സായൂജ്യം

Posted by & filed under കവിത.

ഇരുട്ടില്‍ ഞാനെത്തിയതറിയാ,നെന്താണാവോ-
യിരുട്ടിന്നിവിടെ നിന്‍ ഹൃദയത്തിലു,മൊരു-
തരിയ്ക്കു വെട്ടം കാട്ടാന്‍ മറന്നോ. മനസ്സിനെ-
യടച്ചെന്തിനേ വച്ചൂ, മാറുമീ ഭാവമന്യം.
കണക്കൊക്കെ തീര്‍ത്തിടാന്‍ കഴിഞ്ഞാല്‍ മനുഷ്യനു
ചിരിയ്ക്കാനായീടുമോ, മനസ്സിന്‍ വാതായനം
തുറക്കുംനേരം കൂട്ടു ശൂന്യത മാത്രം, തീര്‍ത്തും
വെറുപ്പിന്‍ നിറം പൊതിഞ്ഞീടും നിന്‍ മനസ്സതി-
നൊരിയ്ക്കല്‍പ്പോലും വയ്യ ചിന്തിയ്ക്കാ, നാര്‍ക്കോവേണ്ടി
വിഴുപ്പിന്‍ ഭാണ്ഡമിതു ചുമക്കുന്നോ നീ,യൊപ്പ-
മുരുകുന്നുവോ സ്വയം, വേദനയറിവൂ ഞാന്‍
കരയാനല്ലാതെനിയ്ക്കെന്തു ചെയ്യുവാനാകും
കഴിഞ്ഞ നാളിന്നോര്‍മ്മയലട്ടീടുന്നു നൂനം.
പകര്‍ന്നില്ലേ ഞാന്‍ സ്വയം കത്തിച്ച വെളിച്ചത്തി-
ലൊരു നൂറു വട്ടമായെണ്ണ സ്നേഹത്താല്‍, പിന്നെ
തെളിച്ചു തിരി, നിന്റെ പുഞ്ചിരി കണ്ടു , സ്വയ-
മടഞ്ഞു സായൂജ്യവും, മനസ്സും കുളിര്‍ന്ന നാള്‍
അതൊക്കെ സ്വപ്നം മാത്രമായിതോ,യടച്ചൊരാ-
മനസ്സിന്‍ വാതില്‍ തുറക്കൂ, കടന്നെത്തി-
യൊരിയ്ക്കല്‍ക്കൂടിത്തിരി തെളിയ്ക്കാന്‍, സ്നേഹം പകര്‍-
ന്നൊഴിയ്ക്കാ,നിരുട്ടിനെയാട്ടിയോടിയ്ക്കാ,നെനി-
യ്ക്കൊരിയ്ക്കല്‍ കൂടിത്തരൂയനുവാദ,മെന്നിട്ടാ
ച്ചിരിയ്ക്കും മുഖമെനിയ്ക്കേകട്ടേ സായൂജ്യവും!

4 Responses to “സായൂജ്യം”

 1. അരുണ്‍ കായംകുളം

  നന്നായിരിക്കുന്നു:)

 2. Raghu Nadhan

  യ്യോ….കഷ്ടപ്പെട്ട് പോയി…ഒന്ന് വായിക്കാന്‍…ഇങ്ങനെ ചങ്ങല കണ്ണിപോലെ എങ്ങനെ എഴുതാന്‍ പറ്റും?

 3. Unnikkuttan

  Its very good, ithra kemamanennu vicharichilla, I miss Amma and ammath,

 4. RAM

  ഈ കവിത പദ സബത്ത് കൊണ്ടും, അര്‍ത്ഥതലത്തിലും, മനസ്സ് തുറന്നു എഴുതുന്ന രീതി കൊണ്ടും വളരെ നന്നായി
  തോന്നി ……………….പക്ഷെ ഒരു ഈണം ഇല്ലാത്തത് പോലെയോ അല്ലെങ്കില്‍ ഒരു ഗദ്യ കവിത പോലെയോ മറ്റോ
  എന്തോ ഒന്ന് ………….എനിക്ക് അറിയില്ല …………പക്ഷെ അങ്ങിനെ എന്തോ ഒരു കുറവ് തോന്നി ……

Leave a Reply

Your email address will not be published. Required fields are marked *