THE WALL PEOJECT

Posted by & filed under മുംബൈ ജാലകം.

മഹാനഗരിയിൽ നടക്കുന്ന ചില രസകമായ  സംഭവങ്ങൾ ശരിയ്ക്കും നമ്മുടെ കണ്ണു തുറക്കാനുതകുന്നവയാണു. അവയിലൊന്നാണു ‘THE WALL PROJECT” .പലതരം ചിത്രങ്ങളാലും എഴുത്തുകളാലും വികൃതമാക്കപ്പെട്ടവയും അതിസുന്ദരമായ കലാസൃഷ്ടികളാൽ വർണ്ണപ്രപഞ്ചം സൃഷ്ടിച്ചവയും ആയ ചുമരുകൾ പല സ്ഥലത്തും നാം കണ്ടിട്ടുണ്ടാകാം. മുംബെയിൽ റോഡരികിലെ പല ചുമരുകളും മനുഷ്യന്റെ മൂത്രവിസർജ്ജനത്താലും മുറുക്കിത്തുപ്പലിനാലും മലീമസമായിട്ടാണു കാണാറുള്ളതു. നഗരത്തിന്റെ മുഖഭാവത്തെത്തന്നെ ഇതു വികൃതമാക്കുന്നു. പല തരം താക്കീതുകളും പിഴകളും വിളംബരം ചെയ്തെങ്കിലും ഒരു ഫലവും കാണാഞ്ഞു മുംബൈ മുനിസിപ്പാലിറ്റി കണ്ടെത്തിയ ഒരു പുതിയ ഉദ്യമമാണു ഈ പ്രോജക്റ്റ്. നഗരത്തിനെ സുന്ദരമാക്കാൻ  ഇവിടത്തെ ഓരോ നിവാസിയ്ക്കും തന്നാലാവുംവിധം ശ്രമിയ്ക്കാമെന്ന സന്ദേശം കൂടി ഇവിടെ നമുക്കു കിട്ടുന്നുണ്ടു.. ഒരു കൂട്ടം ആവേശഭരിതരായ ചെറുപ്പക്കാരുടെ ഭാവനയിൽ നിന്നുമാണിതുടലെടുത്തതു.മുംബൈ ഗ്രഫിറ്റി ഗ്രൂപ് ബാന്ദ്രയിലാണു ആദ്യമായി പരീക്ഷണങ്ങൾ തുടങ്ങിയതു. മലിനമായ ഇത്തരം ചുവരുകളെ നിറങ്ങളുടെ സഹായത്താൽ മനസ്സിൽ തട്ടുന്ന സന്ദേശവാഹകരാക്കി മാറ്റുന്നു ഇവർ.

ഇപ്പോൾ ഇതിന്റെ രണ്ടാം ഘട്ടമാണിവിടെ നടക്കുന്നതു. കഴിഞ്ഞ ആഗസ്റ്റിൽ ആണു ഈ സംരംഭം ഇവിടെ ആദ്യമായി പരീക്ഷണത്തിൽ കൊണ്ടു വന്നതു. മാഹിം മുതൽ ദാദർ വരെ റെയില് വേ ലൈനിനു സമാന്തരമായി  നീണ്ടു കിടക്കുന്ന ചുമരിൽ ആഗസ്റ്റ് 15-16 തീയതികളിൽ രാവിലെ 8 മുതൽ വൈകീട്ടു 8 വരെയാണു ഒറ്റയ്ക്കും കൂട്ടമായും ചുമരുകളിൽ ചിത്രപ്പണികൾ നടത്തിയതു. കേട്ടപ്പോൾ വളരെ നിസ്സാരമായിത്തോന്നിയെങ്കിലും ശരിയായ വിധത്തിൽ ഇതു വിജയിയ്ക്കുകയാണെങ്കിൽ നഗരത്തിന്റെ ഭംഗിയ്ക്കൊപ്പം തന്നെ ചുറ്റുപാടും വൃത്തിയാക്കിവയ്ക്കുവാൻ ഓരോരുത്തനുമുള്ള ഒരു ചുമതലാബോധം കൂടി വളർത്താൻ ഇത്തരം സംരംഭങ്ങൾ ഉതകുമെന്നു മനസ്സിലായി പലർക്കും. മുംബയ് സിറ്റിയെ സുന്ദരമാക്കി  മറ്റൊരു ഷാംങ്കായ് ആക്കി മാറ്റാമെന്ന രാഷ്ട്രീയക്കാരുടെ പൊള്ള വാഗ്ദാനങ്ങൾ കേട്ടു ചെവി തഴമ്പിച്ച ഓരോ മുംബൈറ്റിയ്ക്കും ഇതാ സ്വയം തന്റെ നഗരത്തിനെ സുന്ദരമാക്കാനൊരു വഴി തുറന്നിരിയ്ക്കുന്നു. പലരും ആവേശഭരിതരായതിൽ അത്ഭുതപ്പെടാനില്ല.അതു കൊണ്ടു തന്നെയാവാം രണ്ടാം ഘട്ടത്തിൽ കൂടുതൽ ആളുകൾ സന്നദ്ധരായി മുന്നോട്ടു വന്നതു.

ഒക്ടോബർ 25-26 തിയതികളിലായാണു രണ്ടാം ഘട്ടം നടന്നതു. ഇത്തവണയും സ്ഥലം മാഹിം വെസ്റ്റിൽ തുൾസി പൈപ്പു റോഡ് തന്നെ.മച്ചിമാർ നഗർ ബസ് സ്റ്റ്പ്പു മുതൽ മാടുംഗ വെസ്റ്റ് സ്ടേഷൻ വരെയും ഫോണിക്സ് മില്ലിനു എതിർവശത്തെ ചുമരിൽ തുടങ്ങീ സേനാപതി ബപത് മാർഗ്ഗിൽ ഇ മോസസ് സിഗ്നൽ വരെയുമായിരുന്നു പെയിന്റു ചെയ്യാനുള്ള നിർദ്ദിഷ്ട സ്ഥലം . ഇത്തവണ കൂടുതൽ നല്ല ആശയങ്ങളും തയ്യാറെടുപ്പുകളുമായാണു പലരും എത്തിയതു. പെയിന്റു ചെയ്യുന്നവർക്കു സഹായികളായും ധാരാളം പേരെത്തി.പുതിയ സന്ദേശങ്ങളും നിരുപദ്രവമായ കമന്റുകളും നർമ്മവും ചുമരുകളിൽ കലാരൂപത്തിൽ വിടർന്നു.  സ്പ്പോൺസർ ചെയ്ത മുംബൈ മുനിസിപ്പൽ കോർപ്പറെഷൻ ചായക്കൂട്ടും ബ്രഷുമെല്ലാം സൌജന്യമായി നൽകി. ഈ പുതിയ സംരംഭം വിരസമായ നഗരജീവിതത്തിൽ ഒരു ഉണർവു വരുത്തി. സുന്ദരമായ ഭാവനകൾ വിരിഞ്ഞ പൂർണ്ണ സൃഷ്ടികൾ കാഴ്ച്ചക്കാരെ ശരിയ്ക്കും ആകർഷിച്ചു. മറ്റു പല നഗരങ്ങളിലും പരീക്ഷിച്ചുനോക്കിയിട്ടുള്ള ഈ രീതി മുംബൈയ് നഗരത്തിനും ഇണങ്ങുമെന്നു തീർച്ചയായി.

നഗരത്തിൽ പുതിയതായി വരുന്ന ആർക്കും ആദ്യമായി കണ്ണിൽ പെടുന്നതു ഇവിടുത്തെ ശുചിത്വക്കുറവാണു. ആദ്യമെല്ലാം അമ്പരക്കുമെങ്കിലും സാവധാനം മുംബൈറ്റി അതിനെ ഉൾക്കൊള്ളാൻ പഠിയ്ക്കുന്നു. ഇതു മാറ്റാൻ എന്തെങ്കിലും ചെയ്യണമെന്ന ബോധം അവന്റെ മനസ്സിന്റെ അടിത്തട്ടിൽ ഉണ്ടെങ്കിൽ തന്നെ നിസ്സഹായാവസ്ഥയോടെ നോക്കി നിൽക്കാനേ അവനെന്നും കഴിഞ്ഞിട്ടുള്ളൂ. അത്തരുണത്തിൽ ഇത്തരമൊരു സന്ദർഭത്തെ അവനെങ്ങനെ തള്ളിക്കളയാനാകും? ഇനിയത്തെ ഇത്തരം ഘട്ടത്തിനായി അവൻ കാത്തിരിയ്ക്കയായിരിയ്ക്കും, കൂടുതൽ കൂട്ടുകാരേയും സംഘടിപ്പിച്ചു. പക്ഷേ പായസത്തിൽ കടിച്ച കല്ലുപോലെ ചില അനുഭവങ്ങളും ഉണ്ടായില്ലെന്നില്ല. വളരെയേറെ നേരം ചിലവിട്ടു ബുദ്ധിമുട്ടി ഉണ്ടാക്കിയ പെയിന്റിഗിനു മുകളിലായി സിനിമാപ്പരസ്യങ്ങൾ പതിപ്പിച്ചപ്പോൾ സ്വാഭാവികമായും പലരും രോഷാകുലരായി. അവ മാറ്റപ്പെടുക തന്നെ ചെയ്തു. ഒരു പക്ഷേ അതിലൂടെ കൂടുതൽ പേർക്കു നഗരത്തെ വൃത്തിയായി സൂക്ഷിയ്ക്കാനുള്ള സന്ദേശവുമേകാനുമായി.

ഇനിയും കൂടുതൽ സന്നദ്ധഭടന്മാരെ സംഘടിപ്പിയ്ക്കാനും ബോധമുണർത്താനും കഴിഞ്ഞുവെങ്കിൽ ഒന്നു തീർച്ച, മുംബൈയുടെ മുഖച്ഛായ മാറാതിരിയ്ക്കില്ല.റോഡരികിലെ മാത്രമല്ല, അശ്ലീല ലിഖിതങ്ങൾ നിറഞ്ഞ പബ്ലിക് ടോയ്ലറ്റുകൾ, സ്കൂൾ മതിലുകൾ, കെട്ടിടങ്ങളുടെ പുറമതിലുകൾ  തുടങ്ങി  സുന്ദരമാക്കാൻ ധാരാളം ഇടം ബാക്കി. രാജ്യത്തിന്റെ കമ്മേർസിയൽ തലസ്ഥാനമല്ലേ, നമുക്കു മനോഹരമാക്കിയെടുക്കാൻ പങ്കു ചേർന്നു സ്വയം അഭിമാനിയ്ക്കാം…

3 Responses to “THE WALL PEOJECT”

 1. nadeem noushad

  nice article informative too

 2. Dinesanvarikkoli

  കാര്യങ്ങളൊക്കെ നല്ലതു തന്നെ, പുറം മിനുക്കാനായി
  ചുവരുകളില്‍ ചിത്രം വരഞ്ഞതുകൊണ്ട് നാടിന്‍റെ മുഖചിത്രം മാറ്റിയെടുക്കാനാ
  വുമോ മിത്രമെ?? എന്‍റെ ഒരു സുഹൃത്തുണ്ട് നഗരത്തില്‍ എവിടെയെങ്കിലും
  ഇവിടെ മൂത്രമൊഴിക്കരുതെന്ന് എഴുതികണ്ടാല്‍ പഹയന്‍ അവിടെ ചെന്ന് മൂത്രിക്കും
  ഇവിടെ തുപ്പരുതെന്നെഴുതിയിടത്ത് തുപ്പും..വാഹനപാര്‍ക്കുചെയ്യരുതെന്ന
  ബോര്‍ഡ്കണ്ടാല്‍ അവിടെ പാര്‍ക്കുചെയ്യും (എത്രതവണ അവന്‍റെ വാഹനങ്ങള്‍ മുനി
  സിപ്പാലിറ്റിക്കാര്‍കൊണ്ടുപോയിരിക്കുന്നു)അവനൊരു മറുപടിമാത്രമെ
  ഉള്ളൂ…എല്ലാ നിയമങ്ങളും സാധാരണക്കാരന് എതിരാണ്…ആയതിനാല്‍ എനിക്ക്
  ചെയ്യാന്‍ പറ്റുന്നത് ഞാന്‍ ചെയ്യുന്നു, എന്ന്..

  ഒരുദിനം ഞാന്‍ ഡ്യൂട്ടികഴിഞ്ഞ് പാര്‍ലമെന്‍റില്‍ നിന്നും ഇറങ്ങവെ അവിടെ
  നില്‍ക്കുന്നു നമ്മുടെ കഥാപാത്രം..
  ഇവിടെ എന്താണ് വല്ല പ്രതിഷേധവുമാണൊ??
  അതെ ഇന്നലെ ഭരണഘടന വായിക്കാനിടയായി..
  ഹ..ഹ..
  എന്നിട്ട്?
  അപ്പോള്‍ തൊന്നിയതാ…
  കൊള്ളാം.
  അതെ ബോര്‍ഡ് തിരയുകയാണോ ദാ..നോക്ക് തോക്കേന്തി നില്‍ക്കുന്നത്
  കാണുന്നില്ലെ?? ഇതാ ഇവിടുത്തെ ഒരു രീതി.. കാച്ചിക്കളയും അവന്മാര്‍..
  അവന്‍ ചിരിച്ചു ഒപ്പം ഞാനും ..
  എന്നിട്ട് തണുപ്പിലൂടെ നടന്നുപോയി…

  പ്രിയ മിത്രമെ..ഒരുവിധത്തില്‍ ഇതും ഒരു സമരമല്ലെ??
  ഞാനിവനെ ബോംബെയിലേയ്ക്ക് പറഞ്ഞുവിടാം(ഹ.ഹ..ഹ..)
  സസ്നേഹം,
  നല്ല ആശയം ഇത്തരം എഴുത്തുകള്‍ ഇനിയുമുണ്ടാവട്ടെ…
  സസ്നേഹം

  ദിനേശന്‍ വരിക്കോളി.

 3. jyo

  wall project തികച്ചും നല്ല ഒരു ഉദ്യമം തന്നെ. പുതിയ buildingന്റെ staircase-cornerല്‍ പോലും മുറുക്കിത്തുപ്പാറുള്ളവര്‍ ഈ ചുവരുകളെ വെറുതെ വിടുമെന്നു പ്രത്യാശിക്കാം

Leave a Reply

Your email address will not be published. Required fields are marked *