വൈവിധ്യങ്ങൾ തേടുന്നവർ( മുംബൈ പൾസ്-1)

Posted by & filed under Uncategorized.

 

 

വൈവിധ്യങ്ങൾ തേടുന്നവർ( മുംബൈ പൾസ്-)

ചെറിയൊരു(അതോ വലിയതോ) ഇടവേളയ്ക്കു ശേഷം പ്രിയ നഗരിയായ  മുംബൈയുടെ പൾസ് ഒന്നളക്കാനുള്ള മോഹം അറിയാതെ മനസ്സിൽ പൊന്തി വന്നതേയുള്ളൂ, അതിനെന്നെ നിർബന്ധിയ്ക്കുന്ന വിധത്തിൽ ,  മനസ്സിനെ സ്പർശിയ്ക്കും വിധമുണ്ടായ  ചില സംഭവങ്ങളെ പ്രിയപ്പെട്ട മുംബൈറ്റികളുമായി പങ്കു വയ്ക്കാതിരിയ്ക്കുന്നത് ശരിയല്ലല്ല്ലോ. നഗരി എന്നും ഒട്ടപ്രതീക്ഷിതമായി മനസ്സിൽ ഇതുപോലെ ചലനങ്ങൾ സൃഷ്ടിയ്ക്കുന്നതു കൊണ്ടുമാത്രമാണല്ലോ നമ്മുടെയൊക്കെ പ്രിയനഗരിയായി മാറിയതും എന്നോർത്തു.  മറ്റെങ്ങും കാണാനാകാത്ത, മുന്നോട്ടു കുതിയ്ക്കാനുള്ള  മുംബൈറ്റിയുടെ ഉത്സുകത തന്നെയല്ലേ നഗരത്തിനെ ഇത്രയേറെ ചടുലതയുള്ളതാക്കി മാറ്റുന്നതും? ഉറക്കമില്ലാത്ത നഗരിയുടെ പുലർകാലദൃശ്യങ്ങൾ പോലും മനസ്സിനുണർവ്വു നൽകുന്നു.

ഏറ്റവും വൃത്തിയുള്ള ഇന്ത്യൻ നഗരങ്ങളുടെ ലിസ്റ്റിൽ മുംബൈയ്ക്കു പത്താം സ്ഥാനമെന്ന പത്ര വാർത്ത മുംബൈറ്റിയ്ക്കു കൂടി അവിശ്വസനീയമായിത്തോന്നുന്നുവോ? എന്നാൽ അത്ഭുതത്തിന്നവകാശമില്ല എന്നാണെനിയ്ക്കു തോന്നിയത്. കാരണം കമ്മേഷ്സ്യൽ കാപ്പിറ്റൽ ആയിട്ടുകൂടി രാജ്യത്തെ ഏറ്റവും വലിയ ധനികർ താമസിയ്ക്കുന്ന നഗരമാ‍യിട്ടുകൂടി, മുംബെയെപ്പറ്റി പറയുമ്പോൾ ആർക്കും ആദ്യം മനസ്സിൽ കടന്നു വരുന്നത് ഇന്നും ഇവിടത്തെ സാധാരണക്കാരന്റെ ജീവിതരീതിയും ചുറ്റുപാടുകളും തന്നെയാണല്ലോ. ഇവിടത്തെ തിരക്കാർന്ന ജീവിതരീതിയുമായി പൊരുത്തപ്പെട്ട് രണ്ടറ്റവും കൂട്ടിമുട്ടിയ്ക്കാനായുഴലുന്ന സാധാരണക്കാരനെസ്സംബന്ധിച്ചിടത്തോളം സ്വന്തം വീടിന്റെ നാലുചുമരുകൾക്കപ്പുറമുള്ളതൊന്നും ചിന്തിയ്ക്കാൻ കൂടി സമയം കിട്ടുന്നില്ല. പാതവക്കിൽക്കിടന്നുറങ്ങി സ്വപ്നം കാണുന്നവർ,സ്വന്തം പുതപ്പിലെ സുഷിരങ്ങളിലൂടൊഴുക്കുന്ന നിശ്വാസവായുവിലൂടെ ആകാശം തൊടാൻ ശ്രമിയ്ക്കുന്ന സ്ഥലമാണിവിടം എന്നു തോന്നാറുണ്ട്.  ലോകപ്രസിദ്ധമായ ഇവിടത്തെ ചേരികൾ ഇവിടുത്തെ സമ്പദ് വ്യവസ്ഥയുടെ ഭാഗങ്ങൾകൂടിയാണെന്ന തിരിച്ചറിവ് ആ സ്വപ്നങ്ങൾക്കു ചിറകു മുളപ്പിയ്ക്കുന്നു. ആ ഉണർവ്വിന്റെ ഒരംശം ഉയരങ്ങൾ താണ്ടാനായി നമ്മെയും പ്രേരിപ്പിയ്ക്കുന്നു.

അതിരാവിലെ നാലരയ്ക്ക് നാട്ടിൽ നിന്നുമെത്തിയ  ഞങ്ങളെ സ്വീകരിയ്ക്കാനായി മുംബൈ എൽ.ടി.ടി യിൽ ഓല കാബ് വിളിച്ചെത്തിയ മകനുമായി  ചെറുപ്പക്കാരനും സുഭഗനും ആയ   ഡ്രൈവർ വിനയാന്വിതനായി എന്നാൽ വളരെ സംസ്ക്കാരസമ്പന്നമാം വിധം ഇംഗ്ലീഷിൽ നടത്തുന്ന സംഭാഷങ്ങൾ പലതും കാതിൽ വന്നു വീണപ്പോൾ അത്ഭുതം തോന്നി. ഒരുപക്ഷേ അതൊരു ടാക്സിയായിരുന്നില്ലെങ്കിൽ, പതിവുപോലെ മകനൊപ്പം വന്ന കൂട്ടുകാരാരെങ്കിലുമാണെന്നു തെറ്റിദ്ധരിച്ചേനെ! തല കുനിച്ച് ഞങ്ങൾക്കൊരഭിവാദ്യമോതി പെട്ടികൾ ഡിക്കിയിൽ വയ്ക്കുമ്പോൾ പ്രസന്നമായ ആ മുഖം ശ്രദ്ധിയ്ക്കാതിരിയ്ക്കാനായില്ല. പഴയ മേരു കാബ്സ് ആണ് ഓർമ്മ വന്നത്.  അതിന്നു മുന്നും പിന്നും പലപ്പോഴും ട്രെയിനിറങ്ങിയാൽ പ്രീ-പെയ്ഡും അല്ലാത്തവയുമായ ടാക്സികളിലെ/ ഓട്ടോകളിലെ ഡ്രൈവർമാരിൽ നിന്നും കിട്ടിയിട്ടുള്ള സന്തോഷകരമല്ലാത്ത അനുഭവങ്ങളും എന്തിനായോ ഓർക്കാതിരിയ്ക്കാനായില്ല.ഡ്രൈവിംഗിന്റെ രീതി അതോടിയ്ക്കുന്നതിലെ സന്തോഷത്തെ പ്രകടമാക്കും വിധമായിരുന്നു. സംസാരമോ, സ്വന്തം സ്വപ്നങ്ങളെക്കുറിച്ചും .  ഇതാ സ്വന്തം ജോലിയെ ഏറെ ഇഷ്ടപ്പെട്ട്, അതിൽ ആനന്ദം കണ്ടെത്തി സ്വന്തം സ്വപ്നങ്ങളെ മറ്റുള്ളവരുമായി പങ്കുവെയ്ക്കുന്ന ഒരു ചെറുപ്പക്കാരൻ. സന്തോഷം തോന്നി. കാറിൽ നിന്നുമിറങ്ങി ഫ്ലാറ്റിലേയ്ക്കായി ലിഫ്റ്റിൽ കയറിയത്  പുലരാൻ കാലത്തു മുംബൈ നഗരി തന്ന ഈ സ്വാഗതത്തിന്റെ ഊഷ്മളത  മനസ്സിൽ ഉൾക്കൊണ്ടിട്ടായിരുന്നു. പക്ഷെ ആ സന്തോഷത്തിന്റെ ശരിയായ മാറ്റ് ഞാൻ മനസ്സിലാക്കാനിരിയ്ക്കുന്നതേയുണ്ടായിരുന്നുള്ളൂവെന്ന് പിന്നീടാണറിയാൻ കഴിഞ്ഞത്.

‘നല്ല ഡ്രൈവർ, അല്ലേ?”‘ഫ്ലാറ്റ് തുറന്ന് ഉള്ളിലേയ്ക്കു കടക്കുമ്പോൾ ഞാൻ പറയുകയായിരുന്നു. രാവിലെ തന്നെ വഴക്കാളികളായ ഡ്രൈവർമാരെ കിട്ടല്ലേയെന്ന് മനസ്സിൽ പ്രാർത്ഥിയ്ക്കാറുണ്ട്. ആ ദിവസത്തെ മുഴുവനും നശിപ്പിയ്ക്കാൻ അവർക്കു സാധിയ്ക്കുമല്ലോ.

“അമ്മയ്ക്കറിയാമോ, അവൻ ഒരു സാധാരണ കാബ് ഡ്രൈവർ അല്ല. നിങ്ങളുടെ വണ്ടി സമയത്തിനു മുൻപു തന്നെ എത്തുന്നെന്നറിഞ്ഞപ്പോൾ ഞാൻ ആദ്യം ബുക്കു ചെയ്ത ഈസി കാബിനു പകരം ഓലയെ വിളിച്ചു കാബ് ബുക്കുചെയ്തു. അൽ‌പ്പസമയം കഴിഞ്ഞു വന്ന ഡ്രൈവറുടെ വിളി ഇംഗ്ലീഷ്/ഹിന്ദി  ഭാഷകളിൽ ഏതിൽ സംസാരിയ്ക്കണമെന്ന വിനയം നിറഞ്ഞ ചോദ്യത്തോടെയായിരുന്നു. സാധാരണ ചെറുപ്പക്കാരായ ഡ്രൈവർമാരുടെ ധാർഷ്ട്യം നിറഞ്ഞ സംസാരരീതിയിൽ  നിന്നും വ്യത്യസ്തമായ ഭാഷയും ശൈലി ശ്രദ്ധിയ്ക്കാതിരിയ്ക്കാനായില്ലെങ്കിലും ഇവരെയൊന്നും പൂർണ്ണമായി വിശ്വസിയ്ക്കാൻ വയ്യല്ലോ. പക്ഷേ റെയിൽ വേ സ്റ്റേഷനിലേയ്ക്കുള്ള യാത്രയിലെ സംഭാഷണമദ്ധ്യേ ഗൾഫിലെ ഒരു കമ്പനിയിൽ എഛ്. ആർ. കൺസൾട്ടന്റാണന്നും കാലാവധി കഴിയാറായ വിസ പുതുക്കിക്കിട്ടാനായി കാത്തിരിയ്ക്കയാണെന്നും മനസ്സിലാക്കാനായി. മുംബൈയിൽ വെർസോവയിൽ ജനിച്ചു വളർന്നവൻ.പക്കാ മുംബൈറ്റി. 28 വയസ്സായി.ഭാര്യയും രണ്ടുവയസ്സായ കുഞ്ഞുമുണ്ട്. രണ്ടാഴ്ച്ച അവർക്കൊത്ത് വെക്കേഷൻ ചിലവഴിച്ചു. വെറുതെയിരിയ്ക്കാനുള്ള മടികൊണ്ട് ബ്രദർ ഇൻ ലോയുടെ വണ്ടി ഓടിയ്ക്കുകയാണിപ്പോൾ.“ എന്നെപ്പോലെത്തന്നെ മകനും ഡ്രൈവറെക്കുറിച്ചു തോന്നിയ മതിപ്പിന്റെ ആധിക്യം മനസ്സിലാക്കാനായി.

ശരിയാണ്, ജീവിതത്തെക്കുറിച്ചുള്ള പലസ്വപ്നങ്ങളും പങ്കു വെയ്ക്കുന്നതിനിടയിൽ  വളരെ വിനയാന്വിതനായി   എന്തു ജോലിയാണ് ചെയ്യുന്നതെന്ന്  എന്റെ മകനോടായുള്ള അവന്റെ ഇംഗ്ലീഷിലുള്ള അന്വേഷണത്തിന്റെ രീതി സ്വന്തമേഖലയിലെ അവന്റെ കഴിവിനെ ശരിയ്ക്കും കാണിയ്ക്കുന്ന വിധത്തിലുള്ളതു  തന്നെയായിരുന്നുവെന്ന് എനിയ്ക്കിപ്പോൾ മനസ്സിലാക്കാനാകുന്നു.സ്വന്തം തൊഴിൽ ചെയ്യുന്നതിലെ ചാരിതാർത്ഥ്യം കൂട്ടുന്നതിന്നായി വൈവിധ്യം തേടാനുള്ള അവന്റെ തീരുമാനം എനിയ്ക്കേറെ ഇഷ്ടമായി. Diversifying can really enhance career satisfaction . ശരിയ്ക്കും മനസ്സിൽ സന്തോഷം തോന്നി. ദിവസത്തിന്റെ തുടക്കത്തിൽ മുംബൈ നഗരിയിലേയ്ക്കു പ്രവേശിയ്ക്കുമ്പോൾ, ശുഭാപ്തിവിശ്വാസത്തിന്റെ നാളവുമായി വന്ന ചെറുപ്പക്കാരാ, നിനക്കെന്റെ ആശംസകൾ, തേടുന്ന സ്വപ്നങ്ങളുടെ സാക്ഷാത്ക്കാരത്തിനായും, തേടാനായിത്തിരയുന്ന വൈവിധ്യങ്ങൾക്കായും.  കൂട്ടത്തിൽ എനിയ്ക്കു കിട്ടിയ ധന്യമായ ഒരു ദിവസത്തിന്നായി നന്ദിയും.

 

(Published in Whiteline Varaththa, Mumbai)

One Response to “വൈവിധ്യങ്ങൾ തേടുന്നവർ( മുംബൈ പൾസ്-1)”

  1. സുധി

    മനസ്സ് നിറച്ച വായന.

Leave a Reply

Your email address will not be published. Required fields are marked *