന നാളുകളെ നാം പിന്തള്ളുമ്പോൾ ഇത്തരമൊരു സ്ഥിതിവിശെഷം എന്നെങ്കിലും സജാതമാകുമെന്നു ചിന്തിയ്ക്കേണ്ടിയിരുന്നു. അതല്ലെങ്കിൽ മാറുന്ന സംസ്ക്കാരത്തെ അംഗീകരിയ്ക്കാനുള്ള മനസ്സാക്ഷി നമുക്കുണ്ടാകണം. ‘കൈയിലുള്ളതു വിട്ട് പറക്കുന്നതിനെ പിടിയ്ക്കാ‘നാണല്ലോ നമുക്കൊക്കെ എന്നും മോഹം. ഒരാൺകുട്ടിയ്ക്കും പെൺകുട്ടിയ്ക്കും ഒന്നിച്ചു നടക്കാൻ പാടില്ല, സംസാരിയ്ക്കാൻ പാടില്ല  എന്നൊക്കെ തീർത്തു കൽ‌പ്പിയ്ക്കാൻ നമുക്കെന്തധികാരം? പാശ്ചാത്യസംസ്ക്കാരത്തിന്റെ ആകർഷണം നമുക്കു തന്ന മാറ്റങ്ങൾ പലതും നാമുൾക്കൊള്ളാൻ മടി കാണിച്ചില്ലല്ലോ? വളർന്നു വലുതായ പെൺകുഞ്ഞുങ്ങൾ  പണ്ടത്തെപ്പോലെ കുടുംബവും നോക്കി വീട്ടിലിരിയ്ക്കുന്ന കാലമല്ലിത്.  നല്ലതിനെ ഉൾക്കൊള്ളാനും തെറ്റിനെ മനസ്സിലാക്കാനുംകുട്ടികളെ ആൺ-പെൺ വ്യത്യാസമില്ലാതെ കുട്ടികളെ സജ്ജരാക്കുന്നതിലാണു നാം പരാജയപ്പെടുന്നത്. ഒരു ആൺ സുഹൃത്തു വീട്ടിൽ വന്നാൽ മറ്റു അതിഥികൾ പോലെ തന്നെ അവരെ സൽക്കരിയ്ക്കുന്നതിലോ സംസാരിയ്ക്കുന്നതിലോ സമൂഹം എന്തിന്നിടപെടണം? അതിരു കടക്കുന്ന പ്രണയം വരുത്തുന്ന വിനകൾ പെൺകുട്ടി മനസ്സിലാക്കാതിരിയ്ക്കുമോ? അതില്ലെങ്കിൽ അതവൾക്കു പകർന്നു കൊടുക്കാത്തവരുടെ തെറ്റല്ലേ? പാവം പെൺകുട്ടി ബലിയാടായപ്പോൾ ഇവിടത്തെ പെൺകുഞ്ഞുങ്ങൾ കൂടുതൽ ഭയഭീതരായി മാറിയെന്നു മാത്രം ഫലം.. പെൺ ജന്മത്തിന്റെ ശാപം വീണ്ടും പല്ലിളിച്ചു കാട്ടുന്നു. മനുഷ്യൻ പണത്തിനു പുറകെ വീണ്ടും പായുന്നു……

Leave a Reply

Your email address will not be published. Required fields are marked *