മാറ്റങ്ങൾ

Posted by & filed under കവിത.

മാറ്റങ്ങളില്ലാതുള്ള ജീവിതം ഭയാനക

മേറ്റമെന്നറിയുന്നുവെങ്കിലുംമനുഷ്യാ നീ

മാറ്റങ്ങൾക്കടിമയായ് മാറുമ്പോളെവിടെയോ

നീറ്റലുണ്ടാകാമെന്ന സത്യവുമോർത്തീടണം.

 

നിന്നെ നീയാക്കിത്തീർത്ത ഘടകങ്ങളെയൊക്കെ

നിന്ന നിൽ‌പ്പിലായ് മറന്നീടുവാൻ പഠിയ്ക്കുമ്പോൾ

ഒന്നു മാത്രമേ നീയോർക്കേണ്ടൂ, നിൻ പുറകിലായ്

പിന്നെയുമാവർത്തിയ്ക്കാനെത്തിടുമാരോ നൂനം.

 

അന്നു നീ കരഞ്ഞീടും ജീവിതത്തിൻ സത്യങ്ങ-

ളൊന്നുമേ സ്ഥിരമല്ലെന്നറിയാൻ കഴിഞ്ഞീടും..

ഒന്നുവൈകിപ്പോയ്, ഒക്കെ തിരുത്താ,നെന്നുള്ളൊരാ

പിൻ വിചാരത്താലെന്നും ഹൃദയമുരുക്കീടും.

 

മനുഷ്യ മനസ്സിനെ ക്കഴിയില്ലാർക്കും കാണാൻ

ചിരിയ്ക്കും മുഖങ്ങൾക്ക് പുറകിൽ പലപ്പോഴും

കറുത്തമുഖം മൂടിയുണ്ടാകാം, വിതച്ചവ

തിരിച്ചു പലമടങ്ങായി നിന്നെത്തേടിടാം.

 

നിനക്കു ചുറ്റും സ്വാർത്ഥമോഹങ്ങൾ നിറയവേ

തിരിച്ചു നടക്കുവാൻ പഠിയ്ക്കാം, കാലത്തിന്റെ

കരുത്തിൽ തകർത്തീടാൻ കഴിയും പ്രതിബന്ധ-

മൊടുക്കം , സംതൃപ്തിതൻ വഴിയും കണ്ടെത്തിടാം

 

 

Leave a Reply

Your email address will not be published. Required fields are marked *