ശബരിമലയിൽ തങ്ക സൂര്യോദയം Article-4

Posted by & filed under Uncategorized.

 

 

 

Part-4

“മുകളിലേയ്ക്കു നോക്കേണ്ട. സ്വാമിയെ മനസ്സിൽ ധ്യാനിച്ചു കയറ്റം തുടങ്ങിക്കോളൂ” കൂടെയുള്ളവർ പറയുന്നതനുസരിച്ചു. നിന്നും സാവധാനത്തിലും പടികൾ കയറവേ കൂർത്ത നിരപ്പല്ലാത്ത പ്രതലത്തോടു കൂടിയ നിലത്തെ സ്പർശിയ്ക്കുന്ന പാദങ്ങളിൽത്തന്നെ കണ്ണുകളുറപ്പിച്ച്, മനസ്സിൽ അയ്യനെ ധ്യാനിച്ച്, ചുറ്റുപാടുനിന്നുമുയരുന്ന അയ്യപ്പാവിളികൾക്കു മറുപടിയേകി മുന്നേറവേ ഇരുമുടിക്കെട്ടിന്റെ കനം അറിയാതെപോകുന്നു. തീരെ അവശരായവരും, തടി കൂടിയവരും, ചുറുചുറുക്കുള്ള ചെറുപ്പക്കാരും , കൊച്ചു മണികണ്ഠന്മാരും  അംഗവൈകല്യം വന്നവരും എല്ലാം ഒരേ സമയം ഒരേ ലക്ഷ്യത്തോടെ മുന്നേറുന്ന ഈ കാഴ്ച്ചയാണിവിടെ കാണാനാകുന്നത്. ആർക്കും ആവലാതികളില്ല. ആരും ഇനി കയറാനാവില്ലെന്നു പറയുന്നില്ല. പമ്പയിൽ നിന്നും കയറാനാകത്തവർക്കായി ഡോളി സർവീസുണ്ട്. നാലുപേർ ചേർന്ന് എടുക്കുന്ന ചാരുകസേരയിലിരുന്നു മുകളിലെത്താം. അസുഖമുള്ളവർക്കു മുകളിലെത്താൻ മറ്റു മാർഗ്ഗങ്ങളൊന്നുമില്ല. താഴെ നിന്നു തന്നെ ഡോളി വേണമോ എന്നു ചോദിച്ച് പലരും പിന്നാലെ കൂടി. അയ്യപ്പസ്വാമിയുടെ കൃപയാൽ വേണ്ടെന്നു പറയാൻ ബുദ്ധിമുട്ടുണ്ടായില്ല. നാലഞ്ചുകൊല്ലം മുൻപ് മഹാരാഷ്ട്രയിലെ മഹാബലേശ്വറിൽ നിന്നു 25 കിലോമീറ്റർ ദൂരത്തായി സമുദ്രനിരപ്പിൽ നിന്നും 1080 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന പ്രതാപ്ഗഢെന്ന ശിവജിയുടെ കോട്ടയുടെ മുകൾ വരെ  നടന്നു കയറിയിട്ടുണ്ടെങ്കിലും ഇപ്പോൾ റെയിൽ വേ സ്റ്റേഷൻ സ്റ്റെപ്പുകൾ കൂടി കിതപ്പുണ്ടാക്കാറുണ്ട്. അതിനാൽ നിന്നും ഇരുന്നും സാവധാനത്തിൽ അടികൾ വച്ചും ഇടയ്ക്ക് ശക്തി കിട്ടാനായി ഗ്ലൂക്കോസ് വായിലിട്ടും സാവധാനത്തിൽ ശരണം വിളികളുടെ താളത്തിനൊത്തായിരുന്നു മലകയറ്റം. അപ്പാച്ചിമേട്ടിൽ ഇരുവശത്തുമുള്ള അഗാധമായ കൊക്കകളായ അപ്പാച്ചിയിലും , ഇപ്പാച്ചിയിലും വസിയ്ക്കുന്ന ദുർദ്ദേവതകളെ പ്രീതിപ്പെടുത്താനായി  അരിയുണ്ടയെറിയാൻ എല്ലാവരും ഉത്സാഹം കാണിച്ചു. ശരം കുത്തിയാലിനെ പ്രതിനിധീകരിയ്ക്കുന്നിടത്തായി കന്നിയാത്രയുടെ ഭാഗമായി ശരക്കോൽ നിക്ഷേപിച്ചു.  കയറ്റം കഴിഞ്ഞ് നിരപ്പായ റോഡിലെത്തിയപ്പോൾ ആശ്വാസമായി. ഇരുമുടിക്കെട്ടിനെ തലയിൽ ബാലൻസ് ചെയ്ത് പിടിയ്ക്കാതെ തന്നെ നടക്കാമെന്നായപ്പോൾ എനിയ്ക്കു തന്നെ അത്ഭുതം തോന്നി. എല്ലാം സ്വാമിയുടെ അനുഗ്രഹമെന്നല്ലാതെ മറ്റെന്തു പറയാൻ?

ഓൺലൈൻ ആയി ബുക്കുചെയ്തക്യൂവിൽ പറയത്തക്ക തിരക്കില്ല. സാവധാനത്തിൽ പതിനെട്ടാം പടിയ്ക്കടുത്തേയ്ക്കു നീങ്ങുമ്പോൾ ഒരു സ്വപ്നസാക്ഷാത്ക്കാരത്തിന്റെ തൊട്ടുമുന്നിലായുള്ള ആഹ്ലാദം ഉള്ളിൽ തിരയടിച്ചു. പതിനെട്ടാമ്പടിയ്ക്കടുത്തായി തേങ്ങയെറിഞ്ഞുടച്ചു, ഒന്നാമത്തെ പടി തൊട്ടു തലയിൽ വെയ്ക്കുമ്പോൾ അയ്യപ്പന്റെ കാരുണ്യത്തിന്റെ മൂർദ്ധന്യം തിരിച്ചറിയാനായി. ഒന്നാം തൃപ്പടി ശരണമെന്നായ്യപ്പ! അവിടൊരു വന്ദനം ശരണം പൊന്നയ്യപ്പ! പടികളിൽ നിൽക്കുന്ന പോലീസയ്യപ്പന്മാർ കയറാൻ എല്ലാവരെയും സഹായിച്ചു കൊണ്ടേയിരുന്നു. യാതൊരുവിധ തിരക്കുകൂട്ടലുകളും കണ്ടില്ലെന്നതെന്നെ അത്ഭുതപ്പെടുത്തി. 18 പടികളും ഇതുവരെയും ടിവിയിൽ മാത്രമേ കണ്ടിട്ടുള്ളൂ. വന്ദിച്ചു കൊണ്ട് ഓരോപടിയും കയറി മുകളിലെത്തി ക്യൂവിൽ നിന്നു. പ്രദക്ഷിണമായി വന്ന് മെല്ലെയൊഴുകുന്ന ക്യൂവിൽ നിന്നും ഭഗവാനു തൊട്ടുമുന്നിലെത്തിയപ്പോൾ എല്ലാം മറന്ന പ്രതീതി. അൽ‌പ്പസമയം മുകുളിത ഹസ്തത്തോടെ നിന്നു പ്രാർത്ഥിച്ചു. മനസ്സു നിറഞ്ഞപോലെ . അടക്കാനാവാത്ത സന്തോഷം സിരകളിലൂടെ പതഞ്ഞൊഴുകുന്നു. വീണ്ടും പ്രദക്ഷിണം ചെയ്ത്  മാളികപ്പുറത്തമ്മയെ വന്ദിച്ച് പുറത്തു കടന്നു. ബുക്കു ചെയ്തിരുന്ന റൂമിലെത്തി, കുളിച്ചുവസ്ത്രം മാറി. തിരക്കില്ലാത്ത ദിവസമായതിനാൽ ഒമ്പതരയ്ക്കു പോയാൽ നന്നായി തൊഴാനാകുമെന്നാരോ പറഞ്ഞു. അഭിഷേകത്തിനുള്ള നെയ് തേങ്ങയുടെ ഉള്ളിൽ നിന്നും പാത്രത്തിലേയ്ക്കു പകർന്നു.ആ തേങ്ങകൾ ഇനി കത്തുന്ന തീക്കുണ്ഡത്തിലേയ്ക്കെറിയണം.കാണിക്കസഞ്ചിയും നിവേദ്യത്തിനായുള്ള മറ്റു നിവേദ്യവസ്തുക്കളും ഉരുട്ടാനുള്ള തേങ്ങയും കെട്ടിൽ നിന്നു പുറത്തെടുത്തു. പത്തുമണിയോടെ വീണ്ടു കാണിക്കയർപ്പിച്ച് ഭഗവാന്റെ തിരുമുഖം ദർശിച്ചു. പതിനെട്ടാം പടി ഏതാണ്ട് ശൂന്യമെന്നു തന്നെപറയാം. ഒരു നിമിഷം നോക്കി നിന്നു. അമ്പലത്തിന്റെ തിരുമുറ്റത്തു തന്നെ നിൽക്കവേ ഹരിവരാസനവും കേൾക്ക്കാനായി. ദേഹമാസകലം കോരിത്തരിച്ചുപോയി. അറിയാതെ സ്വാമിയെ വിളിച്ചുപോയി. ശബരിമലയിൽ ഭഗവാനു സമീപം നിന്നു ഹരിവരാസനം കേൾക്കാനാകുമെന്ന് സ്വപ്നത്തിൽ‌പ്പോലും കരുതിയിരുന്നില്ല. സ്വാമിയുടെ കാരുണ്യമെന്നല്ലാതെ മറ്റെന്തുപറയാൻ?

മുറിയിൽ ചെന്നതും കിടന്നതുമേ ഓർമ്മയുള്ളൂ. സുഖനിദ്ര തഴുകാനോടിയെത്തി. കാലും മേലുമെല്ലാം നീറുന്നതും നോവുന്നതുമൊക്കെ മറന്നേ പോയി. , സുഖമായുറങ്ങി. രാവിലെ നേരത്തെ എഴുനേറ്റ് കുളിച്ചു നെയ്യഭിഷേകത്തിനായി  ക്യൂവിൽ നിന്നു ടോക്കണെടുത്തു. തിരക്ക് അനുനിമിഷം കൂടുതലായിക്കൊണ്ടിരുന്നു. മാളികപ്പുറത്തമ്മയുടെ ക്ഷേത്രത്തിനു ചുറ്റും നാളികേരമുരുട്ടി, മറ്റു പൂജാദ്രവ്യങ്ങളർപ്പിച്ചു, വഴിപാടുകളും വിധിയാം വണ്ണം നടത്തി. മറ്റു ഉപദേവതകളെയും തൊഴുതു പ്രാർത്ഥിച്ചു. പ്രസാദങ്ങളും, ആടിയ നെയ്യും വാങ്ങി.  മനസ്സുകൊണ്ട് അയ്യപ്പസ്വാമിയെ ഒരിയ്ക്കൽക്കൂടി തൊഴുതു മനസ്സില്ലാമനസ്സോടെ പുറത്തു കടന്നു. വീണ്ടും റൂമിലെത്തി. ബാഗെല്ലാമെടുത്ത് മറ്റൊരു വഴിയിലൂടെ മടക്കം.

കുത്തനെയും ചെരിഞ്ഞും ഉള്ള ഈ വഴിയാണ് പുരാതനവഴി. കുറെയൊക്കെ നേരെയാക്കിയിട്ടുണ്ടെങ്കിലും സിഗ് സാഗ് ആയി വളഞ്ഞു പുളഞ്ഞു ചെരിഞ്ഞും നിവർന്നും പൊങ്ങിയും താഴ്ന്നും കിടക്കുന്ന റോഡിലൂടെ ഒരു കറുത്തപുഴയെന്നോണം ഒഴുകുന്ന അയ്യപ്പന്മാർക്കിടയിലൂടെ ശബ്ദമുണ്ടാക്കിക്കൊണ്ടോടുന്ന ഡോളിവാഹകർ. മുന്നിൽ നിന്നും പിന്നിൽ നിന്നും ഒരേപോലെ ഭാരവും വഹിച്ചലറിയോടുന്ന ട്രാക്ടറുകൾ. എല്ലാം ചേർന്നു ശബ്ദമുഖരിതമായ റോഡിന്റെ വശങ്ങളിലായി കൌതുകവസ്തുക്കളും കീ ചെയിനുകളും കളിപ്പാട്ടങ്ങളും കലണ്ടറുകളും ഭക്ഷണസാമഗ്രികളും വിൽക്കുന്ന കച്ചവടക്കാർ. റോഡിനിരുവശവും അടിച്ചു വൃത്തിയാക്കി ബ്ലീച്ചിംഗ് പൌഡർ ഇടുന്ന ജോലിയിലേർപ്പെട്ടിരിയ്ക്കുന്ന ശബരിമല സാനിറ്റേഷൻ സർവീസിന്റെ (SSS) ബനിയനണിഞ്ഞ ജോലിക്കാർ. വഴിയരുകിലെ ഒരുവളവിൽ കടപുഴകാൻ സാധ്യതയോടെ നിൽക്കുന്ന പടുകൂറ്റൻ മരം ശ്രദ്ധയിൽ‌പ്പെട്ടപ്പോൾ വരാനിരിയ്ക്കുന്ന ആ അപകടം വേണ്ടപ്പെട്ടവർ ശ്രദ്ധിച്ചുകാണുമെന്നാശ്വസിച്ചു.  യാത്രയിലെവിടെയും ആരും  പ്ലാസ്റ്റിക് കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും വലിച്ചെറിയുന്നതായി കണ്ടില്ല. ഈ വഴിയിലും ഇടയ്ക്കിടെ വഴിയോരത്തായി ബയോ ടോയലറ്റുകളും വേസ്റ്റ് ബിന്നുകളും ധാരാളമായി വച്ചിരിയ്ക്കുന്നതും ഭക്തർ അവയെ ഉപയോഗിക്കുന്നതായും  കാണാനായി.സന്തോഷം തോന്നി. ആകപ്പാടെ പമ്പയും വഴികളും സന്നിധാനവും തിരിച്ചുള്ള വഴികളും മലീമസമല്ലാതെ കണ്ടപ്പോൾ പലരും പറഞ്ഞുകേട്ട അറിവുകൾ തെറ്റാണെന്നു തോന്നിപ്പോയി.  ഇറക്കം കഴിഞ്ഞു താഴെയെത്തുന്നവർക്കായി ഇളനീർക്കടകളിൽ മലപോലെ വിൽ‌പ്പനയ്ക്കായി കൂട്ടിയിട്ടിര്യ്ക്കുന്നു. പലരും ക്ഷീണം തീർക്കുന്നു. ഞങ്ങൾ നിന്നു സമയം കളയാതെ വീണ്ടും പമ്പയ്ക്കു സമീപമെത്തി. പമ്പയിലെ വെള്ളത്തിൽ കൈകാൽ കഴുകി ഫ്രെഷ് ആയി. പാലം കടന്നു മുകളിലെ റോഡിലെത്തി. നിമിഷങ്ങൾക്കകം ഞങ്ങളുടെ വാഹനമെത്തുകയും മനസ്സുകൊണ്ടു അയ്യപ്പസ്വാമിയെ ഒരിയ്ക്കൽക്കൂടി നമിച്ച് ഞങ്ങൾ തിരിച്ചുള്ള യാത്രയ്ക്കു തുടക്കമിടുകയും ചെയ്തു..

വൈകീട്ട് അഞ്ചരയോടെ തട്ടകത്തെ ദേവീക്ഷേത്രത്തിലെത്തി. തേങ്ങയുടച്ച് പ്രദ്ക്ഷിണം വച്ച് പുറത്തുകടന്നു. കുളിച്ചു ശുദ്ധിയോടെ വീണ്ടും അമ്പലത്തിലെത്തി സ്വാമിയെത്തന്നെ മനസ്സിൽ പ്രതിഷ്ഠിച്ച്  മാലയൂരി കറുപ്പു മാറ്റി. മനസ്സിന്നുള്ളിൽ ദൈവമിരുന്നാൽ മനുഷ്യനും ദൈവവും ഒന്ന്, എന്നല്ലേ? സ്വാമിയേ ശരണമയ്യപ്പ!

 

 

Leave a Reply

Your email address will not be published. Required fields are marked *