പകൽ യാത്ര ചൊല്ലിടാനൊരുങ്ങുന്നേരത്തെന്റെ
പഴയ വീടോർമ്മയിൽ വന്നതെന്തിനാണാവോ?
അരികെ സ്ഫടികത്തിൻ സമമായ് ജലം നിറ-
ഞ്ഞൊരു നൽക്കുളമുള്ളതെങ്ങനെ മറക്കുവാൻ?
പതിവായ് കുളിയ്ക്കുന്ന കുളവും, പടവുക-
ളിറങ്ങിച്ചെല്ലും നേരമെന്റെ പാദങ്ങൾക്കെന്നും
കുളിരിൽപ്പൊതിഞ്ഞീടുമിക്കിളി നൽകീടുന്ന
ജലവും , പരിഭ്രമിച്ചങ്ങുമിങ്ങുമായ് നീന്തീ-
ട്ടുടനെയുടൽ വെട്ടിച്ചാഴത്തെസ്പർശിച്ചിട്ട-
ങ്ങുയർന്നു നീന്തീടുന്ന ചെറുമത്സ്യക്കൂട്ടവും
മനസ്സിൽച്ചിത്രം പോലെ നിറമാർന്നിരിയ്ക്കുന്നൂ.
അടക്കം പറഞ്ഞെത്തും കുളിയ്ക്കാനായെന്നുടെ
കളിക്കൂട്ടുകാർ, കളം കലക്കും വിധം നീന്തി-
ത്തുടിയ്ക്കേയുയരുന്ന ശബ്ദവീചികൾ, മനം
തുറക്കേ പങ്കിട്ടൊരു രഹസ്യങ്ങളൊക്കെയും
എനിയ്ക്കു കേൾക്കാനാകുന്നിന്നുമേ നിറഞ്ഞൊരീ
കുളത്തിൻ വക്കത്തെത്തിയൊന്നു കാതോർക്കും നേരം.
മനസ്സു തുടിയ്ക്കുന്നു, കണ്ണുകൾ നിറയുന്നു
മുഖങ്ങൾ തിരനോട്ടം നടത്താൻ തുനിയുന്നു
ജലത്തിൽ പ്രതിഫലിച്ചീടുന്നൂ നിറച്ചാർത്തെൻ
കനക്കും ഹൃദയത്തിൽ നിഴൽ നൃത്തം ചെയ്യുന്നു
വിളിയ്ക്കുന്നുവോ എന്നെയാരോ , ഞാൻ ഭയക്കുന്നു
പിടിച്ചോ മതിഭ്രമം, കാലത്തിൻ സമ്മാനമായ് ?
Super