അനുഭവം ഗുരു

Posted by & filed under Uncategorized.

 

താഴിട്ടുപൂട്ടീട്ടെന്റെ മനസ്സിന്നകത്തായി
ഞാൻ വെച്ച മണിച്ചെപ്പിന്നെണ്ണങ്ങൾ മറന്നുപോയ്
കാലത്തിൻ പ്രവാഹത്തിലൊലിച്ചേ പോയീടുമെ-
ന്നാരാനും നിനച്ചെങ്കിൽത്തെറ്റെന്നുമറിഞ്ഞുപോയ്.

മറക്കാൻ കൊതിച്ചതല്ലറിഞ്ഞെൻ തിരക്കുക-
ളെനിയ്ക്കു നിഷേധിച്ച സ്വാർത്ഥചിന്തകളാകാം
മടുക്കും മനം വീണ്ടുമോർമ്മതന്നോളങ്ങളിൽ
ത്തുടിയ്ക്കാൻ മടിച്ചൊട്ടു മാറിനിന്നതുമാകാം.

പതുക്കെത്തുറന്നൊക്കെ നോക്കുവാൻ മനസ്സിന്റെ-
യകത്തങ്ങിരുന്നാരോ മെല്ലെചൊല്ലിടുന്നുവോ?
എനിയ്ക്കിത്തിരിയുണ്ടു ഭയമൊക്കെയും വീണ്ടും
തുറക്കാൻ, കുതിച്ചെത്തിയെങ്കിലെന്തു ചെയ്തിടും?

എടുക്കട്ടെ ഞാനോരോന്നായിയെൻ വിറപൂണ്ട
കരത്താൽ, തുറക്കുവാൻ മനസ്സു കൊതിയ്ക്കുന്നു
പതുക്കെത്തൊടുന്നേരമറിയാൻ കഴിയുന്നു
തുറക്കുന്നതിന്മുൻപായുള്ളിലെന്താണെന്നതും.

കിലുക്കം ബാല്യത്തിന്റെ, കൌമാരസ്വപ്നങ്ങൾ തൻ
മയക്കും ചിലമ്പൊലി, മധുരമാം യൌവനം
തുടുപ്പിച്ചൊരാനാളിന്നുദ്വേഗം, പലവിധ
നടുക്കങ്ങളും കാലം പ്രഹരമേൽ‌പ്പിച്ചതും.

അകത്തായിവയെന്നുമിരുന്നെങ്കിലുമെന്നെ-
ത്തടുത്തില്ലൊരുനാളും, കരുത്തേകിയെപ്പോഴും
ശരിയ്ക്കുമനുഭവം ഗുരുവായകത്തുണ്ടെ-
ന്നൊരിയ്ക്കലറിയുമ്പോൾ ധന്യമാണീജീവിതം.

Leave a Reply

Your email address will not be published. Required fields are marked *