ശിലാശിൽ‌പ്പികൾ

Posted by & filed under കവിത.

കല്ലിലെക്കവിതകൾ ഭക്തി തൻ പരിവേഷ –
മൊന്നിനാൽത്തിളങുന്ന സൌരാഷ്ട്രം കാണ്മാൻ മോഹം
ചിന്നിടും കഠിനമാം വെയിലിൻ തീനാളങ്ങ-
ളെന്നെയൊട്ടുമേ സ്പർശിച്ചില്ലല്ലോ മഹാത്ഭുതം!

അക്ഷരാർത്ഥത്തിൽത്തന്നെയത്ഭുതപ്പെടുത്തുന്നോ-
രക്ഷർധാമിലെത്തവേ മനസ്സു കുളിർത്തല്ലോ
പാടലവർണ്ണമെഴും “മണൽക്കല്ലി“നാൽ നിർമ്മി-
ച്ചീ മഹാക്ഷേത്രം ഗുജറാത്തിലായ് പുതിയതായ്.

സ്വാമി നാരായണൻ തന്റെ വിഗ്രഹം ദർശിച്ചീടാൻ
ദൂരെ ദൂരെനിന്നുമായെത്തുന്നു ജനക്കൂട്ടം.
കോടി പുണ്യത്തിൻ ജീവ മോക്ഷത്തിൻ മാർഗ്ഗം സാക്ഷാൽ
സ്വാമി നാരായണൻ നൽകീടുമെന്ന ചിന്തയാൽ.

ദർശനം പുണ്യം മനശ്ശാന്തിയ്ക്കാ,യെൻ കണ്ണുകൾ
കൊത്തിവെച്ചൊരീ ശിൽ‌പ്പചാതുര്യം നുകരവേ
ഭക്തിയും കൈവേലതൻ കഴിവും, കല്ലിൻ ദാർഢ്യ-
മൊക്കെ മാറ്റുന്നോ വെണ്ണപോലാക്കാൻ കഴിഞ്ഞുവോ?

ചിത്തത്തിലുയരുന്നു ശങ്ക യീ വിധത്തിലായ്
ക്കൊത്തിയൊന്നിതു തീർക്കാനെത്ര കാലമായിടും?
പരുക്കൻ പ്രതലത്തെ മിനുസപ്പെടുത്തുവാൻ
നിനച്ചവിധമതിനാകൃതി വരുത്തുവാൻ?

ഉളിയാൽ ചെത്തീടുവാൻ, കൊത്തുവാൻ, അതി സൂക്ഷം
ചില വേലകൾ തീർക്കാൻ ജീവനുണ്ടാക്കീടാനും
അവയെപ്പരസ്പരം കൂട്ടിയോജിപ്പിച്ചിട്ടിത
കവിത വിടരും പോൽ ക്ഷേത്രമായ് മാറ്റീടുവാൻ
അവരാരാകിലുമവരെക്കൂടിത്തൊഴാ-
നൊരുമോഹമെൻ മനസ്സൊന്നിലായുണരുന്നൂ…y6

Leave a Reply

Your email address will not be published. Required fields are marked *