തിരഞ്ഞെടുക്കാത്തവഴി (Robert Frost (1874–1963)

Posted by & filed under പരിഭാഷകൾ.

ശരത്ക്കാലത്തിൻ പീതച്ഛവിയോലുമാകാട്ടിൽ
പിരിഞ്ഞീടുന്നു രണ്ടായ്പ്പാത, ഞാൻ ദുഃഖിയ്ക്കുന്നു,
എനിയ്ക്കാവില്ലല്ലോ രണ്ടിലൂടെയും പോകാൻ, നിന്നേൻ
കുറച്ചേറെനേരം ഞാനേകാന്ത പഥികനായ്
വളഞ്ഞുപുളഞ്ഞപ്രത്യക്ഷമായ് കുറ്റിക്കാട്ടിൽ
മറഞ്ഞെങ്ങോട്ടോ പോവും പാതയത്രയും നോക്കി.

ഒടുക്കം മറ്റേപാത, യതുപോൽ നന്നെന്നോർത്തോ
അതിനേക്കാളും മെച്ചമെന്നോർത്തോ വരിച്ചൂ ഞാൻ
എനിയ്ക്കൊട്ടേറേപ്പച്ചയാർന്നതെങ്കിലുമാരു-
മധികം പോകാത്തൊരാപ്പാത തൻ പുതുമയിൽ.

പുലരിയ്ക്കൊരേപോൽക്കണ്ടെന്നാലും, കണ്ടില്ലല്ലോ
ചവിട്ടിമെതിച്ചുള്ള പാടുകളിലകളിൽ
ശരിയ്ക്കുമാദ്യപാതയൊന്നിലായിതുപോലെ
നടക്കാമൊരുദിനം വീണ്ടും, ഞാൻ കരുതിയോ?
നടക്കുംവഴി മറ്റൊന്നായിമാറിടാമെന്നാൽ
തിരിച്ചെപ്പോഴെങ്കിലും വരുമോ, ശങ്കിയ്ക്കുന്നു.

ഒരു ദീർഘശ്വാസവുമുതിർത്തോതുന്നി,തെങ്ങോ,
ഒരൊട്ടുകാലത്തിനു ശേഷമായെന്നാകിലും
പിരിഞ്ഞ വഴിത്താരയൊന്നിൽ ഞാനാ കാട്ടിലായ്
കുറച്ചായുപയോഗ്യമായതു തുടർന്നല്ലോ
പറഞ്ഞീടട്ടേയതു തന്നെയാണിന്നത്തെയീ
നിറഞ്ഞ മാറ്റത്തിനു കാരണമായ് വന്നതും.

Leave a Reply

Your email address will not be published. Required fields are marked *