നവരാത്രി മുംബെയില്‍-5

Posted by & filed under മുംബൈ ജാലകം.

മുംബൈയില്‍ പതിനായിരത്തിലധികം നവരാത്രി മണ്ഡലങ്ങള്‍ ഉണ്ടു. ഓരോ ഏരിയയ്ക്കും അതിന്റേതായ തനതായ പ്രത്യേകതകളോടു കൂടിയവ. പലതും ഹൌസിംഗ് കോളനികളില്‍ അഥവാ പ്രധാനപ്പെട്ട നാല്‍ക്കവലകളില്‍ ആയിരിയ്ക്കും. ഇവയിലെല്ലാം തന്നെ നല്ല കളിക്കാര്‍ക്കും നല്ല ചമയങ്ങള്‍ക്കും സമ്മാനം സ്പോണ്‍സര്‍ ചെയ്യാനായി ആരെങ്കിലുമൊക്കെ കാണും. കൂടാതെ സമീപത്തുള്ള വീടുവീടാന്തരം കയറി പിരിവുമെടുക്കും. എല്ലാവര്‍ക്കും ഏറ്റവുമധികം പങ്കെടുക്കാന്‍ ആഗ്രഹമുള്ള മൂന്നു നവരാത്രി മണ്ഡലങ്ങള്‍ ഫാല്‍ഗുനി പഥക്കിന്റെ ഗോരേഗാവ് ഈസ്റ്റിലെ യും, പിങ്കി-പ്രീതിയുടെ അന്ധേരി വെസ്റ്റിലേയും മൂസ പൈക്കെയുടെ കാന്‍ഡിവിലി വെസ്റ്റിലേയുമാണു. അത്ഭുതം തോന്നുന്നു, അല്ലേ? നവരാത്രി മാത്രമല്ല,  മുംബൈയിലെ മിക്കവാറും എല്ലാ ആഘോഷങ്ങള്‍ക്കും മുസ്ലിം സഹോദരര്‍ കൂട്ടത്തിലുണ്ടാകുമെന്നതു ഇവിടത്തെ ഒരു പ്രത്യേകതയാണു. പാടാനും കൊട്ടാനും പ്രത്യേകിച്ചും.ഇതില്‍ മിക്ക സ്ഥലത്തും ദിവസത്തിനു 300 മുതല്‍ 500 വരെ ടിക്കറ്റിനായി ചാര്‍ജ് ചെയ്യുന്നു. 2500-3000 ആയി സീസണ്‍ ടിക്കറ്റും കിട്ടും. ഈ ടിക്കറ്റുകള്‍ കിട്ടാനായി പലരും മുങ്കൂട്ടിത്തന്നെ ഏര്‍പ്പാടുകള്‍ ചെയ്യുന്നു. വലിയ പന്തലുകള്‍  സന്ദര്‍ശിയ്ക്കുന്നതും അവയില്‍ കളിയ്ക്കുന്നതും പലരും പ്രെസ്റ്റീജ് ഇഷ്യു ആയി കണക്കാക്കുന്നു.

ഇതു കൂടാതെ മഹാനഗരിയുടെ പലഭാഗത്തുമായി വലിയ ആഘോഷങ്ങള്‍ നടത്തുന്ന  സ്ഥലങ്ങളാണു ബോറിവിലിയിലെ കോരകേന്ദ്ര,മുളുണ്ട് മണ്ഡല്‍,ആദേശ് ശ്രീ വാസ്ത്വ മണ്ഡല്‍, നീത ഗല മണ്ഡല്‍ എന്നിവ. ഈ വര്‍ഷം പന്നിപ്പനിയും ഭീകരരും ഒക്കെക്കൂടി ആഘോഷത്തിന്റെ പൊലിമ അല്‍പ്പം കുറച്ചിട്ടുണ്ടു. എന്നാല്‍  കൊല്ലം മുഴുവനും ഇതിനായി കാത്തിരിയ്ക്കുന്ന നര്‍ത്തകര്‍ മത്സര ബുദ്ധിയോടെ ഇവിടെയെല്ലാമെത്തുന്നു. നല്ല നര്‍ത്തകനും നര്‍ത്തകിയ്ക്കും എല്ലാ മണ്ഡലങ്ങളിലും സമ്മാനം കിട്ടും. അതു കൂടാതെ നല്ല വേഷവിധാനത്തിനുമുണ്ടു സമ്മാനം. പതിനായിരക്കണക്കിനു രൂപ മുടക്കി ബോളിവൂഡ് സ്റ്റൈലില്‍ ഓര്‍ഡര്‍ ചെയ്തു ഗുജറാത്തില്‍ നിന്നും പ്രത്യേകമായെത്തുന്ന കണ്ണഞ്ചിയ്ക്കുന്നതരം ഗര്‍ബ ഡ്രസ്സുകള്‍ കണ്ടാല്‍ കൊതി തോന്നും ഭാരമേറിയ ഇത്തരം വേഷങ്ങളുമണിഞ്ഞു ചടുലമായ ചുവടുകള്‍ വച്ചു  ഇവര്‍ ചെയ്യുന്ന നൃത്തം ഒന്നു കാണേണ്ടതു തന്നെ. ട്രഡീഷണല്‍ ആയ ഗാനങ്ങളുടെ ചുവടുകളും പുതിയ തരം പാട്ടുകള്‍ക്കനുസരിച്ചു കണ്ടെത്തുന്ന പുതിയ തരം ചുവടു വയ്പ്പുകളും കൌതുകമുണര്‍ത്തുന്നു. പഴമയെ നിലനിര്‍ത്തുന്നതിനൊപ്പം കൂടുതല്‍ ഹൃദയഹാരിയാക്കാനുതകുന്ന പുതിയ ചുവടു വയ്പ്പുകളും ഇവിടേ പ്രോത്സാഹിയ്ക്കപ്പെടുന്നു.ഹരമി

ളക്കുന്ന പാട്ടിനൊത്തു നിറങ്ങളുടെയും മിന്നലിന്റേയും അസാധാരണ വേഗതയിലെ നൃത്തച്ചുവടുകള്‍ക്കൊപ്പമുള്ള അതിദ്രുതചലനം ഒരു മാസ്മരിക ലോകം തന്നെ സൃഷ്ടിയ്ക്കുന്നു. ഇതു കണ്ടു തന്നെ അറിയണം.

പ്രാധാന പന്തലുകളിലെ ഗര്‍ബ ചാനലുകളില്‍ പ്രക്ഷേപണം ചെയ്യപ്പെടുന്നു. ഇത്രയും തിരക്കില്‍ അവിടെ പോയാല്‍ തന്നെ ഇത്ര നന്നായി കാണാന്‍പറ്റില്ല. കൂടാതെ പല മണ്ഡലങ്ങളും സെക്യൂറിറ്റി ചെക്കും, നിബന്ധനകളുമൊക്കെ തുടങ്ങിയിട്ടുണ്ടു.  പന്നിപ്പനി കാരണം ഇത്തവണ ഇനി കൂടുതലായി എന്തൊക്കെ ഉണ്ടെന്നറിയില്ല. പലരും ആഘോഷത്തെ 3 ദിവസമായി ചുരുക്കിയിട്ടുമുണ്ടു.

Leave a Reply

Your email address will not be published. Required fields are marked *