നവരാത്രി മുംബെയില്‍-4

Posted by & filed under മുംബൈ ജാലകം.

ഇന്നലെ ഒരു ഒച്ചയും അനക്കവും ഇല്ലായിരുന്നെന്നു പറഞ്ഞല്ലോ?കൂട്ടത്തില്‍ മഴയും ഉണ്ടായിരുന്നു. എന്തു പറ്റിപ്പോയെന്നു കരുതി. കുട്ടികള്‍ രണ്ടു പേരും പെരുന്നാള്‍ പ്രമാണിച്ചു  കൂട്ടുകാരെ വിഷ് ചെയ്യാനും പെരുന്നാള്‍ സ്സദ്യയില്‍ പങ്കെടുക്കാനുമായി പോയിരിയ്ക്കയായിരുന്നു. മഴ ഏതാണ്ടു മാറിയെന്നു തോന്നിയതിനാല്‍ പതിവു പോലെ നടക്കാനിറങ്ങി. പുറത്തിറങ്ങിയപ്പോള്‍ പലസ്ഥലങ്ങളില്‍ നിന്നുമായി പാട്ടും കൊട്ടും കേള്‍ക്കാനായി. മഴ കുറേശ്സെ പെയ്യുന്നുണ്ടായിരുന്നു. പക്ഷെ നവരാത്രി ഗര്‍ബയ്ക്കു മുടക്കമൊന്നുമില്ലെന്നു കണ്ടു സന്തോഷം തോന്നി.

നടക്കുന്നതിനിടയില്‍ കണ്ട ഒരു കൂട്ടുകാരിയുമായി സംസാരിച്ചപ്പോള്‍  വീടിന്റെ മുന്‍ഭാഗത്തുള്ള പന്തലില്‍ നിന്നും യാതൊരു ശബ്ദവും കേള്‍ക്കാഞ്ഞതിനുള്ള കാരണം അറിയാന്‍ കഴിഞ്ഞു. മഹാനഗരിയുടെ പല മുഖഭാവങ്ങളില്‍ ചിലതാണിന്നലെ കാണാന്‍ കഴിഞ്ഞതു. ചേരി ഭാഗത്തു താമസിയ്ക്കുന്ന ഒരു യുവാവായ ട്യൂഷന്‍ മാസ്റ്റര്‍ ആത്മഹത്യ ചെയ്തതിലെ ദു:ഖമായിരുന്നു അവിടത്തെ നിശ്ശബ്ദതയ്ക്കു കാരണം. നല്ല രീതിയില്‍ ട്യൂഷന്‍ ക്ലാസ്സുകള്‍ നടത്തുന്ന അയാളെക്കുറിച്ചു എല്ലാവര്‍ക്കും നല്ല മതിപ്പായിരുന്നു എന്തു പറ്റിയെന്നറിയില്ല. വല്ല കുടുംബപ്രശ്നവുമായിരിയ്ക്കാം. തൊട്ട മുറിയില്‍ നടക്കുന്ന മരണം പോലുമറിയാത്ത മഹാനഗരിയില്‍ ഇതറിയാതിരുന്നതില്‍ അത്ഭുതം തോന്നിയില്ല. വല്ലാത്ത വിഷമം തോന്നി, അയാളുടെ കുടുംബത്തെക്കറിച്ചെല്ലാം ഒന്നു മറിയാതിരുന്നിട്ടും ചിന്തിച്ചപ്പോള്‍. ദീപാലങ്കാരമൊക്കെ നിര്‍ത്തി വച്ചു  നിശ്ശബ്ദമായി അവരുടെ ദു:ഖത്തില്‍ പങ്കു കൊണ്ട അയല്‍ വാസികളെക്കുറിച്ചു മതിപ്പു തോന്നി. മുംബൈ നഗരം ഹൃദയശൂന്യമല്ല, എന്ന തോന്നല്‍ മനസ്സിനു സന്തോഷം തന്നു.

ഇവിടെ തൊട്ടു മുന്നിലുള്ള ഞങ്ങളുടെ ഹൌസിംഗ്കോളനിയില്‍ ഇതൊന്നു മറിയാതെ ആഘോഷം പൂര്‍വ്വാധികം ഉഷാറോടെ നടക്കുന്നതായി കണ്ടു. ഇന്നലെ ആള്‍ക്കാര്‍ കൂടുതലുണ്ടായിരുന്നു.. പലരും കൂടുതല്‍ നന്നായി അണിഞ്ഞൊരുങ്ങിയതായും കണ്ടു. മഴ കാരണം ബാന്‍ഡ്  സെറ്റു  നടുവില്‍ നിന്നും, പന്തലിന്റെ  ഉള്ളിലേയ്ക്കു വച്ചിട്ടുണ്ടു. ചെറുതായി ചാറുന്ന മഴയില്‍, ഹരം പിടിപ്പിയ്ക്കുന്ന സംഗീതത്തിന്റെ അകമ്പടിയോടെ തകര്‍ത്തു കളിയ്ക്കുന്ന ചെറുപ്പക്കാര്‍ മുംബയുടെ യഥാര്‍ത്ഥ സ്പിരിറ്റിനെ ഓര്‍മ്മിപ്പിച്ചു. കാത്തു കാത്തിരുന്ന നവരാത്രിക്കാലത്തിനെ നഷ്ടപ്പെടുത്താനിവര്‍ തയ്യാറല്ല. മഴ കൂടുതല്‍ ആസ്വാദകരമാക്കിയെന്ന തോന്നല്‍

തിരിച്ചു പോരുമ്പോള്‍ മഹാനഗരിയുടെ രണ്ടുഭാവങ്ങള്‍. എന്റെ മനസ്സില്‍ മാറി മാറി തെളിഞ്ഞു വന്നു. അന്യന്റെ ദു:ഖത്തിനെ സ്വായത്തമാക്കാനുള്ള സന്മനസ്ക്കതയും യുവത്വത്തിന്റെ പ്രസരിപ്പാര്‍ന്ന ആഹ്ലാദത്തുടിപ്പും. നവരാത്രിയുടെ തനതായ ഗര്‍ബാ ഡാന്‍സും ദാണ്ഡ്യാരാസും ഇന്നു ബോളിവൂഡ് പടങ്ങളിലൂടെ നമ്മളെല്ലാം വര്‍ഷത്തിന്റെ എല്ലാക്കാലങ്ങാളിലും കാണാറുണ്ടെങ്കിലും അതിന്റെ അനിര്‍വചനീയമായ സൌകുമാര്യം അറിയണമെങ്കില്‍ നേരില്‍ തന്നെ കാണണം. വിവിധ തരം ഗുജരാത്തി, രാജസ്ഥാനി നാടന്‍ പാട്ടുകളും , മറാത്തി ലാവണി നൃത്ത-ഗാനങ്ങളും കൊണ്ടു നിറയുന്ന ഫാല്‍ഗുനി പഥക്കിന്റെ പ്രോഗ്രാമുകളില്‍ പങ്കെടുക്കാന്‍ എല്ലാവരും മത്സരത്തിലാആനു. ജീവിതം തന്നെ ഇതിനായി ഉഴിഞ്ഞു വച്ചിരിയ്ക്കയാണു ഫാല്‍ഗുനി പഥക്.

പ്രധാന നൃത്ത രൂപങ്ങളില്‍ ഗര്‍ബ ദുര്‍ഗ്ഗയെ പ്രസാദിപ്പിയ്ക്കുന്നതിനായി ചെയ്യുന്ന നൃത്ത ശൈലിയാണു. ഇതു ഗുജരാത്തികളുടെ സംഭാവനയാണു. സാധാരണയായി ആരതി നടത്തുന്നതിനു മുന്‍പായാണിതു കളിയ്ക്കാറു പതിവു.എന്നാല്‍ ദാണ്ഡ്യാരാസ്  ശരിയ്ക്കും ഒരു ആഹ്ലാദത്തിമര്‍പ്പിന്റെ രൂപമാണു. കോലുകളെ   പലതരത്തില്‍ കൈമാറിയും തിരിച്ചും മറിച്ചുമുള്ള  അടികള്‍ കമാറിയും ചെയ്യുന്ന നൃത്തത്തില്‍ ശബ്ദത്തിന്റെ ഹരവും താളവും ഉണര്‍വുമൊക്കെ കൂടുതലായി കാണാം. കോലുകളെ ദേവീയ്യൂടെ വാളായാണു സങ്കല്‍പ്പിയ്ക്കുന്നതു.ഗര്‍ബ സ്ത്രീകളുടെ മാത്രമായ നൃത്തമാണു. എന്നാല്‍ ദാണ്ഡ്യാരാസില്‍ സ്ത്രീകളും പുരുഷന്മാരും കുട്ടികളുമൊക്കെ പങ്കെടുക്കും.

കൂടുതല്‍ വിവരങ്ങള്‍ നാളെ. ഇന്നിവിടെ അതിശക്തിയായ മഴയും ഇടിയും മിന്നലുമൊക്കെയയിരുന്നു. ഇപ്പോള്‍ കുറഞ്ഞിട്ടുണ്ടെങ്കിലും കളിയെ ബാധിയ്ക്കുമോയെന്നരിയില്ല. മുംബൈറ്റി ഏതു പ്രതികൂല സാഹചര്യത്തിലും എന്‍ ജോയ് ചെയ്യാനുള്ള അവസര കളയാറില്ലെന്നറിയാമല്ലോ?

Leave a Reply

Your email address will not be published. Required fields are marked *