ജന്മദിനത്തിലെ അമ്മ മനസ്സുമായ്…

Posted by & filed under Uncategorized.

 

 

പിറന്നാൾ ദിനത്തിലായ് നിനക്കായാശംസകൾ
നിറഞ്ഞഹൃദയത്താലോതട്ടെ, യെന്നോമനേ!
പറഞ്ഞീടുവാൻ വാക്കില്ലെൻ കയ്യിൽ, ഹൃദയത്തിൽ
നിറഞ്ഞു നിൽക്കുന്നല്ലോ നിൻ രൂപം ചിരി തൂകി.

കൊഴിഞ്ഞേ പോയീ വർഷമെങ്കിലും വിറയോടേ
കുരുന്നേ നിന്നെക്കയ്യിലാദ്യമായെടുത്തതും
പതിയെയെൻ നെഞ്ചോടു ചേർത്തതും മുദുമേനി
തഴുകിത്തരളാർദ്രം മുലപ്പാലു തന്നതും
ഇനിയും മങ്ങീടാത്ത ചിത്രമായ്ക്കണ്മുന്നിലായ്
തെളിയുന്നല്ലോ, ധന്യമായിടും നിമിഷങ്ങൾ!

ദിനങ്ങൾ നിനക്കായി നീക്കി വയ്ക്കവേ, വർണ്ണം
നിറഞ്ഞേ നിന്നൂ നിന്റെ ചുറ്റുമായെൻ ജീവിതം.
മുഴുത്ത സന്ദേഹത്താലൊറ്റക്കാലടി വയ്ക്കാൻ
ശ്രമിയ്ക്കേ, നീയെൻ നേരെ നീട്ടിയാ കരങ്ങളെ.

വിരൽത്തുമ്പിലായ്ത്തൂങ്ങി നീ വളർന്നൊരാ നാൾക-
ളെനിയ്ക്കോർക്കവേയിന്നു ശരിയ്ക്കും കടം കഥ
നിനക്കായ് രുചിയേറും വിഭവമൊരുക്കവേ
എനിയ്ക്കു പറയുവാനില്ലൊരു പരിഭവം.

കളിക്കൂട്ടുകാരൊത്തു നീയെപ്പൊഴുമെന്റെ-
യകത്തും പുറത്തുമായ് സമയം വീതിയ്ക്കവേ
എനിയ്ക്കു പലതുമായ് പകുത്തീടുവാൻ, നിന്റെ
മനസ്സിൽ വിതയ്ക്കുവാൻ, നന്മ തൻ വിത്തൊക്കെയും.

ഇടയ്ക്കെപ്പോഴോ കണ്ണു പൂട്ടിയോ, തുറന്നിട്ടു
തിടുക്കത്തിൽ നോക്കവേ യെനിക്കാശ്ചര്യം മാത്രം.
എനിക്കു മുന്നിൽ നിന്നിടുന്നൊരീ യുവാവാരോ
മനസ്സിൽക്കാണുന്നൊരാ ബാലകനെവിടെപ്പോയ്?

നിനക്കില്ലറിയുന്നു സന്ദേഹം, തനിച്ചെങ്ങും
നടക്കാൻ , വരുന്നവ നേരിടാൻ നീ പ്രാപ്തനായ്
എനിയ്ക്കാനന്ദം, ലോകമെത്ര നിഷ്ഠൂരം, മാറ്റാൻ
നിനക്കായിടുമെന്ന ചിന്തയെത്ര ബാലിശം!

മകനേ! നീ തന്നല്ലോ ധന്യമാം നിമിഷങ്ങൾ
പലതുമഭിമാനം കൊണ്ടിടാനെന്നാകിലും
നിറയുന്നഭിമാനമെന്മകനിവനെന്നു
പറയുന്നൊരാവേള, യെൻ ജന്മം സഫലമായ്.
മകനെയറിയുന്നു നിൻ വളർച്ച, നിന്നെയെൻ
കരത്താലേന്താനാകില്ലെന്നതുമറിയുന്നു
നിനച്ചീടവേ കണ്ണു കുളിർക്കെക്കാണാനായെൻ
മനസ്സിലിരുത്തുന്നു, നിന്നെയെപ്പൊഴുമിന്നും.

എനിയ്ക്കില്ലൊട്ടും തന്നെയോതുവാൻ പരിഭവ-
മെനിയ്ക്കായ് ദൈവം നിന്നെ തന്നതോർക്കവെ,യെന്നും
കരുത്തും സൌഭാഗ്യവുമായുസ്സും വന്നീടുവാ-
നൊരിയ്ക്കൽക്കൂടിപ്രാർത്ഥിച്ചീടട്ടെ, യാശംസകൾ!

 

 

Leave a Reply

Your email address will not be published. Required fields are marked *