ഒരിത്തിരി നോവ് ഇനിയും ബാക്കി…..
ഉയരുന്ന പുകയൊരുക്കിയ തിരശ്ശീല ,
വിജനമായിക്കൊണ്ടിരിയ്ക്കുന്ന മുറ്റം,
മുറ്റത്തിന്റെ കോണിലെ അനാഥമായ
പച്ചക്കറിത്തോട്ടം .
കാറ്റിലാടുന്ന മുളകിൻ തൈത്തലപ്പുകൾ,
അറിയാതെയുയർന്ന വിങ്ങിപ്പൊട്ടലിൽ
ഒരുപാടോർമ്മകൾക്ക് പുനർജ്ജനനം.
കുറെയേറെമുഖങ്ങളും,
കുറെയേറെ വാത്സല്യവും,
എവിടെ നിന്നോ ഒഴുകിയെത്തുന്നുവോ?
ചുറ്റും സാന്ത്വനമുയർത്താനെത്തിയവരിൽ
രൂപമില്ലാത്തവർ നിറയുന്നുവോ?
യാത്രാമൊഴികൾക്കിവിടെ സ്ഥാനമില്ല
വീണ്ടും കണ്ടുമുട്ടാനായൊരു കാത്തിരിപ്പു മാത്രം.
പുകച്ചുരുളുകൾക്കൊത്തുയരുന്ന
പ്രതീക്ഷകളുടെ വ്യർത്ഥത അറിയാനാകുമെങ്കിലും.
എനിയ്ക്കൊന്നു കരയണമെന്നുണ്ട്
ഹൃദയത്തിനു ഭാരം കൂടുന്നെന്നറിയുന്നു
നഷ്ടക്കണക്കെടുക്കാൻ മനസ്സിനെന്നും
ധൃതിയാണല്ലോ?
Leave a Reply