മുംബൈയില്‍ ഇനിയുമൊരു മഴക്കാലം

Posted by & filed under മുംബൈ ജാലകം.

പത്രങ്ങള്‍ക്കു വേറെ പണിയൊന്നുമില്ലെന്നു തോന്നുന്നു, ഒരു മഴയെത്തിയാല്‍ അതു വാര്‍ത്തയായി. മഴപെയ്തു, വെള്ളം നിറഞ്ഞു, മുംബൈ വെള്ളത്തില്‍ എന്നൊക്കെ എഴുതിപ്പിടിപ്പിയ്ക്കും.ദൃശ്യമാദ്ധ്യമമാണെങ്കില്‍ അതിനു കുട പിടിയ്ക്കാനും. കഴിഞ്ഞ ആഴ്ച്ചയില്‍ നല്ലൊരു മഴ കിട്ടി,ഒരിത്തിരി താഴ്ന്ന ഭാഗങ്ങളില്‍ വെള്ളം വന്നില്ലെന്നില്ല, പക്ഷേ അതെ ഭാഗം മാത്രം കാണിച്ചു കൊണ്ടിരുന്നാല്‍ ദര്‍ശകരുടെ മനസ്സില്‍ പതിയുന്ന ചിത്രം മറ്റൊന്നാണെന്നവര്‍മനസ്സിലാക്കുന്നില്ല.  ഒരല്‍പ്പം ഭയം എല്ലാത്തിനും പുറകിലായുണ്ടെന്നതാണു സത്യം. ആര്‍ക്കും മറക്കാനാവാത്ത ഒന്നാണല്ലോ 2005 ജൂലൈ സമ്മാനിച്ചു പോയതു.

സത്യം പറയുകയാണെങ്കിലിവിടെ ഈ വര്‍ഷം മഴ വേണ്ടത്ര ഇനിയും കിട്ടിയിട്ടില്ല. വരുമായിരിയ്ക്കും, പക്ഷേ കഴിഞ്ഞ വര്‍ഷങ്ങളെയപേക്ഷിച്ചു മഴ കുറവാണു ഈ വര്‍ഷം. കൃത്രിമമായി മഴ പെയ്യിപ്പിയ്ക്കുന്നതിനുള്ള സാദ്ധ്യതകളെക്കുറിച്ചുള്ള  ചര്‍ച്ചകളും പരീക്ഷണങ്ങളും നടന്നു വരുന്നു. പെയ്യുന്ന വെള്ളം . മുഴുവനും ഒഴുകിപ്പോകുന്നു. കാച്ച്മെന്റ് ഏരിയയില്‍ മഴ കുറവു.  റെയിന്‍  വാട്ടര്‍ ഹാര്‍വെസ്റ്റിംഗ് പ്ലാന്‍ ഇനിയും പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞിട്ടില്ല. മഴ പെയ്യുമ്പോഴും പേടി വരള്‍ച്ചയെക്കുറിച്ചു മാത്രം.

മഴയ്ക്കൊപ്പം ഓടിയെത്തുന്ന രോഗങ്ങള്‍!  മുംബൈറ്റിയുടെ മറ്റൊരു ശാപം. ഓര്‍ക്കാപ്പുറത്തു ക്ഷണിയ്ക്കാത്ത അതിഥിയായി പലതരം പനികള്‍. വൈറല്‍ ഫീവര്‍, മലേറിയ,ലെപ്റ്റോസ്പൈറൊസിസ്. ഇത്തവണ കോളറയും വന്നെത്തിയിട്ടുണ്ടെന്നു കേട്ടു. പലരും മരിച്ചിട്ടുണ്ടു. പല ക്ലിനിക്കുകളുടെയും മുന്നില്‍ രോഗികളുടെ നീണ്ട നിര. ഇതിനിടയില്‍ ബുദ്ധിമുട്ടു കൂട്ടാനായെത്തിയ  ഡോക്ടര്‍മാരുടെ സമരം. ഒരു ഡസനിലധികം വലിയ ഗവണ്മെന്റ് ആസ്പത്രികള്‍ ഊണ്ടായിട്ടെന്തു കാര്യം? സാധാരണക്കാരന്‍ ശരിയ്ക്കും വലയുന്നു.

മഴ വന്നാലുടന്നതു ഇവിടത്തെ ഗതാഗതത്തിനെ ഇന്നും ബാധിയ്ക്കുന്നു. എന്തൊക്കെ പരീക്ഷണങ്ങള്‍ നടത്തിനോക്കി? ട്രെയിന്‍ സര്‍വീസുകള്‍ ഒന്നുകില്‍ ലേറ്റ് അഥവാ മുഴുവനായും നിക്കും. പിന്നെയിവിടെയൊരു ബഹളമാണു. വീട്ടില്‍ എത്തിച്ചേരാനായുള്ള തിടുക്കപ്പാടു. റോഡാണെങ്കില്‍ മുഴുവനും കുഴിച്ചിട്ടിരിയ്ക്കയാണു പലേടത്തും, നടുവിലായി. ടിന്‍ ഷീറ്റുകളാല്‍ മറ ഉണ്ടാകിയിട്ടുണ്ടു. . സ്കൈ വാക്ക്, മെട്രോ , ഓവര്‍ബ്രീഡ്ജകള്‍…..ഇവയുടെയെല്ലാം പണികള്‍  കൊണ്ടു  മുംബൈറ്റിയ്ക്കു മടുത്തിരിയ്ക്കുന്നു. ഈ വക വര്‍ക്കുകള്‍ സാധാരണ റോഡുയാത്രക്കാരനെ അത്രയധികം ബാധിയ്ക്കുന്നു. തുടങ്ങി  വച്ചവ മഴയ്ക്കു മുന്‍പു തീര്‍ക്കാത്തതിനാലാണു അധികവും പ്രശ്നം.. ഇതു തന്നെ വെള്ളം  കെട്ടിക്കിടക്കാനും ഒരു കാരണം.ഇതെല്ലാം ട്രാഫിക് ബ്ലോക്കിനു വഴി വയ്ക്കുന്നു. ഓട്ടോകള്‍ പലതും അത്യാവശ്യമായാല്‍കൂടി വിളിച്ച സ്ഥലത്തേയ്ക്കു വരണമെന്നില്ല. ആരും ആവലാതിപ്പെട്ടിട്ടും  കാര്യമില്ല. ടാക്സികള്‍ തോന്നിയ ചാര്‍ജ് ഈടാക്കും ..ഇതാ പുതിയതായുള്ള പ്രീ- പെയ്ദ് ടാക്സികളുടെ നിരക്കു കഴുത്തു ഞെരിയ്ക്കുന്നവയാണെന്നു അറിയാന്‍ കഴിഞ്ഞു.

എല്ലാം പരീക്ഷണങ്ങളാണല്ലോ ഇവിടെ. ഇതാ വിദ്യാഭ്യാസരംഗത്തുമെത്തിക്കഴിഞ്ഞു. ജൂനിയര്‍ കോളേജുകാരാണു ഇര. ഓണ്‍ലയിന്‍ അഡ്മിഷനെന്ന പുതിയ കണ്ടുപിടുത്തത്തിന്റെ പാളിച്ചകള്‍  അര്‍ഹിയ്ക്കുന്നവര്‍ക്കും സീറ്റുകിട്ടില്ലെന്ന ഗതികേടിലെത്തിച്ചിട്ടുണ്ടു. പല വിദ്യാര്‍ത്ഥികളും മാതാപിതാക്കളും ടെന്‍ഷനിലാണു, മഴ കൊണ്ടുവന്ന തണുപ്പു അവരുടെ മനസ്സില്‍ എത്തണമെങ്കില്‍ ഇനിയും സമയമെടുക്കുമെന്നു തോന്നുന്നു. ഇത്തവണ ജൂനിയര്‍ കോളേജിന്റെ ക്ലാസ്സുകളും ഈ നിലയ്ക്കു വയ്കാനാണു സാധ്യത. പരീക്ഷണങ്ങള്‍ ശരിയാവാന്‍ എത്ര സമയമെടുക്കുമോ ആവോ?

മഴക്കാലമായിട്ടും പല സ്ഥലത്തും വെള്ളത്തിനു കട്ടു. . വെളിച്ചത്തിന്റെ കാര്യമോ? പറയാതിരിയ്ക്കുകയാണു ഭേദം. ഇടയ്ക്കിടെ ഉയര്‍ന്നു വരുന്ന വൈദ്യുത നിരക്കു..പ്രതിഷേധം ഇത്തവണ എല്ലാവര്‍ക്കും..അത്രയ്ക്കു താങ്ങാനാകാത്തതാണു  കയ്യില്‍ കിട്ടുന്ന വൈദ്യുത ബില്ലു. പഴയ നിരക്കില്‍ തന്നെ അടച്ചാല്‍ മതിയെന്ന വിധി കേട്ടപ്പോഴാണു   മുംബൈ ദീര്‍ഘശ്വാസം വിട്ടതു. ഉപയോഗിയ്ക്കുന്ന വൈദ്യുത ഉപകരണങ്ങള്‍ കൂടി വരികയാണല്ലോ?

രാമായണമാസാചരണം മുംബൈയിലെ പല അമ്പലങ്ങളിലും കാണുന്നുണ്ടു, പ്രത്യേകിച്ചും മലയാളികളുടെ അമ്പലങ്ങളില്‍. ശ്രാവണപ്പിറപ്പിനു മുന്നിലത്തെ ഞായറാഴ്ച്ച (ഗട്ടാരി എന്നു പറയുന്നു ഇവിടുത്തുകാര്‍) ശരിയ്ക്കും ആഘോഷിയ്ക്കുകയാണു പലരും. മട്ടണ്‍ -ചിക്കന്‍ ഷോപ്പുകളുടെ മുന്നില്‍ നീണ്ട നിര. ഇനി ഒരു മാസക്കാലത്തെയ്ക്കു പലര്‍ക്കും മാംസാഹാരം നിഷിദ്ധ്യം .കോരിച്ചൊരിയുന്ന മഴയ്ക്കൊപ്പം വരുന്ന ചോളം വഴിയരികില്‍ ധാരാളം കാണുന്നു(ബുട്ട). കനലില്‍ മൊരിച്ചെടുത്ത ബുട്ട ഉപ്പും മുളകുപൊടിയും ചെറുനാരങ്ങാനീരില്‍ മുക്കി പുരട്ടി ചൂടോടെ തിന്നാന്‍ നല്ല രസമാണു.  നാലുമണിച്ചായയ്ക്കൊപ്പം ചൂടുള്‍ല  ഉള്ളിപ്പക്കോട..അഹ…മഴക്കാലത്തു ചൂടുള്ള ഭക്ഷണം എന്തായാലും സ്വാദിഷ്ടമായിത്തോന്നുന്നു..

കുറെക്കാലത്തിനു ശേഷം സെന്‍സക്സ് മുകളില്‍.വന്നതിനാല്‍  അനക്കം വന്ന സ്റ്റോക്ക് എക്സേഞ്ചുകള്‍ . സബര്‍ബന്‍ ട്രെയിനിലെ ഒന്നാം ക്ലാസ് കംബാര്‍ട്ടുമെന്റുകളില്‍ ഉത്സാഹം കലര്‍ന്ന ചര്‍ച്ചകള്‍. മാര്‍ക്കറ്റ് ഒന്നു ബുള്ളിഷ് ആയതിന്റെ പ്രതിഫലനം. ആകപ്പാടെ ഒരു ഉത്സവപ്രതീതി. ബ്രോക്കര്‍മാരും ഇന്‍ വെസ്സ്റ്റേര്‍സും ഒരുപോലെ സന്തോഷത്തിലാണു. മഴയുടെ പ്രഭാവം ഇവിടെയും ഉണ്ടല്ലോ? നല്ല മഴ കിട്ടിയില്ലെങ്കില്‍ നാണ്യവിളകളെ ബാധിയ്ക്കും, അതു സൂചികയെ താഴ്ത്തും. മഴ കൂടിയാലും പ്രശ്നം തന്നെയാണു, കേട്ടോ. വിള നശിച്ചുള്ള നഷ്ടം.

ഈ വ്യാഴം, വെള്ളി ദിവസങ്ങളില്‍ മുംബൈയില്‍ കനത്തമഴയും വെള്ളം കേറലും പ്രവചിച്ചിട്ടുണ്ടു. വേലിയേറ്റം തുടങ്ങിക്കഴിഞ്ഞു. കുറച്ചു മണിക്കൂറുകള്‍ അടുപ്പിച്ചു മഴപെയ്താല്‍ താഴ്ന്നു കിടക്കുന്ന പ്രദേശങ്ങള്‍ എല്ലാം വെളളത്തിലാകും. 5 മീറ്റര്‍ ഉയരത്തിലാണു തിരമാലകള്‍ അലയ്ക്കുന്നതു.എന്തെങ്കിലും പ്രശ്നം വന്നാല്‍ സ്കൂളുകള്‍ക്കും മറ്റും അവധിയാകും. മുംബൈ മുനിസിപല്‍ കോര്‍പ്പരേഷന്‍ ഒരുങ്ങിത്തന്നെയാണിരിയ്ക്കുന്നതെന്നു പറയുന്നുണ്ടു. പക്ഷേ യാഥാര്‍ത്ഥ്യത്തിനെ എങ്ങിനെ നേരിടാന്‍ സാധിയ്ക്കുമെന്നു കണ്ടു തന്നെ അറിയണം. 2005 ജൂലാഇ അഞ്ചിനെ ഇനിയും നേരിടാനുള്‍ല ത്രാണി മുംബൈറ്റിയ്ക്കില്ല. ആ ദു:സ്വപ്നം മുംബൈറ്റിയുടെ മനസ്സില്‍ നിന്നും ഇനിയും മാഞ്ഞു പോയിട്ടില്ല. ബില്‍ഡിംഗുകള്‍ തകര്‍ന്നു വീഴലും മഴക്കാലത്തു സാധാരണമാണിവിടെ. ചുരുക്കി പ്പറഞ്ഞാല്‍ രോഗങ്ങളുടെയും മരണങ്ങളുടെയും നാശനഷ്ടങ്ങളുടെയും സമയം. .മുംബൈറ്റിയുടെ ചുണ്ടില്‍ ഇപ്പോഴും പ്രാര്‍ത്ഥന തന്നെ,…

Leave a Reply

Your email address will not be published. Required fields are marked *