അന്വേഷണം

Posted by & filed under Uncategorized.

 

 

 

വരുവാൻ മടിയ്ക്കുന്നതെന്താകാം നീയെന്നോർത്തു
കവിതേയിരിപ്പൂ ഞാൻ, ശൂന്യമാണല്ലോ മനം.
നെടുവീർപ്പിടുന്നൂ ഞാനെങ്കിലും നിനക്കൊട്ടും
ദയയില്ലെന്നോ, തെറ്റെന്തോതിടാൻ മടിയ്ക്കുന്നോ?

വിട ചൊല്ലിയ വേനൽക്കാലത്തിൻ വിയർപ്പു ചാൽ
വരളും ചിത്തതിന്റെ ചൂടിനൊത്തൊഴുകിപ്പോയ്
കുളിരും വഹിച്ചിങ്ങു വന്നൊരീ മഴക്കാലം
പതിയെപ്പാട്ടിൻ ശീലു മാറ്റിടാനൊരുങ്ങുന്നു.

പതിയെക്കുതുകത്താൽ മുറ്റത്തേയ്ക്കിറങ്ങവേ
കവിതേ! നിൻ ഭാവങ്ങളെന്നിലെത്തി നോക്കുന്നോ?
പുതുമ തുടിയ്ക്കുന്ന സ്പന്ദനങ്ങളിലെന്നും
നിറഞ്ഞു നിന്നീടും നീയെന്നതു മറന്നൂ ഞാൻ.

മുളപൊട്ടി മേലോട്ടൊന്നെത്തി നോക്കുന്നൂ മണ്ണിൽ-
പ്പുതിയ നാമ്പൊന്നിതാ,തൊട്ടു നോക്കുവാൻ മോഹം.
ഇലകൾ, തരുക്കൾ തൻ വാക്കുകളായിട്ടെന്തോ
പതിയെത്തലയാട്ടിയോതുന്നു, കാറ്റെത്തവേ!

വിളറും നിറം മാറ്റാൻ കൊതിയോടെ നിന്നിടും
പുതു പൂക്കളൊക്കെയും ചിരിയ്ക്കാൻ തുടങ്ങുന്നു.
പറന്നെത്തിടും വണ്ടിൻ ഭ്രമണപഥങ്ങളെൻ
ചെറുപൂന്തോട്ടത്തിലും സ്വപ്നങ്ങൾ വിടർത്തുന്നു.

കറുകപ്പുല്ലിന്നുള്ളിൽ കട്ടുറുമ്പുകളെന്തേ
വിലപിച്ചോടീടുന്നോ, ഭ്രാന്തമാം വേഗങ്ങളിൽ
വയറിൻ വിളിയല്ലെന്നറിയു,ന്നവയ്ക്കൊന്നു
പതിയെപ്പോകാനാരും പറഞ്ഞു കൊടുത്തില്ലേ?

ചെറുപക്ഷികൾ വന്നു മണ്ണിലെപ്പുഴുക്കളെ-
ക്കുടഞ്ഞിട്ടെടുത്തിട്ടു കൂടു തേടിപ്പോകുന്നു
ചെറുചൂടെഴും ചോറ് നൽകിയതും കൊത്തിക്കൊ-
ണ്ടൊരു കാക്കയെന്തിനോ ചെരിഞ്ഞെന്നെ നോക്കുന്നു.

പതിവായെത്തും അണ്ണാർക്കണ്ണനിന്നെന്തേ വന്നി-
ല്ലിനിയും വാഴപ്പോള തൻനാരു വേണ്ടെന്നായോ?
കഴിഞ്ഞോ കൂടിൻ പണി, കൂട്ടിലുണ്ടോ നിൻ തുണ?
കരുതിത്തുടങ്ങിയോ തിന്നുവാൻ പലതെല്ലാം?

അയലത്തെയെന്നാലുമെന്നെക്കാണുമ്പോഴെന്നും
തലപൊക്കിനോക്കീട്ടു സൌഹൃദം കാണിച്ചീടും
കറുമ്പിപ്പശുവിന്നു തിരക്കിൽപ്പെട്ടെന്നോ ന-
ല്ലിളമ്പുല്ലിൻ സ്വാദത്ര നല്ലതായീടാം.

നിറഞ്ഞ പ്രകൃതിയ്ക്കു മഴച്ചാർത്തിനാൽ കുളി-
യൊരുക്കാൻ ധൃതിപ്പെട്ടു കാർമേഘക്കീറെത്തവേ
മനസ്സിൽക്കവിതേ നിൻ രൂപവും ധ്യാനിച്ചൊട്ടു
തിരിച്ചെൻവീട്ടിന്നകത്തേയ്ക്കു ഞാൻ കേറീടുന്നു.

Leave a Reply

Your email address will not be published. Required fields are marked *