സഹ്യാദ്രി വിളിയ്ക്കുന്നു…

Posted by & filed under Uncategorized.

“കേരളം വരുന്നൂ, പശ്ചിമഘട്ടങ്ങളെ കേറിയും കടന്നും ചെന്നന്യമാം രാജ്യങ്ങളില്‍…“എന്ന പാലാനാരായണൻ നായരുടെ വരികൾ മനസ്സിനെ എന്നും സ്പർശിച്ചിരുന്നു. അറബിക്കടലിന്റെ തിരമാലക്കൈകൾക്കളക്കാനാകാത്ത, അതിരിടാനാകാത്ത, അറിവിന്റെയും സംസ്ക്കാരത്തിന്റേയും നികേതനമായ , ഭുവനം മയക്കുന്ന ചന്തവും സുഗന്ധവുമിയന്ന കാട്ടുപൂക്കളും സനാതനചൈതന്യ പ്രതീകങ്ങളായി കണക്കാക്കാവുന്ന കാട്ടുകല്ലുകളുമുള്ള നാട് . വൈവിദ്ധ്യങ്ങളും തേടി സഹ്യാദ്രി ശിഖരങ്ങളിലേയ്ക്കൊരു യാത്ര അവിചാരിതമായി വന്നെത്തിയപ്പോൾ കവിയേയും ഈ വരികളേയും എങ്ങനെ ഓർക്കാതിരിയ്ക്കും? പച്ചയാം വിരിപ്പിട്ട സഹ്യനിൽത്തലചേർത്തും സ്വച്ഛമായ അബ്ധിയുടെ മണൽത്തിട്ടിൽ കാലുകൾ വച്ചും പള്ളികൊള്ളുന്ന ഭാരതാംബയെ വള്ളത്തോൾ മനസ്സിൽ പ്രതിഷ്ഠിച്ചതും ഓർക്കാതിരിയ്ക്കാനായില്ല. നെല്ലിയാമ്പതിയിലേയ്ക്കുള്ള ക്ഷണം അവിചാരിതമായി ഒരു സുഹൃത്തിൽ നിന്നുമെത്തിയപ്പോൾ ഞങ്ങൾക്ക് ഒഴിഞ്ഞുമാറാനായില്ല. റിസോർട്ടിൽ മുറി കൂടി ബുക്കു ചെയ്ത ശേഷം കിട്ടിയ ക്ഷണം കാടിന്റെ തുടിപ്പുകളെ മനസ്സിലേറ്റാനുള്ള ഉൾക്കണ്ഠയ്ക്ക് വേഗത കൂട്ടി. നെല്ലിയാമ്പതിയെ അടുത്തറിയാനുള്ള ത്വരയിൽ കഴിയുന്നത്ര വിവരങ്ങൾ സംഭരിയ്ക്കണമെന്നുണ്ടായിരുന്നെങ്കിലും സമയക്കുറവിനാൽ അതിനായില്ല. ആദ്യമേ മനസ്സിലേയ്ക്കോടിയെത്തിയത് കാപ്പി-തേയിലത്തോട്ടങ്ങളുടെ ഗന്ധമുള്ള ശീതളമായ കാലാവസ്ഥ തന്നെയായിരുന്നു. വേനലാന്ത്യത്തിലെ തീ നാമ്പുകളെ കൂടുതൽ തീക്ഷ്ണമാക്കാനെത്തിയ ചാറൽമഴ പറഞ്ഞു: “പൊയ്ക്കോളൂ…ഞാൻ ശക്തിപ്രാപിയ്ക്കാൻ ഇനിയും ദിവസങ്ങൾ ബാക്കി….” പിന്നെ സംശയമുണ്ടായില്ല. ദിവസമെത്താൻ കാത്തിരിപ്പായി. നിത്യഹരിത വനങ്ങളുടെ നിബിഡതയാൽ മൂടപ്പെട്ട പശ്ചിമഘട്ടം തമിൾ നാട്,കേരളം, കർണ്ണാടകം, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളുടെ കാവൽക്കാരനായി നീണ്ടുപരന്നു കിടക്കുകയാണല്ലോ? ലോകത്തിലെ തന്നെ ജൈവവൈവിധ്യ പ്രധാന്യമേറിയ പത്തു കേന്ദ്രങ്ങളിലൊരു പൈതൃകസ്ഥാനകേന്ദ്രമായി പശ്ചിമഘട്ടത്തെ ഉൾപ്പെടുത്തിയിരിയ്ക്കുന്നു. എങ്ങനെയാണ് ലോകപൈതൃകസ്ഥാനത്തിന്ന് അർഹതനേടാനാകുന്നതെന്നത്? UNESCO ലോകപൈതൃകസമിതിയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ലോകപൈതൃക പരിപാടി തയ്യാറാക്കുന്ന പൈതൃകപട്ടികയിൽ ഇടം ലഭിക്കണം. വനമാകാം, ജലസ്രോതസ്സുകളാകാം, സ്മാരകങ്ങളോ, മരുഭൂമികളോ , സ്ഥലങ്ങളോ കെട്ടിടങ്ങളോ ഒക്കെ ഇതിനായി പരിഗണിയ്ക്കപ്പെടാം. നമ്മുടെ നാടിന്റെ ജൈവികവും സാമ്പത്തികവുമായ ആവശ്യങ്ങളിൽ ഈ ഭൂവിഭാഗം വഹിയ്ക്കുന്ന പങ്കു ഏറെ ഉയർന്നതാണ്. നമ്മുടെ കൊച്ചുകേരളത്തിലെ കാലവർഷത്തിന്റെ ഗതി നിയന്ത്രിയ്ക്കുന്നതും ഇവിടത്തെ നദികൾക്കു ജന്മവും ജീവനും നൽകുന്നതും ഈ മലകൾ തന്നെ. ചുരുക്കിപ്പറഞ്ഞാൽ പലവിധ ജന്തുക്കൾക്കും, ജീവികൾക്കും, പക്ഷികൾക്കും , മൃഗങ്ങൾക്കും മനുഷ്യർക്കും ഒരേപോലെ ആശ്രയശ്രോതസ്സാണിവിടം, മനുഷ്യന്റെ കടന്നാക്രമണത്തെ ചെറുക്കാനാകാതെ മൂകമായി എല്ലാം സഹിച്ചുകൊണ്ടു നിൽക്കുന്ന അവസ്ഥയിൽ‌പ്പോലും.ഈയിടെ മാദ്ധ്യമങ്ങളിൽ ഏറെ വിവാദവിഷയമായ ഗാഡ്ഗിൽ റിപ്പോർട്ടും കസ്തൂരി രംഗൻ റിപ്പോർട്ടും ജന മനസ്സുകളിൽ ഇന്നും പശ്ചിമഘട്ടത്തെപ്പോലെ നിത്യഹരിതമാർന്നുതന്നെ നിൽക്കുന്നവയാണല്ലോ. അതിരാവിലെ പുറപ്പെടാനായിരുന്നു പ്ലാനെങ്കിലും 7 മണിയായി യാത്ര പുറപ്പെടാൻ. രണ്ടു കാറുകളും കേച്ചേരിയിൽ നിന്നും ഒത്തു ചേർന്നു. ഗുരുവായൂർ ദർശനം നടത്തി സുഹൃത്തും സഹോദരിയും അവരുടെ ഭർത്താവും രണ്ടുകുട്ടികളും ഒരു കാറിലെത്തി.ഡ്രൈവറടക്കം 6 പേർ. ഞങ്ങളുടെ കാറിൽ ഞാനും ഹസ്ബൻഡും ഡ്രൈവറും മാത്രമായതിനാൽ സുഹൃത്തിനെ ഇങ്ങോട്ടു ക്ഷണിച്ചു. കുശലപ്രശ്നങ്ങൾക്കപ്പുറം നെല്ലിയാമ്പതി സംഭാഷണവിഷയമായി മാറാൻ അധികം സമയമെടുത്തില്ല. “നമ്മൾ ‘പാവപ്പെട്ടവരുടെ ഊട്ടി‘ യിലേക്ക് പോവുകയാണല്ലേ? “ ആരോ പറഞ്ഞുകേട്ട വിജ്ഞാനം വച്ചു വിളമ്പുമ്പോൾ പെട്ടെന്നോർമ്മ വന്നത് ഔറംഗാബാദിൽ പോയപ്പോൾ കണ്ട ‘പാവങ്ങളുടെ താജമഹൽ’ എന്നറിയപ്പെടുന്ന ‘ബീബി കാ മക്ബറ’യാണ്. ഏതു സ്ഥലത്തിനും ഇങ്ങനെയൊക്കെ അപരനാമങ്ങൾ കാണുമായിരിയ്ക്കും, അല്ലേ? “‘നെല്ലിയാമ്പതി’ എന്നാൽ നെല്ലിയുടെ പതി അഥവാ ദേവൻ എന്നാണർത്ഥം.നെല്ലി മരത്തിൽ ഇരിയ്ക്കുന്ന ദേവനെ ആരാധിയ്ക്കുന്നവരുടെ നാടായിരിയ്ക്കും. ” “ദേവനെയല്ല , ദേവിയെയാണിവർ ആരാധിയ്ക്കുന്നതെന്നു തോന്നുന്നു. മലമുകളിലും മരമുകളിലും ആസ്ഥാ‍നമുറപ്പിയ്ക്കുന്ന അമ്മദ്ദൈവങ്ങളാണിവരെ കാത്തരുളുന്നത്. എല്ലാം അമ്മ മയം!‘ പതി എന്നാൽ ഊര് എന്നർത്ഥം. അപ്പോൾ നെല്ലിയമ്മ+പതി= നെല്ലിയാമ്പതിയായി ലോപിച്ചതാവാം.“ “നെല്ലിക്കുളത്തുണ്ടായിരുന്ന പൊതി എന്ന പദത്തില്‍ നിന്ന് നെല്ലിയാമ്പൊതി എന്നപേരും പിന്നീടതു ലോപിച്ച് നെല്ലിയാമ്പതിയും ആയതാണെന്നാരോ പറഞ്ഞു കേട്ടിട്ടുണ്ട്. തിരക്കു കുറഞ്ഞ റോഡിലൂടെ കാറിലിരുന്നു പല അറിവുകളും പങ്കു വയ്ക്കുമ്പോഴും തീരെ അറിയുമായിരുന്നില്ല, അകലെ കുന്നുകളിൽ ഞങ്ങളെ കാത്തിരിയ്ക്കുന്നതെന്തായിരിയ്ക്കുമെന്ന്. എന്നെസ്സംബന്ധിച്ചിടത്തോളം നെറ്റിൽ കാണപ്പെട്ട ചില ചിത്രങ്ങൾ മാത്രം പ്രകൃതിയുടെ ഹൃദയഹാരിയായ മുഖമുദ്രകളായി തുണയ്ക്കെത്തി. മനസ്സിൽ അറിയാതെ അലയടിച്ചുയർന്ന ആഹ്ലാദം മറച്ചു പിടിച്ച് ഞാൻ ചോദിച്ച്: ‘ നാം അവിടെ എപ്പോഴെത്തും?” ചുണ്ടുകളിൽ വിരിയുന്ന പുഞ്ചിരി മാത്രം മറുപടിയായിക്കിട്ടിയപ്പോൾ മനസ്സിലാക്കാനായി, എല്ലാവരും ജിജ്ഞാസാഭരിതർ തന്നെ. കാറിലെ സ്റ്റീരിയോവിൽ നിന്നും നേർത്ത ശബ്ദത്തിൽ ആഭോഗി രാഗത്തിൽ ബാലമുരളീകൃഷ്ണ പാടുന്നു. കൂടെ എന്റെ മനസ്സും. (തുടരും)

പോത്തുണ്ടി ഡാം

From: Wadakkanchery, Kerala To: Nemmara, Keralaപാലക്കാടു നിന്നും   60 കിലോമീറ്റർ ദൂരെയാണ് നെല്ലിയാമ്പതി. ഗുരുവായൂരിൽ നിന്നും വടക്കാഞ്ചേരി വഴിയായിരുന്നു ഞങ്ങളുടെ യാത്ര . ഗുരുവായൂരിൽ നിന്നും 24 കിലൊമീറ്റർ സഞ്ചരിച്ച്  വടക്കാഞ്ചേരിയിലേയ്ക്കും അവിടെ നിന്നും ആലത്തൂർ വഴി നെന്മാറയിൽ എത്താനുമാണ് പ്ലാൻ ചെയ്തത്. നല്ല വഴിയായതിനാൽ അധികം ട്രാഫിക് ബ്ലോക്കുകളില്ലാതെ പോകാമെന്നതായിരുന്നു കാരണം. നെന്മാറ സ്ഥിതിചെയ്യുന്നത് പാലക്കാട് ജില്ലയിലാണ്. നെന്മാറയിൽ നിന്നും കാണാൻ കഴിയുന്ന മഞ്ഞുമൂടിയ ഗിരിശിഖരങ്ങൾ മനസ്സിലുണർത്തിയ അനുഭൂതി പറഞ്ഞറിയിയ്ക്കാനാവില്ല.  ഇതു നമ്മുടെ കൊച്ചുകേരളം  തന്നെയോ?  ദൈവത്തിന്റെ സ്വന്തം നാടിനെ നാം കേരളീയരാണല്ലോ എന്നും അറിയാൻ ശ്രമിയ്ക്കാതിരിയ്ക്കുന്നവർ എന്നോർത്തു. കാരണം, മറ്റേതു സംസ്ഥനത്തു പോയാലും കേരളീയരെന്നറിഞ്ഞാലുടൻ വരുന്ന കമന്റ് ഒന്നു തന്നെ. ‘ഞാൻ പോയിട്ടുണ്ടു കേരളത്തിൽ .എത്ര സുന്ദരമായ നാട്’. സ്വയം ഭൂമിയോളം താന്നുപോകുന്ന നിമിഷങ്ങൾ. കേരളത്തിൽ അവർ പോയ പല സ്ഥലങ്ങളെക്കുറിച്ച് അവർക്കുള്ള അറിവു പോലും നമുക്കില്ലെന്ന സത്യം അപ്പോൾ മാത്രമായിരിയ്ക്കും ഒരുപക്ഷേ നമ്മളോർമ്മിയ്ക്കുന്നത്. എന്തേ നമ്മൾ നമ്മുടെ നാടിനെ, പ്രകൃതിയെ, നമ്മുടെ സൌഭാഗ്യങ്ങളെ മാനിയ്ക്കാൻ തയ്യാറാകുന്നില്ല? അവയെ ആസ്വദിയ്ക്കാനും അനുഭൂതികളയവിറക്കാനും തയ്യാറാകുന്നില്ല?  ഇന്നും ഹോട്ടലുകളും മാളുകളും തിയേറ്ററുകളും വാട്ടർ തീം പാർക്കുകളും സൃഷ്ടിയ്ക്കപ്പെടുമ്പോഴേയ്ക്കും അവയെ  നാം വേഗം തന്നെ സ്വായത്തമാക്കുന്നുണ്ടല്ലോ?. അതിരപ്പിള്ളിയോ മലമ്പുഴയോ അതിന്റെ തനതായ  പാരമ്പര്യത്താലല്ല, മറിച്ച് സുഖജീവിതത്തിന്റെ വഴിയിൽ വന്നെത്തിപ്പെടുന്നതിനാൽ മാത്രം  ശ്രദ്ധിയ്ക്കപ്പെടുകയാണെന്ന സത്യം മറച്ചു വയ്ക്കാനാകില്ല. പ്രകൃതി കൈനിറഞ്ഞനുഗ്രഹിച്ച പലതിനെയും കണ്ടില്ലെന്നു നടിയ്ക്കുക മാത്രമല്ല, സ്വാർത്ഥലാഭത്തിന്റെ വഴിയിൽ വിഘാതമായി വരുന്നതെന്തിനേയും പിഴുതെറിയുമ്പോൾ നമുക്കു പശ്ചാത്താപം ഉണ്ടാകുന്നില്ലെന്നതും സത്യമല്ലേ?. പ്രകൃതിയെ മലിനമാക്കാൻ നമുക്കു മടിയില്ല . പ്രകൃതി കനിഞ്ഞനുഗ്രഹിച്ചു തന്നവയെ കൈവിടാനേ നമുക്കറിയൂ എന്നതാണു സത്യം.

 

നെല്ലിയാമ്പതിയിലേയ്ക്ക്…

പച്ചവിരിച്ച നെൽ‌പാടങ്ങളുടെ കാൻ വാസുകളിൽ ജീവൻ വെച്ചുയർന്നു നിൽക്കുന്ന  മഞ്ഞുമൂടിയ മലകളോടുകൂടിയ പാലക്കാടൻ ദൃശ്യവിരുന്നുകളെ മനസ്സിൽ നിന്നും പുറകോട്ടു തള്ളുംവിധമായിരുന്നു  പോത്തുണ്ടി ഡാമിലെ കാഴ്ച്ചകൾ . വെള്ളം കുറവാണെങ്കിലും ദൃശ്യഭംഗി മറക്കാനാകാത്തതു തന്നെ. കുറെ നേരം വെയിലും കൊണ്ടുനിന്ന ശേഷം നീലജലത്തിൽ കണ്ണാടി നോക്കി അകലെ  മരതകപ്പച്ചയണിഞ്ഞു നിന്ന സഹ്യാദ്രി മലനിരകളെ ചുംബിച്ചുകൊണ്ടു നിൽക്കുന്ന വെണ്മേഘങ്ങളേയും കാലവർഷപ്പകർച്ചയുടെ സന്ദേശവാഹകരായി ഓടിയെത്തിക്കൊണ്ടിരുന്ന ജലഗർഭം ധരിച്ച കാർമേഘങ്ങളേയും മനസ്സിൽ ഒപ്പിയെടുത്തശേഷം തൊട്ടരികെയുള്ള കുട ആകൃതിയിലുള്ള തുറന്ന കോൺക്രീറ്റ് വിശ്രമ മന്ദിരത്തിൽ അൽ‌പ്പനേരം ഇരുന്നു. കറുപ്പു നിറത്തിലുള്ള ചിത്രശലഭങ്ങൾ എല്ലായിടത്തുനിന്നും പറന്നെത്തി ഞങ്ങളെ പൊതിഞ്ഞു. എത്രയേറെ ശലഭങ്ങൾ! ഡാമിനുതൊട്ടു തന്നെ പൂന്തോട്ടമുള്ളതിനാലാവാം. പക്ഷേ എല്ലാം ഒരേപോലുള്ളവ തന്നെയെന്നു കണ്ടപ്പോൽ അത്ഭുതം തോന്നി. ഊണു കഴിഞ്ഞിട്ടില്ലാത്തതിനാൽ തൊട്ടടുത്തു പാർക്കു ചെയ്ത ലാസ്സ ഐസ്ക്രീം വണ്ടിയെ കണ്ടില്ലെന്നു നടിയ്ക്കാനേ കഴിഞ്ഞുള്ളൂ. അല്ലെങ്കിലും  നെല്ലിയാമ്പതി മാത്രമാണിപ്പോൾ മനസ്സിൽ. മലമുകളിലെ റിസോർട്ടിലെ കെയർടേക്കർ അപ്പോഴേയ്ക്കും ബൈക്കിൽ വന്നെത്തി. അടിവാരത്തിലും അവർക്ക് ഓഫീസ് ഉണ്ട്. പുലയപ്പാറയിൽ കാർ പാർക്ക് ചെയ്ത് നേരെ ജീപ്പ് വഴി ആനമടയിലെ റിസോർട്ടിൽ എത്തണം. എല്ലാ സൌകര്യവും അവിടെ ശരിയാക്കിയിട്ടുണ്ടെന്നയാൾ പറഞ്ഞു. ഞങ്ങൾ പുലയപ്പാറയിലേയ്ക്കു തിരിച്ചു. സമതലം വിടുകയാണ്. ഇനിയങ്ങോട്ട് കാടിനെ ഉമ്മവെച്ചു കടന്നുപോകുന്ന വീതി കുറഞ്ഞ റോഡുകളാണ്. എവിടെയും വനത്തിനു ചാരുതയേകുന്ന ഇലകൾ നിറഞ്ഞ പടുകൂറ്റൻ തേക്കുമരങ്ങൾ ശ്രദ്ധയിൽ‌പ്പെട്ടു. പന്ത്രണ്ടോളം ഹെയർപ്പിൻ വളവുകൾ  ഉണ്ടെന്നറിയാമായിരുന്നു. ഓർമ്മ വന്നത് മൂകാംബികയാത്രയും കുടജാദ്രിയിലേയ്യ്ക്കുള്ള ജീപ്പ് സഞ്ചാരവുമായിരുന്നു. പുറകിലെ ജീപ്പിനെ നോക്കുമ്പോൾ വയർ കാളിയിരുന്നതും ഓർമ്മ വന്നു.

ചെക്ക് പോസ്റ്റിൽ കാർ  നമ്പർ രേഖപ്പെടുത്തി മുന്നോട്ടു  പ്രകൃതിയുടെ ഭാവപ്പകർച്ചയും നുകർന്നായിരുന്നു യാത്ര. ചിലയിടങ്ങളിൽ മുകളിൽ നിന്നും വെള്ളമൊഴുകുന്ന നീർച്ചാലുകൾ കണ്ടെങ്കിലും ശക്തി കുറവായിരുന്നു.  മഴക്കാലം തുടങ്ങുന്നതേയുള്ളല്ലോ.നല്ല മഴ വന്നാൽ കാണാവുന്ന ചെറിയ വെള്ളച്ചാട്ടങ്ങളെ മനസ്സിൽ കാണാൻ ശ്രമിച്ചു.  ഹെയർപിൻ വളവുകളിൽ ഒരു ഭാഗത്തെ ഉയർന്ന ഗിരികളും മറുവശത്തെ താഴ്വാരവും ശരിയ്ക്കും ഭയവും ഹരവും ഒരുമിച്ചേകി. വഴികളിലെ ചില വ്യൂ പോയന്റുകൾ പോത്തുണ്ടി ഡാമിന്റെ ചാരുതയെ വൈവിധ്യമേറും വിധം  ഫ്രെയിമിലാക്കിത്തന്നപ്പോൾ,   സഹ്യാദ്രിയുടെ മലനിരകളിലെ ഒന്നിനൊന്നു തൊട്ടു നിൽക്കുന്ന പച്ചപ്പട്ടു പുതച്ച ഗിരിശിഖരങ്ങൾ കൈമാടി വിളിച്ചപ്പോൾ, സ്ഥലജലവിഭ്രാന്തി പിടിപെട്ടതുപോലെയുള്ള അനുഭവമായിരുന്നു.പോത്തുണ്ടിയിൽ നിന്നും കൈകാട്ടിയിലേയ്ക്ക് 9 കിലോമീറ്റർ മാത്രം. നെല്ലിയാമ്പതിക്കാരുടെ ടൌൺ ആയ പുലയപ്പാറയിലെത്തിയപ്പോൾ ബോർഡില്ലാത്ത , ചെറിയ ആഹാരശാലയുള്ള,   കോൺക്രീറ്റ് കെട്ടിടത്തിനു മുൻ വശത്തായി കാറുകൾ പാർക്കു ചെയ്യാൻ സംവിധാനമുണ്ടാക്കിയിരുന്നു. ഒന്നു ഫ്രെഷ് ആയി മുങ്കൂട്ടി നിശ്ചയിച്ചപ്രകാരം രണ്ടു ജീപ്പുകളിലായി ഞങ്ങൾ നെല്ലിയാമ്പതിയിലേയ്ക്കു യാത്രയായി. ഭക്ഷണം മലമുകളിൽ എത്തിയ ശേഷം എന്നു തീരുമാനിച്ചിരുന്നതിനാൽ അവിടെ തയ്യാറാക്കിക്കാണുമെന്നറിയാം. വിശപ്പാണെങ്കിലോ, മനസ്സിന്റെ ആവേശത്താലാവാം, ഒട്ടും തന്നെ തോന്നിയില്ല താനും.

പുലയപ്പാറയെക്കുറിച്ച് രണ്ടുവാക്ക് പറയാതിരിയ്ക്കാനാവില്ല.  ഹോട്ടലിനു പുറകുവശത്തു നിന്നും രാത്രിയിലെത്തുന്ന ആനക്കൂട്ടങ്ങൾ ഫ്ളെക്സും ബോർഡുമെല്ലാം വലിച്ചിട്ടു കേടുവരുത്തും എന്നു കേട്ടപ്പോൾ പേടി തോന്നി. ഇവിടം ഒരു ഗ്രാമമാണെങ്കിലും ഇതിനപ്പുറം ഇനി യാതൊരുവിധ സാധനങ്ങളും വാങ്ങാൻ കടകൾ ഉണ്ടാകില്ല. അതിനാൽ അത്യാവശ്യം വേണ്ട വസ്തുക്കളെല്ലാം തന്നെ കാടിന്റെ പലേവിധ വിഭവങ്ങൾക്കുമൊപ്പം ഇവിടെ കിട്ടാനാകുന്നു. ഗവണ്മെന്റിനു കീഴിലുള്ള ഓറഞ്ചു തോട്ടങ്ങളും ഹോർട്ടിക്കൾച്ചറൽ ഫാമും,പലവിധ പഴവർഗ്ഗ ഉത്പന്നങ്ങൾ വിൽക്കുന്ന കടയും ഒക്കെ ഇവിടെ കാണാം. തിരിച്ചു പോകുന്ന സമയം മതിയല്ലോ അവിടെയെല്ലാം പോക്ക് എന്നു തീരുമാനിച്ചു. വഴിയരുകിൽ നിരനിരയായിട്ടിരിയ്ക്കുന്ന ജീപ്പുകളുടെ എണ്ണം എന്നെ വിസ്മയിപ്പിച്ചു. ഇത്രയധികം ജീപ്പുകൾ മലമുകളിലേയ്ക്കു പോകുന്നുവെങ്കിൽ എത്രയേറെ ജനബാഹുല്യം അവിടെ ഉണ്ടാകാമെന്ന ചിന്തയും മനസ്സിനെ അലോസരപ്പെടുത്തി. അൽ‌പ്പം നിശ്ശബ്ദമായ വിജനതയായിരുന്നു മോഹിച്ചതെന്നാണു വാസ്തവം.

സഹ്യാദ്രിത്തുഞ്ചത്തേയ്ക്ക്..

കാറുകളിൽ നിന്നും ബാഗുകളെല്ലാം എടുത്ത് ജീപ്പിൽ വച്ചു. ജീപ്പ് മുന്നോട്ടു പോകവേ പോകുന്ന വഴിയെക്കുറിച്ചും കാടിനെക്കുറിച്ചും അവിടത്തെ ഗതാഗതത്തെക്കുറിച്ചുമെല്ലാം ചെറുപ്പക്കാരനായ  ജീപ് ഡ്രൈവർ വാചാലാനായി. അയാൾ ആ മലമുകളിൽ ജനിച്ചു വളർന്നവനും സ്വന്തമായി രണ്ടു ജീപ്പുകളുടെ ഉടമയുമാണ്.താഴ്വാരത്തിൽ  നാൽ‌പ്പത്തഞ്ചോളം ജീപ്പുകൾ മുകളിലേയ്ക്കു സഞ്ചാരികളെ കൊണ്ടുപോകാനായി തയ്യാറായിട്ടുണ്ട്. അവർ തങ്ങളുടെ ഊഴത്തിനനുസരിച്ചുമാത്രം വിളിയ്ക്കപ്പെടുന്നു. പ്രധാന വ്യൂപോയൻറ്റുകൾ മാത്രം കണ്ടു തിരിച്ചുപോരാൻ ചാർജ്ജ് 2500 രൂപ. ഹിൽടോപ്പിൽ ഏറ്റവും ഉയർന്ന സ്ഥലത്തേയ്ക്കു എത്തിച്ച്  അവിടെത്തന്നെ കിടന്ന് പിറ്റേന്നു തിരിച്ചെത്തിയ്ക്കാൻ 3000 രൂപ. രാത്രിയിൽ നൈറ്റ് സഫാരി അവിടത്തെ ലോക്കൽ ജീപ്പിൽ. അതിനു 750 രൂപ വേറെ കൊടുക്കണം.പുലയപ്പാറ ചെക് പോസ്റ്റിൽ  എന്റ്രി ഫീ ഉണ്ട്. .

കെ.എസ്.ഇ.ബി.ഓഫീസിനു തൊട്ടുള്ള കുണ്ടനിടവഴിയിലേയ്ക്കു ജീപ്പ് കടന്നതും  മനസ്സിലാക്കാനായി,ഇനി വഴി ഏറെ ചെറിയതു തന്നെയാകുമെന്ന കാര്യം. മുന്നോട്ടു നീങ്ങുന്തോറും വഴി പാറയും കുന്നും കുഴിയുമെല്ലാം നിറഞ്ഞതായി മാറി..  ചെക്പോസ്റ്റിൽ പൈസയടച്ച് രണ്ടു ജീപ്പിനുമുള്ള എൻട്രി ടിക്കറ്റ് എടുത്തു.   ജീപ്പിനുള്ളിലെ ആളുകൾക്കനുസരിച്ചു വേണം പൈസ അടയ്ക്കാൻ. ഒരാൾക്ക് 50   രൂപവെച്ച് കൊടുത്ത് ടിക്കറ്റ് എടുക്കണം. രാവിലെ നാലര മുതൽ വൈകീട്ട് 4 മണിവരെ മാത്രമേ പ്രവേശനമുള്ളൂ താനും. കൂടിക്കൊണ്ടിരുന്ന അപകടങ്ങളെ നിയന്ത്രിയ്ക്കാനായി ഈയിടെയാണീ വിലക്ക് നിലവിൽ വന്നതെന്നും ഡ്രൈവർ പറഞ്ഞു. യാതൊരു വിധ സമയ നിയന്ത്രണവും കൂടാതെ അവധിയാഘോഷിയ്ക്കാനെത്തുന്നവരുടെ തള്ളിക്കയറ്റം വരുത്തുന്ന അപകടങ്ങൾ അൽ‌പ്പം കുറയ്ക്കാനായൊരു ശ്രമം.  ഒന്നിനൊന്നു പിറകെയായി ഞങ്ങൾ മലമുകളിലേയ്ക്കുള്ള കുത്തനെയുള്ള കയറ്റം ആരംഭിച്ചു. മാനം കറുത്തിരുണ്ടു ഘനീഭവിച്ചു നിന്നെങ്കിലും  മഴ ഇല്ലാത്തതിനു മനസ്സുകൊണ്ട് ദൈവത്തെ സ്തുതിച്ചു. ഇത്തരം മലകയറ്റത്തിനായി പ്രത്യേകം ഗിയർ ഘടിപ്പിച്ച ജീപ്പ് മുന്നോട്ടാഞ്ഞ് കുന്നും കുഴിയും പാറക്കഷണവുമെല്ലം തരണം ചെയ്യവേ ആടിയുലയുമ്പോൾ ശരീരഭാഗങ്ങൾ തട്ടിയും മുട്ടിയും വേദനിയ്ക്കുന്നത് എങ്ങനെ ഒഴിവാക്കമെന്ന ചിന്തയിലായിരുന്നു ഞാൻ. പക്ഷേ അത്ഭുതമെന്നു പറയട്ടേ, ചുറ്റുപാടുമുള്ള പ്രകൃതി തന്നെ അതിനായുള്ള മരുന്നായി മാറിയെന്ന കഥ പിന്നീടെപ്പോഴോ മാത്രമാ‍ാണു ഞാനറിഞ്ഞതും ഓർത്തതും . അത്രമാത്രം ചുറ്റുപാടുകളിൽ മുഴുകിയായിരുന്നു യാത്ര. യാത്രയിലുടനീളം കാണായ ഇരുണ്ടപച്ചപ്പും കുളിരും സൌന്ദര്യവും മനസ്സാവാഹിച്ചെടുത്തപോലെ.വരയാടുകളും , മലയണ്ണാന്മാരും, സിംഹവാലൻ കുരങ്ങന്മാരുമാണിവിടുത്തെ അന്തേവാസികളെന്നു ഡ്രൈവർ പറഞ്ഞപ്പോൾ ജീപ്പിലിരുന്ന് അവയെ കാണാനായി വൃഥാവിലൊരു ശ്രമം നടത്തി. മനുഷ്യരും വണ്ടികളുടെ ശബ്ദവും അവരെ പരിഭ്രാന്തരാക്കുന്നതിനാൽ ഇപ്പോൾ കാണാനാവില്ലെന്നും നൈറ്റ് സഫാരിയ്ക്കു പോയാൽ കാണാനാകുമെന്നും അതിനായി തന്റെ മറ്റൊരു ജീപ്പുണ്ടെന്നും ഡ്രൈവർ പറഞ്ഞു.

“ആരൊക്കെ വരുന്നുണ്ട് , നൈറ്റ് സഫാരിയ്ക്ക്? ഇത്തിരി ധൈര്യം വേണ്ടിവരും. ആനയെയൊക്കെ മുന്നിൽ കണ്ടെന്നു വരാം” സുഹൃത്ത്.

“ചിലപ്പോൾ പുലിയേയും കാണാൻ പറ്റും, ഭാഗ്യമുണ്ടെങ്കിൽ…

” ങ്ഹേ! “ഭാഗ്യമോ, അയ്യോ പുലിയേ കാണണ്ടാ..കാഴ്ച്ചബംഗ്ലാവിൽ മതി…” ആരോ പറഞ്ഞു.

“ഞാനെതായാലും വരുന്നുണ്ട്.പുലിയെങ്കിൽ പുലി..അപ്പോ നോക്കാം” രാത്രിയാത്രയുടെ സാഹസികത അപൂർവ്വമായ ഒരു സന്ദർഭമാകുമെന്നതിൽ എനിയ്ക്കു സംശയമുണ്ടായിരുന്നില്ല. അത് വിട്ടുകളയാൻ എനിയ്ക്കാവില്ല തന്നെ.

കാടിന്റെ മണം..പുൽത്തൈലം മണക്കുന്നു….ഏലം, ഓറഞ്ച്, കാപ്പി, ചായ. സമ്മിശ്രഗന്ധങ്ങൾ …മലനിരകൾ സുന്ദരവും സുരഭിലവും മാത്രമല്ല, സുഭിക്ഷതയും പ്രദാനം ചെയ്യുന്ന ഫാമുകളായി മാറുന്നു. വഴിയരുകുകളിൽ കാട്ടുപൂക്കൾ തനിമയാർന്നു ചിരിച്ചു നിൽക്കുന്നു. ജീപ്പിന്റെ ഇളക്കം കാരണം ഫോട്ടോ എടുക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെടുന്നു.ഇടുങ്ങിയ കയറ്റത്തിന്നിടയിൽ എതിരെ വരുന്ന മറ്റു ജീപ്പുകൾക്ക് അതിവിദഗ്ദ്ധമായി സൈഡ് കൊടുക്കുന്ന ഡൈവർ ഒരദ്ഭുതമായി.

“ഇവർക്കീ റോഡൊക്കെ ഒന്നുനേരെയാക്കിയാലെന്താ?

എന്റെ ചോദ്യത്തിൽ നിറഞ്ഞ ആശങ്ക എല്ലാവർക്കും മനസ്സിലാകാതെ വയ്യ.

‘അയ്യ! എന്നാൽക്കഴിഞ്ഞു. പിന്നെ ഇങ്ങോട്ടു വരേണ്ടി വരില്ല. ഈ യാത്രയുടെ ത്രില്ലും, ഇനിയും കച്ചവടമാക്കപ്പെട്ടിട്ടില്ലാത്ത ഈ ഭൂവിഭാഗവും,ഇങ്ങനെത്തന്നെ ഇരിയ്ക്കട്ടെ”. ഇനിയും മനുഷ്യർ മലീമസമാക്കിയിട്ടില്ലാത്ത അപൂർവ്വം ഇടങ്ങൾ . പ്രകൃതിയുടെ നിർമ്മലമായ  ചാരുത ഇടയ്ക്കെങ്കിലും ഒന്നാസ്വദിയ്ക്കാൻ ഇവിടെ വാന്നാലാകുമല്ലോ എന്നാണ് തോന്നിയത്.

ജീപ്പ് പെടുന്നനെ  നിന്നു. ഞങ്ങൾ ആകാംക്ഷയോടെ പുറത്തിറങ്ങി.  പുൽത്തകിടികളും പാറക്കൂട്ടങ്ങളും നിറഞ്ഞ സമതലം.  വഴിയുടെ ഒരുഭാഗത്ത് ഭംഗിയാർന്ന കുന്നും മറുവശത്ത്  ചെറിയ ചെരിവും. അകലെ ഏതോ ദേവിയുടെ ഒരു കൊച്ചു പ്രതിഷ്ഠ. അപ്പുറം കണ്ട കാഴ്ച്ചകൾ വർണ്ണനാതീതം തന്നെയായിരുന്നു. സഹ്യാദ്രിയുടെ മുകൾത്തട്ടിലെ  ഏറ്റവും മികച്ച വ്യൂപോയന്റുകളിലൊന്നായിരുന്നു അത്.

സഹ്യാദ്രിത്തുഞ്ചത്തൊരു രാത്രി-

 

കാര്യാശ്ശൂരി ….അതാണീ പോയന്റിനു പേർ .അതോ കാലാസുരിയൊ? തുറന്ന സ്ഥലത്ത്  പ്രതിഷ്ഠയുടെ നാലുപാടും തിണ്ണ കെട്ടി പ്രതിഷ്ടിയ്ക്കപ്പെട്ട കറുത്ത ദേവീരൂപം കണ്ടപ്പോൾ  മനസ്സിൽ അങ്ങിനെയാണ് ചിന്ത വന്നത്. ചെറിയ ചവിട്ടുപടിയും  പ്രവേശനമാർഗ്ഗവും പൂജകൾക്കായാവാം. എല്ലാം പുതിയതായി കുമ്മായം തേച്ച് വൃത്തിയാക്കിയിരിയ്ക്കുന്നു. ഇളമ്പച്ചപ്പുല്ലിന്റെ പരവതാനി വിരിച്ച മൊട്ടക്കുന്നുകൾക്കുമപ്പുറം  പടുകൂറ്റൻ കാട്ടുമരങ്ങളുടെ ഇലപച്ചകൾ  ഇരുൾ വിടർത്തിയ നിത്യഹരിതവനങ്ങൾ നിറഞ്ഞ പർവ്വതശിഖരങ്ങൾ. ഒന്നു മറ്റൊന്നിനെ ഓവർലാപ് ചെുയ്യും വിധം തിട്ടകളോടുകൂടിയ പർവ്വതശൃംഖലകൾ പ്രകൃതിയൊരുക്കിയ കാന്വാസ് ചിത്രമെന്നോണം നീണ്ടു നിവർന്നു കിടന്നു. ജീവിതത്തിലൊരിയ്ക്കലും മറക്കാനാകാത്ത ദൃശ്യങ്ങൾ. മേഘമാലകളെ ഉമ്മവെച്ച്   കിടക്കുന്ന   കുന്നും, പച്ചപ്പട്ടണിഞ്ഞ സമതലവും അതിനു നടുവിലൂടെ കയറിയിറങ്ങുന്ന വളഞ്ഞ് പുളഞ്ഞ വീതികുറഞ്ഞ തീരെ നിരപ്പല്ലാത്ത  വഴിയും കാര്യാശ്ശൂരിയിലെ ശൂലധാരിണിയായ കാട്ടുദേവതയെത്തേടിയെത്തുന്ന മലവർഗ്ഗക്കാർക്ക് പ്രശ്നമേയല്ലെന്നു തോന്നി. അത്രമാത്രം വൃത്തിയായി സൂക്ഷിച്ചിരിയ്ക്കുന്നു.  പേരറിയാത്ത കാര്യാശ്ശൂരിയമ്മയെ മനസ്സാ തൊഴുതു. ഇനിയും ആനമടയെത്താൻ വഴിയേറെ. ഇതിലും ദുർഘടമാകാനാണ് ചാൻസ് . തിരിഞ്ഞു മറിഞ്ഞു പോകുന്ന റോഡ് വശ്യതനിറഞ്ഞ കാഴ്ച്ചകൾക്കൊപ്പം അൽ‌പ്പം ഭയം കൂടി സമ്മാനിച്ചുവെന്നതാണ് സത്യം. മനസ്സില്ലാമനസ്സോടെ വണ്ടിയിൽ വീണ്ടും കയറുമ്പോൾ മനസ്സിൽ വിചാരിച്ചു:

“എത്ര സ്വച്ഛമായ ഭൂവിഭാഗം. ഇവിടം കൂടി ടൂറിസ്റ്റുകളായെത്തുന്നവർ കേടുവരുത്താതിരുന്നെങ്കിൽ!” വിചാരധാര പുറത്തേയ്ക്കൊഴുകിയോ അതോ മറ്റുള്ളവരുടെ മനസ്സിലെ ചിന്തകളും ഇതു തന്നെയായിരുന്നുവോ? എന്തോ , പിന്നീടു മുഴുവനും അവിടെയെത്തുന്ന വിനോദയാത്രക്കാരെക്കുറിച്ചും മദ്യലഹരി വരുത്തിക്കൂട്ടുന്ന അപകടങ്ങളെക്കുറിച്ചുമായിരുന്നു സംസാരം.മലമുകളിലുരുണ്ടുകൂടുന്ന കാർമേഘങ്ങൾ  മലകൾക്കു നീലനിറമേകി.  ഉരുളൻപാറക്കഷ്ണങ്ങൾ നിറഞ്ഞ റോഡിലൂടെ തെന്നിനീങ്ങുന്ന ജീപ്പിലിരുന്നു പുറകോട്ടു നോക്കിയപ്പോൾ പേടി തോന്നി.ജീപ്പ് ഇളകി മറിഞ്ഞ്  മുന്നോട്ടു നീങ്ങുമ്പോൾ ജീപ്പിൽ തൂക്കിയിട്ടിരിയ്ക്കുന്ന വെണ്ണക്കണ്ണന്റെ സ്റ്റിക്കർ നർത്തനമാടുന്നു.  റോഡിനടുത്ത് എവിടെയും ആൾത്താമസമില്ല.  ചായത്തോട്ടങ്ങൾക്കിടയിൽ  അങ്ങിങ്ങായി ഉപേക്ഷിയ്ക്കപ്പെട്ട രീതിയിൽ കാണപ്പെട്ട ചില കെട്ടിടങ്ങൾ മാത്രം. ദീർഘകാലത്തെ പാട്ടത്തിനു ശേഷം ഭൂമി സർക്കാർ തിരിച്ചെടുത്തപ്പോൾ ഉപേക്ഷിയ്ക്കപ്പെട്ട ക്വാർട്ടേർസുകൾ. പലതിനെക്കുറിച്ചും പറഞ്ഞുകൊണ്ടിരുന്ന ജീപ്പ് ഡ്രൈവർ കാട്ടിത്തന്ന  ഒരു കൊച്ചു വീട് ഈയിടെ പത്രവാർത്തയിൽ വന്നതായിരുന്നു. കൂട്ടം തെറ്റിയെത്തി അകത്തു കടന്ന ഒരു കൊച്ചാനക്കുട്ടിയെ ആനക്കൂട്ടം ഒന്നിച്ചെത്തി ഭിത്തി തകർത്തു രക്ഷിച്ച കഥ വായിച്ചതായോർമ്മ വന്നു. പിന്നീടു മുഴുവനും ആനകളെക്കുറിച്ചും നെല്ലിയാമ്പതിയിലെ മറ്റു കാട്ടു ജീവികളെക്കുറിച്ചുമായി സംസാരം.

‘നെല്ലിയാമ്പതിയിൽ മാനുകൾ ധാരാളം ഉണ്ട്, അല്ലേ? ‘

“മാനുകൾ മാത്രമല്ല, മലയണ്ണാനും , കാട്ടുപോത്തുകളും, വരയാടുകളും ധാരാളമാണിവിടെ. മുള്ളൻ പന്നി, സിംഹവാലൻ കുരങ്ങൻ എന്നിവയേയും കാണാം” ഡ്രൈവർ.

ഇരുവശങ്ങളിലേയും അനക്കങ്ങൾക്കായി മിഴികൾ നീണ്ടെങ്കിലും ജീപ്പിന്റെ ഇളക്കം കാരണം അത്ര ശ്രദ്ധിയ്ക്കാനായില്ല. നിറയെ മുഴുത്ത ചക്കകളുള്ള പ്ലാവുകൾ കൌതുകം തോന്നിച്ചു. വൈവിധ്യമേറിയ ഗന്ധങ്ങൾ മൂക്കിലടിച്ചു കയറുന്നു. വഴി കൂടുതൽ ഇരുളുന്നു.ആനമടയിലേയ്ക്കിനി അധിക ദൂരമില്ല എന്നു ഡ്രൈവർ പറഞ്ഞു. അവിടെയാണ് റിസോർട്ട്. അതു സ്ഥിതിചെയ്യുന്ന സ്ഥലം കാടിനു തൊട്ടുതന്നെയാണെന്നും കാട്ടുമൃഗങ്ങളൊക്കെ രാത്രിയിലും പുലർകാലത്തും ഇറങ്ങി വരുന്ന വഴികളാണെന്നും അറിഞ്ഞപ്പോൾ ഒരൽ‌പ്പം ത്രിൽ തോന്നാതിരുന്നില്ല. മദ്ധ്യാഹം വിടപറയാറായെങ്കിലും വിശപ്പിനേക്കാളേറെ മനസ്സിൽ ആനമട നിറഞ്ഞു നിന്നു. അവിടെ ആനയെ കാണാനാകുമോ? രാത്രി സവാരിയിൽ പെട്ടെന്നെങ്ങാനും മുന്നിൽ വന്നാലോ?

‘റിസോർട്ട് നല്ലതാകുമോ എന്തോ? “ ആർക്കോ ഒരൽ‌പ്പം ഗൃഹാതുരത പിടിപെട്ടുവോ?

“മൊബൈൽ റേഞ്ച് ഇല്ലെന്നാണു പറഞ്ഞത്. അതേതായാലും നന്നായി. രണ്ടു ദിവസം സ്വസ്ഥമായിരിയ്ക്കാമല്ലോ? “നിബിഡമായ വനത്തിനുള്ളിലൂടെ ജീപ്പ് മുന്നോട്ടു നീങ്ങവേ റോഡ് ചിലയിടങ്ങളിൽ വളരെ മെച്ചമായിക്കണ്ടു.  അരിയാനായത് പണ്ട് പ്ലാന്റേഷൻ തുടങ്ങിയ കാലത്ത് താഴെ നിന്നും മുകൾ വരെ കാറുകളിലായിരുന്നു മുതലാളിമാർ വന്നിരുന്നതത്രേ!. പിന്നീടെപ്പോഴോ മലവെള്ളപ്പാച്ചിലുകളിൽ ആകൃതി നഷ്ടപ്പെട്ട റോഡുകൾ സഞ്ചാരയോഗ്യമല്ലാതായി. ജീപ്പുകൾ മാത്രമേ ഇപ്പോൾ ഇതു വഴി വരൂ. ചുരുക്കിപ്പറഞ്ഞാൽ ഒന്നുകിൽ ഇത്രയും ദൂരം നടക്കണം, അഥവാ ഉപ്പു തൊട്ടു കർപ്പൂരം വരെ എന്തിനും ജീപ്പിനെ ആശ്രയിയ്ക്കണമെന്ന അവസ്ഥയാണിവിടെ.

ഒരുകുലുക്കത്തോടെ ജീപ്പു നിന്നപ്പോഴാണറിഞ്ഞത് , ഞൺഗൾ റിസോർട്ടിൽ എത്തിക്കഴിഞ്ഞിരിയ്ക്കുന്നുവെന്ന്. ഒരു ഭാഗത്തായി താമസിയ്ക്കാനുള്ള ആസ്ബസ്റ്റോസ് ഷീറ്റ് വിരിച്ച ചെമ്മൺനിന്റെ നിറമുള്ള ഭിത്തികളും വെളുത്ത പെയിന്റടിച്ച ജനാലകളുമുള്ള ഒറ്റ നിലയിലുള്ള താമസസ്ഥലങ്ങൾ..  റോഡിനു മറുഭാഗത്തായി അതേപോലെ തന്നെയുള്ള ഓഫീസ് മുറിയും പിന്നിലായി അടുക്കളയും. പക്ഷേ എന്നെ ഏറ്റവും അധികം ആകർഷിച്ചത് പനയോലപുതച്ച്ജ പർണ്ണകുടീരം പോലെ തോന്നിച്ച ഡൈനിംഗ് ഏരിയ തന്നെയായിരുന്നു. മുറ്റത്തു വിരിഞ്ഞു നിൽക്കുന്ന നിറമാർന്ന പൂക്കൾ സ്വാഗതമോതി. ചിരിച്ചുകൊണ്ട് സ്വാഗതമോതാനെത്തിയ കെയർ ടേക്കർ ഞങ്ങളുടെ ഇവിടത്തെ താമസം ഏറെ ഹൃദ്യമാവുമെന്ന് പറയുന്നപോലെ തോന്നി.

 മിസ്റ്റി വാലി റിസോർട്ടിൽ..

ജീപ്പിൽ നിന്നും ബാഗുകളെല്ലാം പുറത്തെടുത്ത് റൂമിൽ കൊണ്ടുവച്ചു. ഫ്രെഷ് ആയ ശേഷം ഭക്ഷണത്തിനായി പുറത്തു വരുന്നതിനു മുൻപായി മൊബൈലിൽ റേഞ്ച് ഉണ്ടോ എന്നു നോക്കി. തീരെ ഇല്ല. മൊബൈൽ ഇനി തിരിച്ചു താഴ്വാരം എത്തുന്നതുവരെ കാമറയായി മാത്രം ഉപയോഗിയ്ക്കാം. ചാർജ് ചെയ്യാൻ വെക്കാമെന്നു കരുതി. കറണ്ടില്ല. പോയിക്കാണുമെന്നു കരുതി. പിന്നീടാണറിയാൻ കഴിഞ്ഞത് ഇവിടെ വിദ്യുച്ഛക്തി ഇല്ലെന്നും രാത്രി മാത്രം ജനറേറ്റർ ഉപയോഗിച്ച് ലൈറ്റുകൾ മാത്രം കത്തിയ്ക്കുമെന്നും. മുറികളിൽ തീരെ ആവശ്യമില്ലാത്തതിനാൽത്തന്നെയാകാം ഒറ്റ ഫാനും ഘടിപ്പിച്ചിട്ടില്ല. അന്തരീക്ഷം തണുത്തു തുടങ്ങിക്കഴിഞ്ഞിരുന്നു. രാത്രി നല്ല തണുപ്പുണ്ടാകാനാണു സാദ്ധ്യതയെന്നു തോന്നി. സ്വെറ്റർ കരുതാതിരുന്നത് വിഡ്ഢിത്തമായി.

പുറത്ത് നിശ്ശബ്ദത ചൂഴ്ന്നു നിൽക്കുന്ന പ്രതീതി. കാറ്റില്ല, മറ്റു ശബ്ദങ്ങളും ഒന്നും കേൾക്കാനില്ല. കിളികളുടേയോ മൃഗങ്ങളുടേയോ ശബ്ദത്തിനായി കാതോർക്കുമ്പോൾ സ്വന്തം ശ്വാസോച്ഛാസം കേൾക്കാനാകുന്നു. കെയർ ടേക്കർ പറഞ്ഞു  ചിലപ്പോൾ ഇങ്ങനെയാണ്. പക്ഷേ കലപില കൂട്ടി ഒക്കെ ഒക്കെ ഇപ്പോൾ എത്തും. അയാൾക്കു പിന്നാലെ ഇലമേഞ്ഞ ഡൈനിംഗ് ഏരിയയിലെത്തവേ വൃത്തിയായി സെറ്റ് ചെയ്ത ഡൈനിംഗ് ടെബിളും കസേരകളും കണ്ടു. നിരന്നിരിയ്ക്കുന്ന പാത്രങ്ങളിലെ ആവിപറക്കുന്ന ചോറും സാമ്പാറും മറ്റു കറികളും വിശപ്പിനെ എവിടെ നിന്നും വിളിച്ചു വരുത്തിയെന്നറിഞ്ഞില്ല. രാവിലെ 7 മണിയ്ക്കു ലൈറ്റ് ആയി കഴിച്ച ബ്രേക്ഫാസ്റ്റിനുശേഷം ഒന്നും കഴിച്ചിരുന്നില്ലെന്ന് അപ്പോഴാണോർമ്മ വന്നത്. സ്വാദോടേ ഭക്ഷണം കഴിച്ചശേഷം പുറത്തു വന്നപ്പോൾ എതിർവശത്തെ മരച്ചില്ലകളിൽ ട്രപ്പീസ് കളിയ്ക്കുന്ന സിംഹവാലൻ കുരങ്ങന്മാരെ കാണാനായി.

“ശബ്ദമുണ്ടാക്കിയാൽ അവ പോകും..”ചുണ്ടത്തു വിരൽ വച്ച് കെയർടേക്കർ പറഞ്ഞു.മനസ്സിലാക്കിയിട്ടോ എന്തോ അവ പെട്ടെന്നപ്രത്യക്ഷമായി. ‘സാരമില്ല, അവ ഇനിയും വരും” കെയർടേക്കർ പറഞ്ഞു. ഡൈനിഗ് ഏരിയയിൽ നിൻ നും മുളയഴികളാൽ നിർമ്മിച്ച പൂമുഖകവാടം റോഡിനെ തൊട്ടുകൊണ്ടുതന്നെയാണ്. മുന്നിലൂടെ നീണ്ടു നിവർന്നു കിടന്ന അല്പം വീതിയുള്ള നിരപ്പായ റോഡ് ഏരെ ദൂരം വരെ കാണാമായിരുന്നു. റോഡിൽ ഇറങ്ങിയതും തൊട്ടായി നിൽക്കുന്ന വലിയ മരത്തിന്റെ തൊലി കടമുതൽ ചീന്തപ്പെട്ടിരിയ്ക്കുന്നത് ദൃഷ്ടിയിൽ‌പ്പെട്ടു. എന്തിനായിരിയ്ക്കാമെന്നു ചിന്തിയ്ക്കുന്നതിനു മുൻ[പേ ഉത്തരമെത്തി. ‘കാട്ടാനകൾ രാത്രിയിൽ കൊമ്പിട്ടുരസിയതിന്റെ പാടാണ്.” ഒരു നിമിഷം ഭയത്തിന്റെ നേരിയ ഒരു മിന്നൽ എല്ലാവരുടെയും മുഖത്തു വീശിയോ? ‘’ഇവിടെ ആനകൾ വരുന്ന സ്ഥലമാണോ?” ‘’കഴിഞ്ഞ ആഴ്ച്ചയിലും വന്നിരുന്നു’ മറുപടി പറയുമ്പോൾ ഞങ്ങളുടെ ഭയം കൂടിയതറിഞ്ഞിട്ടും പറഞ്ഞതു തികച്ചും സ്വാഭാവികരീതിയിലായിരുന്നു. അവർക്കിതിൽ പുതുമയൊന്നും കാണുന്നില്ലെന്ന കാര്യം അപ്പോഴാണൊർത്തത്.

.യാത്രയുടെ ക്ഷീണവും നിറഞ്ഞ വയറും നിദ്രയെ തേടിയപ്പോൽ ചിലർ ഉറങ്ങാൻ റൂമിലേയ്ക്കു തന്നെ പോയി. ചുറ്റും നടന്നു കാണാനായി എനിയ്ക്കു മോഹം ഞങ്ങൾ മുന്നിലെ റോഡിലൂടെ ഓരൺഗളിലെ വൃക്ഷലാതാദികളെയും കാട്ടുപൂക്കളുടെ ഭംഗിയേയും കണ്ടു നടന്നു തുടങ്ങി. പ്ലാന്റേഷൻ ആയതിനാൽ നിരയൊപ്പിച്ചു വളരുന്ന തേയിലച്ചെടികളും കാപ്പിച്ചെടികളും പടുകൂറ്റൻ സില്വർ ഓക് മരങ്ങളുമെല്ലാം കണ്ടു മുന്നോട്ടു നടക്കുമ്പോൾ തണുപ്പു കൂടിത്തുടങ്ങീ. അകലെ നിന്നും കനത്തമൂടൽമഞ്ഞോ മഴയോ ആണെന്നു തോന്നുന്നു ദൃശ്യങ്ങളെ അവ്യക്തമാക്കാൻ തുടങ്ങിയിരുന്നു. തുരുമ്പു പിടിച്ച ഒരു ട്രാൻസ്ഫോർമ്മർ ഒരു പഴയകാലകഥകളുമയവിറക്കി നിൽക്കുന്നു. തൊട്ടായി കണ്ട ക്ഷേത്രത്തിനകത്ത് വിളക്ക് മുനിഞ്ഞു കത്തുന്നതു കാണാനായി. പക്ഷേ ഇതു വരെയും ഒറ്റ മനുഷ്യജീവിയേപ്പോലുമിവിടെ കണ്ടില്ലെന്നകാര്യം ഓർമ്മയിൽ വന്നു. കാട്ടു ദേവതയെ തൊഴുതശേഷം തിരിച്ചു നടക്കുമ്പോൾ വഴിയരികിൽ നിൽക്കുന്ന കാട്ടുപൂക്കൾ പറിച്ചെടുത്തു. തിരിഞ്ഞു നോക്കുമ്പോൾ ഞങ്ങൾക്കു പിന്നാലെ മൂടല്മഞ്ഞു അതിവേഗം പടർന്നു വരുന്നതായിക്കണ്ട് നടപ്പിനു വേഗത കൂട്ടി.പ്രകൃതിയുടെ നിറമാറ്റമറിഞ്ഞ പക്ഷികൾ കലപിലകൂടി കൂട്ടമായി കൂടണയുന്നു. എത്ര വൈവിദ്ധ്യമാർന്ന പക്ഷികൾ! ചവറ്റിലക്കിളികൾ, തത്തകൾ, എന്നിവയെ തിരിച്ചറിയാനായി.സിൽവർ ഓക് മരങ്ങളിൽ കുരങ്ങന്മാർ നിർത്താതെ ചാടിക്കൊണ്ടിരിയ്ക്കുന്നുുൻപുണ്ടായിരുന്ന അസാധാരണമായ നിശ്ശ്ബ്ദതതയ്ക്കു പകരം ആകെ ലഹളമയം.   റിസോർട്ടിലെത്തിയതും എല്ലായിടവും മഞ്ഞു നിറഞ്ഞു കഴിഞ്ഞിരുന്നു. സുഖകരമായ കുളിർ മനസ്സിനു ലാഘവത്വമേകി. തുടർന്നു വന്ന മഴ  എല്ലായിടവും ഒട്ടീറനാക്കി പെട്ടെന്നു കടന്നുപോയപ്പോൾ പ്രകൃതിയുടെ സൌന്ദര്യം വീണ്ടും കൂടിയതു പോലെ. മിസ്റ്റി വാലി എന്ന പേർ അന്വർത്ഥമാക്കും വിധം രിസോർട്ടും പരിസരവും കുളിരണിഞ്ഞു നിന്നു.

ഉയരങ്ങളിൽ……

 

പുതുതായി പറിച്ചെടുത്ത പുതിനയിലയിട്ട ബ്ലാക് ടീയും ബിസ്കറ്റുംഎത്തിയപ്പോൾ ഉറങ്ങുന്നവരെയെല്ലാം വിളിച്ചുണർത്തി. പുതിനയുടെ ഹൃദ്യമായ മണം ചുറ്റുപാടും നിറഞ്ഞു.  ഈറനാർന്ന പ്രകൃതി നൽകിയ കുളിരിലലിഞ്ഞു മുറ്റത്തിരുന്ന് ബ്ലാക് ടീ നുണയുമ്പോൾ എന്തോ സായുജ്യം കിട്ടിയപോലെ. കോടമഞ്ഞും നനുത്തമഴയും കടന്നുപോയപ്പോൾ പ്രകൃതി വീണ്ടും ഉണർന്നുത്സാഹഭരിതയായി.. മരച്ചില്ലകളിൽ അനക്കങ്ങളും കാണായി. തൊട്ട റൂമിലെ ആൾക്കാർ തരിച്ചു പോകാനുള്ള ഒരുക്കത്തിലാണു. ഞങ്ങൾ ചായ കുടിച്ചശേഷം വീണ്ടുമൊരു നടത്തത്തിനു തയ്യാറായി.

‘ഇവിടെ വല്ല കടകളും കാണുമോ? ” ഞാൻ ചോദിച്ചു. പ്രത്യേകിച്ചു ഒന്നും വാങ്ങാനായിട്ടല്ലെങ്കിലും. നടത്തത്തിനു ഒരു ഉദ്ദേശമെങ്കിലുമാകുമല്ലോ?

“കുറച്ചു മുന്നോട്ടുപോയാൽ ഒരു കട കാണാം. കട എന്നു പറയാനാകില്ലെങ്കിലും പലതും സ്റ്റോക്ക്  ചെയ്യുന്നുണ്ട്, അവിടെ” കെയർ ടേക്കർ.എന്തായാലും ഒന്നു നടന്നുവരാൻ തീരുമാനിച്ചു. ഇത്തവണ കൂട്ടത്തിൽ മറ്റുള്ളവരിൽച്ചിലരും കൂടി. പഴയട്രാൻസ്ഫോർമ്മറും അമ്പലവും കടന്ന് മുന്നോട്ടു നീങ്ങിയപ്പോൾ  രണ്ടു പശുക്കൾ ഞങ്ങൾക്കു നേർക്കായി  വരുന്നത് കണ്ട് ഞങ്ങളെല്ലാം ഭയന്ന് എവിടെയെല്ലാമോ കയറി നിന്നു. കൂട്ടത്തിൽ വീട്ടിൽ പശുക്കളെ വളർത്തുന്നവർ കൂടി ഉണ്ടായിരുന്നതു കണ്ടപ്പോൾ ചിരി വന്നു. ഈ കാട്ടിൽ ഒരു പുല്ലനങ്ങിയാൽ‌പ്പോലും നമ്മൾ പേടിച്ചു പോകുന്നു. നിബിഡമായ കാടിന്റെ പ്രാഭവം അത്രമാത്രം എല്ലാവരേയും സ്വാധീനിച്ചിരിയ്ക്കുന്നു. സമീപത്തു കണ്ട ഗോഡൌൺ പോലെ തോന്നിയ്ക്കുന്ന കൊച്ചുവീടിനരികെ പാത്രം കഴുകുന്ന കൊച്ചു പയ്യനോട് ആരുടെ പശുക്കളാണിവയെന്നു ചോദിച്ചപ്പോൾ അവന്റേതാണെന്നു പറഞ്ഞു. അതിനെ പിടിച്ചുകൊണ്ടുപോകാൻ പറഞ്ഞ ശേഷം തിരിഞ്ഞു നോക്കിയപ്പോൾ അത്ഭുതം തോന്നി. കൊച്ചുപയ്യൻ പശുവിന്റെ കഴുത്തിൽ തൂങ്ങി മുഖം രണ്ടുകൈ കൊണ്ടും പിടിച്ച് തന്റെ മുഖത്തോട് അടുപ്പിച്ച് പറയുന്നതു കേൾക്കാനായി .’ വാ കണ്ണേ…ആത്തുക്കു പോകലാം’ ഹ! മൃഗങ്ങളെ വീട്ടിലെ അംഗങ്ങളെപ്പോലെ സ്നേഹിയ്ക്കുന്നവർ . അനങ്ങാതെ നിൽക്കുന്ന പശു അവന്റെ കിണുങ്ങലിനനുസരിച്ചു വാശിപിടിയ്ക്കുന്നതുപോലെ.  മുന്നോട്ടു നടന്നപ്പോൾ ഒന്നുരണ്ടു ചെറിയ വീടുകൾ. ആരും താമസിയ്ക്കുന്നുണ്ടെന്നേ തോന്നിയില്ല. ചുവരിൽ ചോക്കുകൊണ്ടു കുട്ടികളാരോ പേരുകൾ വലുതാക്കി എഴുതിയിരിയ്ക്കുന്നു. പെട്ടെന്നൊരനക്കം കേട്ടു. ആദ്യമായി ഇവിടെ ഒരു മനുഷ്യനെ കാണാനായി. പ്രായം കൂടിയ ആളാണ്. കട ചൂണ്ടിക്കാട്ടിത്തന്നെങ്കിലും അതൊരു കടയാണെന്നോ വീടാണെന്നോ തോന്നിയില്ല. ആകെ പന്തലിച്ച കാട്ടുചെടികൾക്കിടയിലൊരു ഗുഹാദ്വാരം പോലെ. കതകു തുറന്നപ്പോൾ വെള്ളത്താടിയും കട്ടിക്കണ്ണടയുമിട്ട ഒരു പടുവൃദ്ധനെക്കാണാൻ കഴിഞ്ഞു .ഇത്ര ദൂരവും അൽ‌പ്പം കുരച്ചും ശബ്ദമുണ്ടാക്കിയും ഞങ്ങളെ അനുഗമിച്ച ഒരു വളർത്തുനായ വൃദ്ധനെക്കണ്ടതും നിശ്ശബ്ദമായി. ബിസ്ക്കറ്റും  മിഠായിയും മറ്റു ചില സുഗന്ധവസ്തുക്കളും വാങ്ങി പൈസ  എത്രയായെന്നു ചോദിച്ചപ്പോഴാണു മനസ്സിലായത്, കണക്കു കൂട്ടാൻ അയാൾക്കു കഴിയുന്നില്ലെന്ന്. തൊണ്ണൂറിലധികം വയസ്സു കാണും എന്നൂഹിച്ചു. ഞങ്ങൾ തന്നെ പൈസ കണക്കാക്കി കൊടുക്കേണ്ടിവന്നു. കടയുടെ മുന്നിൽ നിൽക്കുന്ന മത്തങ്ങയുടെ വലുപ്പത്തിലുള്ള സുതാര്യമായ കായകളോടും നീണ്ട ഇലകളോടും കൂടിയ ചെടി ഞങ്ങൾക്ക് വിസ്മയമായി. പേരറിയില്ലെന്നും കൊമ്പുകുത്തിയാൽ പിടിയ്ക്കില്ലെന്നും പറഞ്ഞു. തിരിച്ചു റൂമിലെത്തി. വൈകുന്നേരമായപ്പോൾ റിസോർട്ടിൽ നിന്നും പശുക്കൾക്കു കൊടുക്കാനായി കഞ്ഞിവെള്ളമെടുക്കാനായി ഒരു വൃദ്ധൻ എത്തി.  പൊന്നുച്ചാമി. അയാൾക്കും 80-85 വയസ്സെങ്കിലും കാണുമെങ്കിലും നല്ല അരോഗ ദൃഢഗാത്രനായിത്തോന്നിച്ചു. വെള്ളം കൊണ്ടുപോകാനായിക്കൊണ്ടുവന്ന ബക്കറ്റ് താഴെ വച്ച് ഞങ്ങളോട് വളരെ സന്തോഷത്തോടെ വർത്തമാനം പറയാൻ തുടങ്ങി. ഏതാണ്ട് അമ്പതോളം ആൾക്കാരെ ഇപ്പോഴീ പ്രദേശത്ത താമസമുള്ളൂ. ഞങ്ങളെ കൊണ്ടുവന്ന ഡ്രൈവർ ഇയാളുടെ പേരക്കുട്ടിയാണ്. പശുവിനോടൊത്തു കണ്ടത് പേരക്കുട്ടിയുടെ കുട്ടിയും. ഏതാണ്ട് 50-60 വർഷം മുൻപിവിടെ എത്തിച്ചേർന്നതാണ്. പ്ലാന്റേഷൻ മുതലാളിയുടെ വിശ്വസ്തൻ. ഇപ്പോഴും അവർക്കായി ചെറിയ ജോലികൾ ചെയ്യുന്നു. മക്കൾ ജോലി ചെയ്യുന്നതും ഇവിടെത്തന്നെ. പൊള്ളാച്ചിയിലെ സ്കൂളിലാണ് ഇപ്രദേശത്തെ കുട്ടികളൊക്കെ പഠിയ്ക്കുന്നത് . അമ്മമാർ വാടകവീടുകളിൽ കുട്ടികൾക്കൊത്ത് താമസിയ്ക്കുന്നു. വീട്ടിൽ രണ്ടു ജീപ്പുണ്ടെങ്കിലും ഊഴമനുസരിച്ചു മാത്രം വിളിയ്ക്കപ്പെടുന്നതിനാൽ വരുമാനത്തിനായി  അവരും കാട്ടുപണികളിൽ ഏർപ്പെടുന്നു. യാതൊരു വിധ മാലിന്യവുമില്ലാത്ത പ്രകൃതിയും കാട്ടുകിഴങ്ങുകളും മെഡിസിനൽ ഗുണമുള്ള കാട്ടുൽ‌പ്പന്നങ്ങളും കാട്ടുമൃഗങ്ങളുടെ മാംസവും കഴിയ്ക്കുന്നതിനാലാകാം എല്ലാവരും ആരോഗ്യവാന്മാരായി കാണപ്പെട്ടത്.

“മലയണ്ണാന്മാരെക്കാണാനില്ലല്ലോ?” ആരോചോദിച്ചു. “ഇപ്പൊ വരും. കുരങ്ങന്മാർ ഈ ഭാഗത്താണെങ്കിൽ അവ മറുഭാഗത്തുപോകും. രണ്ടും പരസ്പ്പരം കലപില കൂട്ടിക്കൊണ്ടിരിയ്ക്കും’ പൊന്നുച്ചാമി. റോഡിന്റെ എതിർ ദിശയിലേയ്ക്കു ഞാൻ ഒറ്റയ്ക്കു നടന്നപ്പോൾ ആരോ തിരിച്ചു വിളിയ്ക്കുന്നു. കേൾക്കാത്ത മട്ടിൽ മുന്നോട്ടുപോയി. ശരിയ്ക്കും കൊടുങ്കാടു തുടങ്ങുകയാണിവിടെ . ചെറിയൊരു കലുങ്കിനു കീഴെക്കൂടി മലവെള്ളം ഒലിച്ചു പോകുന്നു. ഒരുവശത്തായുള്ള കിണറിൽ നിന്നും മോട്ടോർ വച്ചു പമ്പു ചെയ്ത വെള്ളംൾ മുകളിലെ മറ്റൊരു ഗസ്റ്റ് ഹൌസിലെ ടാങ്കിലും അവിടെ നിന്നും പൈപ്പുവഴി റിസോർട്ടിലും എത്തിച്ചേരുന്നു.ഒരു മാനിന്റെ മുഖാസ്ഥിയും കൊമ്പുകളും മരത്തിന്മേൾ കമ്പി വച്ചു കെട്ടിയിരിയ്ക്കുന്നു.  തിരിച്ചു വരാൻ നിർബന്ധം കൂടിയപ്പോൾ മനസ്സില്ലാമനസ്സോടേ തിരിഞ്ഞു നടന്നു. ‘ രണ്ടു ദിവസം മുൻപ് പുലിയിറങ്ങി വരയാടിനെ കൊണ്ടുപോയ സ്ഥലമാണ്. അങ്ങോട്ടു പോകണ്ട” കെയർടേക്കർ കാരണം പറഞ്ഞു. തിരിച്ചു റൂമിലെത്തിയപ്പോൾ ജനറേറ്റർ ഓൺചെയ്തിരുന്നതിനാൽ വെളിച്ചം വന്നു കഴിഞ്ഞിരുന്നു. രാത്രിഭക്ഷണത്തെക്കുറിച്ചു ചോദിയ്ക്കാൻ വന്ന സ്മാർട്ടായ പയ്യനോട് വർത്തമാനം പറഞ്ഞപ്പോഴാണറിഞ്ഞത്, അവനൊരു മെക്കാനിക്കൽ എഞ്ചിനീയറാണെന്നും ഇവിടെ പതിവായി സഹായത്തിനായെത്തുന്ന  അവന്റെ അച്ഛനു സുഖമില്ലാത്തതിനാൽ ഒരാഴ്ച ജോലിചെയ്യുന്ന മൾട്ടി നാഷണൽ കമ്പനിയിൽ നിന്നും ലീവെടുത്തു വന്നിരിയ്ക്കയാണെന്നും. ബഹുമാനം തോന്നി. അവനും പൊന്നുച്ചാമിയുടെ പേരക്കുട്ടി തന്നെ.രാത്രി 7 മണിയ്ക്കു കാമ്പ് ഫയർ. പിന്നെ എട്ടിനു നൈറ്റ് സഫാരി. ഒമ്പതിനു ഭക്ഷണം എന്നിവയെല്ലാം തീരുമാനിച്ചു. റൂമിൽ‌പ്പോയി തിരിച്ചു വരുമ്പോഴേയ്ക്കും കാമ്പ്ഫയറിനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു.

 

കാട്ടിൽ…..കൊടുങ്കാട്ടിൽ….

ഭംഗിയായി അടുക്കിയ വിറകിൻ മുട്ടികൾ കുത്തനെ നിർത്തി തയ്യാറാക്കിയ കാമ്പ് ഫയറിനു ചുറ്റുമിരുന്നു തീക്കായാൻ നല്ല സുഖം തോന്നി. സുഗന്ധത്തിന്നായി എന്തെല്ലാമൊക്കെയോ തീയിൽ ഇടുന്നതു കണ്ടു. കസേരകളിലിരുന്ന് തണുത്ത കൈകളും കാലുകളും തീയിനരികിലേയ്ക്കു നീട്ടാൻ എല്ലാവരും ഉത്സുകരായി. പക്ഷേ  ഇതു കഴിഞ്ഞുള്ള നൈറ്റ് സവാരി തന്നെയായിരുന്നു അപ്പോഴെല്ലാം എല്ലാവരുടേയും മനസ്സിലെന്നതായിരുന്നു സത്യം. എട്ടു മണിയോടെ ജീപ്പ് വന്നു നിന്നതും എല്ലാവരും ചാടിയെണീറ്റു. ഷാളെടുത്തു തലവഴി മൂടിപുതച്ചു.പുതിയ ഡ്രൈവർ തീരെ പയ്യൻ തന്നെയാണ്. ഞങ്ങളെ കൊണ്ടുവന്ന ഡ്രൈവറുടെ മകനാ‍ാണെന്നു തോന്നി. ഡ്രൈവർക്ക് തൊട്ടുപിന്നിലായാണു ജീപ്പിൽ ഞാനിരുന്നത്. ജീപ്പ് കാട്ടിടവഴിയിലൂടേ പതുക്കെ നീങ്ങി. ഒരു കയ്യിൽ സ്റ്റിയറിംഗും മറുകയ്യിൽ ശക്തിയേറിയ സെർച്ചു ലൈറ്റുമായി ഡ്രൈവർ കാടിന്റെ മുക്കിലും മൂലയിലും മൃഗങ്ങളെ കാട്ടിത്തരാൻ ജീപ്പിനെ പലപല കാട്ടുപാതകളിലൂടെ വളരെ കുറഞ്ഞവേഗത്തിൽ ഓടിച്ചു. ഏറെ ആവേശഭരിതരായിരുന്ന ഞങ്ങൾ പലതും പറയാനും ചൂണ്ടിക്കാട്ടാനും തുടങ്ങിയപ്പോൾ മിണ്ടാതിരിയ്ക്കണമെന്നും ശബ്ദമുണ്ടാക്കിയാൽ നഷ്ടം നിങ്ങൾക്കു തന്നെയാവുമെന്നും പറയാനയാൾ മറന്നില്ല. ജീപ്പ് ഉള്ളിലേയ്ക്കു പോകുന്തോറും വഴി ഇടുങ്ങിയതായിമാറിത്തുടങ്ങി. വനനിബിഡത കൂടിവന്നപ്പോൾ അൽ‌പ്പം പേടി തോന്നി. ആന വരുമോ എന്നായിരുന്നു എന്റെ പേടി. കാടിനുള്ളിൽ ആവശ്യാനുസരണം   വഴിത്താരകൾ സ്വയം  കണ്ടെത്താനും ഡ്രൈവർ മടിച്ചില്ല. സെർച്ച് ലൈറ്റ് വെട്ടത്തിൽ തിളങ്ങുന്ന പേടമാൻ മിഴികൾ, പേടിച്ചരണ്ടോടുന്ന മാൻ കൂട്ടങ്ങൾ, അനങ്ങാതെ നിർന്നിമേഷരായി ഞങ്ങളെത്തന്നെ അകലെ നിന്നു നോക്കുന്ന മാൻ എന്നിവയെല്ലാം ഞങ്ങൾക്ക് കാണാനായി. കൂടുതലായി കാട്ടുപോത്തുകളേയും പലയിടത്തും കൂട്ടമായി കണ്ടു. അത്തരം രണ്ടു കൂട്ടങ്ങൾക്കിടയിലൂടെ നിശ്ശബ്ദരായിരുന്നു ജീപ്പിൽ പോകുമ്പോൾ അവയുടെ വലുപ്പവും നോട്ടവും ഇത്തിരി ഭയപ്പെടുത്താതിരുന്നില്ല.ഫോട്ടോ എടുക്കാനൊരു ശ്രമം നടത്തി നോക്കി. പുലിയെ കാണാനായി കാടിന്റെ പലഭാഗത്തും സഞ്ചരിച്ചു.ഇന്നലെ പോയവർ പുലിയെ കണ്ടിരുന്നു. പക്ഷെ ഒറ്റ കാട്ടുപോത്തിനേയും അവർക്കു കാണാൻ കിട്ടിയില്ലെന്നു പറഞ്ഞു. ഒറ്റയാൻ പെട്ടെന്നെങ്ങാനും മുന്നിൽ എത്താമെന്ന ഭയമായിരുന്നു പലർക്കും. പക്ഷേ ഒന്നും കാണാനായില്ല. ടൂറിസ് ബംഗ്ലാവിന്റെ മുറ്റത്ത് ഒട്ടേറെ വലിയ മാനുകൾ. ഞങ്ങളെക്കണ്ടവ ഭയന്നോടി.  ഇതിനടുത്തായി ഈ കാട്ടിന്റെ നടുവിലായാണു ഞങ്ങളുടെ ഡ്രൈവർ താമസിയ്ക്കുന്നതെന്നു പറഞ്ഞപ്പോൾ അത്ഭുതം തോന്നി. കാടിന്റെ ഭയാനകതയും നിശ്ശബ്ദതയും അതിനെ കീറിമുറിയ്ക്കും വിധം ചിലയിടങ്ങളിൽ നിന്നുയരുന്ന ശബ്ദങ്ങളും ഈറനണിഞ്ഞ പ്രകൃതിയും രാത്രി സവാരിയെ  അവസ്മരണീയമാക്കി. ശ്വാസം പിടിച്ചിരുന്ന ഞങ്ങൾക്ക് തിരിച്ച് റിസോർട്ടിൽ വന്നപ്പോഴേ സമാധാനമായുള്ളൂ.

”ആവൂ..പുലിവരല്ലേയെന്നിത്രനേരവും പ്രാർത്ഥിയ്ക്കയായിരുന്നു ഞാൻ” ആരോ പറയുന്നു.

‘“ആന വരല്ലേയെന്നായിരുന്നു ഞാൻ പ്രാർത്ഥിച്ചത്…” മറ്റൊരാൾ. ഇതു രണ്ടും കാണാനാകാത്തതിന്റെ ഇച്ഛാഭംഗമായിരുന്നു എനിയ്ക്കപ്പോൾ. പക്ഷേ ഡ്രൈവർക്കു പിന്നിലിരിയ്ക്കുമ്പോൾ കാട്ടിലൂടെ സ്വയം വാഹനമോടിച്ചു പോകുന്നപോലുള്ളൊരു ത്രിൽ എനിയ്ക്കു കിട്ടിയെന്നതായിരുന്നു സത്യം.  ഈറൻ കാറ്റിൽ കാടിന്റെ മണം  ഇപ്പോഴും വിട്ടുമാറാത്തപോലെ പിന്തുടരുന്നുവോ?  എല്ലാവരും നന്നായി തണുത്തു വിറച്ചിരുന്നു.ഞങ്ങളേയും കാത്തിരുന്ന ചൂടേറിയ ഭക്ഷണം വളരെ രുചിയോടെ എല്ലാവരും ആസ്വദിച്ചു.   വീണ്ടും തീ കത്തിച്ച്   തീക്കു ചുറ്റും വട്ടമായിരുന്ന് പ്ലേറ്റിൽ പൂളിവച്ച മാമ്പഴക്കഷ്ണങ്ങൾ തിന്നുമ്പോഴും എല്ലാവർക്കും സവാരിയെക്കുറിച്ചു മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ. അനുഭവങ്ങളെ അയവിറക്കിയും കേട്ടകാര്യങ്ങളെക്കുറിച്ച് ചർച്ചചെയ്തും സമയം ഏറെയായതറിഞ്ഞില്ല. എല്ലാവർക്കും ഗുഡ്നൈറ്റ് ആശംസിച്ച് ക്വിൽറ്റിനുള്ളിലേയ്ക്കു നുഴഞ്ഞു കയറുമ്പോൾ മനസ്സിൽ കോടമഞ്ഞിൽക്കുളിച്ച പ്രഭാതം കാണാനുള്ള കൊതി മാത്രമായിരുന്നു. ഉറങ്ങാൻ കിടന്നപ്പോൾ വീണ്ടും ജീപ്പു യാത്ര ഓർമ്മ വന്നു. പല കാടുകളും കണ്ടിട്ടുണ്ടെങ്കിലും ഇത്രയും നിബിഢമായ വനപ്രദേശം ആദ്യമായി കാണുകയായിരുന്നു. അതും രാത്രിയുടെ മറവിൽ. കാട്ടുമൃഗങ്ങൾ എത്ര ജാഗരൂകരാണെന്നു കാണാനായി. ഓരോ നിമിഷത്തിലും അപകടങ്ങളെ മാത്രം അവർ പ്രതീക്ഷിയ്ക്കുന്നുണ്ടാവാം. ചാടിവീഴാവുന്ന ആക്രമണങ്ങൾ അവർക്കു സാധാരണം മാത്രമായിരിയ്ക്കാം. ആലോചിച്ചാലോചിച്ച് എപ്പോഴാണു ഉറക്കത്തിലേയ്ക്കു വഴുതിവീണതെന്നറിഞ്ഞില്ല. രാവിലെ കിളികളുടെ കളകളാരവമാണെന്നെ ഉണർത്തിയത്.

വിട..

വളരെ നേരത്തെ തന്നെ ഉണർന്നെങ്കിലും പുറത്തെ ശബ്ദങ്ങൾക്കു ചെവിയോർത്തു അൽപ്പനേരമിരുന്നു. ചവറ്റില കിളികളുടെ ചിലയ്ക്കലാണധികവും. പിന്നെ പല്ലു തേച്ചു ഫ്രെഷ് ആയി ഷാൾകൊണ്ടു മൂടിപ്പുതച്ച് വെളിയിൽ വന്നപ്പോഴേയ്ക്കും പലരും എഴുന്നേറ്റു വന്നു കഴിഞ്ഞിരുന്നു. മൂടൽമഞ്ഞ് പുതച്ച പ്രകൃതി ഏറെ സുന്ദരമായിത്തോഞ്ഞിച്ചു. നനഞ്ഞീറനായ പുതുപൂക്കൾ പുഞ്ചിരിച്ചു കുശലം പറഞ്ഞു. ബ്ലാക് കോഫിയും മൊത്തി റിസോർട്ടിന്റെ മുറ്റത്തേറെ നേരം ഇരുന്നു. പലതരം പക്ഷികളുടെ കളകൂജനങ്ങൾ. മുറ്റത്തു കൊത്തിപ്പേറുക്കുന്നവയേയും കണ്ടു. ആരോ ധാന്യ്മണികൾ പതിവായി കൊടുക്കുന്നുണ്ടായിരിയ്ക്കും. തൊട്ടുള്ള പടർന്നു പന്തലിച്ച പാഷൻ ഫ്രൂട്ട് വള്ളികളാൽ നിർമ്മിയ്ക്കപ്പെട്ട വള്ളിപ്പന്തലിൽ  ധാരാളമായി പഴുത്ത പാഷൻ ഫ്രൂട്ടുകൾ തൂങ്ങിക്കിടന്നു. വള്ളിത്താമരപ്പൂവെന്നു ഞങ്ങൾ പറയുന്ന വയലറ്റ് കളറിലെ പൂ കണ്ടപ്പോൾ കുട്ടിക്കാലം ഓർമ്മ വന്നു. അതിലെ ഓരോ ഇതളും കൌരവരാണെന്നും, നടുവിൽ പാണ്ഡവരും, ബ്രഹ്മാവും പാഞ്ചാലിയും ഒക്കെയായി വിഭാവനം ചെയ്യപ്പെട്ട ഈ പൂ എനിയ്ക്കേറെ ഇഷ്ടമായിരുന്നു. ആരുടെ കൽ‌പ്പനാവൈഭവമാണോ ആവോ?   പലതരം പനിനീർപ്പുഷ്പ്പങ്ങൾ വിരിഞ്ഞു നിൽക്കുന്ന ചെടികൾ.. എന്തു മിഴിവും വലുപ്പവും മണവും. മുല്ലപ്പൂക്കൾക്കെന്തു വാസന!. ഏറെയുയരത്തിൽ ക്രിസ്തുമസ് ട്രീ പോലെ നിൽക്കുന്ന വെള്ളച്ചെമ്പരത്തിച്ചെടിമേൽ  പൂക്കൾ ആരോ തുന്നിപ്പിടിപ്പിച്ചപോലെ ഭംഗിയോടെ നിൽക്കുന്നു. ഏതുകാലത്തും ഇതിന്മേൽ പൂക്കൾ വിരിയുമത്രേ!. ഇലപ്പടർപ്പുകളും പൂച്ചെടികളും കണ്ടു മുന്നോട്ടു നീങ്ങി. അകലെ മലമുകളിൽ മേയുന്ന കാട്ടുപോത്തുകളെ അവ്യക്തമായി ഇവിടെ നിന്നാൽ കാണാം. ആരോ ചൂണ്ടിക്കാണിച്ചു തന്നു. പതുക്കെപ്പതുക്കെ അവ കുന്നിന്റെ മറുഭാഗത്തേയ്ക്ക് അപ്രത്യക്ഷമാകുന്നത് കാണാനായി.

വന്ന ദിവസം കാണാൻ കഴിഞ്ഞ സിംഹവാലൻ കുരങ്ങന്മാരേയും തേടി റിസോർട്ടിനു പുറകുവശത്തെത്തിയപ്പോൾ പിൻഭാഗത്തെ ഷെഡ്ഡിലൊരനക്കം. അൽ‌പ്പം മൂടൽമഞ്ഞുള്ളതിനാൽ ആരാണെന്നു മനസ്സിലാക്കാനായില്ല. അടുത്തു ചെന്നപ്പോൾ വലിയൊരു അലുമിനിയപ്പാത്രത്തിന്റെ അടിയിലെ കരി ചുരണ്ടിക്കളഞ്ഞുകൊണ്ടിരിയ്ക്കുന്ന പൊന്നുച്ചാമിയെ കണ്ടു. എന്നെക്കണ്ടപ്പോൽ പണിനിർത്തി എഴുനേറ്റ് അടുത്തു വന്നു കുശലം പറയാൻ തുടങ്ങി. പുറത്തു നിന്നും വരുന്ന  ആരെയെങ്കിലും കാണാനും സംസാരിയ്ക്കാനും ഇവർക്കൊക്കെ എത്ര ഔത്സുക്യമെന്ന് തോന്നി. എൺപത്തഞ്ചോളം വയസ്സായി ഇയാൾക്ക്. പ്ലാന്റേഷൻ മുതലാളിമാർ പോകുംവരെ അവർക്കൊത്തായിരുന്നു. ഇപ്പോഴും കാട്ടിൽ പണി ചെയ്യുന്നവർക്കായി ചായ ഉണ്ടാക്കിക്കൊടുത്ത് വരുമാനമുണ്ടാക്കുന്നു. കല്ലടുപ്പിൽ തീ പൂട്ടി വലിയ പാത്രത്തിൽ വെള്ളമൊഴിച്ചു കേറ്റിവച്ച് തിളപ്പിയ്ക്കുമ്പോഴെല്ലാം നിർത്താതെ വർത്തമാനം പറഞ്ഞുകൊണ്ടേയിരുന്നു. ഒന്നു മനസ്സിലായി, കാടിനെക്കുറിച്ചും ഗതകാലത്തെക്കുറിച്ചും എത്ര പറഞ്ഞാലും തീരാത്തത്ര കഥകൾ ഇവർക്കുണ്ട്. എത്രവേണമെങ്കിലും സംസാരിയ്ക്കാനും ഇവർ തയ്യാർ തന്നെ. ഇവരുടെ പ്രസന്ന മനോഭാവവും സംതൃപ്തമായ ജീവിതവും അദ്ധാന തത്പരതയും എന്നെ വല്ലാതാകർഷിച്ചു. ഒരു ഡോക്ടറോ ആസ്പത്രിയോ, മറ്റു സൌകര്യങ്ങളോ ഇല്ലാതെ കാടിനോടും കാട്ടുമൃഗങ്ങളോടുമൊത്ത് അവയെ സ്നേഹിച്ചും മണ്ണിനോടു പടപൊരുരുതിയുമുള്ള ആ ഗതകാലം ഇന്നു കാണാക്കാഴ്ച്ചയായി മാറിക്കഴിഞ്ഞുവല്ലോ? വർത്തമാനം പറഞ്ഞു നേരം പോയതറിഞ്ഞില്ല. ബ്രെക്ഫാസ്റ്റ് തയ്യാറായെന്ന അറിയിപ്പു കേട്ടപ്പോൾ പൊന്നുച്ചാമിയോട് വിട പറഞ്ഞു ഞാൻ ഡൈനിംഗ് ഏരിയയിൽ മറ്റുള്ളവർക്കൊത്തു ചേർന്നു.

ആവി പറക്കുന്ന പൂട്ടും കടലക്കറിയും ടേബിളിലെത്തി. പുട്ടിന്റെ മൃദുത്വവും ഭംഗിയും എന്നെ വല്ലാതെ ആകർഷിച്ചു. നല്ല വിശപ്പുണ്ടായിരുന്നതിനാൽ നന്നായി കഴിച്ചു. കൈകഴുകിയ ശേഷം പുറകുവശത്തെ അടുക്കള സന്ദർശിച്ചപ്പോൾ ഒരേസമയം 10 പുട്ടുകുറ്റികൾ വയ്ക്കാവുന്ന പാത്രവും ആവി പറക്കുന്ന കുറ്റികളും കാണാനായി. നല്ല ഭക്ഷണമൊരുക്കിയതിനൊരു നന്ദി അറിയിച്ചശേഷം  പുറത്തു വന്നപ്പോൾ ഇന്നു മടങ്ങുകയാണല്ലോ എന്ന ചിന്ത മനസ്സിലോടിയെത്തി.ഒരൽ‌പ്പം ദു:ഖം തോന്നാതിരുന്നില്ല. പക്ഷേ കഴിഞ്ഞദിവസത്തെ സംഭാഷണമാണോർമ്മയിൽ വന്നത്.

“ ടി.വി.യില്ല,ഫോൺ ഇല്ല, മൊബൈൽ ഇല്ല, എന്താ രസം, അല്ലേ? “ ഞാൻ ചോദിയ്ക്കുകയായിരുന്നു.  ‘എത്രയധികം സമയമുണ്ട് എന്തൊക്കെയെങ്കിലും ചെയ്യാനായി. പ്രകൃതിയെ അറിയാനും ആസ്വദിയ്ക്കാനുമൊക്കെ.എത്രദിവസം വേണമെങ്കിലും ഇവിടെ താമസിയ്ക്കാനാകും”

“കുറെ ദിവസം ഇവിടെ താമസിയ്ക്കാമെന്നൊക്കെ ഇപ്പോൾ തോന്നും. കൂടിയാൽ നാലു ദിവസം . അതിനകം ബോറടിയ്ക്കാൻ തുടങ്ങൂം.” സുഹൃത്തു പറഞ്ഞു. ശരിയായിരിയ്ക്കാം. അത്രമാത്രം നാം പുതിയ മറ്റീരിയലിസ്റ്റ് വേൾഡിനോട് അടിമപ്പെട്ടു കഴിഞ്ഞുവല്ലോ. ലോകമെല്ലാം തന്നെ വിരൽത്തുമ്പുകളിലൊതുക്കുന്ന ജീവിതശൈലിയുടെ അടിമകളായല്ലോ നമ്മളെല്ലാം. പുതിയ ഭക്ഷണരീതികളും സുഖസൌകര്യങ്ങളുമില്ലാത്ത ജീവിതം ഇനിയെങ്ങിനെ ആസ്വാദ്യകരമാകാൻ?

ഞങ്ങൾക്കു പോകാനുള്ള ജീപ്പ് തയ്യാറായി വന്നല്ലോ?പിന്നീടു കാണാനും ഓർക്കാനുമായി എല്ലാവരും ചേർന്നുള്ള ചില ഫോട്ടോകൾ എടുത്തു. ബാഗെല്ലം എടുത്തു ജീപ്പിൽ വച്ചു. റിസോർട്ടിലെ കണക്കു തീർത്തു. ഹൃദ്യമായ താമസത്തിനു നന്ദിയോതി. മുറ്റത്തു വിടർന്നു നിൽക്കുന്ന തുടുത്ത കാക്കാത്തിപ്പൂക്കൾ ചോദിച്ചു: “ ഇനിയും വരില്ലേ, വൈകാതെ? “   “തീർച്ചയായും. വീട്ടിലെ മറ്റുള്ളവരെയെല്ലാം  കൂട്ടി വൈകാതെ ഇങ്ങെത്താം” “ മലമുകളിലെ ഈ സുഹൃത്തുക്കളുടെ അന്വേഷണം എല്ലാവരേയും അറിയിയ്ക്കണേ..” തലകുലുക്കുമ്പോൾ മനസ്സിൽ ഒരു നഷ്ടബോധം ബാക്കി. ഇരുണ്ട കാടിന്റെ ഇടയിലൂടെയുള്ള വഴിയിലേയ്ക്കു ജീപ്പ് തിരിഞ്ഞപ്പോൾ ഒന്നു തിരിഞ്ഞു നോക്കാതിരിയ്ക്കാനായില്ല. വിട…കാടിനും മക്കൾക്കും.വഴിയരികിലെ കറുത്തിരണ്ട കാപ്പിയിലകൾ നേർത്ത മർമ്മരമുതിർത്ത്  കൈകളാട്ടി ഞങ്ങളോടും ബൈ പറയുന്നുവോ?

 

സീതാർഗുണ്ടിലൂടെ മടക്കം…

തിരികെ പോരുമ്പോഴും പല വ്യൂപോയന്റുകളിലും  നിർത്തിത്തന്നെയാണു ഞങ്ങൾ പോന്നത്.പല അപകടങ്ങളും നടന്ന സ്ഥലവും കണ്ടു. കാര്യാശ്ശൂരിയിലും കുറച്ചു നേരം വീണ്ടും ചിലവഴിച്ച് പ്രകൃതിയുടെ അവർണ്ണനീയമായ ഭംഗിയെ മതിവരുവോളമാസ്വദിച്ചു.   സീതാർകുണ്ഡ് കാണാതെ പോകുന്നതെങ്ങനെ? പുലയപ്പാറയിൽ തിരിച്ചെത്തി അവിടെനിന്നും കാറിൽ പോകാവുന്നതാണെന്നു ജീപ്പ് ഡ്രൈവർ പറഞ്ഞു. ഏറെ കേട്ടിട്ടുണ്ട് വനവാസകാലത്ത് രാമൻ സീതയുടെയും ലക്ഷ്മണന്റേയും ഒപ്പം ഇവിടെ വസിച്ചിട്ടുണ്ടെന്നും ഇവിടത്തെ ജലാശയത്തിലെ വെള്ളം കൊണ്ട് പ്രകൃതിയെ തർപ്പണം ചെയ്തിരുന്നുവെന്നും.ഇത്തരം കഥകൾ ഭാരതത്തിലുടനീളം പലയിടത്തും കേൾക്കാനായിട്ടുണ്ടെന്നകാര്യം വേറെ.   ജീപ്പിൽ പുലയപ്പാറയിൽ വന്നിറങ്ങി ഞങ്ങൾ ബാഗുകളെല്ലാമെടുത്ത് കാറിൽ വച്ചു.

കാർ പാർക്കിംഗ് ചാർജും ജീപ്പുവാടകയും കണക്കു തീർത്ത് അൽ‌പ്പം ഷോപ്പിംഗിനായി മുന്നിൽക്കണ്ട ഔട്ലെറ്റിൽ കയറി. തൊട്ടു മുന്നിൽ  ഗവണേണ്ടിന്റെ അഗ്രിക്കൾച്ചറൽ ഡിപ്പാർട്ടുമെന്റിനു കീഴിലുള്ള ഓറഞ്ച് & വെജിറ്റബിൾ ഫാം ഇരുനൂറ്റമ്പതോളം ഏക്കറിൽ പരന്നു കിടക്കുന്നു. സീസണല്ലാത്തതിനാൽ ഓറഞ്ച് വിളഞ്ഞിട്ടില്ല.  കേരളത്തിന്റെ നാഗ്പൂർ ആണീ സ്ഥലമെന്നു കേട്ടിട്ടുണ്ട്. ഇനിയൊരിയ്ക്കൽ സ മൃദ്ധമായി വിളഞ്ഞു നിൽക്കുന്ന നാരങ്ങാത്തോട്ടൺഗൾ കാണാനായി ഇവിടെ വരണം, മനസ്സിൽക്കരുതി. നല്ല രസമായിരിയ്ക്കും കാണാൻ, തിന്നാനും. റിസോർട്ടിലെ കെയർടെക്കർ പറഞ്ഞിരുന്നു.അതുപോലെ പേരയ്ക്കാത്തോട്ടങ്ങളും പാഷൻഫ്രൂട്ട് തോട്ടങ്ങളും വഴിയരുകിൽ ധാരാളമായി കണ്ടിരുന്നു.   ഫ്രെഷായി തയ്യാറാക്കിയെടുത്ത പലതരം സ്ക്വാഷുകളും ജാമുകളും സുഗന്ധവസ്തുക്കളും വിൽ‌പ്പനയ്ക്കായി കുപ്പികളിലും പായ്ക്കറ്റുകളിലുമായി വച്ചിരിയ്ക്കുന്നു. അവയിൽ പാഷൻഫ്രൂട്ട് സ്ക്ക്വാഷ്, ജാമുൻ സ്ക്ക്വാഷ്, ഗ്രീൻ മാംഗോ സ്ക്ക്വാഷ്, പഞ്ചസാരപ്പാവിൽ മുക്കിയെടുത്തുണക്കിയ ഇഞ്ചിമിട്ടായി, നെല്ലിക്ക മിട്ടായി, പലതരം ജാമുകൾ എന്നിവയെല്ലാം ഞങ്ങൾ വാങ്ങി. അടുത്തുതന്നെയുള്ള മറ്റൊരു ഷോപ്പിൽ നിന്നും ഫ്രെഷ് ആയ ചായപ്പാക്കറ്റുകളും ചുക്കുകാപ്പിപൌഡറുമെല്ലാം വാങ്ങി.

ഏറെ മനോഹരമായ ഈ മലയിടുക്ക് സ്ഥിതിചെയ്യുന്ന സ്ഥലത്തു നിന്നാൽ കിട്ടുന്ന കാഴ്ച്ച അവിസ്മരണീയമാണു.പ്രകൃതിയൊരുക്കുന്ന നയനമനോഹരമായ ഈ ചിത്രം കാണണമെങ്കിൽ കൈകാട്ടിയിൽ നിന്നും  പി.ഒ.ഏ. ബി. എസ് എസ്റ്റേറ്റിലൂടെ കാപ്പി, ചായ,ഏലത്തോട്ടങ്ങൾക്കിടയിലൂടെ വിവിധതരം സുഗന്ധങ്ങളുമായെത്തുന്ന കാറ്റുംകൊണ്ടു ഏറ്റവും മുകളിലെ പോയന്റിൽ എത്തണം. പുതുചായയുടെ ഗന്ധം ഫാക്ടറികളിൽ നിന്നും അന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കുന്നു. നവോന്മേഷത്തിനായൊരു ചായ കുടിച്ച പ്രതീതി. ഇവിടത്തെ കാപ്പിത്തോട്ടങ്ങളും ചായത്തോട്ടങ്ങളും ബ്രിട്ടീഷുകാരുടെ സംഭാവനയാണു. അവർ പോയ ശേഷം മാത്രമാണവ സ്വകാര്യവ്യക്തികളുടെ കൈവശം വന്നുചേർന്നത്.പച്ചചായം തട്ടിമറിച്ചെന്നോണം വരിയൊപ്പിച്ചു കാണുന്ന ചായത്തോട്ടങ്ങൾ   . ആയിരക്കണക്കിനു ഏക്കർ സ്ഥലത്തായി പരന്നു കിടക്കുന്ന പി.ഓ.ബി.എസ് എസ്റ്റേറ്റിലൂടെ മുകളിലേയ്ക്കു കയറുമ്പോൾ ചായത്തോട്ടങ്ങളുടെ ചാരുത ഏറെ നുകരാനായി.ഒരു പ്രത്യേകതതരം ഭംഗിയാണ് മലയിടുക്കുകൾക്കു ചായത്തോട്ടങ്ങൾ നൽകുന്നത്. അവയ്ക്കിടയിലൂടെ ഓടി നടക്കാൻ തോന്നും കണ്ടാൽ.  സിൽവർ ഓക് മരങ്ങൾ എവിടേയും കാണാൻ കഴിഞ്ഞു. ഒരുവിധം തണുപ്പുള്ള എല്ലായിടത്തും ഈ മരങ്ങൾ കാണാനായിട്ടുണ്ട്. മുകൾത്തട്ടിൽ കാർ പാർക്ക് ചെയ്തു. പി.ഓ. ഏ. ബി. എസ് ഓർഗാനിക് ഗാർഡന്റെ ഉത്പന്നമായ ബ്ലാക് ടീ,ഗ്രീൻ ടീ, കോഫീ പൌഡർ, റോസ്റ്റഡ് കോഫീ, പെപ്പർ പൌഡർ, വൈറ്റ് പെപ്പര്, ഗ്രീൻ പെപ്പർ,  ഫ്രെഷ് മിൽക്, ടീ,കോഫീ, ഫ്രൂട്ട്ജ്യൂസ്,ഐസ് ടീ, ബനാന, സ്ട്രോബെറി,  വെജിറ്റബിൾസ്, ജാം, നെയ്യ്, കാർഡമം, ഗാർഡൻ  പ്ലാന്റ്സ് എന്നിവയെല്ലാം ഇവിടെ ലഭ്യമാണ്. തോട്ടൺഗളിൽ പച്ചബോറ്ഡുകളിൽ വിളയുടെ വിവരണങ്ങൾ കണ്ടു. വിവിധ വിളകൾക്കിടയിലൂടെ നടക്കുമ്പോൾ ദൂരെ ജലപ്പരപ്പു കണ്ടുചുള്ളിയാർ, മീങ്കര അണക്കെട്ടുകളാണു.  ചായത്തോട്ടങ്ങളും ഓർഗാനിക് ഗാർഡനുകളും പിന്നിട്ട് കുറെക്കൂടി മുന്നോട്ടു നടന്നപ്പോൾ സീതാർഗുണ്ട് വ്യൂപോയന്റിലെത്തി. ആഹ! താഴെ നീണ്ടുപരന്നു കിടക്കുന്ന കൊല്ലങ്കോട് പട്ടണം. മുകളിൽ നിന്നും നോക്കുമ്പോൾ ഏറെ അഗാധവും അവിസ്മരണീയവുമായ ഒരു കാഴ്ച്ച. അധികം വക്കത്തേയ്ക്കു പോകാതരിയ്ക്കാൻ ശ്രദ്ധിച്ചു. ഒന്നു കാൽ വഴുതിയാൽ എല്ലാം കഴിഞ്ഞു.പക്ഷേ അത്തരം അപകടങ്ങൾ ഈ വ്യൂപോയൻറ്റിൽ കുറവാണെന്നാണറിയാൻ കഴിഞ്ഞത്.  മനസ്സിലും കാമറയിലുമായി കാഴ്ചകളെ ഒപ്പിയെടൂത്ത് തിരിഞ്ഞു നടന്നു കാറിൽ കയറി.ആസ്ബസ്റ്റോസ് മേഞ്ഞ ചെറിയ ക്വാർട്ടേർസുകളും ഗോഡൌണുകളും കണ്ട് മറുവശത്തുകൂടി താഴെയിറങ്ങുമ്പോൾ  ഈ ദൂരമൊക്കെ നടന്നു പോകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന വ്യാമോഹമാണുണ്ടായത്. ഇവിടെ നിന്നും നെന്മാറ്യ്ക്കു മുപ്പത്തിനാലും പാലക്കാട്ടേയ്ക്ക് അറുപത്തഞ്ചും തൃശ്ശൂർക്ക് എൺപത്തിരണ്ടും കിലോമീറ്റർ ദൂരമെന്നെഴുതിയ ബോർഡും കാണാനായി.

നെന്മാറയിലെത്തിയപ്പോൾ വിശപ്പ് തോന്നിയ്ല്ലെങ്കിലും ഉച്ചഭക്ഷണം എല്ലാവർക്കും ഒന്നിച്ചു വേണമെന്ന മോഹത്താൽ ഹോട്ടലിൽ കയറി. കറണ്ടില്ലാത്തതിനാൽ വിയർത്തൊലിച്ച് ഭക്ഷണശേഷം പുറത്തുവന്നു. കൂട്ടുകാർക്കെല്ലാം കൈകൊടുത്തു പിരിഞ്ഞ് കാറിൽ കയറുമ്പോൾ മനസ്സു നെല്ലിയാമ്പതിക്കാടുകളിലെ സില്വർ ഓക്ക് മരങ്ങൾക്കൊപ്പം ആടിക്കൊണ്ടേയിരുന്നു…മൂക്കിൽ ഇപ്പോഴും ചായയുടെ ലഹരി പകരുന്ന സുഗന്ധവും അടിച്ചു കയറുന്നതുപോലെ. കാര്യാശ്ശൂരി അമ്മ മന്ദഹസിയ്ക്കുന്നുവോ?

(Published in  www.eastcoastdaily.com as column )

 

 

One Response to “സഹ്യാദ്രി വിളിയ്ക്കുന്നു…”

  1. കെ.ബാലചന്ദ്രന്‍

    പതി ഒരു പ്രദേശത്തെ സൂചിപ്പിക്കുന്ന പദമല്ലേ?
    എരുത്തേന്‍ പതി-കേട്ടിട്ടുണ്ട്‌.വഞ്ചിക്കുന്നം പതിയും.

Leave a Reply

Your email address will not be published. Required fields are marked *