നവരാത്രി മുംബെയില്‍-9

Posted by & filed under മുംബൈ ജാലകം.

നാട്ടിലാണെങ്കില്‍ 3 ദിവസത്തെ സരസ്വതി പൂജയും അമ്പലത്തില്‍ പോക്കും പതിവുണ്ടു. ഇവിടെ നവമി ദിനത്തില്‍ രാത്രി എല്ലാം സജ്ജമാക്കി വയ്ക്കും . വിജയദശമി ദിവസം രാവിലെ കുളിച്ചു വന്നു സരസ്വതീ വിഗ്രഹത്തിനു മുന്‍പില്‍ വിളക്കു കത്തിച്ചു   സരസ്വതീ പ്രര്‍ത്ഥനയും അരിയില്‍ എഴുതലും ഒരിയ്ക്കലും മുടക്കാറില്ല. എന്റെ കുട്ടികളും വളരെയേറെ ഇഷ്ടപ്പെട്ടു പൂര്‍ണ മനസ്സോടെ ചെയ്യുന്ന ഒരു കാര്യമാണിതു. മുഴുവന്‍ വര്‍ഷം ഇതിന്റെ ഫലം കിട്ടുമെന്ന വിശ്വാസമാണുളളതു.അക്ഷരങ്ങളുടെയും കലയുടെയും ലോകത്തു തിളങ്ങാനായി അനുഗ്രഹം തേടല്‍. തമസോ മാ ജ്യോതിര്‍ഗമയാ…

അഷ്ടമി , നവമി ദിനങ്ങളുടെ പ്രാധാന്യത്തിനൊപ്പം മുടക്കു ദിവസങ്ങള്‍ ഒന്നിച്ചു വന്ന കാരണം കഴിഞ്ഞ രണ്ടു ദിവസവും രാത്രി ഒട്ടേറെ നേരം വരെ പ്രോഗ്രാം നീളുകയുണ്ടായി. പല സ്ഥലത്തും നല്ല നര്‍ത്തകനും നര്‍ത്തകിയ്ക്കും ഏറ്റവും നല്ല വേഷത്തിനും സമ്മാനങ്ങള്‍ കൊടുത്തു. ഇതു കൂടാതെ ഫാന്‍സി ഡ്രസ്സ് മത്സരത്തില്‍  വേഷമണിഞ്ഞു എത്തിയ കുട്ടികള്‍ക്കായി വേറെ സമ്മാനങ്ങള്‍ ഉണ്ടായിരുന്നു. കുടിയ്ക്കാന്‍ ജ്യൂസ്, കഴിയ്ക്കാന്‍ സ്നാക്സ് എന്നിവയും ഈ ദിനങ്ങളില്‍ പന്തലുകളില്‍ സുലഭമായിരുന്നു. ബോളി വൂഡിലെ പല പ്രമുഖ നടീ നടന്മാരും ഈ സമയത്തു തങ്ങളുടെ പ്രിയപ്പെട്ട പന്തലുകളില്‍ പോയി ദര്‍ശനം നടത്തുകയും ആഘോഷത്തില്‍ പങ്കു ചേരുകയും ചെയ്യുന്നു. രാഷ്ട്രീയ നേതാക്കളും കഴിയുന്നത്ര സ്ഥലങ്ങളില്‍ എത്തിച്ചേരുന്നു. ഭക്തിയെക്കാളേറെ വോട്ട് ബാങ്കില്‍ കണ്ണുമുറപ്പിച്ചു.

സിര്‍ദ്ദി സായിബാബ വിജയ ദശമി നാളിലാണു സിദ്ധി പ്രാപിച്ചതു. അതിന്നാല്‍ മഹാരാഷ്ട്രക്കാര്‍ക്കു ഈ ദിനം പ്രത്യേകിച്ചും വിശിഷ്ടമാണു. അന്നേദിവസം അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം ഘോഷയാത്രകളും ഭജനയും നടത്തുന്നു.പ്രത്യേകം അലങ്കരിച്ചൊരുക്കിയ പല്ലക്കില്‍ അദ്ദേഹത്തിന്റെ വിഗ്രഹത്തെ എഴുന്നള്ളിച്ചാണീ ഘോഷയാത്ര. രാവിലെയും വൈകീട്ടും ഉണ്ടാവും.നവരാത്രിപ്പന്തലുകളില്‍ ‍ വിഗ്രങ്ങളാണു പ്രതിഷ്ടിച്ചിട്ടുളളതെങ്കില്‍ പൂജയ്ക്കു ശേഷം വൈകീട്ടു അവയെ ഘോഷയാത്രയായി സമുദ്രത്തില്‍ കൊണ്ടു പോയി നിമഞ്ജനം ചെയ്യുന്നു. എന്നാല്‍ ദേവിയുടെ ഫോട്ടൊ വച്ചു ആരാധിയ്ക്കുന്നവര്‍ വിജയദശമി നാളിലും ഗര്‍ബയും ദാണ്ഡ്യയുമൊക്കെ ചെയ്യും.

അങ്ങിനെ  കാത്തു കാത്തിരുന്ന നവരാത്രിയും അവസാനിയ്ക്കുന്നു.ഇനി ദീപാവലിയ്ക്കുളള കാ‍ത്തിരുപ്പാണു. അധികം ദിവസങ്ങളില്ല, ഇപ്പോഴിങ്ങെത്തും.

Leave a Reply

Your email address will not be published. Required fields are marked *