രാമായണമാസത്തിൽ ഒരു ലേപക്ഷി യാത്ര

Posted by & filed under Uncategorized.

East Coast Online's photo.

ലേപക്ഷിയെന്ന സ്ഥലത്തെപ്പറ്റി ഈയിടെയാണറിയാൻ കഴിഞ്ഞത്.  രാമായണമാസത്തിൽ തന്നെ ലേപക്ഷിയിലേയ്ക്കൊരു യാത്രയെക്കുറിച്ചുള്ള ചിന്തയുണർന്നപ്പോൾ സന്തോഷം തോന്നി.സീതയെ ആകാശമാർഗ്ഗേണ കട്ടുകൊണ്ടു പോകുന്ന  രാവണനുമായുള്ള പോരാട്ടത്തിൽ പരുക്കേറ്റ ജടായു,സീതാനുഗ്രഹത്താൽ മരിയ്ക്കാതെ  മോക്ഷത്തിനായി ശ്രീരാമനേയും കാത്തു കിടന്ന സ്ഥലം.  കേട്ടപ്പോൾ മുതൽ കാണാൻ ധൃതിയായി .ആദ്യം വിശ്വസിയ്ക്കാനായില്ല, ഇങ്ങനെ ഒരു സ്ഥലമുണ്ടെന്ന കാര്യം.  പിന്നീട് ബാംഗളൂർ വരുമ്പോഴെല്ലാം കരുതിയതാണു പോകണമെന്ന്. പക്ഷേ ഇപ്പോഴാണതിനു സാധിച്ചതെന്നു മാത്രം.ഇവിടെ നിന്നും രണ്ടുമണിക്കൂർ നേരം മാത്രം മതിയെന്നറിയാമായിരുന്നു. 122 കിലോമീറ്റർ ദൂരം മാത്രം. ലേപക്ഷി സ്ഥിതിചെയ്യുന്നത് ആന്ധ്രയിലെ അനന്ത്പുർ ജില്ലയിലാണ്. കർണ്ണാടക-ആന്ധ്ര ബോറ്ഡറിലെ ഒരു ഗ്രാമപ്രദേശമാണിതെന്നറിയാമായിരുന്നു. യാത്ര തീരുമാനമായപ്പോൾ ഉത്സാഹം അണപൊട്ടിയൊഴുകി. ചരിത്രപ്രസിദ്ധമായ ഒരു സ്ഥലം സന്ദർശിയ്ക്കാനുള്ള മഹാഭാഗ്യം എന്നേ വിചാരിയ്ക്കാനായുള്ളൂ. രണ്ടു ദിവസമായി ചെറിയ മഴയുണ്ടായിരുന്നു. ബാംഗളൂർ സിറ്റിയിൽ നിന്നും  യാത്രപുറപ്പെടുമ്പോൾ അൽ‌പ്പം തണുപ്പും അന്തരീക്ഷത്തിനു കറുപ്പും ഉണ്ടായിരുന്നെങ്കിലും നല്ല സുഖദമായ കാലാവസ്ഥ തന്നെയായിരുന്നു. നാഷണൽ  ഹൈവേ യിലൂടെയായിരുന്നു യാത്ര (AH 47)

ഡ്റൈവിംഗ് സീറ്റിൽ കിഷനും തൊട്ട് ഹരിയും. പിന്നിലെ സീറ്റിൽ ഞാനും ഹസ്ബൻഡും.  കാറിന്റെ വേഗത കൂടുന്നതിനൊത്ത് മുൻസീറ്റിൽ നിന്നുമുയരുന്ന പാട്ടുകൾ യാത്രയ്ക്ക് ഹരമേകി.  ഇന്റർനാഷണൽ എയർപോറ്ട്ടിനടുത്തായി നന്ദി ഉപചാർ എന്ന ഹോട്ടലിലെ പ്രഭാതഭക്ഷണം ഏറെ രുചികരമായിത്തോന്നി. നന്ദി ഹില്ലിലേയ്ക്കു ഇവിടെ നിന്നും തിരിഞ്ഞു പോകാനുള്ള വഴി കണ്ടു.  ദേവനഹല്ലി എന്നാണീ സ്ഥലത്തിനു പേർ. ചുറ്റും മലനിരകളും പാറകളും വരണ്ട മണ്ണും അതിനു നടുവിലൂടെ കടന്നു പോകുന്ന റോഡും. എല്ലായിടത്തും പടുകൂറ്റൻ പാറകളെ വെടിവെച്ച് പൊട്ടിയ്ക്കുന്ന കാഴ്ച്ചയേ കാണാനുള്ളൂ. പ്രകൃതിയുടെ മുഖത്തു സൃഷ്ടിയ്ക്കപ്പെടുന്ന മുറിവുകളായാണവയെ എനിയ്ക്കു കാണാനായത്. ദൂരെയുള്ള മലനിരകൾക്കു പിന്നിൽ മഴമേഘങ്ങൾ നിരക്കാൻ തുടങ്ങി. എവിടെയോനിന്നും ഘാടിയുടെ ദുർഗന്ധമൊഴുകിയെത്തുന്നു.മുന്നിൽ അതിദൂരം കറുത്തറിബ്ബൺപോലെ റോഡ് ഉയർന്നും താഴുന്നുമൊഴുകുന്നു. പ്രഭാതത്തിലെ യാത്രയ്ക്കേറെ പറ്റിയ റോഡ്. പൊതുവേതിരക്കില്ലാത്ത റോഡ്. വഴിയരികിൽ പലേയിടത്തും നിർത്തിയിട്ട ഇന്ധനം നിറച്ച  ട്രക്കുകൾ. പൊതുവേ മരങ്ങളും കുറ്റിച്ചെടികളും കുറഞ്ഞ ഭൂപ്രദേശം. തെങ്ങുകൾ മാത്രം തലയുയർത്തി നിൽക്കുന്നുവെങ്കിലും ശക്തിയും ഫലങ്ങളും കുറഞ്ഞവയായി കാണപ്പെട്ടു. ചിക്ബല്ലാർപ്പൂർ സിലിക്കോൺ സമതലമാണ്.  റോഡരുകിൽ അവിടെയും ഇവിടെയുമായി കാണപ്പെട്ട ഫാമുകളിൽ ചോളവും റാഗിയും മുതിരയും നിലക്കടലയുമാണു പ്രധാനപ്പെട്ടവ. മുന്നോട്ടു പോകും തോറും ചിരട്ട കമിഴ്ത്തിയതുപോലെ തോന്നുന്ന കുന്നുകളും പടുകൂറ്റൻ പാറക്കല്ലുകളും പുറകിലെ മലനിരകളും അവയ്ക്കു നടുവിലെ റോഡും ചേർന്ന വിശാലമായൊരു കാൻ വാസ് മുന്നിലെടുത്തു വച്ചപോലെ തോന്നിപ്പിച്ചു. ഹുനഗൽ എത്തിയപ്പോൾ  ചെമ്മൺ നിറം കാണാനായി. കോൺക്രീറ്റ് കാലുകളിൽ പടർത്തിയ മുന്തിരിത്തോട്ടങ്ങളും വാഴത്തോട്ടങ്ങളും കടന്ന് മുന്നോട്ടു നീങ്ങവേ സസ്യലാതാദികൾ കുറവായിക്കാണപ്പെട്ടു. എങ്ങും ഉരുളൻ പാറകളും മലനിരകളും  മാത്രം. ജലത്തിന്റെദൌർലഭ്യം പ്രകടമായിരുന്നു. ചൂടു കൂടിക്കൊണ്ടു വന്നുതുടങ്ങി.

കെ എസ് ആർ ടി സി ബസ്സുകൾ മാത്രം  വഴിയിൽ ഓടിക്കൊണ്ടിരുന്നു. ചെമ്മൺ നിറഞ്ഞ ഭൂമിയെ പാകപ്പെടുത്തി കൃഷിയ്ക്കുപയുക്തമാക്കുന്ന കർഷകരും കാളവണ്ടികളിലെ യാത്രക്കാരും കൌതുകം പകർന്നു.  ബാഗെപ്പള്ളി ടോൾപ്ലാസയിലൂടെ ഞങ്ങൾ കർണ്ണാടകത്തെ പിന്നിലാക്കി ആന്ധ്രാ പ്രദേശിലേയ്ക്കു കടന്നു. 120 രൂപ ടോൾ ചാർജ്ജ് കൊടുത്തു.  സമയം രാവിലെ 09.48. .അഡിഗനപ്പള്ളിയിലെത്തുമ്പോൾ ഇനിയും 20 കി.മീ. ദൂരമുണ്ടെന്ന ബോർഡ് കണ്ടു, ഹൈദരാബാദിലേയ്ക്ക് 463 കിലോമീറ്ററും. അവിടെയുമിവിടെയും തലപൊക്കി നിൽക്കുന്ന പുതിയ കെട്ടിടങ്ങൾ  കടന്ന് കൊഡിക്കൊണ്ട    പോലിസ് ചെക്പോസ്റ്റു കാണാനായി. ചിലമത്തൂർ ഡിവിഷനിൽ‌പ്പെട്ട ഈ സ്ഥലം അനന്ത്പുർ ജില്ലയിലാണ്. ഹിന്ദ്പുർ ആണു ലേപാക്ഷിയ്ക്കേറ്റവും അടുത്ത ടൌൺ. ലേപാക്ഷിയിൽ നിന്നും 9 കിലോമീറ്റർ ദൂരമുണ്ട് ഹിന്ദ്പൂരിലേയ്ക്കെത്തുവാൻ. ട്രെയിനിൽ വരുമ്പോൾ ഹിന്ദ്പൂരിൽ ഇറങ്ങി ബസ്സിലോ ടാക്സിയിലോ ഇവിടെയെത്താം.  ആന്ധ്രാപ്രദേശ് ടൂറിസത്തിന്റെ സ്വാഗതസന്ദേശമെഴുതിയ ബോർഡ് ഇടതുഭാഗത്തായി കണ്ടു. മഞ്ഞപ്പൂക്കൾ നിറഞ്ഞ മരങ്ങളും കാബേജ് കൃഷിസ്ഥലങ്ങളും കുറ്റിക്കാടുകളും വഴിയരികിലായി കണ്ട   രണ്ടു കൂറ്റൻ കൊക്കുകളുടെ പ്രതിമയും ഒഴിച്ചാൽ വഴിയിൽ കാണാനായി ഒന്നും തന്നെയുണ്ടായിരുന്നില്ല. പൊതുവേ മരങ്ങൾ കുറവ്. ഉഴുതു മറിച്ചിട്ട പാടങ്ങൾ ദാഹാർത്തരായിക്കിടക്കുന്ന കാഴ്ച്ച മഴയുടെ കുറവിനെ ഓർമ്മിപ്പിച്ചു.  ചിലമാത്തൂർ  ടൌൺ ജനസാന്ദ്രതയേറിയതാണെങ്കിലും വിസ്തീർണ്ണം കുറവാണെന്നു തോന്നി. ഇടത്തരം ടൌണെന്നേ പറയാനാകൂ. ചന്തയും പോലീസ് സ്റ്റേഷനും സ്കൂളും കോളേജും എല്ലാം ഉണ്ട്. കർണ്ണാടക ഗവണ്മെണ്ടിന്റെ ബസ്സുകൾ ഈ വഴിയിൽ ഓടുന്നുണ്ട്. മറ്റു വാഹനങ്ങൾ പൊതുവേ കുറഞ്ഞ  വീതി കുറഞ്ഞ വഴിത്താരയിൽ ബൈക്കുകളായിരുന്നു കൂടുതൽ.വളഞ്ഞു തിരിഞ്ഞ വഴിയുടെ ഇരുഭാഗത്തും ചോളവയലുകളും, തെങ്ങിൻതോപ്പുകളും , ഒറ്റപ്പെട്ട വീടുകളും, കുടിലുകളും. കുടിവെള്ളമേറ്റിക്കൊണ്ടുവരുന്ന സ്ത്രീകളും , പശുക്കളും ,ചെമ്മരിയാടുകളും കാളവണ്ടികളും  റോഡിൽ ധാരാളമായിക്കണ്ടു.  . ഏതാനും കിലോമീറ്ററുകൾ കൂടി സഞ്ചരിച്ചപ്പോൾ ദൂരെ ഉദ്യാനത്തിനു നടുവിലായി ശയിക്കുന്ന പടുകൂറ്റൻ നന്ദിയുടെ പ്രതിമ ശ്രദ്ധയിൽ‌പ്പെട്ടു. മനസ്സിൽ അടക്കാനാവാത്ത സന്തോഷം . ലേപക്ഷിയിൽ എത്തിച്ചേർന്നിരിയ്ക്കുന്നല്ലോ. ആന്ധ്രാപ്രദേശ് ടൂറിസത്തിന്റെ വകയായുള്ള ഹോട്ടലിന്റെ ബോറ്ഡും ദൃഷ്ടിയിൽ‌പ്പെട്ടു. നല്ല ആഹാരം ഇവിടെ കിട്ടുമെന്നാരോ പറഞ്ഞത് ഓർമ്മ വന്നു. പക്ഷേ വിശപ്പിനെക്കുറിച്ചോർമ്മപോലും വരുന്നില്ല. മനസ്സു തുള്ളിച്ചാടുന്നു. ശ്രീരാമൻ ലേ ..പക്ഷി , ഉയരൂ പക്ഷീ,(Rise, Bird!) എന്നു പറഞ്ഞസ്ഥലം.അവസാനം  ഞങ്ങൾ ഇവിടെ എത്തിയിരിയ്ക്കുന്നു. ഒക്കെ കാണാൻ തിടുക്കമായല്ലോ..

 

East Coast Online's photo.

ലേപക്ഷിയിൽ….

ലേപക്ഷിയുടെ പ്രത്യേകതയെന്താണ്? വെട്ടേറ്റു  വീണുകിടന്നു രാമദർശനത്താൽ സായൂജ്യമടഞ്ഞ ജടായുവിനെ സംസ്ക്കരിച്ച ഈ സ്ഥലത്ത്  ശ്രീരാമൻ ഒരു ശിവലിംഗം പ്രതിഷ്ഠിച്ചുവത്രേ! ‘ ലേ പക്ഷി ‘എന്നു ശ്രീ രാമൻ പറഞ്ഞതിനാലാണീ പേർ വന്നത് എന്നു പറയുന്നെങ്കിലും മറ്റു ഐതിഹ്യങ്ങളും കേൾക്കാനിടയായി. അഗസ്ത്യമുനി നടത്തിയ  ശിവലിംഗപ്രതിഷ്ഠയും ഇവിടെയുണ്ട്. ഈ അമ്പലത്തിന് 500 വർഷത്തിലധികം പഴക്കമുണ്ടെന്നു( A D 1533) കരുതപ്പെടുന്നു.(ശാകവർഷം 1455).  സ്കന്ദപുരാണത്തിൽ പരാമർശിയ്ക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ലേപാക്ഷിയും പെടുമെന്നു പറയപ്പെടുന്നു .ഈ ക്ഷേത്രത്തിനടുത്തായി കളിച്ചിരുന്ന വിരൂപണ്ണയുടെ – വിജയനഗരരാജാവായിരുന്ന അച്ച്യുതരായരുടെ വിശ്വസ്തനായിരുന്ന  ഖജാനാവുസൂക്ഷിപ്പുകാരനായിരുന്നു വിരൂപണ്ണ- മകന്റെ മൂകത  ദേവകൃപയാൽ മാറിയപ്പോൾ അദ്ദേഹവും   അദ്ദേഹത്തിന്റെ സഹോദരനായിരുന്ന   വീരണ്ണയും   നന്ദിപൂർവ്വം നിർമ്മിച്ചതാണ് ഇന്നു കാണുന്ന ക്ഷേത്രം.      കൂർമ്മരൂപത്തിലുള്ള ഒരു പാറയിൽ അതി മനോഹരമാംവിധം കൊത്തിയുണ്ടാക്കിയ രൂപങ്ങളും തൂണുകളും അതിലുള്ള  ഡിസൈനുകളും നമ്മെ അത്ഭുതപരതന്ത്രരാക്കും. ഈ വിസ്മയത്തിനു പൂർണ്ണസാഫല്യം കിട്ടിയില്ലെന്നു മാത്രമല്ല, അതൊരു ദാരുണ അന്ത്യമായി മാറുകയും ചെയ്തുവെന്നതാണു നമ്മെ ദു:ഖിതരാക്കുന്ന മറ്റൊരു കഥ പറയുന്നത്. തന്റെ അനുവാദം കൂടാതെ വിരൂപണ്ണ കൊട്ടാരം ഖജനാവിലെ സ്വത്ത് അന്ധികൃതമായി ഈ ക്ഷേത്രത്തിന്റെ പണിയ്ക്കായി ഉപയോഗിച്ചെന്നു സംശയിച്ച് രാജാവ് വിരൂപണ്ണയുടെ കണ്ണു കൾ കുത്തിപ്പൊട്ടിയ്ക്കാൻ കൽ‌പ്പിച്ചെന്നും മനം നൊന്ത വിരൂപണ്ണ ശിക്ഷ നടപ്പാക്കപ്പെടുന്നതിനു മുൻപു തന്നെ മനം നൊന്ത് സ്വയം തന്റെ കണ്ണുകൾ വലിച്ചു  പറിച്ച് ഭിത്തിയിലേയ്ക്കെറിഞ്ഞെന്നും ഇന്നും ആ പാടുകൾ വ്യക്തമായി കാണാനാകുമെന്നുമാണു മറ്റൊരൈതിഹ്യം.  കഴിഞ്ഞില്ല ഇനിയുമുണ്ടു കഥകൾ. ഇവിടത്തെ പ്രധാന പ്രതിഷ്ഠ  വീരഭദ്രനാണ്. വീരഭദ്രപ്രതിഷ്ഠ നടത്തിയത് അഗസ്ത്യമുനിയാണെന്നു പറയപ്പെടുന്നു. ദക്ഷയാഗ സമയത്ത് പ്രാണത്യാഗം ചെയ്ത സതിയുടെ വിരഹദു:ഖത്തിൽ ഭഗവാൻ ജട പറിച്ചെറിഞ്ഞപ്പോൾ വന്നു വീണ സ്ഥലമാണിതത്രേ! അതുകൊണ്ടു തന്നെ രൌദ്രഭാവത്തിലുള്ള ശിവനേയും ദേഷ്യ-സങ്കടഭാവത്തിലുള്ള പാർവ്വതിയേയുമാണിവിടെ സങ്കൽ‌പ്പം.  ഇവരുടെ വിവാഹാർത്ഥമാണ് വിരൂപണ്ണ ഇവിടെ കല്യാണ മണ്ഡപം നിർമ്മിയ്ക്കാൻ തുനിഞ്ഞത്. പക്ഷേ ആ അപൂർണ്ണശ്രമം പകുതി വച്ച് നിന്നുപോയത് നമുക്കിവിടെ കാണാനാകും. ഒട്ടേറെ കഥകളും കേട്ട് ഞങ്ങൾ അമ്പലത്തിന്നകത്തേയ്ക്കു പ്രവേശിച്ചു. കണ്ണിന്നു മുന്നിൽ കണ്ടവ കഥകളേക്കാളേറെ വിസ്മയം തരുന്നവയായിരുന്നു. ലേപാക്ഷി ശരിയ്ക്കുമൊരു വിസ്മയക്കാഴ്ച്ചയായി കണ്മുന്നിൽ വിടരുകയായിരുന്നു.

വിജയനഗരശൈലിയിൽ , ഏക്കറുകളോളം പരന്നു കിടക്കുന്ന കൂർമ്മശൈലത്തിനു മുകളിലായുള്ള ഈ കല്ലിൽ വിരിയിച്ച അത്ഭുതം കാണാനായി പടവുകൾ കയറി മുകളിലെത്തണം. വിജയനഗരശൈലിയെ ദ്രാവിഡശിൽ‌പ്പ പാരമ്പര്യശൈലിയിൽ പ്രാധാന്യമേറിയ ഒന്നായി കണക്കാക്കപ്പെടുന്നു.  പല്ലവ വാസ്തുശൈലി, പാണ്ഡ്യ ശൈലി, ചോള ശൈലി, ചാലൂക്യ ശൈലി, രാഷ്ട്രകൂട ശൈലി, വിജയനഗരശൈലി തുടങ്ങിയവയാണ് പ്രധാന ദ്രാവിഡ ശില്പ പാരമ്പര്യശൈലികൾ. ദ്രാവിഡ വാസ്തുവിദ്യ ക്രിസ്തുവിനു മുന്‍പ് തന്നെ ദക്ഷിണഭാരതത്തിൽ രൂപംകൊണ്ടുതുടങ്ങിയ വാസ്തുശൈലിയാണ്. ഇന്നും ഇവയ്ക്കു പ്രാധാന്യമുണ്ട്. കല്ലിൽ സ്തൂപാകൃതിയിൽ നിർമ്മിയ്ക്കുന്ന ക്ഷേത്രങ്ങളും മനോഹരമായ കൊത്തുപണികളോടു കൂടിയ ശിൽ‌പ്പങ്ങളും ഈ ശൈലിയുടെ പ്രത്യേകതയാണ്. കംബോഡിയയിലെ അങ്കോർ വാട്ട് ക്ഷേത്രം പൂർവ ദ്രാവിഡ വാസ്തുശൈലിയ്ക്കൊരു ഉദാഹരണമാണ്. താഴെ ക്ഷേത്രവഴിയിൽ ഇരുപുറവുമുള്ള കടകളിൽ നിന്നും പൂജാദ്രവ്യങ്ങളും നിറച്ച താലവുമായി പതിവുപോലെ എല്ലാ ആരാധനാലയങ്ങളിലുമെന്നതുപോലെ വന്നെത്തുന്ന കുട്ടികളിൽ നിന്നും വഴുതി മാറി. കാർ വഴിയരുകിൽ തന്നെ പാർക്കു ചെയ്തിരുന്നു. നല്ല വെയിലുള്ള ദിവസമായിരുന്നതിനാൽ  ദൂരെ ക്ഷേത്രത്തിന്റെ മുഴുവനും തലയെടുപ്പു കാണാൻ കഴിഞ്ഞു. മരം കൊണ്ടുണ്ടാക്കിയ പ്രധാനവാതിൽ കടന്നാലുള്ള ഉയർന്ന മതിലുകളോടുകൂടിയ  ഗോപുരദ്വാരത്തിലെ വാതിലിലൂടെ അകത്തു കയറിഈ പ്രവേശനകവാടം 14 അടിയോളം ഉയരത്തിൽ അതിമനോഹരമാംവിധം കൊത്തുപണികളോടുകൂടിയതാണ്. ഗൈഡുകൾ സ്ഥലപ്രാധാന്യത്തെപറ്റിയും ക്ഷേത്രത്തിലെ കൊത്തുപണികളെക്കുറിച്ചുമെല്ലാം ചില സന്ദർശകർക്ക് വിശദമായി പറഞ്ഞുകൊടുക്കുന്നുണ്ടായിരുന്നു. പ്രധാന ഹാളിലെത്തിയപ്പോൾ വീരഭദ്രസ്വാമിയുടെ ദർശനത്തിന്നായി വരിയിൽ നിൽക്കാൻ പൂജാരി നിർദ്ദേശിച്ചു. സതിയുടെ വിയോഗത്തിൽ ദു:ഖിതനും ക്രോധവാനുമായ   പരമശിവന്റെ രൌദ്രഭാവം  നേരിൽക്കാണാനായി. ആയുധപാണിയായി തലയോട്ടികളുമണിഞ്ഞ് സർവ്വസംഹാരമൂർത്തീഭാവത്തിൽ- ഗ്രാനൈറ്റിൽ കൊത്തിയെടുത്ത പൂർണ്ണകായ വിഗ്രഹം- പരമശിവൻ ശരിയ്ക്കും ഉഗ്രരൂപം കാട്ടി . ദേഷ്യത്തിൽ വലിച്ചു പറിച്ചെറിഞ്ഞ ജട ഇവിടെ വന്നു വീണുവെന്നാണല്ലോ സങ്കൽ‌പ്പം! സതിയുടെ ശരീരഖണ്ഡങ്ങൾ വീണ പ്രദേശങ്ങളെല്ലാം ശക്തിപീഠങ്ങളായി മാറിയതുപോലെ ഈ സ്ഥലത്തിനും പവിത്രതയും പ്രാധാന്യവും കിട്ടി.തൊട്ടടുത്തായി ദേവി, മറ്റൊരമ്പലത്തിൽ സങ്കടദേഷ്യഭാവങ്ങളോടേ. ഇവിടെ ഞങ്ങൾ കുടുംബപൂജ നടത്തി, പ്രസാദം സ്വീകരിച്ചു. വിജയനഗരശൈലി വിളിച്ചോതുന്ന   വീരഭദ്രപ്രതിഷ്ഠയുടെ നാലു ചുറ്റിനും മറ്റുദേവീ ദേവന്മാർ. തട്ടിന്മേൽ പലതരം മ്യൂറലുകളിലും ദേവ വിഗ്രഹങ്ങൾ, വീരഭദ്രസ്വാമിയുടെ പടുകൂറ്റൻ വർണ്ണചിത്രം  എന്നിവയും കാണായി. വീരഭദ്രനെക്കൂടാതെ ശിവൻ, വിഷ്ണു എന്നീ ദേവന്മാരുടെ അമ്പലങ്ങളും പ്രാധാന്യമർഹിയ്ക്കുന്നു .പാപനാഥേശ്വരൻ, ശ്രീരാമൻ, ദുർഗ്ഗ, ഗണപതി, ഹനുമാൻ  തുടങ്ങി എല്ലാ ദൈവങ്ങൾക്കായും ഇവിടെ പ്രത്യേകം ആരാധനാലയങ്ങൾ  ഉണ്ട്.  തൊട്ടുതൊട്ടുള്ള എല്ലാ ശ്രീകോവിലുകൾക്കും മുന്നിലായി തൊഴുത് പ്രാർത്ഥിയ്ക്കുമ്പോഴും മനസ്സും കണ്ണും ചുറ്റുമുള്ള കൊത്തുപണികളുടെ ഭംഗിയിൽ മുഴുകി അത്ഭുതത്തെ ഉൾക്കൊള്ളാനാകാതെ വിസ്മയം പൂണ്ടു തന്നെയിരുന്നു.

3.

പ്രധാനകവടത്തിലെ ഭിത്തികളിലും  ഹാളിലെ തൂണുകളിലും കരിങ്കല്ലിൽകൊത്തിയെടുത്ത ദേവ രൂപങ്ങളും, നർത്തകിമാരുടേയും പലതരം വാദ്യങ്ങൾ വായിയ്ക്കുന്നവരുടേയും ആനDisplaying IMG_20150719_110310.jpg, കുതിര തുടങ്ങിയ ജീവികളുടേയും രൂപങ്ങളും ആകൃതികളും ഏറെ ആകർഷകമായിരുന്നു. ഒരിഞ്ചു സ്ഥലവും വിടാതെ ഭംഗിയോടെ കൊത്തിയെടുത്ത മിഴിവാർന്ന രൂപങ്ങളും ഭാവങ്ങളും കൽ‌പ്പനാവൈഭവം വിളിച്ചുണർത്തുന്നവ തന്നെ. പ്രധാനഹാളിൽ പൂക്കളുടേയും പൂജാദ്രവ്യങ്ങളൂടെയും സുഗന്ധങ്ങൾക്കുമുപരിയായി നിന്ന പഴമയുടെ തീക്ഷ്ണമായ ഗന്ധം മനസ്സിനെ എങ്ങോട്ടൊക്കെയോ കൂട്ടിക്കൊണ്ടുപോയി. ഓരോ തൂണും, ഭിത്തിയും, ദേവ വിഗ്രഹങ്ങളും കഥകൾ പറയുന്നതുപോലെ. തട്ടുകളിൽ‌പ്പോലും  ചാരുതയാർന്ന  വർണ്ണചിത്രങ്ങൾ വിജയനഗരസാമ്രാജ്യകാലത്തെ കൊത്തുകലകളുടെ മഹത്വത്തെ  വിളിച്ചു പറയുന്നു.ലേപാക്ഷി മന്ദിരത്തിലെ തട്ടുകളിൽക്കാണപ്പെടുന്ന മ്യൂറലുകൾ വിജയനഗരശൈലിയിലെ ഏറ്റവും മിഴിവാർന്നവയാണെന്നറിയാൻ കഴിഞ്ഞു. ഇതേ പോലെ തന്നെ പ്രസിദ്ധമാണിവിടുത്തെ ജീവനുള്ളവയായിത്തോന്നുന്ന കൊത്തുപണികളും. ശിവന്റെ പതിന്നാലു അവതാരങ്ങളെ തൊട്ടുള്ള അർദ്ധ മണ്ഡപത്തിൽ കാണാൻ കഴിഞ്ഞു.  അഗസ്ത്യമുനിയുടെ ശിവപ്രതിഷ്ഠയുടെ കഥ സത്യത്തിനോടടുപ്പിയ്ക്കവേ    പൌരാണികതയുടെ പരിവേഷത്താൽ ഭക്തിസാന്ദ്രതയേറ്റിയെങ്കിലും ചരിത്രത്തിന്റെ താളുകളിലേയ്ക്കെത്തിനോക്കാൻ ഉത്സുകത കൂടിത്തുടങ്ങുന്നു.ഇവിടം സന്ദർശകർക്കു പ്രിയംകരമായിത്തീരുന്നതിൽ അത്ഭുതം തോന്നിയില്ല.പതിനാറാം നൂറ്റാണ്ടിൽ ഇതു പണിതുയർത്തിയ വിശ്വകർമ്മബ്രാഹ്മണരുടെ കരവിരുതിൽ വിസ്മയിയ്ക്കാനേയായുള്ളൂ. കരിങ്കൽക്ക്ഷ്ണങ്ങളിൽ ഇത്രയേറെ കരവിരുതു കാണിയ്ക്കാനാകുമെന്ന അറിവ് അത്ഭുതം വളർത്തി. ഓരോ തൂണിലും വിരിഞ്ഞ രൂപങ്ങൾ അത്രമാത്രം സുന്ദരമെന്നേ പറയാനാകൂ. ഇവിടെ കണ്ട തൂങ്ങുന്ന തൂൺ(Hanging pillar) ഒരു ലോകാത്ഭുതം തന്നെയാകാം. തൂണിന്റെ അടിഭാഗം നിലം സ്പർശിയ്ക്കാതെ നിൽക്കുന്നതിനു പുറകിലെ സയൻസിനെ ഇനിയും ആർക്കും കണ്ടെത്താനായിട്ടില്ല. അതിനായുള്ള ഒരു ശ്രമം  പരാജയത്തിലാണവശേഷിച്ചത്.

അകത്തും പുറത്തുമായി രണ്ടു പ്രദക്ഷിണ വഴികൾ കാണാൻ കഴിഞ്ഞു. വടക്ക് ഭാഗത്തെ പ്രധാന  കവാടത്തിലൂടെ നേറെ ഗോപുരം കടന്നു പ്രവേശിച്ചാൽ പ്രധാന പ്രതിഷ്ഠയായ വീരഭദ്രസ്വാമിയും വടക്കോട്ടഭിമുഖമായി നിൽക്കുന്നു. പുറത്തെ പ്രദക്ഷിണ വഴിയിലേയ്ക്ക് മറ്റു രണ്ടു  ഭാഗങ്ങളിലെ കവാടങ്ങൾ വഴിയായും പ്രവേശിച്ച് അമ്പലത്തിനുള്ളിലേയ്ക്കു കടക്കാം.  മുഖമണ്ഡപത്തിൽ നിന്നും  പുറത്തിറങ്ങിയപ്പോൾ കണ്ട പുറത്തെ പ്രദക്ഷിണവഴിയിലേയ്ക്കിറങ്ങുമ്പോൾ കൂർമ്മാകൃതിയിലെ പാറയെ ഓർമ്മിപ്പിയ്ക്കും വിധം ഉയർന്നു താണ പ്രതലങ്ങൾ. പാറക്കഷ്ണങ്ങൾ കൊണ്ടു നിർമ്മിയ്ക്കപ്പെട്ട നാലമ്പലങ്ങളും അവയെ താങ്ങി നിർത്തുന്ന തൂണുകളും. തൂണുകളെല്ലാം കരിങ്കൽ‌പ്പാളികളിൽ നിലകൊള്ളുന്നു. അവയിലെ സങ്കീർണ്ണമായ കൊത്തുപണികൾ., ഒറ്റക്കല്ലിൽ കൊത്തിയെടുത്തരു ശിവവിഗ്രഹവും അതിനെ പൊതിഞ്ഞ് കാത്തു സൂക്ഷിച്ച് ആറുതലകളാൽ കുടപിടിയ്ക്കുന്ന നാഗവിഗ്രഹവും എത്ര കണ്ടിട്ടും മതിവന്നില്ല. ഈ വിഗ്രഹത്തിനു പുറകിലും ഒരു കഥയുണ്ട്.ഭക്ഷണവും കൊണ്ടുവരുന്ന അമ്മയേയും കാത്തിരിയ്ക്കുന്ന കൊത്തുപണിക്കാരായ മക്കളുടെ കരവിരുതാണത്രേ ഇത്.   100 കൽത്തൂണുകളോടുകൂടിയ രംഗമണ്ഡപം, പകുതിയാക്കി പണി നിർത്തിയ ശിവ -പാർവതീ കല്യാണമണ്ഡപം എന്നിവ കണ്ടപ്പോൾ നഷ്ടപ്പെട്ടുപോയ നല്ല നാളുകളെക്കുറിച്ച് വല്ലാത്ത ദുഃഖം തോന്നി. ഖജനാവിലെ പണം ഇത്തരം നിർമ്മാണപ്രവർത്തനത്തിന്നായി വിനിയോഗിയ്ക്കയാൽ രാജാവിന്റെ അപ്രീതിയ്ക്കു പാത്രമായ വിരൂപണ്ണ സ്വന്തം കണ്ണൂകളെ ചൂഴ്ന്നെടുത്ത് ഭിത്തിയിലേയ്ക്ക് എറിഞ്ഞപ്പോൾ അവ സൃഷ്ടിച്ച രക്തക്കറകളാണെന്നവകാശപ്പെടുന്ന ചില പാടുകൾ ചരിത്രകഥയ്ക്കു മിഴിവു കൂട്ടുന്നു.

വലിയ പാറയിൽ കൊത്തിയെടുത്ത ചാരിയിരിയ്ക്കുന്ന രൂപത്തിലുള്ള പടുകൂറ്റൻ ഗണേശവിഗ്രഹം നാഗപ്രതിഷ്ഠയ്ക്കു പുറകുവശത്തായി കണ്ടു. അതിനടുത്തായി ഒരു ശിവപ്രതിഷ്ഠയും പ്രദക്ഷിണവഴിയിൽ കാണാനായി., തുറന്ന ഉയരം കൂടിയ മണ്ഡപത്തിലെ ഹനുമാൻ പ്രതിഷ്ഠ , രൂപത്തെ മനസ്സിൽ കൊത്തിവയ്ക്കുംവണ്ണം തെളിഞ്ഞു നിന്നു..    ദേവീപാദം എന്നറിയപ്പെടുന്ന ഒരു പടുകൂറ്റൻ കാല്പാദത്തിന്റെ രൂപം കരിങ്കല്ലിൽ ഹനുമാന്റെ  സമീപത്തു തന്നെ നിലത്തു കാണപ്പെട്ടത് സീതാദേവിയുടെ കാലടിപ്പാടാണെന്നു പറയപ്പെടുന്നു. ഏതു നേരത്തും നനവാർന്ന് വെള്ളമുള്ളതായി ഇതു കാണപ്പെടുമെന്നറിഞ്ഞപ്പോൾ , ഇത്രയും ഉയർന്നു കിടക്കുന്ന , കൂർമ്മാകൃതിയായ ഈ പാറമുകളിൽ അതെങ്ങനെ സംഭവിയ്ക്കുന്നുവെന്ന ചോദ്യം മനസ്സിൽ ഉയർന്നുവന്നു.സത്യവും മിത്തുകളും പുരാണവുമെല്ലാം കൂടിക്കുഴഞ്ഞു കിടക്കുന്നു. നാലമ്പലത്തിലെ തൂണുകളിൽക്കണ്ട പല ഡിസൈനുകളും സാരികളിൽ നമുക്കു പ്രിയംകരമായവയായി മാറിയിരിയ്ക്കുന്നു. ലേപാക്ഷി മ്യൂറലുകളിലെ വർണ്ണ വൈവിദ്ധ്യവും രൂപഭംഗിയും സാരികൾക്കു മിഴിവേറ്റാനുതകുന്നു.വിജയനഗരരാജാവായ അച്ച്യുതരായർക്ക് ഇത്രയും മനോഹരമായ ഒരു ദൃശ്യത്തെ എന്തുകൊണ്ട് ഉൾക്കൊള്ളാനായില്ലെന്നും ചിന്തിയ്ക്കാതിരിയ്ക്കാനായില്ല.

4.

ശിൽ‌പ്പകലയുടെ തനതായ സൌന്ദര്യം ആസ്വദിയ്ക്കാനെത്തുന്ന സന്ദർശകരുടെ മുഖത്തെ വിസ്മയം കാണുമ്പോൾ ലേപക്ഷി കൊത്തുപണികളുടെ സവിശേഷത  നമുക്കു മനസ്സിലാക്കാനാകുന്നു. ക്ഷേത്രത്തിനു പുറത്തായി സന്ദർശകർക്കിരിയ്ക്കാനും ക്ഷീണം തീർക്കാനുമായി പുൽത്തകിടികളും തണൽ നിറഞ്ഞ മരച്ചുവടുകളും ഒരുക്കിയിരിയ്ക്കുന്നു.അവയ്ക്കിടയിലൂടെ നടക്കാനായി പൂക്കളും ചെടികളും നിറഞ്ഞ അരികുകളുള്ള  നടപ്പാത . ഒരിയ്ക്കൽക്കൂടി ചുറ്റും നടന്നു കാണാൻ മോഹം തോന്നി. അൽ‌പ്പനേരം മരച്ചുവട്ടിലിരുന്നു ക്ഷീണം തീർക്കുമ്പോൾ ഞങ്ങളുടെ സംസാരം മുഴുവനും ഈ മനോഹരമായ വിസ്മയത്തിന്റെ നിർമ്മാണം നടന്ന കാലഘട്ടത്തെക്കുറിച്ചായിരുന്നു.   അൽ‌പ്പനേരം കൂടി അവിടെ ചിലവഴിച്ച ശേഷം പുറത്തേയ്ക്കു നടന്നപ്പോൾ   ചുട്ടുപൊള്ളുന്നവെയിൽ കാൽ‌പ്പാദങ്ങൾക്കു നൃത്തച്ചുവടുകൾ തന്നുപ്പോൾ വേഗം നടന്നു കാറിൽ കയറി. തൊട്ടു തന്നെയുള്ള നന്ദിയുടെ പടുകൂറ്റൻ പ്രതിമ വരുന്ന വഴി കാറിലിരുന്നു കണ്ടെങ്കിലും അടുത്തു പോയി കാണുന്നത് തിരിച്ചു പോരുമ്പോഴാകാമെന്നു കരുതി.

 

ലേപക്ഷിയുടെ കാവൽക്കാരനെന്നോണം ഗ്രാമത്തിന്റെ  ആരംഭംസ്ഥലത്തായി  വീരഭദ്രസ്വാമി അമ്പലത്തിൽ നിന്നും ഏതാണ്ട് 400 മീറ്റർ ദൂരെയാണീ പടുകൂറ്റൻ ഒറ്റക്കൽ വിഗ്രഹം സ്ഥിതി ചെയ്യുന്നത്. ഇതിനു ചുറ്റുമായി മനോഹരമായ ഒരു ഉദ്യാനവും നിർമ്മിയ്ക്കപ്പെട്ടിട്ടുണ്ട്. സന്ദർശകർക്കിരുന്നു വിശ്രമിയ്ക്കാനായിപച്ചപ്പുൽത്തകിടികൾ ഇവിടെയും കാണാം. പ്രവേശനദ്വാരത്തിലൂടെ അകത്തു പ്രവേശിച്ചപ്പോൾ നന്ദിയുടെയും ദൂരെ പാറക്കല്ലുകൾ നിറഞ്ഞ മലയുടേയും ചിത്രങ്ങളെടുക്കാനും സന്ദർശകർ തിരക്കു കൂട്ടുന്നതു കാണാൻ കഴിഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ ഒറ്റക്കല്ലിൽ നിർമ്മിയ്ക്കപ്പെട്ട നന്ദീവിഗ്രഹമാണിതെന്ന സവിശേഷത ഇതിനുണ്ട്. ഏതാണ്ട് 27 അടി നീളവും 15 അടി ഉയരവും ഉണ്ടെന്നു കണക്കാക്കപ്പെടുന്നു.പടിഞ്ഞാറോട്ടഭിമുഖമായി ലേപാക്ഷി മന്ദിരത്തിലെ പുറകുവശത്തുള്ള നാഗലിംഗത്തിനെ വീക്ഷിച്ചാണു ഇത് സ്ഥിതിചെയ്യുന്നതെന്നു പറയപ്പെടുന്നു. ഭീമാകാരം ഒന്നുകൊണ്ടു മാത്രമല്ല, ഈ നന്ദി ഇത്രമാത്രം ശ്രദ്ധിയ്ക്കപ്പെടാൻ കാരണം ഇതിന്റെ സൌകുമാര്യം തന്നെയാണെന്നു പറയാതെ വയ്യ. ഇവിടെയും കല്ലിൽ കവിത വിരിഞ്ഞിരിയ്ക്കുന്നതു കാണാനാകുന്നു. രൂപഭംഗിയ്ക്കു തികവു നൽകുന്ന കൃത്യമായ ആകാരവും അതിനെ അതിമനോഹരമാക്കി മാറ്റുന്ന കൊത്തുപണികളും കാണേണ്ടതു തന്നെ.   പച്ചപ്പുൽത്തകിടിയ്ക്കുമേൽ പ്രത്യേകം സജ്ജമാക്കിയ ഇരിപ്പിടത്തിൽ ശയിക്കുന്ന ഈ നന്ദിയുടെ അഴകിന്റെ പ്രധാന രഹസ്യം നാലഞ്ചുവരികളിലായി അതിന്റെ കഴുത്തിൽ കൊത്തിയിട്ടിരിയ്ക്കുന്ന മാലകളും മണികളും തന്നെയാകാം. കൊത്തുപണികൾ പുറഭാഗത്തും പാദത്തിലെ തളകളായും നന്ദിയെ ആകർഷകമാക്കുന്നു. പ്രകൃതിയൊരുക്കുന്ന പശ്ചാത്തലമോ അതീവഹൃദ്യമെന്നേ പറയാനാവൂ. വെളുത്തും നീലയുമായ മേഘങ്ങൾ ക്യാൻവാസിനു ഭംഗിയേകുന്നു. സൈഡിൽ നിന്നെടുക്കുകയാണെങ്കിൽ ഇപ്പോൾ വീഴുമെന്നപോലെ തോന്നിയ്ക്കുന്ന പടുകൂറ്റൻ പാറക്കല്ലുകളുള്ള മലയാണു പശ്ചാത്തലം. ഫോട്ടോഗ്രാഫർമാരുടെ പറുദീസയായി ഇവിടം മാറാൻ മറ്റെന്തുവേണം?

അടുത്തും അകലെയുമായി നിന്നു പല വീക്ഷണകോണിലൂടെയും നോക്കിയപ്പോഴെല്ലാം   ഈ പ്രതിഷ്ഠയുടെ സൌന്ദര്യം കൂടുതലായി തോന്നിച്ചു. പുൽത്തകിടിയിൽ അൽ‌പ്പനേരമിരുന്നും ഫോട്ടോ എടുത്തും ചുറ്റുപാടുകളെ ഉള്ളിലേയ്ക്കു വലിച്ചെടുക്കുമ്പോൾ വല്ലത്ത സന്തോഷം തോന്നി.  മനസ്സിലൊരു ചോദ്യവുമുയർന്നു.  ശരിയ്ക്കും മഹാദേവന്റെ വാഹനം ഇതുപോലെത്തന്നെയായിരിയ്ക്കുമോ?കാശുമാലയും കുടമണിക്കൂട്ടവും പതക്കവും കാതിലെ കടുക്കനും കാൽത്തളയും ഒക്കെ ഉള്ള ഈ നന്ദി വിജയനഗരത്തിന്റെ കൊത്തുപണിവൈദഗ്ദ്ധ്യത്തിന്റെ മകുടോദാഹരണമായി നില നിൽക്കുന്നു. ഒരിയ്ക്കലും മറക്കാനാവാത്ത ഒരു കാഴ്ച്ച തന്നെ.

ലേപക്ഷിയിൽ നിന്നും തിരികെപ്പോരുമ്പോൾ മനസ്സിൽ എന്തെന്നറിയാത്ത  വല്ലാത്തൊരു നഷ്ടബോധം ഉണരുന്നതുപോലെ തോന്നി.അഞ്ഞൂറിലധികം വർഷങ്ങൾക്കു മുൻപുള്ള ഒരു സംസ്ക്കാരം നമുക്കു നഷ്ടപ്പെട്ടുവെന്ന അറിവ്  വേദനാജനകം തന്നെ. അതിലുമധികം വേദന തോന്നിയ മറ്റൊരു കാര്യം ഇത്തരം പ്ലല സംഭാവനകളെക്കുറിച്ചുമുൾല നമ്മുടെ അജ്ഞത തന്നെ. ഏതാനും ദിവസങ്ങൾക്കു മുൻപു വരെ ലേപക്ഷിയെക്കുറിച്ച് എനിയ്ക്കു ഒന്നും തന്നെ അറിയുമായിരുന്നില്ല. ആകസ്മികമായി അവിടം സന്ദർശിയ്ക്കാനുള്ള ഭാഗ്യം ഒന്നു കൊണ്ടുമാത്രം ലേപക്ഷിയുടെ സവിശേഷതകളെ അറിയാനിടയായെന്നുമാത്രം. പുരാണമോ ചരിത്രമോ കൂടുതൽ മനസ്സിൽത്തട്ടിയതെന്നറിയില്ല. ഒന്നു തീർച്ച, ക്ഷേത്രദർശനം ഭക്തിയേക്കാളേറെ മനസ്സിലേറ്റിയത് യുക്തിയെ തന്നെ. എന്തൊക്കെയോ വർണ്ണ ചിത്രങ്ങൾ അക്കാലത്തെക്കുറിച്ചുള്ളവ എന്റെ മനസ്സിലും  വരയ്ക്കാനായപോലെ. ജടായുവും സീതയും രാമനും വിജയനഗരചക്രവർത്തിയായ അച്ചുതരായരും വിരൂപണ്ണയുമൊക്കെ  കഥാപാത്രങ്ങളായി മനസ്സിൽ പ്രതിഷ്ഠിയ്ക്കപ്പെട്ടു കഴിഞ്ഞു. വന്ന വഴിയിലൂടെ തന്നെ ഹൈവേയിലെത്തി നെടുനീളെ ഒരു കറുത്ത റിബൺ പോലെ കിടക്കുന്ന റോഡിലൂടെ ബാംഗളൂർക്കു തിരിയെ പോകുമ്പോൾ ലേപക്ഷി മിത്തിൽ നിന്നും സത്യമായിമാറിക്കഴിഞ്ഞിരുന്നു.

(Published in Eastcoastdaily.com as column)

 

Leave a Reply

Your email address will not be published. Required fields are marked *