ചിറകു തേടുന്നവർ

Posted by & filed under Uncategorized.

 

 

മറക്കുന്നല്ലോ വീണ്ടും യാത്ര തൻ തിരക്കിലായ്
നിനക്കു സുഖമല്ലേയെന്നൊന്നു ചോദിച്ചീടാൻ
നിനച്ചെന്നാലും കുതിച്ചോടുവാൻ മാത്രം പഠി-
ച്ചൊടുക്കം കിതപ്പിൽ നിന്നോർമ്മകളണയുന്നു

കനക്കും ഹൃദയത്തിൻ താളമെപ്പൊഴും തെറ്റും
കണക്കായ് മാറീടുന്നതെന്റെ കുറ്റമെന്നായോ?
എനിയ്ക്കാവില്ലൊന്നിനുമെൻ സ്വപ്നങ്ങളൊക്കെയും
കൊഴിയ്ക്കാൻ വിധി കാത്തു നിൽക്കുന്നോ.,പൂക്കും മുന്നേ.

എനിയ്ക്കുണ്ടല്ലോ മോഹം യാത്ര തന്നിടയിലാ-
യിരിയ്ക്കാൻ,പിന്നിട്ടവയോർത്തിടാൻ, വഴികളെ
മറക്കാതിരിയ്ക്കുവാനടയാളങ്ങൾ തീർത്തു
കുതിയ്ക്കാൻ, വീണ്ടും ശക്തിയാർജ്ജിയ്ക്കാൻ, വിജയിയ്ക്കാൻ

തിരക്കാണെല്ലാവർക്കുമെന്നെപ്പോലെയെന്നോർക്കെ
യെനിയ്ക്കു കഴിഞ്ഞില്ല തെല്ലു നിന്നിടാൻ, മെല്ലെ-
യരിച്ചു വഴി മറന്നീടുന്നോർ കരയുന്ന
നനുത്ത ശബ്ദത്തിനു കാതോർക്കാൻ, പലപ്പോഴും.

ചെറുപ്പം നൽകും ധൈര്യമൊക്കെയുമലിഞ്ഞുപോ-
യെനിയ്ക്കാകുന്നില്ലൊന്നിനും കണക്കു പറയുവാൻ
കരയാൻ കഴിയാതെ വീർപ്പുമുട്ടുന്നോ, കുറ്റം
തലയിലേറ്റാൻ മാത്രം മൌനവും തുണയ്ക്കുന്നോ?

മനസ്സിൽക്കാണും സ്വപ്നമൊക്കെയും തകരുമ്പോൾ
ഉറക്കെപ്പറയുവാൻ ശക്തി തേടട്ടെ ഞാനും
എനിയ്ക്കു കരയുവാൻ വയ്യ, യെൻ സ്വപ്നങ്ങൾക്കും
കരുത്തേറീടും ചിറകിനിയും മുളയ്ക്കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *