കണക്കെടുപ്പുകൾ

Posted by & filed under കവിത.

കാലപുസ്തകത്തിന്റെ താ‍ളുകൾ മറിയുന്നു
ഞാനെന്തേ മടിയ്ക്കുന്നു, കണക്കൊന്നെടുക്കുവാൻ?
ഇരുളിൻ കറുപ്പേന്തും ഹൃദയങ്ങളെയ്തീടും
ശരവർഷത്തിൽപ്പോലും ചിരിയ്ക്കാൻ ശ്രമിയ്ക്കുന്നൂ?

നിഴലും പ്രകാശവും കൂടെയെപ്പൊഴും, നേരിൻ
വഴി താണ്ടീടാൻ മാത്രം തുനിഞ്ഞെന്നോർത്തീടുന്നു
എൻ നിഴൽ മറച്ചെന്നോ നിന്നെ, യെൻ വഴികളി-
ളെന്തിനായ് മുള്ളീവിധം വിതയ്ക്കാൻ ശ്രമിയ്ക്കുന്നൂ?

പാടുവാനനുവദിച്ചെന്നുമെൻ ഹൃദയത്തിൻ
താളത്തെ നിനക്കൊപ്പം പങ്കു വച്ചതു തെറ്റോ?
ഞാനോർമ്മച്ചെപ്പിന്മൂടി മുറുക്കെയടയ്ക്കുവാൻ
താമസിച്ചെന്നോ, വയ്യ വേദനയസഹ്യം താൻ!

പറയാൻ കഴിയാത്ത വേദന മഥിയ്ക്കവേ-
യറിയാതെ കൈ വിട്ട വാക്കുകൾ മറന്നീടാം
അവ വന്നിടും വഴി കണ്ടില്ലെങ്കിലും ലക്ഷ്യ-
മതുമാത്രം നീയെന്തേ പിന്നെയും കണ്ടീടുന്നു?

ഇനിയും തയ്യാറാക്കൂ കുറ്റപത്രങ്ങൾ, കൈച്ചാർ-
ത്തവയിൽ‌പ്പതിപ്പിയ്ക്കും നേരമെങ്കിലുമോർക്ക.
വഴിയിലിനിയും നാം കൂട്ടിമുട്ടിടാ, മപ്പോൾ
പറയേണ്ടതെന്തെന്നുമോതുക, മടിയ്ക്കാതെ.

Leave a Reply

Your email address will not be published. Required fields are marked *