ശബരിമലയിൽ തങ്ക സൂര്യോദയം Article-3

Posted by & filed under Uncategorized.

 

ആറന്മുളയിൽ നിന്നും പത്തനംതിട്ട വഴി എരുമേലിയിലേയ്ക്കു പോകുന്നവഴിയിൽ ഹോട്ടലിൽ നിന്നും ഇഡ്ഡലിയും കാപ്പിയും കഴിച്ചു. ഇനി പതിനെട്ടാമ്പടി കയറി അയ്യപ്പസ്വാമിയെ ദർശിച്ചശേഷം മാത്രം ഭക്ഷണം എന്നു മനസ്സിൽ കരുതി. എരുമേലിയിലെത്തുമ്പോൾ സമയം പത്തരയായി. നല്ലവെയിൽ. തിരക്കും കുറവില്ല. പേട്ടതുള്ളൽ ഇതുവരേയും ടിവിയിൽ മാത്രമേ കണ്ടിട്ടുള്ളൂ. ചുട്ടുപൊള്ളുന്ന റോഡിൽ പാദം വയ്ക്കാനാവുന്നില്ല. അയ്യപ്പഭക്തിയിൽ അതൊന്നും അറിയാതെന്നോണം മേലാസകലം ചായം വാരിത്തേച്ച് വർണ്ണക്കടലാസ്സു കിരീടങ്ങൾ ചൂടി, കൈകളിൽ പലതരം മരച്ചില്ലകളും പിടിച്ച് ഹഹൂ ശബ്ദങ്ങളുയർത്തി ത്യേകരീതിയിലുള്ള കൊട്ടിനും വാദ്യത്തിനുമൊത്ത് താളത്തിൽ തുള്ളി അയ്യപ്പന്റെ ഭക്തർ മുകളിലെ കൊച്ചയ്യപ്പ ക്ഷേത്രത്തിൽ നിന്നും ഏതാണ്ട് അരക്കിലോമീറ്റർ താഴത്തായുള്ള വലിയ അയ്യപ്പക്ഷേത്രത്തിലേയ്ക്ക് റോഡിലൂടെ ആനന്ദനടനം ചെയ്തുകൊണ്ടൊഴുകുന്ന കാഴ്ച്ച ശരിയ്ക്കും ഭക്തിദായകം തന്നെ. ഇടയ്ക്കിടെ ഹോണടിച്ചെത്തുന്ന വാട്ടർടാങ്കറുകൾ വഴിനീളെ വെള്ളമൊഴുക്കി റോഡിനെ മുഴുവനും നനച്ച് പേട്ടതുള്ളുന്നവരുടെ കാൽ‌പ്പാദങ്ങൾക്ക് കുളുർമ്മയേകിക്കൊണ്ടേയിരുന്നു. കൂട്ടത്തിൽ ഞങ്ങളും പങ്കു ചേർന്നു. ഉറക്കെയുറക്കെ ശരണം വിളികൾ മുഴങ്ങിക്കൊണ്ടേയിരുന്നു. പേട്ടതുള്ളലിന്റെ സാധനസാമഗ്രികൾ വിൽക്കുന്നകടക്കാരും അവരുടെ ഏജന്റുകളും  പുതുതായി എത്തിക്കൊണ്ടിരിയ്ക്കുന്ന അയ്യപ്പഭക്തരെ പിന്തുടർന്ന് സാധനങ്ങൾ വാങ്ങാനായി പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. അയ്യപ്പന്റെ അവതാരലക്ഷ്യമായ മഹിഷിയെ വധിച്ചതിന്റെ സ്മരണയ്ക്കായാണ് പേട്ട തുള്ളലെന്നാണു ഐതിഹ്യം. പേട്ടതുള്ളുന്നവർക്കൊത്തു ഞങ്ങളും വാവർപ്പള്ളിയിലെത്തി പ്രദക്ഷിണം വച്ച് വഴിപാടിട്ടു. പുറത്തു കടന്നു. പേട്ടതുള്ളിയവർക്കു നദിയിലിറങ്ങിയോ പടവുകൾക്കു മുകളിലായി പ്രത്യേകമായുണ്ടാക്കിയ നെടൂനീളനായുള്ള ഷവറുകൾക്കു താഴെ നിന്നോ കുളിയ്ക്കാം.ശരീരത്തിലെ ചായം മുഴുവനും ഇഴുക്കിക്കളഞ്ഞു ഈറനോടെയോ പുതുവസ്ത്രം ധരിച്ചോ   വലിയ അയ്യപ്പക്ഷേത്രത്തിലെത്തി മലകയറാൻ മനസ്സിനെ ഒന്നു കൂടി സജ്ജമാക്കി ഭഗവാനോട് അനുഗ്രഹത്തിനായി പ്രാർത്ഥിയ്ക്കാം. ഞങ്ങളും അകത്തു കടന്ന് അയ്യപ്പന്റെ അനുഗ്രഹത്തിനായി തൊഴുതു പ്രാർത്ഥിച്ചു, വഴിപാടിട്ടു. . ശ്രീകോവിലിനുള്ളിൽ നിന്നും പ്രസാദത്തോടൊന്നിച്ചു കിട്ടിയ പൂജിച്ച ചരട് കയ്യിൽക്കെട്ടിയപ്പോൾ അറിയാവാത്ത ഒരു ശക്തി കൈവന്നപോലെ. അയ്യപ്പസ്വാമി തുണയ്ക്കുണ്ടെന്ന തോന്നൽ കരിമലകയറ്റത്തിനുള്ള ഭയത്ത മാറ്റിയപോലെ. പല അയ്യപ്പഭക്തിഗാനങ്ങളുടെ ശീലുകളും മനസ്സിൽ യാഥാർത്ഥ്യത്തിന്റെ രൂപരേഖകൾ വരയ്ക്കാൻ തുടങ്ങിയപ്പോൾ മനസ്സു തുള്ളിക്കളിയ്ക്കാൻ തുടങ്ങി. ഏറെ ലാഘവത്തോടെയാണു എരുമേലിയിൽ നിന്നും പമ്പയിലേയ്ക്കു പുറപ്പെട്ടത്. പമ്പ വരെയേ വാഹനത്തിൽ പോകാനാവൂ. അവിടെ നിന്നും കാൽനടയായി മാത്രമേ പോകാനാവൂ. എരുമേലിയിൽ നിന്നും വാഹനത്തിൽ പമ്പയിലെത്തുമ്പോൾ സമയം  മണിയായിരുന്നു. വാഹനം പാർക്കു ചെയ്ത് ഇറങ്ങി  ഇരുമുടിക്കെട്ടും തലയിലേറ്റി കുറച്ചു ദൂരം നടന്നാൽ പമ്പയുടെ പാലത്തിലേയ്ക്കിറങ്ങാം.. പാലം കടന്നാൽ പമ്പ ഇൻഫർമേഷൻ സെന്ററായി. വിശാലമായ ഹാളിൽ തിരക്കു കുറവായിരുന്നു. പറ്റിയ ഒരു മൂല കണ്ടെത്തി വിരി വിരിച്ച് ഞങ്ങൾ തലയിലെ കെട്ടുകൾ ഇറക്കിവച്ചു. ഇനി കുളിച്ചു ശുദ്ധമായി മലകയറാം. അതിനു മുൻപായി പമ്പയിൽ നിന്നും ദർശനത്തിനായുള്ള ഓൺലൈൻ ബുക്കിംഗ് ചെയ്തിട്ടുള്ളത് കൺഫേം ചെയ്യണം. വെരിഫിക്കേഷൻ കാർഡുമായി കൌണ്ടറിലെത്തി. വെരിഫിക്കേഷനുശേഷം ടിക്കറ്റ് വാങ്ങുമ്പോൾ” എല്ലാവരും സീനിയർ സിറ്റിസൺസ് ആണല്ലോ? മക്കളെയൊന്നും എന്താ കൂടെ കൊണ്ടുവരാഞ്ഞത്? മഴ വരുന്നതിനു മുൻപായി വേഗം മല കയറിക്കോളൂ’ എന്ന ഓഫീസറുടെ വാക്ക്കുകളിലെ കൺസേൺ ഞങ്ങൾക്കേറെ സന്തോഷം തന്നു. “ പ്രശ്നമില്ല, അയ്യപ്പൻ കൂടെയുണ്ട്, സുഖമായി ദർശനം നടത്താനാവും” മറുപടി പറയുമ്പോൾ ആത്മവിശ്വാസം കൂടി വരുന്നതു പോലെ.

പമ്പ..ഗംഗയ്ക്കു തുല്യയായവൾ. വഴിയിലുടനീളം അവളുടെ വിവിധരൂപങ്ങളുടെ ദർശനം ഞങ്ങൾക്കു കാട്ടിത്തന്നവൾ. ഇതാ പുണ്യനദിയിൽ കുളിയ്ക്കാൻ സമയമായി. മനസ്സുകൊണ്ട് എന്നേ ഞാൻ തയ്യാറായിരുന്നെങ്കിലും? ഇവിടെ നിന്നു പോകുമ്പോൾ ഇതുവരെ മലയ്ക്കു പോയിട്ടുള്ളവർ പറഞ്ഞിട്ടും പലയിടങ്ങളിലായി വായിച്ചിട്ടുമറിഞ്ഞ മലീമസമായ ഒരു ഗംഗ മനസ്സിലൂടൊഴുകിയിരുന്നു. എങ്ങനെയെങ്കിലും ഒന്നു മുങ്ങീക്കയറണ്ടേ എന്ന ചിന്ത കുറെ നേരമായി മനസ്സിൽക്കൊണ്ടു നടക്കുകയായിരുന്നു. പമ്പയിൽ ഒരിടത്തും മാലിന്യനിക്ഷേപങ്ങൾ കാണാനായില്ലെന്ന കാര്യം എന്നെ അത്ഭുതപ്പെടുത്തി. ധാരാളം വെയ്സ്റ്റ് ബിൻസ് എല്ലായിടങ്ങളിലും അനാവശ്യവസ്തുക്കളെ നിക്ഷേപിയ്ക്കാനായി വയ്ക്കപ്പെട്ടിരിയ്ക്കുന്നു. ഗ്രീൻ പമ്പ പ്രോജക്റ്റിന്റെ ആളുകൾ ഭക്തരെ ബോധവാന്മാരാക്കുന്നുണ്ട്. പമ്പയിൽ തുണി വലിച്ചെറിയുന്നവർക്ക്ക് ശിക്ഷയുണ്ട്. വളരെ നിർമ്മലമായി കാണപ്പെട്ട പമ്പയിലെ കുളിരാർന്നജലവും വൃത്തിയാർന്ന പരിസരവും മനസ്സിലെ ചിന്തയെ നീക്കി. ഭക്തർക്ക് ടോയലറ്റ് സൌകര്യങ്ങളായി പേ ആന്റ് യൂസ് ടൊയ്ലറ്റുകളും പലഭാഗങ്ങളിലായി ബയോ ടോയ്ലറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. പതുക്കെ കൽ‌പ്പടവുകളിലിറങ്ങി കുളിരാർന്ന ജലത്തിൽ ആഴുമ്പോൾ നല്ല സുഖം. ഒട്ടേറെപ്രാവശ്യം മുങ്ങിക്കുളിച്ചു. കാലടികളിൽ കൊത്തി ഇക്കിളിയിടാൻ വന്ന മത്സ്യങ്ങൾ കൊതുകങ്ങളായി. ഈറനോടെ മുങ്ങിക്കയറി അൽ‌പ്പനേരം വെയിലിൽ നിന്നു. തിരിച്ച് സെന്ററിലെ ഹാളിൽ വെച്ച ഇരുമുടിക്കെട്ടിനടുത്തെത്തി. എല്ലാവരും വന്നെത്തിയ ശേഷം അത്യാവശ്യം കയ്യിൽ വെയ്ക്കാനായി അൽ‌പ്പം ബിസ്ക്കറ്റും വെള്ളവുമെല്ലാം വാങ്ങിയ ശേഷം ശരണം വിളിയോടെ ഇരുമുടിക്കെട്ടുമേന്തി നടപ്പാതയിലൂടെ കൈയ്യിൽ മലകയറ്റം വിഘനമൊന്നും കൂടാതെ ന്നടക്കാനായി വിഘ്നേശ്വരനു ഉടയ്ക്കാനുള്ള തേങ്ങയുമായി ഞങ്ങൾ മുന്നോട്ടു നീങ്ങി. “വിഘ്നേശ്വരാ…കാത്തോളണമേ….ബുദ്ധിമുട്ടൊന്നും കൂടാതെ മലകയറി ദർശനസൌഭാഗ്യം സിദ്ധിയ്ക്കണേ…”  മനസ്സിൽ ഉറക്കെ പറഞ്ഞു തേങ്ങയുമുടച്ച് ഞങ്ങൾ കയറ്റം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *