കേരളം വളരട്ടെ!

Posted by & filed under Uncategorized.

പശ്ചിമഘട്ടമുയർത്തുന്നുവല്ലോയോർമ്മ-
യെപ്പോഴും പ്രിയകവി തന്നുടെ വരികളിൽ
കേരളം ജനിപ്പതിൻ മുമ്പു താൻ കവി പാടി
“ കേരളം വളരുന്നി”തന്യമാം ദേശങ്ങളിൽ.

കവി പുംഗവാ, കഴിഞ്ഞന്നുതാൻ നിനക്കൊട്ടു
പ്രവചിച്ചീടാനായി കേരളത്തിൻ ഭാവിയെ
കടലും കടന്നേറെ പൊങ്ങിയിപ്രപഞ്ചത്തിൽ
ച്ചെറുതായ് പ്രകമ്പനം കൊള്ളുന്ന വഴികളിൽ.

അറബിക്കടലിനു നൽകി നീ പച്ചക്കര-
യതിനോടൊപ്പം തന്നൂ ജൈവനിക്ഷേപങ്ങളും
അതിരു കുറിച്ചു നീ, സംരക്ഷയേകീ, ജല-
മൊഴുക്കീ നദികളിൽ, കടലും സന്തോഷിപ്പൂ.

ഉയരങ്ങളെച്ചുംബിച്ചീടുന്നോരാനമുടി-
യറിയാതെനിയ്ക്കെന്നും ഹിമവൽസ്മരണയായ്
ഉലകം കൊതിച്ചീടും മഴക്കാടുകളെന്നും
നിനക്കു സ്വന്തം, ശ്രദ്ധ തേടിടും നിശ്ശബ്തത.
മനുഷ്യർ നിറയുമ്പോൾ മണ്ണിനെക്കടന്നേറ്റം
നടത്തുന്നതു പണ്ടും കണ്ട കാഴ്ച്ചകൾ മാത്രം.
നശിപ്പിയ്ക്കുന്നെന്തിനു വനത്തെ, സ്വച്ഛതയെ,
നമുക്കീ രാഷ്ട്രീയത്തിൻ കളികൾ നിർത്തിക്കൂടേ?

നശിയ്ക്കാനെളുപ്പമെന്നോതുന്നവിധമിതാ
മനുഷ്യൻ യന്ത്രം പോലെ ദുരന്തമൊരുക്കുന്നു
കുഴിയ്ക്കും കുഴികളിൽ വീണീടാം, വിഷലിപ്ത-
മൊടുക്കമറിയുമ്പോൾ കേണിട്ടെന്തുള്ളൂ ഫലം?

കേരളം വളരട്ടെ, പശ്ചിമഘട്ടത്തിനു
കേടൊന്നും കൂടാതെന്നും നിൽക്കാനായിട്ടെങ്കിലും!

Leave a Reply

Your email address will not be published. Required fields are marked *