എന്തു നാം ചിന്തിയ്ക്കുന്നതെല്ലാമേ ശരി തന്നെ-
യെന്നു നീ നിനയ്ക്കാക, യറിക, യവനിയില്‍
ഒന്നുപോല്‍ ചിന്തിച്ചിടും ജനങ്ങള്‍ കുറഞ്ഞിടു-
മൊന്നിനും പറയുകിലില്ല, സ്ഥായിയാം ഭാവം.
നിന്നെ നീയളക്കുവാനെടുക്കുമളവിനെ-
യെങ്ങനെയളക്കും നീ, തെറ്റിനെ ശരിയുമാ-
യെങ്ങനെയുപമിയ്ക്കും, നിന്നിലെ നീയല്ലയോ
പിന്നെയും വരുവതാ മാനദണ്ഡങ്ങള്‍ തീര്‍പ്പാന്‍?
കണ്ണുകള്‍ വീക്ഷിപ്പതു സത്യമായ് നിനച്ചിടാം
കര്ണ്ണങ്ങള്ക്കറിയില്ല സത്യവുമസത്യവും
വലത്തെക്കരം ചെയ്യും ചെയ്തികളറിയുവാ-
നിടത്തെക്കരത്തിനു കഴിഞ്ഞില്ലെന്നും വരാം.
അടുത്ത സുഹൃത്തുക്കളായിടാം, മനം തുറ-
ന്നൊരൊട്ടു കാര്യം പറഞ്ഞന്യോന്യമെന്നായിടാം
അതിന്നും പുറത്തായിട്ടവന് തന് സ്വകാര്യമാ-
മൊരു ലോകത്തെക്കാണാ, മറികയതേ സത്യം.
അവിടെക്കാണും സുഖ-ദു:ഖങ്ങളിതൊന്നുമ-
ല്ല,റിയാനാവില്ലല്ലോ , കനത്ത മുഖം മൂടി-
യ്ക്കിടയില്‍ ത്തടഞ്ഞിടുമാഹ്ലാദത്തുടിപ്പുകള്
ഇടയ്ക്കൊക്കവേയണപൊട്ടിയിട്ടൊഴുകിടാം
ഒരു കൊച്ചു ഗദ്ഗദത്തിന്റെ വീര്പ്പുക,ളുയര്ന്നിടാം
ഒരുവേള തെന്നലില്‍ നിന്റെ ചാരത്തെത്തിടാം
സ്വയം നീ ചമച്ചിടും പത്മവ്യൂഹത്തില്‍ കിട-
ന്നുഴലാന് നിനക്കെന്നും വിധി നീയറിയുക
ചമച്ചീടിന നേരം പുറത്തു കടന്നിടാ-
നൊരിയ്ക്കല്‍പ്പോലും വഴി കണ്ടെത്തുന്നില്ല
പഠിച്ച വഴികളും കനത്ത സന്നാഹവു-
മൊടുക്കം മറക്കുന്നോ വിധിയെന്നിതിന് നാമം
Leave a Reply