കരിയും കരിമരുന്നും

Posted by & filed under കവിത.

 

 

കരിയും കരിമരുന്നും

കരയുന്നു മനുഷ്യർ ചുറ്റിലും
ഇവിടെക്കേൾപ്പതിനാരുമില്ലയോ?
പലമാതിരിയെത്തിടുന്നൊരീ
ദുരിതങ്ങൾ മനുഷ്യനിർമ്മിതം.

നിരയായി വരുന്നു കേരള-
ക്കരതന്നിൽ‌പ്പല വേല പൂരവും
കൊടി കേറിയ നാൾ മുതൽ നമു-
ക്കിനിയുത്സവനാളതല്ലയോ?

കരിവീരർ നിരന്നു നിൽക്കണം
തലപൊക്കിഗ്ഗമയൊന്നു കാട്ടണം
പലമാതിരിയായി ശക്തിയിൽ
വെടിപൊട്ടണമെന്നു നിശ്ചയം.

ഉരുകുന്നിതു ടാറു റോഡിലായ്
അറിയുന്നു, ചെരുപ്പിടുന്നു നാം
കരിവീരനു വേണ്ടി വാഹനം
നിയമം ചൊൽ വു, കൊടുപ്പതില്ല നാം.

വനമദ്ധ്യമതിങ്കൽ കൂട്ടമായ്
വിഹരിയ്ക്കേണ്ട ഗജേന്ദ്രവീരരെ
ചെറുതായ്ക്കുഴികുത്തി വീഴ്ത്തി നാം
മനുജന്നനുവർത്തിയാക്കിടും.

പലമാറ്റമവന്നു തീറ്റയിൽ.
പലമാതി വേല ചെയ്യണം
ഒരു സ്വൽ‌പ്പമുപേക്ഷ,യെങ്കിലേ
മുനയുള്ളൊരു തോട്ടിയെത്തിടും

വലുതായശരീരമൊന്നിലെ-
ച്ചെറുതാം കണ്ണുകൾ, രൂക്ഷമാകവേ
അടിപൊട്ടിടുമൊപ്പമായ് നശി-
ച്ചിടുമാ കണ്ണി ശക്തി പോയിടും

അതിപീഡനമൊന്നിന്നൊപ്പമായ്
കുറവായൊരു വിശ്രമങ്ങളും
അതിയായ പണിത്തിരക്കുമാ
ഗജമൊന്നിനെ ഭ്രാന്തനാക്കിടും

അവനോടു കളിയ്ക്കൊലാ, ശരി-
യ്ക്കറിയും, കൊന്നു വിളിച്ചിടും കൊല
വഴിയൊന്നിലവന്നു മുന്നിലെ-
ന്തതു തീർത്തു തകർത്തിയോടിടും.

ഇതുപോലെ പടക്കമൊന്നിനാൽ
പൊലിയുന്നെത്ര മനുഷ്യർ ചുറ്റുമായ്
നിമിഷങ്ങൾ തരും സുഖത്തിനാ-
യിതുപോൽ നാം ബലി നൽകിടുന്നുവോ?
ഇതു നിർത്തണമിപ്പൊഴേ ദൃഢം
കരിവീരരെ കാട്ടിൽ വീട്ടിടൂ
ഇനിവേലയിൽ വേണ്ട , പൊട്ടിടും
ഇനമൊക്കെ നിഷേധ്യമാകണം

2 Responses to “കരിയും കരിമരുന്നും”

  1. bhattathiri

    Excellent poem.
    പൊതുജനങ്ങൾക്കു ഉപദ്രവം ആകുന്ന എല്ലാ അനാചാരങ്ങളും നിർത്താൻ യോഗക്ഷേമ സഭയും തന്ത്രി സമാജവും ശാന്തിസമാജവും അമ്പല ഭാരവാഹികളും മുന്കൈ എടുക്കേണ്ടത് ആവശ്യമാണ്

  2. Jyothi

    വായനക്കും കമന്റിനും നന്ദി.

Leave a Reply

Your email address will not be published. Required fields are marked *