ബാവുൾ സംഗീതത്തിൽ മയങ്ങിയ ഗുരുവായൂർ ചെമ്പൈ ഉത്സവം

Posted by & filed under Uncategorized.

 

ചെമ്പൈ സംഗീതോത്സവം ലൈവ് ആയി ടിവിയിൽ കണ്ടുകൊണ്ടിരിയ്ക്കയായിരുന്നു. അടുത്ത ഐറ്റം പാർവതി ബാവുളിന്റെ ബാവുൾ സംഗീതമാണെന്ന് അനൌൺസ്മെന്റ് കേട്ടപ്പോൾ വേറുതെ അൽ‌പ്പം കാണാമെന്നു കരുതിയെങ്കിലും ഒരുമണിക്കൂറിലധികം ഇരുന്ന ഇരുപ്പിൽ എന്നെ ഇരുത്തിയ അവരുടെ സംഗീതം എന്നെ ബാവുളിന്റേയും അവരുടെയും ആരാധികയാക്കി മാറ്റി. പാർവതി ബാവുളിനെക്കുറിച്ചും ബാവുൾ സംഗീതത്തെക്കുറിച്ചും കൂടുതലായി അറിയാൻ മോഹം.ഒരു കയ്യിൽ ഏക് താരയും  മറുകയ്യിൽ ഡുഗ്ഗിയും കാലുകളിൽ വലുപ്പമേറിയ ചിലമ്പും നിലം തൊടുംവിധം അഴിച്ചിട്ട ജടപിടിച്ചമുടിയും നെറ്റിയിലെ ചന്ദനത്തിലെ  നീണ്ട ഗോപിക്കുറിയും കാവി മുണ്ടും കച്ചയും  ചേർന്ന വേഷവിധാനത്തോടെ സ്റ്റേജ് നിറഞ്ഞു നിന്ന രൂപം മനസ്സിൽ വല്ലാതെ പതിഞ്ഞു. അവർ പാടിത്തുടങ്ങിയതോടെ മറ്റേതോ മാസ്മരികലോകത്തേയ്ക്ക് എന്നെയും വലിച്ചിഴച്ചു കൊണ്ടുപോയതായ തോന്നലും ഉണ്ടായി.

ആരാണീ ബാവുലുകൾ? അറിയാൻ ആകാംക്ഷതോന്നി.ബംഗാളി സംസ്ക്കാരത്തിനു തനതെന്നവകാശപ്പെടാവുന്ന ഒന്നാണീ കലാരൂപം. പശ്ച്ചിമ ബംഗാളിലും ബാഗ്ലാദേശിലും ബാവുൽ സംഗീതം ഇന്നും പ്രാരത്തിലുണ്ട്.   ബാവുലുകളുടെ സമൂഹം നാടോടികൾക്കിടയിലെ അവധൂതരെപ്പോലെ ജീവിതം നയിയ്ക്കുന്ന ഒരു വിഭാഗമാണ്. ഭക്തിഭാവം നിറഞ്ഞു തുളുമ്പുന്ന ഒന്നാണ് ബാവുൾ സംഗീതം. ഭക്തി മുഴുത്ത് ഭ്രാന്തായി മാറുമെന്നു പറയാറുണ്ടല്ലോ. ബാവുൾ എന്ന പദത്തിന്റെ അർത്ഥം തന്നെ ഭ്രാന്ത് എന്നാണ് . ഒരു തരം ഹിപ്പികളെന്നു വേണമെങ്കിൽ പറയാം.   കാരണം ഉന്മാദമാണവരെ നയിയ്ക്കുന്നത്.  അവരുടെ പാട്ടുകളിൽ നിറഞ്ഞു നിൽക്കുന്നതും അതു തന്നെ.നീട്ടിവളർത്തിയ മുടിയും വേഷവിധാനവും ഇതിനു ബലം കൂട്ടുന്നു. ഒരു ബാവുൾ ഗായകന്റെയോ ഗായികയുടേയോ ചടുലമായ ഭാവഹാവാദികളും ഉയർന്ന നിലവിളിപോലുള്ള ഗാനരീതിയും ഇതു വിളിച്ചു പറയുന്നു.  പതിന്നാറാം നൂറ്റാണ്ടിൽ ചൈതന്യദേവന്റെ കാലം മുതൽ ഇവർ ഗ്രാമങ്ങളിൽ അലഞ്ഞു തിരിഞ്ഞു നടന്ന് ലളിതമായ സംഗീതത്തിലൂടെ മനുഷ്യസ്നേഹത്തിന്റേയും, പ്രകൃതിയുടേയും മനുഷ്യന്റേയും ബന്ധത്തിന്റെയും,   ഭക്തിയുടെയും സന്ദേശവാഹകരായി പാട്ടുകൾ പാടിനടന്നിരുന്നു എന്നു കാണാം . മനസ്സിലെ മനുഷ്യനാണ് ഇവർക്ക് ആരാധ്യനായ ഈശ്വരൻ. സെക്സ് ഇവരെ സംബന്ധിച്ചിടത്തോളം ആരാധനയുടെ മറ്റൊരു രൂപമാണെന്നതിനാൽ ഇവരെ അൽ‌പ്പം സംസ്ക്കാരവിഹീനരായി കാണുന്നവരും ധാരാളം.

ഒരു ബാവുൾ ഗായകനോ ഗായികയോ ആവുക അത്ര എളുപ്പമല്ലെന്നാർക്കും ഇവരുടെ പ്രകടനം കണ്ടാൽ മനസ്സിലാകും. ദേഹവും മനസ്സും ഒന്നായുള്ള ഒരു കലാരൂപമാണിത്. ഒരു കയ്യിന്റെ വിരലുകൾ ഏക് താരയിലെ കമ്പിയിൽ ചലിയ്ക്കുമ്പോൾ മറുകൈ ഡുഗ്ഗിയിൽ ആവശ്യാനുസരണം താളം പിടിയ്ക്കുന്നു. ഭക്തിഭാവത്തിന്റെ ഹരം നിറയുന്ന ഭാവഹാവാദികളെ ആർക്കും നടിയ്ക്കാനാവില്ല, അവ താളമേളാനുസൃതമായ ചലനങ്ങൾക്കൊത്ത്, സ്വയം പാടുന്ന പാട്ടിനൊത്ത്, ഉള്ളിൽ നിന്നും ഒഴുകിയെത്തി നിറഞ്ഞു തുളുമ്പണം. ചടുലമായ നൃത്തച്ചുവടുകളും, ഹരം നിറഞ്ഞ വട്ടം കറങ്ങലുകളും സ്വയം ആസ്വദിയ്ക്കണം. ചുരുക്കിപ്പറഞ്ഞാൽ ഭക്തിപൂർവ്വം ആടാനും , പാടാനും ഇരു കൈകളാലും താളം പിടിയ്ക്കാനും ഇവയൊക്കെ ആസ്വദിച്ച് ആ ഭക്തിപാരവശ്യത്തെ മുഖത്തുകൊണ്ടുവരുവാനും കഴിഞ്ഞാലേ ബാവുളിന്റെ തനിമ ലഭിയ്ക്കുകയുള്ളൂ. പാർവ്വതി ബാവുൾ ഇതിനെല്ലാം കഴിയുന്ന അനുഗൃഹീത കലാകാരി തന്നെ. ശരിയ്ക്കും ബഹുമാനം തോന്നുന്നു.

 

ബൗ­ദ്ധ-വൈ­ഷ്‌­ണവ-സൂ­ഫി ദർ­ശ്ശ­ന­ങ്ങ­ൾ നിഴലിയ്ക്കുന്നവയാണിവരുടെ പാട്ടുകൾ.പക്ഷേ അവരുടെ ആരാധനാരീതികൾ വളരെ വിചിത്രമാണു താനും. മനുഷ്യസ്നേഹത്തിനാണവർ ഏറ്റവുമധികം പ്രാധാന്യം നൽകുന്നത്. സംഗീതത്തിലൂടെ ഭക്തിയുടെ ഉച്ചസ്ഥായി തേടുന്നവരാണവർ. വെറും നാടോടികളെങ്കിലും പരസ്പ്പരസ്നേഹത്തിന്റെ വക്താക്കളായി  അറിയപ്പെടുന്നവർ. അതുകൊണ്ടു തന്നെ ഇവർക്കിടയിൽ സ്വാർത്ഥവിചാരങ്ങൾക്കു സ്ഥാനമില്ല.പതിനായിരക്കണക്കിനു പാട്ടുകൾ ഇവരുടേതായി ഇന്നു നിലവിലുണ്ടെന്നറിഞ്ഞപ്പോൾ അത്ഭുതം തോന്നി. ഒരുപക്ഷേ ഇവർ മനസ്സിലുള്ളതെല്ലാം പാട്ടുകളായി പുറത്തേയ്ക്കൊഴുക്കിക്കൊണ്ടിരിയ്ക്കുകയാണോ ആവോ?

 

പാവക്കൂത്ത് കളിക്കാരനായ രവി ഗോപാലൻ നായരെ വിവാഹം കഴിച്ച് തിരുവനന്തപുരത്ത് സെറ്റിലായ പാർവ്വതി, കേരളത്തിലുടനീളം  പരിപടികൾ നടത്തി എല്ലാവരുടെയും ശ്രദ്ധയും ആദരവും ഇതിനകം നേടിക്കഴിഞ്ഞിരിയ്ക്കുന്നു.വിദേശങ്ങളിലും ഇവർ ഒട്ടനവധി പരിപാടികൾ നടത്തി കീർത്തി നേടിയിട്ടുണ്ട്.  ഈസ്റ്റ് ബംഗാളിൽ ജനിച്ച് , വെസ്റ്റ് ബംഗാളിൽ വളർന്ന്, കഥക് നർത്തകിയായി ശാന്തിനികേതനിൽ പഠിയ്ക്കുന്നകാലത്തെ ഒരു തീവണ്ടിയാത്രയിലാണ് ആദ്യമായി ആക്സ്മികമായി ഈ സംഗീതം അവർക്കാസ്വദിയ്ക്കാനായത്. ശാന്തിനികേതൻ കാമ്പസ്സിൽ ഇടയ്ക്കിടെ വരുമായിരുന്ന ഫുൽമാല ദഷിയിൽ നിന്നാണീ കലാരൂപത്തിന്റെ ആദ്യപാഠം അവർ പഠിച്ചത്. ഈ കലയുടെ ഏറ്റവും ഉയർന്ന ഗുരുക്കന്മാരിൽ നിന്നും പിന്നീടവ നേരിട്ടു പഠിയ്ക്കാനും അവർക്കു കഴിഞ്ഞു. ഏതാണ്ട് ഏഴു വർഷത്തോളം അവർക്കൊത്ത് സഞ്ചരിച്ച് ബാവുൾ പാട്ടിനേയും, നൃത്തത്തിനേയും ഏക്താരയേയും ഡുഗ്ഗിയേയും തന്റെവരുതിയ്ക്കുള്ളിൽ കൊണ്ടുവരാൻ കഴിഞ്ഞത് പാർവ്വതിയെ ഒരു പരിപൂർണ്ണ ബാവുൾ ആക്കി മാറ്റുകയായിരുന്നു. ഒരു നല്ല കഥക് നർത്തകിയും ചിത്രകാരിയും, കഥപറച്ചിൽക്കാരിയും കൂടിയാണിവർ എന്നു പറയുമ്പോൾ അത്ഭുതം തോന്നാം.

വിഷ്ണു ഭക്തിയുടെ, രാധയുടെ, സ്നേഹത്തിന്റെ, കരുണയുടെ എല്ലാം കഥകൾ പറഞ്ഞു, പാടി, ആടി , ഏക് താര മീട്ടി, ഡുഗ്ഗു മുഴക്കി ഗുരുവയൂരപ്പന്റേയും,  ഗുരുവായൂർ നിവാസികളുടെയും ടി വി പ്രേക്ഷകരുടേയും മനം കവർന്ന പ്രതിഭാശാലിയായ, ലോകപ്രസിദ്ധയായ, കേരളത്തിന്റെ മരുമകളായ പാർവതി ബാവുൾ, എന്റെ മംഗളാശംസകൾ! ഇനിയും ഈ കലാരൂപത്തെ കാണാനും ഉൾക്കൊള്ളാനും മനസ്സു തുടിയ്ക്കുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *