കാലനക്കം, കാലനനക്കം..

Posted by & filed under Uncategorized.

 

 

 

മുറ്റത്ത് കാലനക്കം

ചുരുട്ടിമടക്കിയ കയർവടങ്ങൾ ചുമലുകളിൽ,

കൈകളിൽ മഴു.

 

പുരമുകളിലേയ്ക്കു ചാഞ്ഞു നിൽക്കുന്ന

മാവിൻ ശിഖരങ്ങൾ മൊഴിഞ്ഞേക്കാം,

മുറ്റത്തു കാലനനക്കം.

 

കഴിഞ്ഞ സീസണിലും തന്ന മധുരമേറിയ മാങ്ങകൾ

ഓർക്കുന്നില്ലേ, മാവു ചോദിയ്ക്കുന്നുണ്ട്,

കേൾക്കാഞ്ഞിട്ടല്ല,

 

ആ മാങ്ങകളുടെ കനമല്ലേ ശിഖരങ്ങളെയിത്രയധികം

താഴോട്ടു കൊണ്ടുവന്നതെന്നും  ചോദിക്കുമായിരിക്കും,

അറിയാഞ്ഞിട്ടല്ല.

 

മുറ്റത്തു വടവും പിടിച്ചു

മുകളിലേയ്ക്കു ദൃഷ്ടിയുഴിയുന്നവർ

എന്നെ പീഡിപ്പിയ്ക്കുന്നത് കാണാനാവുന്നില്ലെ എന്നു മാവു വീണ്ടും.

 

ചാരി വച്ച കോണി നിലത്തു വീഴുന്നു.

സഹതാപപ്രകടനമാണോ?

അതോ കൈ കഴുകലോ?

 

മാവേ…

ഒക്കെ നിന്റെ  നന്മയ്ക്കായിട്ടാണെന്ന

സ്ത്രീകളോടുള്ള സ്ഥിരം പല്ലവി ഞാൻ നിന്നോടുമാവർത്തിയ്ക്കട്ടേ!

 

നീ മോഹത്തളിരുകളുമായി പുതിയ ശിഖരങ്ങളെ

ഉയർത്തിക്കൊണ്ടേയിരിയ്ക്കൂ,

തലയാട്ടി പ്രതിഷേധിക്കാനായിട്ടെങ്കിലും.

കാലനനക്കങ്ങൾ ഇനിയും വന്നേയ്ക്കാമെങ്കിലും.

 

 

Leave a Reply

Your email address will not be published. Required fields are marked *