തിരിച്ചുവരൂ…..

Posted by & filed under കവിത.

സഖേ, വിഷണ്ണരായ് കാത്തിരിപ്പിന്നു നിന്‍
സുഖവും പാര്‍ത്തു ചുറ്റുമൊട്ടേറെയായാളുകള്‍
ഉയര്‍ന്നു പൊങ്ങീടുമീ ഗദ്ഗദമമര്‍ത്തി ഞാ-
നൊരുവട്ടവും കൂടി പ്രാര്‍ത്ഥിപ്പൂ നിനക്കായി.

വിടരാന്‍ തുടങ്ങീടുമൊരു മൊട്ടതാം നിന്നെ
കൊഴിയാനനുവദിയ്ക്കില്ല ഞാന്‍,മനം ചുട്ടി-
തരികെയിരിയ്ക്കും നിന്‍ പ്രിയനെപ്പാര്‍ത്തീടുമ്പോ-
ളറിയാതെന്റെ കണ്ണും നിറയുന്നല്ലോ,കഷ്ടം!

മധുരക്കിനാവുകള്‍ മനസ്സില്‍ നിറച്ചു നീ
കതിര്‍മണ്ഡപമേറിയല്പ നാളുകള്‍ മുന്‍പു
സുഖ സുന്ദരസ്വപ്ന മോഹങ്ങള്‍ പ്രിയനുമായ്
പകുക്കാന്‍ തുടങ്ങുമ്പോളെന്തിതേ ദു:ഖം വന്നൂ?

ഭവിച്ചതെന്തേയാര്‍ക്കുമറിവില്ലെന്നാകിലും,
സഹിയ്ക്ക വയ്യ, നിന്റെയബോധമാമീ നില
വിളിയ്ക്കുന്നുവല്ലോയിന്നെല്ലാരും ചുറ്റും നിന്നു
തിരിച്ചു വരൂ,നിന്നെ കാംക്ഷിപ്പൂ പ്രിയരെല്ലാം!

ഒരു വട്ടവും കൂടി കാണട്ടേ , പഴയ നിന്‍
കളിയും ചിരിയുമപ്രസരിപ്പതും, പിന്നെ
പതിയെപ്പതിയോടു ചൊല്ലിടും വചനവു-
മൊഴിഞ്ഞു പോകട്ടെ നിന്നമ്മ തന്‍ കദനവും!

നിറഞ്ഞ സന്തോഷത്താല്‍ തിളങ്ങും നിന്റെ മുഖ-
മതോര്‍ത്തു പ്രാര്‍ത്ഥിപ്പു ഞാ,നിതിലെശ്ശക്തി നിന്നെ
തീരിച്ചു പഴയപോലാക്കിടുമെന്നു ഭിഷ-
ഗ്വരന്മാര്‍ പറയുന്നു, വിശ്വസിയ്ക്കുന്നു ഞാനും!

ഇതു വായിയ്ക്കുന്നവരോടു:-

വളരെ സങ്കടത്തോടെ മനസ്സില്‍ നിന്നും പുറത്തുവന്ന വാക്കുകളാണിതു.23 വയസ്സു മാത്രം പ്രായമുള്ള,അടുത്തിടെ വിവാഹിതയായ പെണ്‍കുട്ടി ബ്രെയിന്‍ ഹെമറേജ് ആയി കഴിഞ്ഞ 10 ദിവസമായി അബോധാവസ്ഥയിലാണു .എല്ലാം ദൈവത്തിന്റെ കയ്യിലാണെന്നും പോസിറ്റീവ് തരംഗം ഉണര്‍ത്തുന്ന പ്രാര്‍ത്ഥന ഒരു മാറ്റം ഉണ്ടാക്കുമെന്നും കരുതി എല്ലാ കൂട്ടുകാരോടും അതിനായി സവിനയം അഭ്യര്‍ത്ഥിയ്ക്കുന്നു.

16 Responses to “തിരിച്ചുവരൂ…..”

 1. Bhagavathy

  I am also praying for that girl from the bottom of my heart.

 2. സി. കെ. ബാബു

  ആ കുട്ടിയെ രക്ഷപെടുത്താന്‍ കഴിയുന്ന എല്ലാ ശക്തികളോടും അതിനായി ഞാന്‍ ഹൃദയപൂര്‍വ്വം അപേക്ഷിക്കുന്നു.

 3. RaFeeQ

  നല്ലതു വരട്ടെ..

  പ്രാര്‍ത്ഥനയോടെ…

 4. ..::വഴിപോക്കന്‍[Vazhipokkan]

  എല്ലാ പ്രാര്‍ത്ഥനയും…

 5. ശ്രീ

  തീര്‍ച്ചയായും ബൂലോകരുടെ മുഴുവന്‍ പ്രാര്‍ത്ഥന ആ കുട്ടിയോടൊപ്പമുണ്ടാകും.

  പ്രാര്‍ത്ഥനയോടെ…

 6. കാവലാന്‍

  …………………

 7. ഉപാസന | Upasana

  പ്രാര്‍ത്ഥനകളോടെ…
  🙁

 8. ശ്രീലാല്‍

  തിരിച്ചു വരട്ടേയെന്നു പ്രാര്‍ത്ഥിക്കുന്നു..

 9. ഏ.ആര്‍. നജീം

  ആരുടെയെങ്കിലും പ്രാര്‍ത്ഥന ദൈവം കേള്‍ക്കാതിരിക്കില്ല..

  ആ കുട്ടി തിരിച്ചു വരും

 10. thalayan

  നല്ലതു മാത്രം ……….

 11. Vasantha

  മനസ്സില്‍ തട്ടി എഴുതിയ കവിത…വായനക്കാരെ തട്ടിയുണര്ത്തിയ കവിത..ആത്മാര്‍തമായ പ്രാര്‍തനകളൊടെ..

 12. jyothirmayi

  നന്ദി കൂട്ടുകാരെ നിങ്ങളുടെ മനസ്സു തുറന്ന പ്രാര്‍ത്ഥനയ്ക്കു….കൂരച്ചു പുരോഗതിയുണ്ടെന്നാണരിയാന്‍ കഴിഞ്ഞതു….എല്ലാവരുടെയും പ്രാര്‍ത്ഥന ദൈവം കെട്ടു ആ കുട്ടി വേഗം സുഖം പ്രാപിയ്ക്കട്ടേ!

  ഒരിയ്ക്കല്‍ കൂടി നന്ദി.

 13. കൊസ്രാക്കൊള്ളി

  ഒരു പ്രഭാതം തീര്‍ച്ചയായും ദൈവം കനിയും പ്രാര്‍ഥനയ്ക്ക്‌ ഫലം ഉറപ്പാണ്.

 14. sreekumar

  Even though I am not a believer, after reading ur words I wish i could also pray and I wish i could reach HIM and beg him to save that poor soul.

 15. shaji

  നല്ല മനസ്സുകള്‍ക്കെന്നും നന്‍മയേ വരൂ…വരാവൂ…

 16. ഞാന്‍ ശ്രീ..

  ദൈവം പ്രാര്‍ത്ഥന കേള്‍ക്കാതിരിയ്ക്കില്ല……

  പ്രാര്‍ത്ഥനകളില്‍ ഒപ്പമുണ്ട്………

Leave a Reply

Your email address will not be published. Required fields are marked *