അഴിയാക്കുരുക്കുകൾ-26 ചുറ്റുപാടുകളും തെറ്റായ തീരുമാനങ്ങളും

Posted by & filed under Uncategorized.

         “എന്റെ ചുറ്റുപാടുകളല്ല, എന്റെ തീരുമാനങ്ങളാണു എന്നെ ഞാനാക്കിയത്” സ്റ്റീഫൻ ആർ. കൊവേയുടെ വാക്കുകൾ മനസ്സിലോടിയെത്താൻ കാരണം ‘ മുൻ കേന്ദ്രമന്ത്രിയുടെ ഭാര്യ അനാഥാലയത്തിൽ “ എന്ന തലക്കെട്ടിൽ  മാതൃഭൂമി പത്രത്തിൽ വന്ന  വാർത്തയായിരുന്നു.മുൻ കേന്ദ്രമന്ത്രിയായിരുന്ന രവീന്ദ്രവർമ്മയുടെ ഭാര്യ മംഗളവർമ്മയെക്കുറിച്ചാണു ഞാനിവിടെ സൂചിപ്പിയ്ക്കുന്നത്. എന്താണെന്നറിയില്ല വാർത്ത വായിയ്ക്കാൻ തുടങ്ങിയപ്പോഴും  വായിച്ചശേഷവും മനസ്സിൽ പൊന്തിവന്നത് ഇതേ ചിന്ത തന്നെ. കുറ്റം ആരുടേതാണെന്നു വ്യക്തമായില്ലെങ്കിലും തന്റെ ചുറ്റുപാടിനെ അവർ ഉപയോഗിച്ചില്ലെന്നും അവരെടുത്ത ശരിയോ തെറ്റോ ആയ   തീരുമാനങ്ങൾ അവരെ ഈ അവസ്ഥയിലേയ്ക്കെത്തിച്ചെന്നും  തോന്നിപ്പോയി. അവർ തീരെ കഴിവു കുറഞ്ഞ വ്യക്തിയായിരുന്നെങ്കിൽ ഒരുപക്ഷേ ഞാൻ ഇപ്രകാരം ചിന്തിയ്ക്കുമായിരുന്നില്ല. എവിടെയൊക്കെയോ എന്തോക്കെയോ കെട്ടുപിണഞ്ഞു കിടക്കുന്നതായ തോന്നൽ.  ശരിയാകണമെന്നുമില്ല,  എങ്കിലും എങ്ങിനെ അവരീ അവസ്ഥയിലെത്തിച്ചേർന്നിരിയ്ക്കണം എന്നു ചിന്തിയ്ക്കാതിരിയ്ക്കാനായില്ല.  ജീവിതത്തിൽ വളരെ ഉന്നത സ്ഥിതിയിൽ ജീവിയ്ക്കുന്ന ഒരാൾ അറിഞ്ഞുകൊണ്ട് സ്വന്തം ജീവിതത്തെ ഇത്തരത്തിൽ മാറ്റി മറിയ്ക്കാൻ ശ്രമിയ്ക്കുമോ? അതിനുമാത്രം അവരുടെ ജീവിതത്തിൽ സംഭവിച്ചിരിയ്ക്കാനിടയുള്ള കാര്യങ്ങൾ എന്തായിരിയ്ക്കും?നെഹ്രുവും, പട്ടേലും , ലാൽബഹാദൂർ ശാസ്ത്രിയും,രാജേന്ദ്രപ്രസാദുമൊക്കെ അനുഗ്രഹാശിസ്സുകൾ നേർന്ന ഈ ദാമ്പത്യത്തിന്റെ അവസാനം കുറിയ്ക്കാൻ മംഗളവർമ്മ തന്നെയാണോ മുങ്കൈയെടുത്തത്?  അവിടെ നിന്നും തുടങ്ങിയോ അവരുടെ ഒറ്റപ്പെടൽ? 

പറയാൻ മാത്രം പ്രസിദ്ധരായ ഒട്ടേറെ ബന്ധുജനങ്ങൾ ഉണ്ടെന്നവകാശപ്പെടാനാകുന്ന നെയ്യാറ്റിൻകരക്കാരി മംഗളവർമ്മ  പതിനേഴിന്റെ പക്വതയെത്താത്ത സമയത്താണ് വിവാഹിതയായത്. ഈ വിവാഹബന്ധം നീണ്ട ഇരുപതു വർഷക്കാലത്തോളം നീണ്ടു നിന്നു. രണ്ട് ആണ്മക്കളുടെ അമ്മയായി.  നിയമപരമായാണു വിവാഹബന്ധം വേർപെടുത്തിയിട്ടുള്ളതും. എന്താവാം കാരണമെന്നറിയില്ലെങ്കിലും പക്വതവന്നിടാനിടയുള്ള പ്രായത്തിൽ, ജീവിതത്തിലെ  അനുഭവങ്ങൾ  കൂട്ടിനുള്ളപ്പോൾ നല്ലപോലെ ആലോചിച്ചു തന്നെയെടുത്ത തീരുമാനമായിരിയ്ക്കണമല്ലോ ആ ബന്ധം വേർപെടുത്തൽ. മാത്രമല്ല,അതിനുശേഷം ഉറച്ച തീരുമാനത്തോടെ തന്റെ വിദ്യാഭ്യാസം തുടരാനും,ബിരുദവും, ബിരുദാനന്തരബിരുദവും , എം.എഡ്ഡും വിദ്യാഭ്യാസത്തിൽ ഡോക്ട്രേറ്റും എടുക്കാനിവർക്കായത് തികച്ചും തന്റെ ലക്ഷ്യത്തെക്കുറിച്ച് ബോധവതിയായതിനാൽ തന്നെയായിരിയ്ക്കണമല്ലോ. പിന്നീട് മുപ്പത്തിയഞ്ചു വർഷത്തോളം ഒരു അദ്ധ്യാപികയയി ജോലിചെയ്ത ഇവർ സ്വന്തം ജീവിതത്തെക്കുറിച്ചും വയസ്സുകാലത്തെക്കുറിച്ചും എന്തുകൊണ്ടു ബോധവതിയായില്ല എന്ന സംശയം മാറുന്നില്ല. സാധാരണഗതിയിൽ ആരെയും ആശ്രയിയ്ക്കാൻ ഒരുപക്ഷേ ഇഷ്ടമില്ലാതിരുന്നിരിയ്ക്കാം. എന്നിട്ടും അവർക്കു പല ബന്ധുക്കളേയും ആശ്രയിയ്ക്കേണ്ടി വന്നതെന്തുകൊണ്ട്? അവർക്കൊപ്പമൊന്നും സന്തോഷം കണ്ടെത്താൻ കഴിയാതെ വന്നതെന്തുകൊണ്ടായിരിയ്ക്കാം? അവരുടെ ഏതു തീരുമാനമായിരുന്നു അവരെ ഈ ദുരവസ്ഥയിലെയ്ക്കു നയിച്ചിട്ടുണ്ടാവുക? ഇത്രയും ക്വാളിഫൈഡ് ആയിട്ടും യാതൊരുവിധ പെൻഷൻ ആനുകൂല്യങ്ങളുമില്ലാത്ത ഒരു സ്കൂളിൽ അവർക്കു ജോലി ചെയ്യേണ്ടി വന്നതെന്തുകൊണ്ടാവാം? അവരുടെ ഇന്നത്തെ ഈ അവസ്ഥയെക്കുറിച്ചു വേവലാതിപ്പെടുന്ന ആരും തന്നെ ഇല്ലാതെ പോയതെന്തുകൊണ്ടായിരിയ്ക്കാം?  രണ്ടാണ്മക്കളും അവരുമായി യാതൊരുവിധ സമ്പർക്കവും ഇല്ലായിരിയ്ക്കുമോ? അതോ അവരുടെ കീഴിൽ ആശ്രയിച്ചു കഴിയാനുള്ള വിസമ്മതമോ? എന്തുകൊണ്ടായിരിയ്ക്കാം ഭർത്താവിൽ നിന്നകന്ന അവർ മക്കളിൽ നിന്നും കൂടി അകന്നുപോയത്?   ഒന്നും അറിയാനാകുന്നില്ല.  ഒരുപക്ഷേ  ‘Bleeding heart, Wet Memories’, എന്നപേരിൽ അവരെഴുതുന്ന അവരുടെ ആത്മകഥ ഇതിനൊക്കെ ഉത്തരം തരുമായിരിയ്ക്കാം.

മറ്റൊരു കഥയാണോർമ്മ വന്നത്. മുംബെയിൽ വെച്ച് ഒരു സുഹൃത്ത് നല്ല ഓൾഡെജ് ഹോമുകളെകുറിച്ച് അന്വേഷണം നടത്തുന്നു. അദ്ദേഹത്തിന്റെ അടുത്തബന്ധുവും ഏറെ ധനികയുമായ ലേഡീഡോക്ടർക്കായി. നല്ല സൌകര്യങ്ങളും പരിചരണവും കിട്ടുന്ന സ്ഥലത്തെ അവർ ആഗ്രഹിച്ചു. ബന്ധുക്കളെ കഷ്ടപ്പെടുത്താതിരിയ്ക്കാനും. രണ്ടും എൺപതു കഴിഞ്ഞവർ തന്നെ., ഒരാൾ ധനികയും ഒരാൾ ദരിദ്രയും എന്ന വ്യത്യാസമേ ഇവിടെ കാണാനായുള്ളൂ. അവർ സ്വയമെടുത്ത തീരുമാനത്തിൽ അവർ ഉറച്ചു നിന്നു. ഏതാനും വർഷങ്ങൾക്കു ശേഷം അവർ മരിച്ചുപോയതായും അറിഞ്ഞു. താൻ ശരിയായ തീരുമാനം തന്നെയാണെടുത്തതെന്ന ബോധം അവസാനം വരെയും അവർക്കുണ്ടായിരുന്നുവോ? അറിയില്ല, ഏതെങ്കിലും നിമിഷാ‍ർദ്ധത്തേയ്ക്കെങ്കിലും താനെടുത്ത തീരുമാനം തെറ്റാണെന്ന ബോധം അവരെ വേട്ടയാടിയോ എന്ന്.

ഒന്നു മനസ്സിലാക്കാനാകുന്നു, വാർദ്ധക്യം പലപ്പോഴും വേദനാജാനകമാകുന്നതിനു കാരണം നമ്മുടെ ചെയ്തികൾ തന്നെയാകാമെന്ന്. വീണ്ടുമൊരു കുട്ടിക്കാലം പോലെ അന്യനെ ആശ്രയിയ്ക്കാതെ മരിയ്ക്കണേയെന്നാഗ്രഹിയ്ക്കുന്നവർ തന്നെ അധികവും. പക്ഷേ ഒരായുസ്സു മുഴുവനും ജീവിച്ചു തീരുമ്പോഴും നിർദ്ധനരെങ്കിലും  ഒരൽ‌പ്പം സ്നേഹം പോലും   ബാക്കിവയ്ക്കാനില്ലതെ മരിയ്ക്കുന്നത് വല്ലാത്ത ശിക്ഷ തന്നെ.

Leave a Reply

Your email address will not be published. Required fields are marked *