” അയ്യോ…തലനാരിഴകൊണ്ടു രക്ഷപ്പെട്ടൂ… ഇവന്റെയൊക്കെ വീട്ടിൽ പ്രാർത്ഥനയോടെ ആരെങ്കിലും ഇരുപ്പുണ്ടാകും.” കണ്മുന്നിലായി സംഭവിയ്ക്കാമായിരുന്ന ദാരുണമായൊരു അപകടം കാണാതെ കഴിഞ്ഞതിലെ ആശ്വാസത്തോടെ പറയുകയായിരുന്നു ഞാൻ. ഏതാണ്ടു ആറുമണിയോടടുത്ത സമയം. തിരൂരിൽ നിന്നും കാറിൽ കുന്നംകുളത്തേയ്ക്കു വരികയായിരുന്ന ഞങ്ങളുടെ കാറിനെ മറികടന്ന ബൈക്കിനെ തട്ടി, തട്ടിയില്ല എന്നമട്ടിൽ മുന്നിൽ പാർക്കു ചെയ്തിരുന്ന നീളമുള്ള വലിയൊരു കാർ റോഡിലേയ്ക്കെടുക്കാൻ നോക്കിയപ്പോൾ ശ്രദ്ധാലുവായ ഞങ്ങളൂടെ ഡ്രൈവറുടെ മിടുക്കിനാലാകാം മൂന്നും കൂടി കൂട്ടിമുട്ടി ഒരപകടം ഒഴിവായത്. ഒന്നും സംഭവിയ്ക്കാതെ വലിയ കാറും ബൈക്കും മുന്നോട്ടുന്നീങ്ങുമ്പോഴാണ് എന്റെ ശ്വാസം വീണതും ഈ വാക്കുകൾ പുറത്തു ചാടിയതും . അൽപ്പം പരിഭ്രമിച്ചതിനാൽ വണ്ടി സൈഡൊതുക്കിയ ബൈക്കുകാരനേയും സഹയാത്രികനേയും പിന്നിട്ട് ഞങ്ങളുടെ കാർ മുന്നോട്ടു നീങ്ങുമ്പോൾ മുഖഭാവത്താലെ അവർക്കൊരു വാണിംഗ് കൊടുക്കാതിരിയ്ക്കുവാൻ എനിയ്ക്കായില്ല.മുൻപിൻ നോക്കാതെയുള്ള പുതുതലമുറയുടെ വണ്ടിയോടിയ്ക്കൽ തന്നെയായിരുന്നു പിന്നീടങ്ങോട്ട് ഞങ്ങളുടെ സംഭാഷണവിഷയം.
രണ്ടാഴ്ച്ച മുൻപായിരുന്നു, രാത്രിയിൽ തൃശ്ശൂർ ക്ലബ്ബിന്റെ കഥകളി കണ്ട ശേഷം രാത്രി തിരിച്ചു വരുമ്പോൾ വശത്തെ റോഡിൽ നിന്നും വേണ്ടവിധം സിഗ്നൽ തരാതെ ഇറങ്ങിവന്ന കാർ ഞങ്ങൾക്കൊരു സഡൻബ്രേക്കിനു കളമൊരുക്കിയത്. യാതൊരു വിധ ട്രാഫ്ഫിക് സെൻസും കൂടാതെ കാറിനെ തൊട്ടു തൊട്ടെന്നവിധത്തിൽ കടന്നുപോയൊരു കോഴിക്കോടൻ ബസ്സ് ഞങ്ങളെ ഉമ്മ വയ്ക്കാതിരിയ്ക്കാൻ മറ്റൊരിയ്ക്കൽ ഗട്ടറിലേയ്ക്കു കാർ ഇറക്കേണ്ടി വന്നതും ഓർമ്മയിലെത്തി. ഈയിടെ നടക്കുന്ന പല അപകടങ്ങൾക്കും കാരണം ഡ്രൈവിംഗിലെ അശ്രദ്ധയും അമിതവേഗവും തന്നെയെന്നു പലപ്പോഴും മനസ്സിലാക്കാനിടയായിട്ടുണ്ട്.
കേരളത്തിലെ റോഡുകളിലൂടൊഴുകുന്ന ഇരുചക്ര വാഹനങ്ങളും നാലു ചക്രവാഹനങ്ങളും ദിനം പ്രതി കൂടി വരുന്നതിനൊത്തവണ്ണം റോഡിലെ സൌകര്യങ്ങൾ കൂടുന്നില്ല.എന്തെങ്കിലും വാഹനമില്ലാതെ ജീവിയ്ക്കാനാകില്ലെന്ന ചുറ്റുപാടിലേയ്ക്കു ജനങ്ങൾ നീങ്ങിത്തുടങ്ങിയതിനൊപ്പം തന്നെ സൌകര്യർത്ഥം ഓഫീസുകളീലേയ്ക്കവ ദിനവും കൊണ്ടുവരാൻ തുടങ്ങുന്നതും പൊതുഗതാഗതസൌകര്യങ്ങളെ വേണ്ടവിധം ഉപയോഗിയ്ക്കാത്തതും റോഡിലെ തിരക്കിനെ വർദ്ധിപ്പിപ്പിച്ചിട്ടുണ്ട്. യാത്രകളാണെങ്കിൽ ജനങ്ങളെപ്പോലെ തന്നെ കൂടിവരുന്നു. ഒരു ബൈക്ക് ഇല്ലാത്ത വീടുകൾ കുറവ്. കാറും സർവ്വസാധാരണം. ചെറുപ്പക്കാരായ ഡ്രൈവർമാരുടെ അക്ഷമയും,എണ്ണത്തിൽ കൂടിക്കൊണ്ടിരിയ്ക്കുന്ന ബസ്സുകളും, വേണ്ടത്ര പരിശീലനം കൂടാതെ റോഡിലിറങ്ങുന്ന സാരത്ഥികളും, അനാവശ്യമായ, തീക്ഷ്ണത നിറഞ്ഞ ഹെഡ്ലൈറ്റുകളും, ട്രാഫ്ഫിക് സെൻസ് ഇല്ലായ്മയും, മറ്റുവാഹനങ്ങളെക്കുറിച്ചോ അതിലെ യാത്രക്കാരെക്കുറിച്ചോ ചിന്തയില്ലായ്മയും, അസാമാന്യമായ വേഗതയും മദ്യപിച്ചുള്ള കാറോടിയ്ക്കലുകളും കൂടിയൊരുക്കുന്ന മരണക്കെണികൾ നമ്മെ ദു:ഖത്തിലാഴ്ത്തുന്നു.
തൃശ്ശൂരിലെ തന്നെ മണ്ണുത്തി-കറുകുറ്റി പാതയിലെ പരപ്പിൽ കഴിഞ്ഞ 5 വർഷത്തിനുള്ളിൽ 419 അപകടമരണങ്ങൾ, 2350 പേർ പരിക്കേറ്റവർ, 513 പേർ അംഗഭംഗം വന്നവർ, 2028 ആക്സിഡന്റുകൾ എന്നൊക്കെ ടൈംസ് ഓഫ് ഇന്ത്യയുടെ താളുകളിൽ ഇന്നു കണ്ടപ്പോൾ വെറുതെയൊന്നു കണ്ണോടിച്ചു.പല പ്രത്യേക സ്ഥലങ്ങളേയും അപകടസാദ്ധ്യതാ മേഖലകളായി ചൂണ്ടിക്കാട്ടാനായിട്ടും അവയെ നിയന്ത്രിയ്ക്കാനാകാത്തതെന്തുകൊണ്ട്? റോഡുകളുടെ വീതികൂട്ടലും, ബൈപാസ്സുകളിലെ അശ്രദ്ധകളും, ജംക്ഷനുകളും, സിഗ്നലുകളുമെല്ലാമെന്തുകൊണ്ട് പ്രാധാന്യമർഹിയ്ക്കുന്നില്ല? മൊബൈൽ ഫോണിൽ വർത്തമാനം പറയുന്ന ഡ്രൈവർമാരുള്ള വാഹനത്തിലിരുന്ന് ഇതൊന്നു നിർത്തി മുന്നോട്ടു നോക്കി വണ്ടിയോടീയ്ക്കൂയെന്നുറക്കെ വിളിച്ചു പറയാൻ നമുക്കൊക്കെ എത്ര തവണ തോന്നിയിട്ടുണ്ടാവണം? ആരും ശ്രദ്ധിയ്ക്കുന്നില്ലേ ഇതൊന്നും?
ഡ്രൈവിംഗ് ടെസ്റ്റുകൾ എന്തുകൊണ്ടു കർശനമാക്കുന്നില്ല?റാഷ് ഡ്രൈവിംഗ് കഠിനമായ ശിക്ഷയർഹിയ്ക്കണ്ടേ? എന്തുകൊണ്ട് കുറ്റക്കാരായ ഡ്രൈവർമാരുടെ ലൈസൻസുകൾ റദ്ദാക്കപ്പെടുന്നില്ല? പിഴകൾ ഈടാക്കുന്നതൊക്കെയും ഇത്തരം കാര്യങ്ങൾക്കു വേണ്ടി തന്നെ ചിലവാക്കിക്കൂടേ? ചെറുപ്പക്കാരായ ഡ്രൈവർമാർക്ക് ബോധവൽക്കരണം ഇടയ്ക്കിടെ ആവശ്യം തന്നെ. ആരോടു പറയാൻ? ആരു കേൾക്കാൻ? ഇതുവരെയും ഡ്രൈവിംഗിൽ ഒരു പിഴവുംഉണ്ടായിട്ടില്ലാത്തഎന്റെ ഹസ്ബൻഡിന്റെ ഡ്രൈവിംഗ് ലൈസൻസൊന്നു പുതുക്കിക്കിട്ടാനായി കഴിഞ്ഞ ഒരു വർഷമായി നെട്ടോട്ടമോടുന്നു. ആർ.ടി.ഓ ഓഫീസിൽ എത്ര വട്ടം പോയിട്ടും രക്ഷയില്ല. സീനിയർ സിറ്റിസ്ൺസിനെ ഇങ്ങനെയൊക്കെ ബുദ്ധിമുട്ടിയ്ക്കുന്ന മറ്റൊരു സ്ഥലവും ഉണ്ടാവില്ലെന്നു തോന്നുന്നു. ആവലാതി ആരോടോതാൻ? ശരിയ്ക്കും പറഞ്ഞാൽ ഓരോ യാത്രയും പരീക്ഷണങ്ങളായിഇ വിടെ മാറുന്നു. സ്വയരക്ഷ നിങ്ങളുടെ മാത്രം കൈയ്യിൽ.സത്യം പറഞ്ഞാൽ പലപ്പോഴും ആസ്വാദ്യജനകമാകേണ്ടുന്ന പല യാത്രകളും യാതനയാർന്നതായി മാറാനിതു വഴിവയ്ക്കുന്നില്ലേ? അറിയാത്തൊരാശങ്ക മനസ്സിലെന്നും ഒളിപ്പിച്ചു വയ്ക്കാതിരിയ്ക്കാനാകുന്നില്ലല്ലോ?
വായിച്ചുകൊണ്ടിരുന്ന ടൈംസ് ഓഫ് ഇന്ത്യ മടക്കി വച്ച് ഇന്നലെ യാത്രകാരണം വായിയ്ക്കാനാവഞ്ഞ മാതൃഭൂമി കൈയ്യിലെടുത്തപ്പോൾ ഉള്ളിലെ താളുകളിലൊന്നിൽ വായിച്ച കാർ ആക്സിഡണ്ടിൽ മരിച്ച യുവാവിന്റെ പേർ വായിച്ചപ്പോൾ തല കറങ്ങി. എന്റെ വീട്ടിൽ എന്നും വരുന്നവൻ, എന്റെ കൂട്ടുകാരിയുടെ മകൻ. ഉറക്കെക്കരയാനാണു തോന്നിയത്. ദുർഭൂതമായി വായ് പിളർന്നു നിൽക്കുന്ന വഴി വിഴുങ്ങുന്ന ജീവിതങ്ങൾ വലിയ ചോദ്യചിഹ്നങ്ങളെ സൃഷ്ടിച്ച് മുന്നിൽ നിൽക്കുമ്പോഴും മനം പിളർക്കുന്ന നിലവിളികളെ കേട്ടില്ലെന്നു നടിയ്ക്കുന്നതിലെ സാംഗത്യം മനസ്സിലാക്കാനാകുന്നില്ല. ആരെങ്കിലും ഇതെല്ലാം കേൾക്കുന്നുണ്ടോ? എന്തെങ്കിലും ചെയ്യാൻ ഇനിയും വൈകുന്നതെന്തിനാണാവോ?. നമ്മുടെ റോഡുകൾ സുരക്ഷിതമാക്കുകയെന്നത് നമ്മുടെ കർത്തവ്യം തന്നെയല്ലേ?ഡ്രൈവിംഗിനെക്കുറിച്ച് മാർട്ടിൻ അമിസ് എന്ന ബ്രിട്ടീഷ് നോവലിസ്റ്റ് പറഞ്ഞ വാക്കുകളാണോർമ്മ വന്നത് : സുരക്ഷിതമായോ വേഗത്തിലോ നിങ്ങൾക്കെത്തേണ്ടിടത്ത് എത്തുക എന്നതല്ല, നിങ്ങളുടെ ലക്ഷ്യം. ഡ്രൈവ് ചെയ്യുന്ന പാതയിൽ നിങ്ങളുടെ വ്യക്തിമുദ്ര പതിപ്പിയ്ക്കലാണ് നിങ്ങൾ ചെയ്യേണ്ടത്.” എത്ര സത്യം, അല്ലേ? അങ്ങനെയൊരു കാലം നമുക്കു സ്വപ്നം കാണാനാകുമോ?
ഇതൊക്കെ ആര് മനസ്സിലാക്കാൻ നെട്ടോട്ടം ഓടുകയല്ലേ എല്ലാവരും………… യാത്രതിരിക്കാൻ ഉദ്ദേശിക്കുന്നതിൽ നിന്നും അരമണിക്കൂർ നേരത്തേ ഇറങ്ങിയാൽ, ഇടത് വശത്ത്കൂടെയുള്ള ഓവർടേക്ക് മാറ്റിയാൽ,അമിത വേഗത കുറച്ചാൽ എത്രയോ ജീവിതം രക്ഷപ്പെടും…………
ഇതൊക്കെ ആര് മനസ്സിലാക്കാൻ നെട്ടോട്ടം ഓടുകയല്ലേ എല്ലാവരും………… യാത്രതിരിക്കാൻ ഉദ്ദേശിക്കുന്നതിൽ നിന്നും അരമണിക്കൂർ നേരത്തേ ഇറങ്ങിയാൽ, ഇടത് വശത്ത്കൂടെയുള്ള ഓവർടേക്ക് മാറ്റിയാൽ,അമിത വേഗത കുറച്ചാൽ എത്രയോ ജീവിതം രക്ഷപ്പെടും…………