വൈവിദ്ധ്യങ്ങൾ തേടുന്നവർ-2 ( മുംബൈ പൾസ്-)2

Posted by & filed under Uncategorized.

കിത്നാ സാൽ സെ ടാക്സിചലാത്തി ഹോ??“

“ ഏക് സാൽ”

‘ഗുഡ് ഡ്രൈവിംഗ്. നാം ക്യാ?“

“താങ്ക് യൂ, താങ്ക് യൂ മാഡം.മേരാ നാം രൂപ”

എന്റെ കനമേറിയ സ്യൂട്ട്കേസ് ഡിക്കിയിൽ നിന്നും എടുത്ത് ലിഫ്റ്റ് വരെ എത്തിയ്ക്കുന്നതിനിടയിൽ വിടർന്ന മുഖത്തോടെ എനിയ്ക്കുത്തരം തരുന്ന ചെറുപ്പക്കാരി എന്നിലും  അഭിമാനമുണർത്തുന്നുവോ? അൽ‌പ്പനേരം രൂപയുമായി സംഭാഷണം നടത്തുന്നതിന്നിടയിൽ അറിയാനിടയായതെല്ലാം തന്നെ മനസ്സിൽ പതിയാനിടയായി. അല്ലെങ്കിലും അപ്രതീക്ഷിതമായ  അനുഭവങ്ങളുമായി  മുംബൈ എന്നും നമ്മെയൊക്കെ അമ്പരിപ്പിയ്ക്കാറുണ്ടല്ലോ?

വേനൽച്ചൂടിൽ തിളയ്ക്കുന്ന നഗരിയിലേയ്ക്ക് മുംബൈ എയർപോർട്ടിന്റെ കുളിർമ്മയിൽ നിന്നും കൈയ്യിലൊരു യാരി റോഡ് പ്രീപെയ്ഡ് ടാക്സി റസീറ്റുമായി കണ്ണുകളെ അഡ്ജസ്റ്റ് ചെയ്തുകൊണ്ട് പുറത്തിറങ്ങുമ്പോൾ എവിടെ നിന്നോ ഓടി വന്ന് എന്റെ കയ്യിലെ റസീറ്റിനായി കൈ നീട്ടിയ ചെറുപ്പക്കാരി.ചെറിയ കള്ളികളോടുകൂടിയ ഫുൾഷർട്ടും പാന്റ്സും, കഴുത്തിൽ അലസമായി വളച്ചിട്ടിരിയ്ക്കുന്ന കട്ടിയേറിയ ഷാളും  ധരിച്ച ഒത്തവലുപ്പമുള്ള അവൾക്കു പുറകേ ടാക്സി ക്യൂവിലേയ്ക്കു നീങ്ങുമ്പോൾ എയർപോർട്ട് ടാക്സി യൂണിയൻ ഭാരവാഹിയെന്നേ കരുതിയുള്ളൂ. ക്യൂവിൽ ഞങ്ങളെ നിർത്തി കുറച്ചുദൂരെ പാർക്കു ചെയ്ത വണ്ടിയുമായെത്തിയപ്പോഴേ ഇതാണു ഞങ്ങളുടെ ഡ്രൈവർ എന്നു മനസ്സിലാക്കാനായുള്ളൂ. വണ്ടി നിർത്തി താഴെയിറങ്ങി അൽ‌പ്പം ഭാരമുള്ള എന്റെ സ്യൂട്ട്കേസ് ഡിക്കിയിൽ വയ്ക്കുന്നതിന്നിടയിൽത്തന്നെ യാരി റോഡിലെ ഞങ്ങൾക്കു പോകേണ്ട ഭാഗത്തേക്കുറിച്ചവർ കൃത്യമായി അന്വേഷിയ്ക്കുകയായിരുന്നു.

ടാക്സിയിലെ ഏസി ഓൺ ചെയ്തപ്പോൾ മുല്ലപ്പൂമണം ഒഴുകിയെത്തിയത് ശ്രദ്ധിയ്ക്കാതിരിയ്ക്കാനായില്ല. ഡാഷ് ബോർഡിലെ വിഗ്രഹത്തിന്മേലും കണ്ണാടിമേലും തൂങ്ങിക്കിടന്ന മുല്ലപ്പൂക്കൾ എന്നെ നോക്കി ചിരിയ്ക്കുന്നുവോ? നഗരിയിലെ ചൂടിനെക്കുറിച്ചും മഴയുടെ വൈകിയുള്ള വരവിനെക്കുറിച്ചുമുള്ള സംസാരത്തിന്നിടയിൽത്തന്നെ യാരിറോഡിലെ ഞങ്ങളുടെ ലക്ഷ്യസ്ഥാനത്തെക്കുറിച്ചു കൃത്യമായി വിവരവും അവർ അന്വേഷിയ്ക്കുന്നുണ്ടായിരുന്നു.അപ്പോൾ എനിയ്ക്കു കാണാനായത് അനായാസമായ ഡ്രൈവിംഗു മാത്രമല്ല, ചുണ്ടുകളിൽ നിന്നുതിര്ന്നിരുന്ന ഹമ്മിംഗും ജോലിയിലെ ആസ്വാദ്യകതയെ വെളിപ്പെടുത്തുന്ന വിധമായിരുന്നുവെന്നതാണ്.ചിരപരിചിതയെന്നോണം കൃത്യമായ വഴിയിലൂടെ ഞങ്ങളെ ബിൽഡിംഗിലെത്തിച്ചശേഷം എന്റെ സ്യൂട്ട്കേസ് ലിഫ്റ്റ് വരെ എത്തിയ്ക്കുന്നനേരത്താണു മുകളിലെഴുതിയ  സംഭാഷണത്തിനു ഞാൻ തുടക്കമിട്ടത്.

 

കേരളമടക്കം പലയിടത്തും സ്ത്രീകൾ ഓട്ടോറിക്ഷകൾ ഓടിയ്ക്കുന്നത് അപൂർവ്വമല്ലാത്ത കാഴ്ച്ചയായി മാറിക്കഴിഞ്ഞിട്ടുണ്ടെങ്കിലും പലരും ചവിട്ടുന്ന പാത വിട്ട് മറ്റൊന്നിനെ  സ്വായത്തമാക്കാൻ കഠിനശ്രമം നടത്തി വിജയിയ്ക്കുന്നവരെ ഞാനെന്നും മതിപ്പോടെയോ കാണാറുള്ളൂ. റോബർട്ട് ഫ്രോസ്റ്റിന്റെ The Road Not Taken എന്ന കവിത എനിയ്ക്കേറെ പ്രിയമുള്ളതാവാനും മറ്റെന്തു കാരണം പറയാൻ ?. തിരിഞ്ഞു നിന്നു ഒരു ഷേക് ഹാൻഡു കൊടുക്കുമ്പോൾ  ബോണറ്റിനു മുകളിൽ ചുവപ്പും നീലയും അക്ഷരങ്ങളിലെഴുതിയ കമ്പനിയുടെ പേരും വെബ്ബ് അഡ്ഡ്രസും കാൾ സെന്റർ നമ്പറും ശ്രദ്ധയിൽ‌പ്പെട്ടു. എന്തെങ്കിലും ആവശ്യം വന്നൽ ഈ നമ്പരിൽ വിളിച്ചു ബുക്കുചെയ്യാമെന്നും നോട്ടു ചെയ്യണമെന്നുമുള്ള രൂപയുടെ നിർദ്ദേശാനുസരണം മൊബൈലിൽ അതിനെ പകർത്താതിരിയ്ക്കാനായില്ല.സന്തോഷത്തോടെ കൈയ്യുയർത്തി ബൈ പറഞ്ഞ രൂപയുടെ ചിത്രം മനസ്സിലും ഞാൻ പകർത്തിയോ?

രണ്ടുദിവസം കഴിഞ്ഞുകാണണം, നാട്ടിലെ ഏതോ പരിപാടിയുടെ ചിത്രങ്ങൾ മകനെ കാണിയ്ക്കാനായി മൊബൈലിലെ ഫോട്ടോകൾ നോക്കുമ്പോൾ അവിചാരിതമായി കാമറയിൽ അന്നു പകർത്തിയ ടാക്സിനമ്പരും പേരും വെബ് അഡ്ഡസ്സും കണ്ണിൽ‌പ്പെട്ടു. കൌതുകത്തിന്റെ ആധിക്യത്താലാകാം, ഒന്നു നെറ്റിൽ സെർച്ച് ചെയ്യാതിരിയ്ക്കാനായില്ല. http://www.priyadarshinitaxi.com എന്ന പേജ് മുന്നിൽ നിവർന്നുവന്നു. ഇതിനു മുൻപ് മഞ്ജുവാര്യർ അംബാസിഡറായ ഷീടാക്സിയെക്കുറിച്ചു വായിച്ചിട്ടുണ്ടായിരുന്നു.നാട്ടിൽ ഇവരുടെ സേവനമുള്ള സ്ഥലങ്ങൾ ഉണ്ടെന്നുമറിയാമായിരുന്നു. പക്ഷേ പ്രിയദർശിനി ടാക്സി സർവീസ് എനിയ്ക്കിതുവരെ അന്യമായിരുന്നു. ആദ്യത്തെ പേജിൽ തന്നെ ഈ ഉദ്യമത്തിന്റെ സരംഭകയായ സൂസിബെൻ ഷായെക്കുറിച്ചും അവരുടെ പ്രവർത്തനങ്ങളെക്കുറിച്ചും ഇത്തരമൊരു വനിതാ ടാക്സി സർവീസ് തുടങ്ങാനുള്ള് തീരുമാനത്തിന്റെ കാരണത്തെക്കുറിച്ചുമെല്ലാം വായിയ്ക്കാനായി. യൂണിഫോമുമണിഞ്ഞു നിൽക്കുന്ന വനിതാ ഡ്രൈവർമാരുടെ ഫോട്ടോയും കാ‍ണാനായി.. ഒക്കെ ഒന്നോടിച്ഗ്ചു വായിച്ചപ്പോൾ പ്രോത്സാഹനാർത്ഥം  ഒരു നല്ല ഫീഡ് ബാക്ക് കൊടുക്കാതിരിയ്ക്കാനായില്ലെന്നതാണു സത്യം.

രണ്ടു നാളിന്നുളളിലായി കിട്ടിയ മറുപടിയിൽ ഫീഡ്ബാക്കിനു നന്ദി പറയുമ്പോൾ ആ വാക്കുകളിൽ അഭിമാനം സ്പുരിച്ചുനിന്നിരുന്നു.പക്ഷെ ആ കത്തിന്നടിയിൽ , ഡോക്ടർ. ഉഷാ നായർ, മാനേജർ എന്നെഴുതി ഒപ്പിട്ടിരിയ്ക്കുന്നതു കണ്ടപ്പോൾ എന്റെ അഭിമാനവും ഇത്തിരി വലുതല്ലാതിരുന്നില്ലെന്നെങ്ങനെ പറയും?.

 

റോബർട്ട് ഫ്രോസ്റ്റ് പറയുന്നതെത്ര ശരി, അല്ലേ?

Two roads diverged in a wood, and I-

I took the one less travelled by.

And that has made all the difference .

അതല്ലേ എനിയ്ക്കിവിടെ കാണാനായത്? അതിനുള്ള ധൈര്യം. അതേ വേണ്ടൂ എന്നു മാത്രം!  അവിടെ പതറാതിരിയ്ക്കാനാണറിയേണ്ടതും. ഈ നഗരിയോളം മറ്റെവിടെ അതിനായി ശ്രമിയ്ക്കാനാകും?

-ജ്യോതിർമയി ശങ്കരൻ

 

(Published in Whiteline Varththa , Mumbai)

One Response to “വൈവിദ്ധ്യങ്ങൾ തേടുന്നവർ-2 ( മുംബൈ പൾസ്-)2”

  1. സുധി

    രണ്ട് നല്ല അനുഭവങ്ങള്‍. അല്ലേ???

Leave a Reply

Your email address will not be published. Required fields are marked *