അമ്മ വിചാരങ്ങൾ, നന്മവിചാരങ്ങൾ-2

Posted by & filed under Uncategorized.

jpm2aപതിനൊന്നാമവതാരത്തിന്റെ പ്രതീക്ഷയുമായി…

 

ജനിയ്ക്കാതെ പോയ മകളേ…

ഹഹഹ…നിന്നെ ഇങ്ങനെ വിളിയ്ക്കുമ്പോൾ എനിയ്ക്കു തന്നെ ചിരി വരുന്നു. കാരണം എന്റെ സങ്കൽ‌പ്പത്തിൽ നിനക്കു നാമകരണം യഥാവിധി ഞാൻ നടത്തിയിരുന്നതായിരുന്നല്ലോ? എന്നിട്ടും മറ്റുള്ളവർ കേൾക്കെ നിന്നെ അങ്ങിനെ വിളിയ്ക്കാൻ എനിയ്ക്കിപ്പോഴുമാകുന്നില്ല. മനസ്സുകൊണ്ടെന്നും വിളിയ്ക്കുന്നുണ്ടെങ്കിൽ‌പ്പോലും. അതെങ്കിലും നമുക്കു മാത്രമായുള്ള രഹസ്യമായവശേഷിയ്ക്കട്ടെ!

പെരുമ്പാവൂരിലെ ജിഷയെന്ന പെൺകുട്ടി മൃഗീയമായി ആക്രമിയ്ക്കപ്പെട്ടതും കൊല്ലപ്പെട്ടതും മനസ്സിൽ ഉണങ്ങാത്ത മുറിവായി നിൽക്കുമ്പോൾ മറ്റൊന്നും തന്നെ ചിന്തിയ്ക്കാനാവുന്നില്ല. മാറുന്ന സമൂഹത്തിന്റെ ക്രൂരത മനസ്സിൽ ഭയം വിതയ്ക്കുന്നതിനോടൊപ്പം എന്തുകൊണ്ടിങ്ങനെ സംഭവിയ്ക്കുന്നുവെന്ന ചിന്തകൾക്കും വഴി കൊടുക്കുന്നു. സമൂഹത്തിനൊട്ടാകെ വരുന്ന മാറ്റങ്ങൾ മനുഷ്യവർഗ്ഗത്തിനു മുഴുവനും ഭീഷണിയായി മാറുമ്പോൾ ഇനിയുമൊരവതാരത്തിനു സമയമായെന്നു പറയാൻ തോന്നുന്നു- ഒരു പതിനൊന്നാമവതാരം.കലികാലത്തിനിനിയും തിരിച്ചുപോകാറായില്ലേ?   ഒരഴിച്ചു പണി ഇവിടെ അത്യന്താപേക്ഷിതമായിരിയ്ക്കുന്നു. മുറവിളികൾ മാത്രം പോരാ. പക്ഷേ പല നന്മകളും തിരിച്ചു കിട്ടാനാകാത്തവിധം നഷ്ടപ്പെട്ടുകഴിഞ്ഞിരിയ്ക്കുന്നുവോ എന്ന ഭീതി കൂടിക്കൊണ്ടെയിരിയ്ക്കുന്നു. ഇനിയും വൈകിയ്ക്കല്ലേ എന്ന് മനസ്സു കേഴുന്നു.

 

ക്ഷമിയ്ക്കണം, ഇതൊക്കെ നിനക്കു മനസ്സിലാകണമെന്നില്ലെന്നെനിയ്ക്കറിയാം. കാരണം ഞങ്ങളുടെ ബാല്യവും കൌമാരവും യൌവനവും നിങ്ങളുടെ തലമുറയ്ക്കെന്നും വൈചിത്ര്യത്തോടെ മാത്രമേ കാണാനാവുകയുള്ളൂ. പക്ഷേ, ഇത്രയധികം സാമൂഹിക മാറ്റങ്ങൾ നിറഞ്ഞ മറ്റൊരു തലമുറ ഉണ്ടാകില്ലെന്നതാണു സത്യം. ഇന്നലെയുടെ മധുരവും ഇന്നിന്റെ കയ്പ്പും നാളെയെക്കുറിച്ചുള്ള ചിന്തയുടെ ചവർപ്പും അത്ര ശക്തിയായിത്തന്നെയനുഭവിയ്ക്കാനായവർ. കുട്ടിക്കാലത്തിന്റെ കൊച്ചു കൊച്ചോർമ്മകൾ എത്ര ഹൃദ്യം! അളവിൽക്കുറവെങ്കിലും സ്നേഹത്തിൽ‌പ്പൊതിഞ്ഞേ എന്തും കൈയിൽക്കിട്ടിയിട്ടുള്ളൂ. നിനക്കറിയാമോ യാതൊരു വിധ ഭീതിയും കൂടാതെ നാട്ടിലെവിടെയും തനിയെയോ കൂട്ടുകാർക്കൊത്തോ സഞ്ചരിയ്ക്കാനായിരുന്ന കാലം. സ്കൂളുകളിലെ സുരക്ഷിതത്വം വീടിനെ മറി കടന്നിരുന്ന കാലം. കുഞ്ഞുങ്ങളെ സ്കൂളിൽ വിട്ട് എവിടെയും അമ്മമാർക്കു പോകാനാകുമായിരുന്ന കാലം. സ്നേഹത്തിന്റേയും, പങ്കിടലിന്റേയും മധുരം പകരുന്ന അയൽ വ ക്കങ്ങളുടെ ഊഷ്മളതയിൽക്കുതിർന്ന സുരക്ഷിതത്വം. പാടവും പറമ്പും, അമ്പലവും അരയാൽച്ചുവടും ഊട്ടിവളർത്തിയ സ്നേഹബന്ധങ്ങളുടെ ആഴം. തിരിഞ്ഞു നോക്കുമ്പോൾ ഞാനെത്രമാത്രം ധന്യയെന്നറിയാനാകുന്നു.

അപ്പോൾ അക്കാലങ്ങളിലൊന്നും കള്ളനോ , കൊലപാതകിയോ, അസാന്മാർഗ്ഗികളോ ഇല്ലായിരുന്നുവെന്നാണു അമ്മ പറയുന്നതെന്നു ധരിയ്ക്കേണ്ട.   അതെ, അക്കാലങ്ങളിലും ഉണ്ടായിരുന്നു, അവരൊക്കെ. പക്ഷെ ഉള്ളിന്റെയുള്ളിലെ നന്മയുടെ കണികൾ മുഴുവനായിയൂറ്റിയെടുത്ത കാപാലികന്മാരായവർ മാറിക്കഴിഞ്ഞിരുന്നില്ല. അതോ, നന്മയുടെ പ്രഭാവത്തിന്റെ ആധിക്യത്താൽ തിന്മ നിർജ്ജീവമാക്കപ്പെട്ട ഒരു കാലമായിരുന്നതെന്നു പറയുന്നതാവാം ശരി. ഒന്നാലോചിച്ചു നോക്കൂ..ശാന്ത സുന്ദരമായ, സംതൃപ്തിയും സുരക്ഷിതത്വവും  നിറഞ്ഞ, പരസ്പ്പരസ്നേഹത്തിനും സാമാന്യ മര്യാദയ്ക്കും ഉള്ളിലായി നിന്നിരുന്ന നമ്മുടെ ജീവിതത്തിന്റെ കെട്ടുറപ്പെത്ര ശക്തമായിരുന്നു. തിന്മയെ  ഒറ്റക്കെട്ടായി നിന്നെതിരിടാൻ അന്നു കഴിഞ്ഞിരുന്നുവെന്നുള്ളതാണു ഭാഗ്യം.

മകളേ….ഉയരങ്ങൾ താണ്ടാനുള്ള കൊതിയുടെ തീപ്പൊരി എവിടെ നിന്നോ ചിതറി വീണതു മാത്രം മനസ്സിലാക്കാനാകുന്നു.

 

സ്നേഹപൂർവ്വം

അമ്മ

 

(published in www.eastcoastdaily.in on 22May2016)

 

 

 

Leave a Reply

Your email address will not be published. Required fields are marked *