തൂവൽ പൊഴിയ്ക്കുന്നവർ

Posted by & filed under കവിത, Uncategorized.

കൊതിച്ചല്ലോ ഞാൻ പണ്ടു മുളയ്ക്കാൻ ചിറകുക-

ളെനിയ്ക്കും, പറന്നേറെയുയരാൻ,വിഹായസ്സിൽ

നിനച്ചില്ലൊരു നാളുമുയരങ്ങൾ തേടുന്നോർ –

ക്കൊരുക്കും കെണിയെന്നെക്കാത്തിരിയ്ക്കാമെന്നതും

 

തിടുക്കം തോന്നീടുന്ന നാളുകൾക്കുമെൻ മോഹം

കണക്കേ ചിറകുകൾ മുളച്ചോ, യീവേഗത്തിൻ

നടുക്കായ് , ഉയരങ്ങൾ താണ്ടിടാൻ പരത്തീടും

കണക്കറ്റ കൂട്ടുകാർക്കൊപ്പമെത്തുവാൻ ശ്രമിച്ചുവോ?

 

തുടക്കമെവിടെയെന്നറിഞ്ഞില്ലപശ്രുതി

യെനിയ്ക്കുള്ളിലായൊട്ടു മുഴക്കമുയർത്തവേ

തിരിച്ചു കൊത്താൻ പഠിച്ചെങ്കിലും ചിറകുകൾ

കൊഴിച്ചൂ തൂവ,ലാത്മവിശ്വാസമകലുന്നോ?

 

തിരിച്ചു താഴോട്ടേയ്ക്കു പറക്കേണമോ, തൂവൽ

പൊഴിച്ചീ സ്പർദ്ധയ്ക്കൊപ്പമുയരങ്ൾങ താണ്ടണോ?

എനിയ്ക്കൊന്നറിഞ്ഞീടാൻ കഴിഞ്ഞെ,ന്നുമേയെങ്ങും

തനിച്ചേ കാണ്മൂ,താഴെയെങ്കിലും മുകളിലും.

Leave a Reply

Your email address will not be published. Required fields are marked *