ശബരിമലയിൽ തങ്ക സൂര്യോദയം…1

Posted by & filed under Uncategorized.

ശബരിമലയിലേയ്ക്ക് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിയ്ക്കണമെന്ന മുറവിളി വീണ്ടും ഉയരുന്നു. ആർത്തവവിരാമം വരെ അതിനായി കാത്തു നിലക്കാനാവില്ലെന്ന വാദം തന്നെ ഭക്തിയുടെ പരിവേഷം നിറഞ്ഞതായല്ല,സക്തിയുടെ സങ്കുചിതമായ ചായം മുക്കിയ വാദമല്ലേ? ശബരിമലയാത്ര എന്നത് ഒരു അനുഷ്ഠാനം മാത്രമല്ല, അനുഭൂതികൂടിയാണ്. അതിനെ സൃഷ്ടിച്ചെടുക്കാനാകില്ല, സ്വയം ഉരുത്തിരിയുന്ന ഒന്നാവണം. കുടുംബ പ്രാരാബ്ധങ്ങളിൽ നിന്നും , ജോലിത്തിരക്കുകളിൽ നിന്നും  താത്ക്കാലികമായി ഒളിച്ചോടി അൽപ്പ സമയം സ്വന്തം കുടുംബത്തിനൊത്ത് ചിലവഴിയ്ക്കാനായി ഇന്നത്തെ തലമുറയിലെ അണു കുടുംബങ്ങൾ തിരഞ്ഞെടുക്കുന്ന മറ്റു യാത്രകളെപ്പോലെ ഇതിനെ ഒരിയ്ക്കലും കണക്കാക്കാനാകില്ല. മറിച്ച് ഇത്തരം കെട്ടുപാടുകളിൽ നിന്നും കുറച്ചെങ്കിലും  മോചിതമാകുന്ന ഒരു പ്രായത്തിൽ നമ്മെത്തന്നെ നാം കണ്ടെത്തുന്നതിനു നടത്തുന്ന ഒരു പ്രയാണം കൂടിയാണത്. ‘തത്ത്വമസി‘ യെന്നാൽ തത് + ത്വം+ അസി= അത് നീ തന്നെയാകുന്നു എന്ന പരമസത്യം.ആത്മാവും, ജീവാത്മാവും , പരമാത്മാവും ബ്രഹ്മവും , പരബ്രഹ്മവും എല്ലാം സ്വയം തന്നെയെന്ന തിരിച്ചറിയൽ.ഇത്തരം തിരിച്ചറിയലുകൾ ലോകനന്മയ്ക്കു കൂടിയേ തീരൂ.പണ്ഡിത-പാമര വ്യത്യാസമോ, ധനിക-ദരിദ്രവ്യത്യാസമോ കൂടാതെ സ്വയം കണ്ടെത്തലുകളിലൂടെ കടന്നുപോകുന്ന ദിനരാത്രങ്ങളുടെ അനുഭൂതി പറഞ്ഞറിയിയ്ക്കാനാവില്ല. കേരളത്തിനെസ്സംബന്ധിച്ചിടത്തോളം സ്വന്തമായ ആചാരവിധികൾ ഇവിടുത്തെ ഓരോ കൊച്ചു ക്ഷേത്രങ്ങൾക്കു പോലുമുണ്ട്. സ്ത്രീകൾ തൊഴാൻ പാടില്ലാത്ത അമ്പലങ്ങൾ ഇന്നും ഉണ്ട്. ലളിതമല്ലാത്ത പുതിയതരം വേഷവിധാനങ്ങൾ എന്ന നിലയിൽ ഷർട്ട്,ബനിയൻ, പാന്റ്, ചുരിദാർ എന്നിവയൊക്കെ ധരിയ്ക്കാൻ പാടില്ലാത്ത അമ്പലങ്ങൾ ഉണ്ട്. അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്നു വിളിച്ചു പറയുന്ന അമ്പലങ്ങൾ ഉണ്ട്. ഭക്തിയുടെ മൂർത്തീമദ്ഭാവത്തോടെ കണ്ണനെ വിളിയ്ക്കുന്ന യേശുദാസിനേയും, കവിതയിലൂടെയും ശ്ലോകങ്ങളിലൂടെയും ഉണ്ണിക്കണ്ണന്റെ പോലും മനസ്സു കവർന്ന യൂസഫലി കേച്ചേരിയേയും മലയാളിയ്ക്കു മറക്കാനാവില്ല.അവർക്കെല്ലാം അകലെ നിന്നാലും മറ്റേതു കൃഷ്ണഭക്തരേക്കാളുമേറെ അനുഭൂതി കിട്ടിക്കാണണം, തീർച്ച. ഒരു ദേവാലയത്തിൽ നൂറുകണക്കിനു വർഷങ്ങളായി തുടർന്നു വരുന്ന പല ആചാ‍ാരങ്ങളും മാറ്റുക എന്നത് എളുപ്പമല്ല. കാലഘട്ടത്തിന്റെ മാറ്റത്തിന്നനുസരിച്ച് മാറ്റപ്പെടാവുന്നവ സ്വയം മാറിക്കൊള്ളുക തന്നെ ചെയ്യും.കേരളത്തിനു പുറത്തു തന്നെ നോക്കൂ, എത്ര മാത്രം വിഭിന്നമായ ആചാരരീതികളാണ് കാണുന്നത്.വിഗ്രഹത്തെ തൊട്ടുതൊഴുന്ന കാര്യം നമുക്ക് ഓറ്ക്കാൻ കൂടി സാധിയ്ക്കില്ല. പ്രസിദ്ധമായ കാളീഘട്ട് അമ്പലത്തിൽ ആദ്യമായി പോയപ്പോൾ ദേവിയെ കൈകൊണ്ടു തൊട്ടും തലോടിയും ഭക്തർ പ്രാർത്ഥിയ്ക്കുന്നതുകണ്ടു. വലംവയ്ക്കുമ്പോൾ കാലടികൾ തൊടാൻ പോലും നമുക്കു പേടി തോന്നുന്നു. ശ്രീകോവിലിനുള്ളിൽ കയറുകയെന്നതും അചിന്ത്യം.  പക്ഷേ അവിടെ അത് അനുവദനീയമായ ആചാരം മാത്രം. നാളെ നമ്മുടെ കാളീമന്ദിരത്തിലും  അതു വേണമെന്നു ശഠിയ്ക്കാനാകുമോ? കുളിയ്ക്കാതെ അമ്പലത്തിൽ പോകാൻ തോന്നാറുണ്ടോ? ഇന്നും മുങ്ങിക്കുളിച്ചു ഈറനോടെ മാത്രം അമ്പലത്തിൽ‌പ്പോകുന്നവർ ധാരാളം. ഭക്തിയ്ക്കാവശ്യം ഇത്തരം സ്വാതന്ത്ര്യങ്ങളാണ്, അല്ലാതെ വാഗ്വാദങ്ങൾക്കായുള്ള തയ്യാറെടുപ്പുകളല്ല. സമൂഹത്തിനായി പുരുഷനേക്കാളേറെ സംഭാവനകൾ നൽകാൻ സജ്ജയായ സ്ത്രീ സ്വയം കണ്ടെത്തലുകളിലും മുൻപന്തിയിൽ തന്നെയല്ലേ? ഒരു ശബരിമല യാത്ര അൽ‌പ്പം വൈകിപ്പോയെന്നു കരുതി അവൾക്കൊന്നും നഷ്ടപ്പെടുന്നില്ല, മറിച്ച് അവൾ അതിലൂടെ ആദരിയ്ക്കപ്പെടുകയല്ലേ എന്നെന്തേ ആരും ചിന്തിയ്ക്കാത്തത്? ഒരുപക്ഷേ ഇപ്പോഴും ശബരിമല യാത്രയെ ഒരു സാധാരണയാത്രയായി മാത്രം കാണുന്നവർക്കത് മനസ്സിലാക്കാനാവില്ലെന്നതാവും സത്യം.
 കുഞ്ഞുന്നാൾ മുതൽ ശബരിമലയ്ക്കു പോകുന്നവരെ കാണുമ്പോൾ എന്തിനാണെന്നറിയില്ല തൊണ്ടയിലൊരു ഗദ്ഗദം വന്നു മുട്ടി നിൽക്കുന്ന അനുഭൂതി പലപ്പോഴും എന്നെത്തന്നെ വിസ്മയം കൊള്ളിപ്പിയ്ക്കുമാറു എന്നിൽ വന്നു നിറയാറുണ്ടായിരുന്നു. അന്നൊക്കെ കൊടുംകാടിലൂടുള്ള ശബരിമലയാത്രയെക്കുറിച്ചേ കേട്ടിരുന്നുള്ളൂ. മനസ്സിൽ‌പ്പോലും അയ്യപ്പദർശനത്തിന്നായി അവിടെ പോകണമെന്ന ചിന്ത ഒരിയ്ക്കലും ഉരുത്തിരിയാതിരിയ്ക്കാൻ ഒരു പക്ഷേ അതൊരു കാരണമായിരുന്നിരിയ്ക്കാം.  അയ്യപ്പൻ വിളക്കുകളും അയ്യപ്പൻ പാട്ടും ഉടുക്കിന്റെ താളാനുസൃതമായ കൊട്ടും ഭക്തിലഹരി തരാതിരുന്നില്ലെന്നതും സത്യം. പല അയ്യപ്പൻ പാട്ടുകളും അന്നൊക്കെ വാശിയോടെ ഹൃദിസ്ഥമാക്കിയിരുന്നു താനും. എന്റെ സഹോദരൻ വായകൊണ്ട് ഉടുക്കിന്റെ ശബ്ദമുണ്ടാക്കാൻ മിടുക്കനായിരുന്നു. മറ്റുള്ളവർ കൂട്ടത്തിൽ പാടുകയും ചെയ്യുമ്പോൾ അറിയാതെ തന്നെ അയ്യപ്പസ്വാമി മനസ്സിൽ വന്നു കുടിയിരുന്നെന്ന സത്യം പിന്നീടേ മനസ്സിലാക്കാനായുള്ളൂ. സ്ത്രീയായതിനാൽ സന്നിധാനത്തിലെത്താൻ അപ്പോഴും മോഹിച്ചില്ല. അപ്രതീക്ഷിതമായി ഒരു മോഹം ഈയിടെ മനസ്സിൽ നാമ്പെടുത്തതേയുള്ളൂ, അതറിയാതെ തന്നെ മലയ്ക്കു വരുന്നോ എന്ന ചോദ്യവുമായി ചിലരെത്തി. മലമുകളിൽ നിന്നുള്ള വിളി തന്നെ എന്ന തോന്നൽ മനസ്സിലുയർന്നപ്പോൾ കൂടുതൽ ആലോചിയ്ക്കേണ്ടി വന്നില്ല, യാത്ര തീരുമാനിയ്ക്കപ്പെട്ടു. ഓൺലൈൻ ബുക്കിംഗ് വഴി ക്യൂവിൽ പേർ കൊടുക്കുകയും ചെയ്തു.
 വൃശ്ചികപ്പിറപ്പിനു തലേന്നാൾ ഉറങ്ങാനായില്ല. മനസ്സിൽ നിറയെ ആകാക്ഷനിറഞ്ഞതിനാലാവാം. ഓണക്കാലത്തു മലയിൽ പോയി വന്ന ഒരു ബന്ധുവിന്റെ വിവരണം കേട്ടപ്പോൾ ഇത്തിരി ഭയം തോന്നാതിരുന്നില്ല. കയറാൻ ബുദ്ധിമുട്ടുമോ? കരിമല കയറ്റം കഠിനമെന്ന വരികളാണ്  മനസ്സിലേയ്ക്കൊഴുകിയെത്തിയത്. സീസണിൽ പോകുന്നതൊഴിവാക്കുന്നതാവും നല്ലതെന്ന നിർദ്ദേശവും കേൾക്കാതിരുന്നില്ല. പക്ഷേ ഒരു സുഹൃത്തിനൊട്ടും സംശയമേ ഉണ്ടായിരുന്നില്ല. “ എല്ലാം മനസ്സിന്റെ ധൈര്യവും അയ്യപ്പനിലെ വിശ്വാസവും മാത്രം. ഒന്നും പ്രശ്നമാകില്ല.” ഈ വാക്കുകൾ മനസ്സിനുള്ളിൽ തട്ടിയപ്പോൾ എവിടെ നിന്നൊക്കെയോ ധൈര്യം കിട്ടിയ പോലെ. പിന്നെ വൃശ്ചികം ഒന്നിനു മാലയിട്ടു, വ്രതശുദ്ധിയോടെ മൂന്നാം ദിവസം തൊട്ടടുത്തുള്ള ദുർഗ്ഗാദേവീ ക്ഷേത്രനടയിൽ നിന്നും വിധിയാം വണ്ണം കെട്ടു നിറച്ചു, ദേവിയെ തൊഴുതു, തേങ്ങയുടച്ചു, യാത്രയ്ക്കു തയ്യാറായി. രണ്ടു ദിവസമായി സന്നിധാനത്തു മഴയാൽ വന്നു ചേർന്ന പ്രശ്നങ്ങളും, അമ്പതോളം വാഹനങ്ങൾ ഒഴുകിപ്പോയതും, നിലയ്ക്കൽ നിന്നും വണ്ടികൾ തടയുന്നതും, മലയിലേയ്ക്കും തിരിച്ചും യാത്ര നിയന്ത്രിച്ചതുമെല്ലാം ഈ സമയങ്ങളിൽ ടിവി ചാനലുകൾ വഴി അറിഞ്ഞെങ്കിലും അന്നു തന്നെ പോകണമെന്ന ഞങ്ങളുടെ തീരുമാനത്തിനു മാറ്റമുണ്ടായില്ല. കെട്ടുനിറയ്ക്ക് ഒരു മണിക്കൂർ മുൻപായെത്തിയ അതിശക്തിയായ മഴ മുറ്റത്തും തൊടിയിലും വെള്ളം നിറച്ചപ്പോഴും മനസ്സു പറഞ്ഞു: സ്വാമി അനുഗ്രഹവുമായി ഇങ്ങെത്തിയിരിയ്ക്കുന്നതാവും, പോവുക തന്നെ.ശരണം വിളിയോടെ ഞങ്ങൾ വാഹനത്തിൽ കയറുമ്പോൾ സമയം സന്ധ്യയ്ക്കു ഏഴുമണിയായിരുന്നു. സ്വാമിയേ ശരണമയ്യപ്പ!

Leave a Reply

Your email address will not be published. Required fields are marked *