ടോംസിന് ആദരാഞ്ജലികൾ!!

Posted by & filed under കവിത.

ടോംസിന് ആദരാഞ്ജലികൾ!!

“ബോബ“നാരെന്നു ചോദിയ്ക്കൂ
“മോളി“യുത്തരമോതിടും
“കിഴുക്കാംതൂക്ക് പഞ്ചായ-
ത്തൊ“രിയ്ക്കൽക്കൂടി കണ്ടിടാം

വികൃതിയ്ക്കോ കുസൃതിയ്ക്കോ,
പ്രായം കൂടുവതെങ്ങിനെ?
ബോബനും കൂടെ മോളിയ്ക്കും
പ്രായം കൂടില്ല തെല്ലുമേ.

തമാശകൾ നിറഞ്ഞീടും
കഥാപാത്രങ്ങളെത്രയോ
മറന്നീടുവതിന്നാമോ
“ഇട്ടുണ്ണൻ പ്രസിഡണ്ടി“നെ .

“പോത്തൻ വക്കീലു“ പപ്പായ്ക്കു
കേസില്ലെന്നു പറഞ്ഞിടാം.
“മേരിക്കുട്ടി“യവർക്കമ്മ
നേരിൽക്കാണുന്നിതിപ്പൊഴും.

തമാശകളുമായെത്തും
“ആശാൻ“ ഗൌരവമാർന്നവൻ
നാടിൻ പുത്തൻ സമസ്യയ്ക്കു
നേരെച്ചെങ്കൊടി കാട്ടുവോൻ.

“അപ്പിഹിപ്പി“യെയോർക്കുമ്പോൾ
ഇപ്പോഴും നാറ്റമെത്തിടും
കുളിയ്ക്കില്ല, വായിനോട്ടം
തൊഴിൽ, ഗിത്താറു കൈകളിൽ.

“മൊട്ടേ“, മൊട്ടേ മറന്നില്ല
കൂട്ടുകാരാ വരൂ വരൂ
മോളിയ്ക്കും ബോബനും കൂട്ടു
നീയാണെപ്പൊഴുമെന്തിനും.

ചുറ്റിപ്പറ്റിയവർക്കൊട്ടു
പുറകിൽക്കാൽച്ചുവട്ടിലായ്
“പട്ടിക്കുട്ടി“യൊരെണ്ണം, ഹാ
കണ്ടാൽ മൂന്നുമൊരേവിധം.

ഇനിയും പലരുണ്ടല്ലോ
“നേതാവേ“ വേഗമെത്തിടൂ
“കുട്ടേട്ട“നും , “പരീതും“ വ-
ന്നെത്തി നോക്കുന്നു മെല്ലവേ.

“ഉണ്ണിക്കുട്ടന്റെ“ തേനോലും
കൊഞ്ചലാരു മറന്നിടും?
“ഉപ്പായി മാപ്ല “വിഡ്ഢിത്തം
വിളമ്പാൻ വമ്പനല്ലയോ?

ഇത്രയും ശക്തിമത്തായ
കഥാപാത്രങ്ങളൊക്കെയും
ഇഴയിട്ടു, നിറം കൂട്ടി
യരങ്ങത്താരു വച്ചിതോ?

കഥയല്ലിതു സത്യങ്ങൾ
തമാശകൾ,സമസ്യയും
ജീവിതപ്പാതയിൽ നമ്മൾ
കാണും പ്രശ്നങ്ങളൊക്കെയും.

ആനുകാലിക രാഷ്ട്രീയ
സാമുദായിക രംഗവും
നാടും വീടും നാട്ടുകാരും
ചേർന്നൊരുക്കുന്ന നാടകം.

ബോബനാർ , മോളിയാരെന്നു
ചോദിച്ചീടേണ്ടറിഞ്ഞിടും
അത്രമാത്രം പ്രിയർ, ടോംസിൻ
ചിത്രമെത്ര മനോഹരം.

കാർട്ടൂണാലങ്ങു തന്നോരു
കഥാപാത്രങ്ങളൊക്കെയും
മരിയ്ക്കില്ലവ തന്നീടും
അമരത്വം ഭവാനു, ടോംസ്.

..

Jyothirmayi Sankaran's photo.

 

 

 

3 Responses to “ടോംസിന് ആദരാഞ്ജലികൾ!!”

  1. bhattathiri

    സുന്ദര മനോഹര വരികൾ

  2. Jyothi

    നന്ദി….

  3. വിനീത്

    എന്റെ ബാല്യം നർമ്മത്തിൽ മുക്കിയ സഹൃദയന് ആദരാഞ്ജലികൾ

Leave a Reply

Your email address will not be published. Required fields are marked *