ശബരിമലയിൽ തങ്ക സൂര്യോദയം part-2

Posted by & filed under Uncategorized.

 

 

Part-2

 

സ്വാമിയേ ശരണമയ്യപ്പ!

 

സാധാരണ തീർത്ഥയാ‍ത്രകളിൽനിന്നും തികച്ചും വ്യത്യസ്തമാണീ യാത്രയ്ക്കായുള്ള ഒരുക്കങ്ങൾ എന്നു മനസ്സിലാക്കിയപ്പോൾ അത്ഭുതം തോന്നി. എല്ലാത്തിനുമുള്ള ചിട്ടയും അടുക്കും കൃത്യതയും അത്രമാത്രം എടുത്തു പറയേണ്ടിയിരിയ്ക്കുന്നു. കഴുത്തിൽ മാലയണിഞ്ഞു കറുപ്പുവസ്ത്രത്തിലേയ്ക്കു മാറിയതും ആകപ്പാടെ ഞാനും മറ്റൊരാളായി മാറിയതുപോലെ. മലയ്ക്കു പോകുമ്പോൾ മനസ്സിനെ സജ്ജമാക്കലാണു മുഖ്യം എന്നു കേട്ടിട്ടുണ്ട്. രാഗവിദ്വേഷങ്ങളെ പറിച്ചു മാറ്റണം. സാത്വികമായ ജീവിതരീതിവേണം പിന്തുടരുവാൻ. അനാവശ്യചിന്തകൾ മംനസ്സിൽ നിന്നും മാറ്റപ്പെടണം. സ്വാമിയെക്കാണാൻ മനസ്സിനെ ഒരുക്കുമ്പോൾ പ്രാർത്ഥകൾപോലും എല്ലാവരുടേയും നന്മകൾക്കായി മാറപ്പെടുന്നു. ഇരുമുടിക്കെട്ടിലേയ്ക്കുള്ള സാധനങ്ങൾ കിറ്റ് ആയി കിട്ടുന്നിണ്ടിപ്പോൾ. അല്ലാത്തവയും പെട്ടെന്നു സംഭരിയ്ക്കാനാ‍യി. സീസൺ ആയാൽ പഴയതുപോലെ അയ്യപ്പന്മാർക്കിതിനായൊന്നും ഓടേണ്ടിവരുന്നില്ല. ഉയർന്നുപൊങ്ങുന്ന ശരണംവിളിയ്ക്കിടയിലൂടെ പുറത്തു കടന്നു വാഹനത്തിൽ കയറുമ്പോൾ എല്ലാം അയ്യപ്പസ്വാമിതുണച്ച് നല്ല ദർശനം കിട്ടുമെന്ന വിശ്വാസം മനസ്സിൽ ഉയർന്ന് വന്നു. പ്രകൃതി തകർത്തുപെയ്ത മഴമുഖം മാറ്റി, തെളിഞ്ഞവെയിൽ സുന്ദരമായ സന്ധ്യയ്ക്കു വഴിമാറി. രാത്രിയാത്രയുടെ വശ്യത എന്നിൽ എന്നുമെന്നപോലെ സന്തോഷത്തിന്റെ വീചികളുണർത്തി.

 

പതിവുപോലെതന്നെ യാത്രയുടെ ഘട്ടങ്ങൾ വളരെ കൃത്യമായിത്തന്നെ ഞങ്ങൾ ആസൂത്രണം ചെയ്തിരുന്നു. ഏതുയാത്രയുടെ വിജയത്തിനും അതാവശ്യമാ‍ണല്ലോ, ജീവിതയാത്രയിൽ‌പ്പോലും.രാത്രി അമ്പലപ്പുഴയിൽ ഒരു സുഹൃത്തിന്റെ വീട്ടിൽ തങ്ങാണാണു പ്ലാൻ. ഹോട്ടലുകളിലെവിടെയെങ്കിലും മുറി ബുക്കുചെയ്യണമെന്നേ പറഞ്ഞുള്ളൂവെങ്കിലും അവർക്കൊത്തു തന്നെ വേണമെന്നവർക്കു നിർബന്ധം. അമ്പലപ്പുഴ ശ്രീകൃഷ്ണഭഗവാനേയും, മണ്ണാറശ്ശാ‍ലയിലെ നാഗദൈവങ്ങളേയും ഹരിപ്പാട് സുബ്രഹ്മൺയ്യസ്വാമിയേയും, , ആറന്മുള പാർത്ഥസാരഥിയേയും ദർശിച്ച് എരുമേലിയിൽ ചെന്നു പേട്ടതുള്ളൽ നുകർന്ന് അയ്യപ്പസ്വാമിയേയും വാവർസ്വാമിയേയും കണ്ട്, പമ്പയിൽക്കുളിച്ച് ഈറനോടെ മലകയറ്റം. അന്നു രാത്രി അവിടെ തങ്ങി പിറ്റേന്നു മടക്കം . ഇതായിരുന്നു ഞങ്ങൾ പ്ലാൻ ചെയ്തത്.

 

 

 

തൃശ്ശൂർ വിടുമ്പോൾ മഴ കുറേശ്ശെ പൊടിയാൻ തുടങ്ങിയിരുന്നു. ടോൾനാക്കയിലൂടെ ഹൈവേയിൽ മഴ വരച്ച ചിത്രങ്ങളും കണ്ട് നനുത്ത ഈർപ്പമുള്ള കാറ്റുമേറ്റിരിയ്ക്കുമ്പോൾ അറിയാതെ കഴിഞ്ഞ ദിവസം പിണങ്ങി നിന്ന ഉറക്കം ചങ്ങാത്തം കൂടാനെത്തി. പക്ഷേ മനസ്സിലെ വികാരത്തള്ളിച്ചയാലാകാം കാറിന്റെ സ്റ്റീരിയോയിലൂടെ ഒഴുകുന്ന അയ്യപ്പഭക്തിഗാനങ്ങൾക്കൊത്ത് തുള്ളിച്ചാടുന്ന മനസ്സിനു ഉറക്കത്തെ നീക്കിനിർത്താനായി. രാത്രി 11.30നോടുകൂടി അമ്പലപ്പുഴയിലെത്തി. സുഹൃത്ത് വഴികാണിയ്ക്കാനായി റോഡരികിൽ വന്നു നിന്നിരുന്നു. കുശലപ്രശ്നങ്ങൾക്കു ശേഷം ഒഴിച്ചിട്ടു സജ്ജമാക്കിയിരുന്ന് മുകൾനിലയിലേയ്ക്കെത്തിയതും കിടന്നതുമേ ഓറ്മ്മയുള്ളൂ..രാവിലെ 4 മണിയുടെ അലാറം കേട്ടാണുണർന്നത്. വേഗം തന്നെ പ്രഭാതപരിപാടികളും കുളിയും കഴിച്ച്ശേഷം സുഹൃത്തിന്റെ കുടുംബക്ഷേത്രത്തിൽ അയ്യപ്പസ്വാമിയെ ദർശിച്ച് സുഹൃത്തിനോടും കുടുംബത്തോടും യാത്രപറഞ്ഞു ഞങ്ങൾ അമ്പലപ്പുഴയിലേയ്ക്കു യാത്രതിരിച്ചു.

അമ്പലപ്പുഴയിൽ താമസസൌകര്യം കിട്ടാത്തവർക്കു ഇവിടെ ക്ഷേത്രത്തിന്റെ അകത്തായി വിരി വയ്ക്കാം. രാവിലെ കുളിയ്ക്കാനും മറ്റു പ്രഭാതകർമ്മങ്ങൾക്കും സൌകര്യമൊരുക്കിയിട്ടുണ്ട്. പ്രഭാതക്കുളിരിൽ വിശാലമായ അമ്പലപ്പുഴക്ഷേത്രത്തിനു വലം വെച്ച് ദർശനം ചെയ്യുമ്പോൾ സായൂജ്യം കിട്ടിയ പോലെ. അമ്പലത്തിന്റെ ഭംഗിയും ചരിത്രവും നുകർന്നു മനസ്സിലും ഒരുപിടി സൂക്ഷിച്ച് അവിടെനിന്നും പുറത്തുകടക്കുമ്പോൾ ഇനിയും ഇവിടെ വരാൻ ഭാഗ്യമുണ്ടാകണേ എന്നായിരുന്നു പ്രാർത്ഥന. മണ്ണാറശ്ശാലയിൽ പറഞ്ഞുകേട്ടതിനേക്കാളെത്രയോ ദർശിയ്ക്കാനായി . ഇവിടത്തെ പ്രധാന പ്രതിഷ്ഠകളായ  വാസുകിയേയും നാഗയക്ഷിയേയും ഉപദേവതകളായ ഗണപതി, ഭദ്രകാളി, ശിവൻ, ശാസ്താവ് എന്നിവരേയും തൊഴുതു പുറത്തു കടന്നു. സർപ്പാക്കാവു ചുറ്റിക്കാണുന്നതിനിടെ അവിടെ താമസിയ്ക്കുന്ന എന്റെ കസിന്റെ മകളെ കണ്ടു. കാപ്പി കുടിയ്ക്കാൻ ക്ഷണിച്ചെങ്കിലും മറ്റൊരവസരത്തിലാകട്ടെയെന്നു പറയാതിരിയ്ക്കാനായില്ല. ഇല്ലെങ്കിൽ മറ്റിടങ്ങളിൽ വൈകുമല്ലോ> കൌണ്ടറിൽ നിന്നും അപ്പവും മറ്റും വാങ്ങി പുറത്തുകടക്കുമ്പോൾ ലക്ഷങ്ങളിലധികം വരുന്ന ചിത്രോടക്കല്ലുകളും അവയുടെ വരിവരിയായുള്ള സ്ഥാപനത്തിലെ ഭംഗിയും, സർപ്പങ്ങൾക്കായി മഞ്ഞൾപ്പൊടി തൂവരുതെന്ന ബോറ്ഡുകളുമെല്ലാം മനസ്സിന്നുള്ളിലും കൊത്തിവയ്ക്കപ്പെട്ടുകഴിഞ്ഞിരുന്നു.

പിന്നീട് ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രദർശനമായിരുന്നു. മനസ്സു നിറയെ തൊഴുത് വാഹനമായ മയിലിനേയും വണങ്ങി പുറത്തെ കൌണ്ടറിൽ നിന്നും പഞ്ചാമൃതവും മറ്റു പ്രസാദങ്ങളും വാങ്ങി ഞങ്ങൾ പുറത്തു കടന്നു.ഇവിടുത്തെ പ്രധാന വഴിപാടായ ഇടിച്ചു പിഴിഞ്ഞ പായസവും തുലാപായസവും രുചിയ്ക്കാൻ ഭഗവാൻ എന്നെങ്കിലും ഇടവരുത്തുമെന്ന് വിശ്വാസമായിരുന്നു പുറത്തു കടക്കുമ്പോൾ.അവസാനമായി ആരന്മുളയ്ക്കു തിരിയ്ക്കുമ്പോൾ മനസ്സിൽ ഏറെ കേട്ടിട്ടുള്ള ആറന്മുളയപ്പനും വള്ളം കളിയും ആറ്ന്മുളക്കണ്ണാടിയുമെല്ലാം ഒരേപോലെ ഓർമ്മ വന്നു. കർണ്ണനെ കൊന്ന പാപം തീർക്കാനായി പണ്ട് അർജ്ജുനൻ സ്ഥാപിച്ചതാണു ഈ ക്ഷേത്രം എന്നും, നിലക്കൽ നിന്നും  ആറുമുളകളുള്ള ചങ്ങാടത്തിൽ കയറ്റി ഇവിടെ കൊണ്ടുവന്നതിനാൽ ആറന്മുളയെന്ന പേർ വന്നതാണെന്നുമൊക്കെ കേട്ടിട്ടുണ്ട്. വിഷ്ണുവിന്റെ വിശ്വരൂപത്തിലുള്ള പൂർണ്ണകായപ്രതിമയാണിവിടുത്തെ വിഗ്രഹം. എത്ര തൊഴുതിട്ടും മതിയാകാത്തതുപോലെ. ചിത്രാലംകൃതമായ ചുമരുകളും നാലുവശങ്ങളിലെ ഗോപുരൺഗളും അമ്പലത്തിന്റെ വലുപ്പത്തെ എടുത്തു കാണിയ്ക്കുന്നു. പ്രസിദ്ധമായ വള്ളം കളി നടക്കുന്ന കടവ് വടക്കേ ഗോപുരത്തിലൂടെ കടന്നപ്പോൾ കാണായി. കുറെയേറെ പടവുകൾ ഇറങ്ങേണ്ടിവരുന്നതിനാൽ പമ്പയിലേയ്ക്കിറങ്ങിയില്ല. പ്രസാദം മേടിച്ചു ശരണം വിളിയോടെ പുറത്തു കടക്കുമ്പോൾ ദർശനസൌഭാഗ്യത്തിന്റെ സന്തോഷത്താൽ മനസ്സു തുള്ളിച്ചാടുകയായിരുന്നു. ക്ഷേത്രത്തിനു തൊട്ടുതന്നെയുള്ള ഷോപ്പിൽ നിന്നും ഒരു ആറമ്മുളക്കണ്ണാടി കൂടി വിലപേശി വാങ്ങുമ്പോൾ ഇതു വെയ്ക്കുന്നിടത്ത് ആറന്മുള ഭഗവാന്റെ കടാക്ഷത്താൽ ഐശ്വര്യമുണ്ടാകുമെന്ന ജീവനക്കാരിയുടെ  വാക്കുകൾ ദിവസത്തിനു കൂടുതൽ സന്തോഷം നൽകി.

 

ഇനി എരുമേലിയിലേയ്ക്ക്…സ്വാമിയേ ശരണമയ്യപ്പ! കാറിന്നുള്ളിലും കീർത്തനങ്ങൾ മുഴങ്ങിക്കൊണ്ടേയിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *