ജിജ്ഞാസു

Posted by & filed under Uncategorized.

ഒരു ജിജ്ഞാസു വസിച്ചീടുന്നോയെന്നുള്ളിലും

ഇനിയും വിടാത്തൊരു കൌമാരക്കാലത്തെപ്പോൽ

വിടരുന്നോ കൌതുകം,  കാലത്തിൻ കണക്കുക-

ളിനിയും പരിശോധിച്ചീടുവാനെല്ലായ്പ്പോഴും.

 

കൊഴിഞ്ഞങ്ങനെ പോയ കാലത്തിൻ വഴികളി-

ലെഴുതപ്പെട്ടോ ശരി, തെറ്റിന്റെ വഴികളെ

യറിയാതെ ഞാൻ സ്വന്തമാക്കിയോ പലപ്പോഴു-

മിനിയും തിരുത്തുവാൻ ബാക്കിയുണ്ടായിടുമോ?

 

 

തെറ്റിനെശ്ശരിയാക്കാൻ തെറ്റെന്തെന്നറിയേണ്ടേ?

ശരികൾ ശരിയെന്നതാരു നിർണ്ണയം ചെയ്യും?
നാളത്തെക്കഥയെന്തിന്നറിയാൻ കൊതിയ്ക്കുന്നു ,

നാളെകൾ മാറ്റത്തിനു മാത്രമായ് വന്നീടവേ?

 

ഇന്നിനെപ്പേടിയ്ക്കാനും പേടിയിലലിയാനു-

മൊന്നു ഞാൻ പഠിയ്ക്കവേ, ശങ്കകളുണരുന്നു

എൻ വഴി ഞാൻ തേടണമെങ്കിലുമെൻ ചുറ്റുമായ്

വന്നിടും പ്രതിബന്ധമൊക്കെ നേരിടാനാമോ?

 

മനസ്സിൽ വടംവലി മുറുകേ വീണ്ടും മോഹ-

മറിയാനീ യാത്ര തൻ പൊരുളും ലക്ഷ്യങ്ങളും

അറിയില്ലറിയില്ല, യീവഴിത്താരയ്ക്കങ്ങേ-

ത്തലയ്ക്കലെനിയ്ക്കെന്തു കാത്തിരിയ്ക്കുന്നെന്നതും.

 

മനസ്സിൽ നിറയുമീ ജിജ്ഞാസ മാത്രം മതീ-

ദിനത്തിന്നൂർജ്ജത്തിനായ്, മുന്നോട്ടു നയിയ്ക്കുവാൻ

ദിനങ്ങൾ കുതിയ്ക്കുന്നു, ലക്ഷ്യങ്ങൾ ദൂരേ നിന്നു

കൊതിപ്പിയ്ക്കുന്നൂ വീണ്ടുമെന്നിലെ ക്കൌമാരത്തെ.

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *