തീ പിടിയ്ക്കുന്ന പ്രണയപാശ(ശാപ)ങ്ങൾ.. അഴിയാക്കുരുക്കുകൾ-24

Posted by & filed under Uncategorized.

സൌഹൃദത്തിന്റെ തീപ്പിടുത്തമാണ് പ്രണയം. പരസ്പ്പരം മനസ്സിലാക്കലും വിശ്വാസമർപ്പിക്കലും പങ്കിടലുകളും മാപ്പുകൊടുക്കലുമെല്ലാമാണിത്. നല്ല സമയത്തെന്നപോലെ ചീത്ത സമയവും ഒന്നിച്ചു നിൽക്കലാണത് . പരിപൂർണ്ണതയെ തേടാതെ മനുഷ്യന്റെ ബലഹീനതകളെ ഉൾക്കൊള്ളാനും അതിനു കഴിയുന്നു. (ആൻ ലാൻഡേർസ്)  . പക്ഷേ ഈയിടെ പത്രത്തിൽക്കാണുന്ന വാർത്തകൾ ഇതിനൊക്കെയൊരപവാദമായി മാത്രമേ കാണാനാകുന്നുള്ളൂ .പ്രണയവും മാറ്റങ്ങൾക്കടിമപ്പെടുന്നുവോ?

താൻ സ്നേഹിയ്ക്കുന്ന യുവതിയെ കാറിടിച്ചുകൊല്ലാൻ ശ്രമിച്ച ഒരു യുവാവിനെക്കുറിച്ച് ഏതാനും ദിവസം മുൻപു വായിയ്ക്കാനിടയായി. മറ്റൊരു യുവാവ് യുവതിയുടെ വീടിനു തന്നെ തീ വെച്ച് അവളെയും അമ്മയേയും കൊലപ്പെടുത്തിയതായും വായിയ്ക്കാനിടയായി. ഇതുപോലുള്ള പല വാർത്തകളും മുൻപും വായിച്ചു. അപ്പോഴെല്ലാം മനസ്സിലുണ്ടായ സംശയം ഒന്നു മാത്രം- ഈ യുവാക്കളുടെ പ്രവൃത്തിയിൽ പ്രണയതീവ്രത ഒട്ടും തന്നെ കാണാനാകുന്നില്ലല്ലോ? ഇതോ പ്രണയം? ഇതോ നിരാശാകാമുകന്മാരുടെ പ്രകടനം? ഇതുവെറും പകപോക്കലുകൾ മാത്രമല്ലേ?

ആൻ ലാൻഡേർസ് പറഞ്ഞതുപോലെ പ്രണയം ഉരുത്തിരിഞ്ഞു വരുന്ന സൌഹൃദമായാൽത്തന്നെയേ അതിനു ചകിരിനാരുകളിൽ നിന്നും പിരിച്ചെടുക്കുന്ന കയറിനെപ്പോലെ ദാർഢ്യം കാണൂ. പ്രണയ പരാജയമോ പലപ്പോഴും അത്തരം കയറുകളിൽത്തന്നെ ഒടുങ്ങിയിരുന്ന കാലവും വിദൂരമല്ല. ഇപ്പോൾ സ്വയം കയറിൽ ഒടുക്കിയിരുന്ന കനത്ത പ്രണയ നൈരാശ്യത്തെയാണിങ്ങനെ പ്രതികാരമാക്കി യുവാക്കൾ  മാറ്റിയിരിയ്ക്കുന്നത്. വിശുദ്ധമായ പ്രണയം പരസ്പ്പരം മനസ്സിലാക്കലും തെറ്റുകൾ ക്ഷമിയ്ക്കലും കാത്തിരിപ്പിന്റെ മാധുര്യം കലർന്നതുമാകുമ്പോൾ ഇതെങ്ങനെ സംഭവിയ്ക്കുന്നു? ക്ഷമയെന്ന വാക്ക് മറ്റു മേഖലകളിലെന്നപോലെ  പ്രണയത്തിനും ഉൾക്കൊള്ളാനാകുന്നില്ലെന്നല്ലേ ഇതിനർത്ഥം? പണം സമ്പാദിയ്ക്കാനും സുഖിച്ചു ജീവിയ്ക്കാനുമുള്ള തത്രപ്പാടിൽ പ്രണയത്തേയും അതിനുള്ള വഴിയായി മാത്രം കാണുന്നവരും ഇതിനൊക്കെ കാരണമായെന്നു വരാം.

. പണ്ടുകാലത്തെ പ്രണയികളിൽ നല്ലൊരു വിഭാഗവും പരസ്പ്പരം അറിയുന്നവരോ അയൽക്കാരോ ബന്ധുക്കളോ ഒന്നിച്ചു ജോലിയെടുക്കുന്നവരോ ആയിരുന്നു. ഇന്ന് കേരളത്തിലെ സ്ഥിതി നോക്കിയാൽ സഹപ്രവർത്തകരോ അടുത്തു താമസിയ്ക്കുന്നവരോ മലയാളികൾ ആകണമെന്നില്ല. അവരെക്കുറിച്ചുള്ള അറിവുകളും വളരെ പരിമിതമായിരിയ്ക്കാം. പക്ഷേ പ്രേമത്തിനു കണ്ണില്ലെന്നു പറയുന്നതുപോലെ അടുക്കുന്ന മനസ്സുകൾക്കിതു തുടക്കത്തിൽ പ്രശ്നമാകുന്നില്ല. കളി കാര്യമായി മാറുമ്പോൾ ഉറപ്പുള്ള ചകിരിനാരാൽ പിരിച്ചെടുക്കപ്പെടാത്തതിനാൽ,  തുടർച്ചയായ സാമീപ്യം മാത്രം  നെയ്തെടുത്ത പ്രണയച്ചരടുകൾക്കീടുനൽകാൻ  പരസ്പ്പരം മനസ്സിലാക്കിയും ക്ഷമിച്ചും സഹിച്ചും ത്യജിച്ചും മുന്നേറാൻ പുതുതലമുറകൾക്കാവുന്നില്ല. ഫലമോ? ഊതിവളർത്താൻ മോഹിച്ചവർ തന്നെ അതിനെ ഊതിക്കെടുത്താൻ ശ്രമിയ്ക്കുന്ന സ്ഥിതിവിശേഷം സജാതമാകുന്നു. പ്രേമം പ്രതികാരത്താൽ പുറന്തള്ളപ്പെടുന്നു. പണ്ടും പ്രതികാരം ഉള്ളവർ ഉണ്ടായിരുന്നില്ലെന്നില്ല. പക്ഷേ ഒരു നിമിഷാർദ്ധത്തിന്റെ വികാരത്തള്ളലിൽ ഇഷ്ടഭാജനമെന്നിതേവരെ കരുതിയിരുന്ന സ്ത്രീയെ ആസിഡ് ഒഴിച്ചോ, കത്തിച്ചോ കാറിടിച്ചോ കുത്തിയോ കൊലപ്പെടുത്തുന്നവരുടെ എണ്ണം കൂടിവരുമ്പോൾ  സമൂഹത്തിനു ചിന്തിയ്ക്കാതിരിയ്ക്കാനാകില്ല. എന്തായിരിക്കും, ഇതിനു കാരണമെന്ന്.

മോഹിച്ചതെന്തും കൈയ്യിൽക്കിട്ടണമെന്ന് പുതുതലമുറയുടെ വാശിയെ നാം ഭയപ്പെടേണ്ടിയിരിയ്ക്കുന്നു. ലഹരിയുടെ  മരുന്നുകളാൽ ആകർഷിയ്ക്കപ്പെടുന്ന പുതുതലമുറ സ്വയം മറക്കുമ്പോൾ ച്ഛിന്നമാകുന്നത് സ്വന്തം കുടുംബത്തിന്റെ ഭദ്രത തന്നെയാണ്. കഞ്ചാവിനും മദ്യത്തിനും അടിമയാകുമ്പോളുള്ള അക്രമപ്രവണത സ്വന്തം അച്ഛനമ്മമാരെയോ ബന്ധുക്കളെയോ കയ്യേറ്റം ചെയ്യാനവർക്കു ധൈര്യം നൽകുന്നു. പണത്തിനുവേണ്ടി എന്തു കുത്സിതപ്രവൃത്തിയും ചെയ്യാനവർ മടിയ്ക്കില്ല. തന്റെ പ്രേമഭാജനത്തേയും ബന്ധുക്കളേയും കാറിടിച്ചു കൊല്ലാൻ ശ്രമിച്ച യുവാവിനെ പിന്തുണയ്ക്കാനെത്തിയ അച്ഛനും സമൂഹത്തിലെ മറ്റൊരു വിഷജീവി മാത്രം.എവിടെയാണിവിടെ പ്രണയം കാണാനായത്? ഒരുപക്ഷേ പ്രണയമെന്ന വാക്ക് പണമെന്ന വാക്കിനു പുറകിൽ മറഞ്ഞിരിയ്ക്കുകയാവാം. നമ്മുടെ ജീവിതലക്ഷ്യം ധനസമ്പാദനം എന്ന ആറു അക്ഷരങ്ങളിൽ കുരുങ്ങിക്കിടക്കുകയാണല്ലോ ഇപ്പോൾ. വിദ്യാഭ്യാസം അതിനുള്ള ഒരു ഉപാധി മാത്രം. അവിടെ തഴയപ്പെടുന്നവരാണധികവും എളുപ്പ വഴികൾ തേടുന്നതും. മറ്റീരിയലിസ്റ്റിക് ചിന്തകൾ വളർത്തുന്ന സുഖ;ലോലുപത നിറഞ്ഞ ജീവിതത്തിനായുള്ള പാച്ചിലുകളിൽ വരുന്ന തടസ്സങ്ങളെ എങ്ങനെ നിർമ്മാർജ്ജനം ചെയ്യണമെന്നു പഠിയ്ക്കാൻ ഇത്തരക്കാർക്കേറെ സമയം വേണ്ട.

പരസ്പ്പര സ്നേഹം തൊട്ടുതീണ്ടാത്ത സ്വാർത്ഥത നിറഞ്ഞ സമൂഹത്തിന്റെ മുഖം നമ്മെ ഭയപ്പെടുത്തുമ്പോൾത്തന്നെ ഒരു പരിവർത്തനത്തിനായൊന്നും തന്നെ ചെയ്യാനാകുന്നില്ലെന്ന ബോധവും നമ്മെ തളർത്തുന്നു. മനുഷ്യൻ പണ്ടേ ക്രൂരജീവിയായിരുന്നു. അതു പ്രകടിപ്പിയ്ക്കുന്ന രീതികളിലെ വ്യതിയാനം മാത്രമായിരിയ്ക്കാമിതെന്നു കരുതാം.

Leave a Reply

Your email address will not be published. Required fields are marked *