പിറന്നാളാശംസകള്‍, മകനേ…

Posted by & filed under കവിത.

ഒരു വത്സരം  കൂടി കടന്നെന്നോതീട്ടൊട്ടു

വരുന്നു മകനേ നിന്‍ പിറന്നാളിതാ വീണ്ടും

എനിയ്ക്കത്ഭുതം, പറന്നിത്രയും വേഗം കാല-

മറിഞ്ഞില്ലല്ലോ , പലേ തിരക്കില്‍പ്പെട്ടായിടാം.

കുരുന്നേ ജനിച്ചു നീ ഭൂമിയിലെനിയ്ക്കേകി

നിറഞ്ഞ സന്തോഷവും കൌതുക,മുല്‍ക്കണ്ഠയും

അറിഞ്ഞേനൊരമ്മതന്‍ വിവിധ വികാരങ്ങള്‍

പറഞ്ഞീടുവാനാകാ, യറിഞ്ഞേനെന്നമ്മയെ-

യൊടുവിലൊരമ്മതന്‍ ദൃഷ്ടിയില്‍ ,പുതിയതായ്,

ഇതുപോല്‍ ജന്മം നല്‍കി, വളര്‍ത്തി വലുതാക്കാന്‍

അറിവിന്‍ വെട്ടം നല്‍കി, യഴലൊട്ടറിയാതെ

ഗുണദോഷങ്ങള്‍ ചൊല്ലി ദിനമെത്രയെന്നമ്മ.

മനസ്സിലെന്നും നന്മ തന്‍ വിത്തു വിതയ്ക്കുവാന്‍,

മറിച്ചാരോടും  ചൊല്ലാതിരിയ്ക്കാന്‍, മനസ്സിന്റെ

കടിഞ്ഞാണ്‍ പിടിയ്ക്കുവാന്‍ പഠിപ്പിച്ചൊരെന്നമ്മ.

അതൊക്കെ ത്തന്നെ പകര്‍ന്നൊട്ടു ഞാന്‍ നിനക്കേകി-

യറിക, സംതൃപ്ത ഞാന്‍, അറിവൂ നന്നായ് നിന്നെ

പറയാനില്ലൊന്നുമേ,ചെറുതും പരിഭവം,

നിറയുന്നു നിന്‍ മനം, കനിവിന്നുറവിടം

മകനേ നീയന്യര്‍ക്കായ് പകുത്തു കൊടുക്കവേ

നിറയും സംതൃപ്തിയാല്‍ വദനം തുടുക്കുന്നു

ഇതു കാണ്‍കവേ ധന്യയമ്മ യോതുന്നു നിന-

ക്കൊരു വട്ടവും കൂടി പിറന്നാളാശംസകള്‍!

7 Responses to “പിറന്നാളാശംസകള്‍, മകനേ…”

 1. parvathy

  ഓപ്പോളേ ,നന്നായി…how sweet mother u r….
  മകനു പിറന്നാള്‍ ആശംസകളും നേരുന്നു

 2. kuttan gopurathinkal

  ഇതുപോലൊരമ്മയ്ക്കായേകിടുന്നൂ, ഞാനെന്റെ
  ഹൃദയം നിറഞ്ഞുള്ളോരൊരുനൂറാശംസകള്‍ !!

 3. usha

  i really liked your poem,it touched my heart.you should dedicate this poem to all the proud mothers in the world.

 4. Jyothi

  thankz parvathy, kuttan ji and usha..nice of you all.

 5. പാവപ്പെട്ടവന്‍

  പിറന്നാള്‍ ആശംസകള്‍

 6. vinod

  reached here from orkut! good website… good poems and narrations ( I’ve not read the site fully ) and belated wishes for your son!

 7. anukuttan

  thats just an amazing poetry…. true feelings

Leave a Reply

Your email address will not be published. Required fields are marked *