അമ്മ വിചാരങ്ങൾ, നന്മവിചാരങ്ങൾ-1

Posted by & filed under Uncategorized.

jpm1ജനിയ്ക്കാതെ പോയ മകൾക്കായി…

ജനിയ്ക്കാതെ പോയ മകളേ…നിനക്കായൊരു  കത്തെഴുതാൻ മോഹം.എന്തേ നിനക്കെഴുതുന്നതെന്നു ചോദിച്ചാൽ ഒരു പക്ഷേ മറ്റാർക്കുമിത് മനസ്സിലായിക്കൊള്ളണമെന്നുമില്ലല്ലോ? ഒരുപാടു കാര്യങ്ങൾ പറയാനുണ്ട്.ഈയിടെയായി ചുറ്റും നടക്കുന്ന സംഭവങ്ങളും മാറ്റങ്ങളും മുഴുവനായുൾക്കൊള്ളാൻ കഴിയുന്നില്ല. ശ്രമിയ്ക്കായ്കയല്ല. മനുഷ്യരിൽ ഉളവായിക്കൊണ്ടിരിയ്ക്കുന്ന മാറ്റങ്ങൾ വിചിത്രമായിത്തോന്നുന്നു.അവ മനസ്സിൽ ദുഃഖമാണ് സൃഷ്ടിയ്ക്കുന്നത്. മനുഷ്യത്വമില്ലായ്മകളുടെ മുഖങ്ങളാണെവിടെയും. 

മെയ്മാസത്തലെ രണ്ടാം ഞായറഴ്ച്ചയാണിന്ന്. അമ്മമാർക്കായി മാറ്റി വയ്ക്കപ്പെട്ട സുദിനം.വൈവിദ്ധ്യമേറിയ സന്ദേശങ്ങൾ  വായിയ്ക്കാനായി. ഒട്ടനവധി അമ്മമാരെക്കുറിച്ചറിയാനിടയായി.അമ്മമാരെക്കുറിച്ച്അഭിമാനം കൊള്ളുന്നമക്കളും, മക്കളെക്കുറിച്ച് അഭിമാനംകൊള്ളുന്ന  അമ്മമാരും. ചിന്തകൾ കാടു കയറുന്നു. ഈയൊരു ദിവസം മാത്രം ചിന്തിയ്ക്കാനും ഊറ്റം കൊള്ളാനുമുള്ള ഒരു ബന്ധം മാത്രമായിതു മാറുന്നുവോ അതോ തിർക്കാർന്ന ജീവിതശൈലിയിൽ ഒരമ്മക്കാറ്റു വീശാനുള്ള അവസരമായിതു മാറുകയാണോ? ഉള്ളിനുള്ളിൽ സൂക്ഷിയ്ക്കുന്ന സ്നേഹവികാരങ്ങളെ പലപ്പോഴും നമുക്കു വേണ്ട അവസരങ്ങളിൽ പുറത്തെടുക്കാനാകാറില്ല. അതിനു സമയം കിട്ടായ്കയോ കണ്ടെത്താതിരിയ്ക്കുകയോ ചെയ്യുന്നതിനു പ്രായശ്ചിത്തമായി ഈ ദിവസം അമ്മമാർക്കായി സമർപ്പിയ്ക്കുന്നവരായിരിയ്ക്കുമോ അധികം? വെറുതെ അറിയുന്ന പലരുടേയും മനസ്സിന്നുള്ളിലൂടെ അവരുടെ അമ്മമാരിലേയ്ക്കു ഞാനൊന്നെത്തി നോക്കാൻ ശ്രമിച്ചു. ഉറഞ്ഞുകൂടി നിൽക്കുന്ന ദുഃഖമാണു പലയിടത്തും കാണാനായത്,. അപ്പോൾപ്പിന്നെ എന്തിനായീ മാതൃദിനാചരണം? പുറമ്പൂച്ചുകളുടെ മറ്റൊരു മുഖം മാത്രമോ ഇതും?

 

മകളേ…നീ ഭാഗ്യവതിയാണ്,  ഇന്നത്തെ ലോകത്ത് ജനിയ്ക്കാതിരുന്നതിനാൽ.ഇവിടെ സുരക്ഷിതയായി എങ്ങനെ ജീവിയ്ക്കാനാകുമെന്ന് നിനക്ക് പറഞ്ഞുതരാൻ ഒരുപക്ഷേ എനിയ്ക്കാകുമായിരുന്നില്ല. അതുകൊണ്ടുതന്നെ നീ വരാത്തതിലെ സങ്കടമിപ്പോൽ സന്തോഷത്തിനു വഴിമാറുന്നുവെന്നുപോലും തോന്നിപ്പോകുന്നു. ഇവിടത്തെ ജീവിതരീതികൾ അത്രയേറെ സങ്കീർണ്ണമായിക്കഴിഞ്ഞിരിയ്ക്കുന്നു. ഒരു പക്ഷേ സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ മാത്രം ഞാനതിനെ കാണാൻ ശ്രമിയ്ക്കുന്നതിനാലാകുമെന്നു നിനക്കു തോന്നുന്നുണ്ടായിരിയ്ക്കും. എങ്കിൽ നിനക്കു തെറ്റി. എന്നും കാലത്തിനൊത്തു മുന്നേറാൻ ഞാൻ തയ്യാറായിരുന്നല്ലോ. അതുകൊണ്ടു മാത്രമാണല്ലോ ഇവിടെ ഇത്തരത്തിലൊരു കത്തെഴുതുവാൻ എനിയ്ക്കു കഴിയുന്നതു തന്നെ. ഞാൻ പറയുന്നതെന്താണെന്നു നിനക്കു മനസ്സിലാക്കാനാകുന്നില്ല, അല്ലേ? ഓരോ അമ്മയും തന്റെ പെണ്മക്കളോട് പറയുന്ന ഒരു വരിയുണ്ട്.അതെനിയ്ക്കു പ്രയോഗിയ്ക്കാനാകുന്നില്ല, കാരണം നീയീ മണ്ണിൽ ജനിയ്ക്കാതിരുന്നതിനാൽ മാത്രം. “ ആ ദു;ഖം അറിയണമെങ്കിൽ നീ ഒരമ്മയാവണം” എന്ന വാക്കുകൾ പലവുരു പറയാൻ തോന്നാറുണ്ടെന്നതാണ് സത്യം.

എന്നിട്ടും നിന്നോടെനിയ്ക്കു പറഞ്ഞു തീർക്കാനുള്ളതിൽ  പലതും പറയാൻ ബാക്കിയാണ്., അവ നീ കേട്ടേ തീരൂ. സമയമെടുത്ത് ശ്രദ്ധയോടെ കേൾക്കുക. ഒരമ്മയുടെ സ്നേഹത്തിന്റെ ആഴവും അത് സമൂഹത്തിൽ സൃഷ്ടിയ്ക്കുന്ന ചലനങ്ങളും നിനക്കു മനസ്സിലാക്കാനാകും.   അമ്മ വിചാരങ്ങളെന്നും നന്മവിചാരങ്ങൾ മാത്രം.

സ്നേഹപൂർവ്വം

അമ്മ

 

Leave a Reply

Your email address will not be published. Required fields are marked *