THE DECCAN ODYSSEY-4

Posted by & filed under Yathravivaranangal.

പ്രതാപ് ഗഢ്…മഹാബലേശ്വറില്‍ നിന്നും 25 കിലോമീറ്റര്‍ ദൂരെയാണീ കോട്ട. സമുദ്ര നിരപ്പില്‍ നിന്നും 1080 മീറ്റര്‍ ഉയരം. 1656 ല്‍ മറാത്താ രാജാവ് ശിവജിയാല്‍ ഈ കോട്ട നിര്‍മ്മിയ്ക്കപ്പെട്ടു. ശത്രുക്കളില്‍ നിന്നും ഒളിഞ്ഞിരിയ്ക്കാനും തന്ത്രപരമായി യുദ്ധം ചെയ്തു ശത്രുക്കളെ തോല്‍പ്പിയ്ക്കാനുമായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശം. ഞങ്ങള്‍ അങ്ങോട്ടു പോകുന്ന സമയം അതിനടുത്തു തന്നെയുള്ള ശിവക്ഷേത്രവും (ശ്രീ ശങ്കര്‍ മന്ദിര്‍) പ്രശസ്തമായ പഞ്ചഗംഗാമന്ദിരവും കാണുവാന്‍ തീരുമാനിച്ചു

രുദ്രാക്ഷത്തിന്റെ ആകൃതിയില്‍, 12 ജ്യോതിര്‍ലിംഗങ്ങള്‍ക്കു സമമായ, സ്വയംഭൂ ആയ ശിവനാണിവിടുത്തെ പ്രതിഷ്ഠ. ത്രിമൂര്‍ത്തികളുടെ സങ്കലന്മാണിതെന്നു കരുതി ത്രിഗുണാത്മകന്‍ എന്നാണീ ദേവന്റെ നാമം. അകത്തു കടന്നതും തെക്കേ ഇന്ത്യയില്‍ കാണുന്ന തരം വെട്ടിയെടുത്ത കരിങ്കല്ലില്‍ സൃഷ്ടിച്ച അമ്പലമാണു കണ്ണില്‍പ്പെട്ടതു. പുറത്തു കരിങ്കല്ലില്‍ കൊത്തിയുണ്ടാക്കിയ കാള. പല രൂപങ്ങളും പ്രകൃതിയുടെ നിരന്തരമായ മര്‍ദ്ദനങ്ങളായ കാറ്റും, മഴയും, മഞ്ഞും വെയിലുമെല്ലാമേറ്റു പൊടിഞ്ഞു തുടങ്ങിയിരിയ്ക്കുന്നു. അധികം ആളുകളെയൊന്നും അമ്പലത്തില്‍ കാണാനായില്ലെങ്കിലും പൂജയും വിളക്കു വെയ്ക്കലും ഉണ്ടു. ഒരു കാലത്തു നല്ല നിലയിലിരുന്ന ഈ അമ്പലത്തില്‍ ശിവാജി സ്വന്തം അമ്മ ജീജാഭായിയുടെ തുലാഭാരം സ്വര്‍ണ്ണത്താല്‍ നടത്തി ആസ്വര്‍ണ്ണം ദാനം ചെയ്തിരുന്നുവത്രെ!

പഞ്ചഗംഗാമന്ദിരം വളരെ ആകര്‍ഷകമായിത്തോന്നി. കാറില്‍ നിന്നുമിറങ്ങി കുറെ പടവുകള്‍ കയറി മുകളിലെത്തണം. ചുറ്റും നിറയെ കച്ചവടക്കാരുടെ ഷോപ്പുകള്‍. വില്‍ക്കുന്ന സാധനങ്ങളില്‍ പലതും എന്തെങ്കിലും ഓര്‍മ്മയ്ക്കായി വാങ്ങിക്കൊണ്ടു പോകുന്ന വിദേശികളെ ഉദ്ദേശിച്ചുള്ളതായിത്തോന്നി. അകത്തു കടന്നപ്പോള്‍ നല്ല കരിങ്കല്ലില്‍ കെട്ടിയ പടവുകള്‍. അങ്ങേയറ്റത്തു ഒരു ഗോമുഖിയുടെ വായില്‍ക്കൂടി വെള്ളം ഒഴുകുന്നതു കണ്ടു. അതു നല്ല കുടിയ്ക്കാവുന്ന തീര്‍ത്ഥമാണു. അതില്‍ അഞ്ചു നദികളിലെ വെള്ളം ഒന്നിച്ചു ചേരുന്നു. ഗായത്രി, കൃഷ്ണ, വെണ്ണ, സാവിത്രി,കൊയ്ന എന്നീപുണ്യ നദികള്‍ തൊട്ടു തൊട്ടായി ഉറവകളായി വന്ന് ഒന്നിച്ചു ഒരു കനാലായി വരുന്നതു ഇവിടെ കാണാം. ഇവ ഒന്നു ചേര്‍ന്നു ഗോമുഖിയിലൂടെ പുറത്തു വന്നു ഒരു കരിങ്കല്‍ തൊട്ടിയില്‍ വീഴുന്നു. ഇതു കുടിയ്ക്കാനായി കുപ്പികളില്‍ ശേഖരിയ്ക്കുന്നതു കണ്ടു. തൊട്ടപ്പുറത്തു മറ്റൊരു കരിങ്കല്‍ തൊട്ടി കണ്ടു. അതില്‍ 12 വര്‍ഷത്തിലൊരിയ്ക്കല്‍ പുണ്യനദിയായ ഗംഗ പ്രത്യക്ഷപ്പെടുമത്രേ! അവിടെ നിന്നും തൊഴുതു പുറത്തു കടന്നു ചില്ലറ ഷോപ്പിങ്ങുകള്‍ക്കു ശേഷം ഞങ്ങള്‍ പ്രതാപഗഢിലേയ്ക്കു തിരിച്ചു.

പ്രതാപ്ഗഢ് സ്ഥിതി ചെയ്യുന്നസ്ഥലത്തെത്തുന്നതിനുള്ള വഴി അത്യധികം ദുര്‍ഘടം തന്നെ യാണു . മുഴുവന്‍ വളവും തിരിവും. വശങ്ങളിലെ ദൃശ്യങ്ങള്‍ വളരെ മനോഹരം തന്നെ. മലകളും താഴ്വാരണളും ചേര്‍ന്നൊരുക്കുന്ന കാഴ്ച്ചകള്‍ കണ്ടാലും കണ്ടാലും മതി വരില്ല. വണ്ടിയിലിരുന്നു കുലുങ്ങിയും മറിഞ്ഞും തലവേദന തുടങ്ങി. റോഡരുകില്‍  പ്രതാപ് ഗഢ് 4 കിലോമീറ്റര്‍ എന്നെഴുതിക്കണ്ടപ്പോള്‍ നല്ല ഉത്സാഹമായി. കാര്‍ ഇറങ്ങിയതിനു ശേഷം ഞങ്ങള്‍ നടന്നു കയറ്റം കയറാന്‍ ‍ തുടങ്ങി. അല്പം കയറിയപ്പോള്‍ കിതച്ചു തുടങ്ങി. തണുത്ത വെള്ളമെടുത്തു മുഖം കഴുകി. അല്പം വെള്ളം കുടിച്ചപ്പോള്‍ ഉഷാറായി.  കോട്ടയുടെ താഴെ നിന്നും കുത്തനെയുള്ള  പല പൊട്ടിയ പടവുകളും കേറി പടുകൂറ്റന്‍ കോട്ടവാതിലുകളും താണ്ടി ഞങ്ങള്‍ കോട്ടയുടെ ഒന്നാമത്തെ നിലയിലെത്തി..  താഴത്തെ നിലയില്‍ ഗോപുരങ്ങള്‍ കണ്ടു.  കണ്ടശേഷം ഞങ്ങള്‍ മുകളിലേയ്ക്കു കയറി.  പടവുകള്‍ പുതിയതായി നിര്‍മ്മിയ്ക്കപ്പെട്ടവയാണു. ശിവാജി മഹാരാജാവു നിര്‍മ്മിച്ച അംബാ ഭാവാനിയുടെ സുന്ദരമായ അംബലത്തില്‍പ്പോയി ദര്‍ശനം നാടത്തിയ ശേഷം ഞങ്ങള്‍ കോട്ടയുടെ മുകള്‍ ഭാഗത്തെയ്ക്കു കയറാന്‍ തുടങ്ങി. ഇവിടെയാണു ജവഹര്‍ലാല്‍ നെഹ്രു ഉത്ഘാടനം ചെയ്ത ബല്ലെ കില്ല എന്ന ശിവജിയുടെ വെങ്കല പ്രതിമ സ്ഥിതി ചെയ്യുനതു. കോട്ടവാതില്‍ , നിരീക്ഷണ ഗോപുരമെന്നിവ കടന്നു ഞങ്ങള്‍ മുകളിലെത്തി. ശിവജിയുടെ പ്രതിമ കണ്ടു. സന്ധ്യാസമയമായതിനാല്‍ സൂര്യാസ്തമയവും കാണാനായി. ഒരിയ്ക്കലും മറക്കാനാവാത്ത ഒരു കാഴ്ച്ച.  കോട്ടയ്ക്കകത്തു ഇപ്പോള്‍ ഒരു ഗസ്റ്റുഹൌസും നാഷണല്‍ പാര്‍ക്കും  കണ്ടു. വിവിധ തരം കുരങ്ങന്മാരാല്‍ നിറഞ്ഞ മങ്കി പോയന്റും കണ്ടു. ഇവിടെ നിന്നു നാലുപാടുമുള്ള കാഴ്ച്ചകള്‍ വളരെ സുന്ദരമാണു. കോട്ടയുടെ ഏതുഭാഗത്തു നിന്നു നോക്കിയാലും നല്ല വ്യൂ ആണു.

എല്ലാം കണ്ടതിനു ശേഷം തിരിച്ചു ഇറങ്ങി വരുമ്പോള്‍ പടവുകളുടെ ഇരുവശത്തുമായുള്ള കൊച്ചു കടകളില്‍ മോരും ലസ്സിയും ഉണ്ടാക്കി വില്‍ക്കുന്നവരുടെ വിഭവങ്ങള്‍ രുചിച്ചു നോക്കി, മോട്ടോര്‍ വച്ചു മണ്‍ കലത്തിലെ മോരു ഫൌണ്ടന്‍ പോലെ തിരിയുന്ന കാഴ്ച്ച അത്ഭുതന്മുളവാക്കി. അമ്പലത്തിനടുത്തായീ കരകൌശലമേള നടക്കുന്നു, ഒന്നു പോയി കണ്ടു. പലതരം സാധനങ്ങള്‍  ഉണ്ടു. ഞങ്ങളുടെ  ഡ്രൈവര്‍ തന്റെ കുട്ടിയ്ക്കായി ഡ്രെസ്സുകള്‍  വാങ്ങി . ഞങ്ങളും  പലതരം കോഫീ മഗ്ഗുകളും  മറ്റും  വാങ്ങി. തിരിച്ചു കോട്ടയിറങ്ങി താഴെയെത്തിയപ്പോള്‍ ഇരുട്ടായി.

കാറില്‍ കയറി. ഡ്രൈവര്‍ വൈദഗ്ധ്യത്തോടെ  വണ്ടിയോടിച്ചു. രാത്രിയിലെ യാത്ര സുഖകരമായിത്തോന്നി. റൂമില്‍ തിരിച്ചെത്തിയപ്പോള്‍ കൂടെ വരാമെന്നു പറഞ്ഞിരുന്നുവെങ്കിലും പിന്നീട് ചിലകാരണങ്ങളാല്‍ യാത്ര വേണ്ടെന്നു വെച്ച ചില സുഹ്രുത്തുക്കള്‍ ഞങ്ങളെ കാത്തിരിയ്ക്കുന്നു.  വളരെ സന്തോഷം തോന്നി. തബലയും  ശ്രുതിപ്പെട്ടിയുമൊക്കെ നിരത്തി വച്ചിരിയ്ക്കുന്നു.  ഉടനടി പാട്ടും വാദ്യങ്ങളും തുടങ്ങി. താഴെ നിന്നും പാട്ടു കേട്ടു മുകളീലേയ്ക്കു വന്ന രിഷി എന്ന  നായ പാട്ടു കഴിഞ്ഞു ഞങ്ങള്‍ കുളിയ്ക്കാനും ഭക്ഷണം കഴിയ്ക്കാനും പോകുന്നതുവരെ ആ സംഗീതവിരുന്നു ശ്രദ്ധാപൂര്‍വം ആസ്വദിച്ചതു ഞങ്ങളെ വളരെ അത്ഭുതപ്പെടുത്തി. രാത്രിഭക്ഷണം കഴിഞ്ഞു ഒരു പാടു വൈകുന്നതു വരെ സംഗീത വിരുന്നു തുടര്‍ന്നു.

രാവിലെ എല്ലാവരും നേര്‍ത്തെീഴുനേറ്റെങ്കിലും അന്നു പ്രത്യേകിച്ചു പ്ലാന്‍ ഒന്നുമില്ലാത്തതിനാല്‍ നേരുയ ആലസ്യത്തോടെയാണു പ്രഭാതവൃത്തികള്‍ നടത്തിയതു. ഭക്ഷണശേഷം ആതിഥെയര്‍ക്കു നന്ദ്ഇ പ്അറഞ്ഞു ഞങ്ങള്‍ മഹാബലേശ്വര്‍ വഴി തിരിച്ചു യാത്ര തുടങ്ങി. അല്‍പ്പം ഷോപ്പിങ് ബാക്കി…ചെരിപ്പുകള്‍. മഹാബലേശ്വറില്‍ ഇവ വിലക്കുറവും നല്ലവയുമാണു. റ്റോഉണില്‍ കാര്‍ നിര്‍ത്തി ഞ്അണ്‍ഗള്‍ ചെരുപ്പുകളും മറ്റു പല സാധനങ്ങളും തിരയാന്‍ തുടങ്ങി. ധാരാളം കടകള്‍, സിലക്ഷനും ധാരാളം. വഴി വക്കിലും, കൊച്ചു പെട്ടിക്കടകളില്‍ പോലും തിരക്കു. ഇതിനിടയില്‍ മഹാബലേശ്വറിലെ പള്ളിയിലിടാനായി രവിയുടെ ഒരു സുഹൃത്തു തന്ന നേച്ചപ്പണം ഇടാനായി ഞാനും കൂടെപ്പോയി. വളരെമനോഹരമായ പള്ളി. കണ്ടിട്ടു മതിയായില്ല. കുറച്ചു പടങ്ങള്‍ എടുത്തു, ഓര്‍മ്മയ്ക്കായി. തിരിച്ചു മാര്‍ക്കറ്റിലെത്തി ചെരുപ്പു വാങ്ങലെല്ലാം കഴിഞ്ഞു വീണ്ടും ഞങ്ങള്‍ മുംബയിലെയ്ക്കുള്ള തിരിച്ചു യാത്ര തുടങ്ങി. ഉച്ചയ്ക്കു കാമത്തു ഹോട്ടലില്‍ ഭക്ഷണം. തരക്കേടൂണ്ടായിരുന്നില്ല. വൈകീട്ടു 6 മണിയോടെ സന്ധ്യയുടെ സ്വര്‍ണ്ണനിറമിയന്ന സൂര്യരശ്മികള്‍ മുംബയ് നഗരത്തിനു ച്ആരുത നല്‍കുന്നതു കണ്ടുക്ഓണ്ടു തിരിച്ചെത്തിയപ്പോള്‍ മനസ്സില്‍ പഞ്ചഗനി-മഹാബലേശര്‍ മറക്കാനാവാത്ത ഓര്‍മ്മകളിലൊന്നായി മാറിക്കഴിഞ്ഞിരുന്നു.

One Response to “THE DECCAN ODYSSEY-4”

  1. Lakshmy

    ഇഷ്ടമായി വിവരണം. രിഷി എന്ന നായയുടെ പറ്റം കഴിഞ്ഞ പോസ്റ്റിൽ കണ്ടിരുന്നു. യാത്രമദ്ധ്യേ കണ്ട നായയുടെ പ്രാധാന്യമെന്ത് എന്ന് ഈ പോസ്റ്റിലും കണ്ടു. മുൻപ് പറഞ്ഞ പരാതി ഇപ്പോഴുമുണ്ട്. ചിത്രങ്ങൾ വലുതായി കാണാനൊക്കുന്നില്ല

Leave a Reply

Your email address will not be published. Required fields are marked *